50 ദിവസ നോമ്പിന് ഈസ്റ്ററോടെ സമാപനം; പ്രത്യാശാ നിറവിൽ ഈസ്റ്റർ ആഘോഷം
Mail This Article
ദുബായ്/അബുദാബി ∙ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും പുതുപുലരികൾ സമ്മാനിച്ച ഉയിർപ്പിന്റെ സ്മരണ പുതുക്കി യുഎഇയിലെ ക്രൈസ്തവ വിശ്വാസികൾ ഈസ്റ്റർ ആഘോഷിച്ചു. ഉപവാസത്തിന്റെയും പ്രാർഥനയുടെയും ദിനങ്ങൾ കടന്ന് പെസഹാ, ദുഃഖവെള്ളി ശുശ്രൂഷകൾക്കു ശേഷമാണ് പ്രത്യാശയുടെ ഈസ്റ്റർ വന്നണഞ്ഞത്. ഈസ്റ്ററോടെ ഉയരുന്ന ആഘോഷത്തിന്റെ വെടിക്കെട്ട് ഏതാനും ദിവസത്തിനിടെ എത്തുന്ന ഈദുൽഫിത്റും (ചെറിയ പെരുന്നാൾ) തൊട്ടുപിറകെ വരുന്ന വിഷുവും ചേർത്ത് പ്രവാസികൾ പൊടിപൊടിക്കും.
വിശ്വാസികളെക്കൊണ്ട് ആരാധനാലയങ്ങൾ നിറഞ്ഞുകവിഞ്ഞിരുന്നു. യുഎഇയിൽ ശനിയാഴ്ച രാത്രിയോടെ ആരംഭിച്ച വിവിധ സഭകളുടേതും ഭാഷക്കാരുടേതുമായി ചിലയിടങ്ങളിൽ ഇന്നലെയും തുടർന്നു.
ക്രൈസ്തവരുടെ 50 ദിവസത്തെ വ്രതാനുഷ്ഠാനത്തിന് ഈസ്റ്റർ ശുശ്രൂഷകളോടെ സമാപനമായി. ആരാധനയ്ക്കുശേഷം ചില ദേവാലയങ്ങളിൽ അപ്പവും നാടൻ കോഴിക്കറിയും വിളമ്പിയിരുന്നു. പിന്നീട് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് ആശംസകൾ അറിയിച്ചു. കുടുംബമായി കഴിയുന്നവർ ബന്ധുവീടുകളിലും മറ്റും ഒന്നിച്ചാണ് ആഘോഷിച്ചത്. വിവിധ രാജ്യക്കാരും മതസ്ഥരും ഒന്നിച്ചു താമസിക്കുന്ന ബാച്ചിലേഴ്സ് മുറികളിൽ രാത്രിയായിരുന്നു ആഘോഷം. റമസാൻ വ്രതാനുഷ്ഠാനവും കൂടി കഴിഞ്ഞ് ചെറിയ പെരുന്നാൾ എത്തുന്നതോടെ ഈസ്റ്റർ–ഈദ്–വിഷു ഒന്നിച്ച് ആഘോഷിക്കാനും പലരും പദ്ധതിയിട്ടിട്ടുണ്ട്. സംഘടനകളുടെ ആഘോഷവും ഇത്തരത്തിലാകും.
അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ഈസ്റ്റർ ആരാധനയിൽ ആയിരങ്ങൾ പങ്കെടുത്തു. ഉയിർപ്പ് ശുശ്രൂഷകൾക്ക് ഫാ. ജോൺസൺ കല്ലിട്ടതില‍് കോർ എപ്പിസ്കോപ്പ മുഖ്യ കാർമികത്വം വഹിച്ചു.
ഇടവക വികാരി ഫാ. എൽദോ എം.പോൾ, സഹവികാരി ഫാ. മാത്യു ജോൺ എന്നിവർ സഹകാർമികരായി. അബുദാബി മാർത്തോമ്മാ ചർച്ചിലെ ഈസ്റ്റർ ശുശ്രൂഷകൾക്ക് വികാരി റവ. ജിജു ജോസഫ് മുഖ്യകാർമികത്വം വഹിച്ചു. സഹവികാരി റവ. അജിത് ഈപ്പൻ തോമസ് സഹ കാർമികനായി.
മുസഫ സെന്റ് പോൾസ് കത്തോലിക്കാ ചർച്ചിലെ ഈസ്റ്റർ ശുശ്രൂഷകൾക്ക് ഫാ. ടോം ജോസഫ് നേതൃത്വം നൽകി.
മലങ്കര കത്തോലിക്കാ വിഭാഗത്തിന്റെ ഈസ്റ്റർ ശുശ്രൂഷകൾ ഫാ. മാത്യൂസ് ആലുംമൂട്ടിലിന്റെ കാർമികത്വത്തിൽ മുസഫ സെന്റ് പോൾസ് ദേവാലയത്തിൽ നടന്നു.
അബുദാബി സെന്റ് ജോസഫ് കത്തീഡ്രലിൽ ഈസ്റ്റർ ശുശ്രൂഷകൾക്ക് വികാരി ജനറൽ ഫാ. പീറ്റർ ഫെർണാണ്ടൊ മുഖ്യകാർമികത്വം വഹിക്കുന്നു. സഹ വികാരി ഫാ.ജോബി ജോസഫ് സഹകാർമികനായി.
ദുബായ് മാർത്തോമ്മാ പള്ളിയിൽ നടന്ന ഉയിർപ്പ് ശുശ്രൂഷകൾക്ക് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത നേതൃത്വം നൽകി. ദുബായ് സെന്റ് തോമസ് കത്തീഡ്രലിലെ ശുശ്രൂഷകൾക്ക് മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് നേതൃത്വം നൽകി. ദേവാലങ്ങളിൽ പാതിരാ കുർബാനയും ഉണ്ടായിരുന്നു.