ADVERTISEMENT

ദുബായ് ∙ തിങ്കളാഴ്ച അന്തരിച്ച പ്രമുഖ ഇന്ത്യൻ വ്യവസായി റാം ബുക്സാനിയുടെ (83) മൃതദേഹം ദുബായിൽ സംസ്കരിച്ചു. ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് ശിവനും പ്രവാസി വ്യവസായി എം.എ. യൂസഫലിയുമുൾപ്പെടെ ഒട്ടേറെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്ത് അന്ത്യോപചാരം അർപ്പിച്ചു. നൂറുകണക്കിനാളുകൾ ചടങ്ങിൽ പങ്കെടുക്കാനായി ബുധനാഴ്ച ഉച്ചയോടെ ജബൽ അലി ശ്മശാനത്തിൽ എത്തിയിരുന്നു. റാം ബുക്സാനിയുടെ ഭാര്യയും മക്കളും മരുമകനും ഉൾപ്പെടെ കുടുംബവും ഉണ്ടായിരുന്നു. 

1959ൽ 18-ാം വയസ്സിൽ യുഎഇയിലെത്തിയ ബുക്സാനി 1 ബില്യൺ ദിർഹം മൂല്യമുള്ള ബിസിനസ്സ് സാമ്രാജ്യമാണ് പിന്നീട് കെട്ടിപ്പടുത്തത്. ഉത്സാഹിയായ സംരംഭകൻ എന്നതിലുപരി ഒരു മനുഷ്യസ്‌നേഹി എന്ന നിലയിലും അദ്ദേഹം പ്രശസ്തനായിരുന്നു. ഇന്ത്യാ ക്ലബ്ബിന്റെ ഭാഗവും ഇന്ത്യൻ ഹൈസ്‌കൂൾ ചെയർമാനും ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷണൽ കൗൺസിലിന്റെ (ഐബിപിസി) സ്ഥാപകനുമായിരുന്നു. എല്ലാവരോടും തുല്യ പരിഗണനയോടെ പെരുമാറിയിരുന്ന ബുക്സാനി ഒരു ക്ലീനറായാലും കോടീശ്വരനായാലും എല്ലാവരോടും ദയയോടെ സംസാരിക്കുന്ന വ്യക്തിയായിരുന്നുവെന്ന് അടുപ്പമുള്ളവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഐടിഎൽ കോസ്‌മോസ് ഗ്രൂപ്പിലെ ജീവനക്കാരനായി തുടങ്ങിയ ബുക്സാനി ഗ്രൂപ്പിന്റെ ചെയർമാനായി വളർന്നു. ഗ്രൂപ്പിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ഹോസ്പിറ്റാലിറ്റി, ഐടി, എഫ് ആൻഡ് ബി, മറ്റ് എമിറേറ്റുകൾ തുടങ്ങി വിവിധ മേഖലകളിലേക്കും അത് വ്യാപിപ്പിച്ചു.

ram-buxani1
ദുബായിൽ അന്തരിച്ച ഇന്ത്യൻ വ്യവസായി റാം ബുക്സാനിയുടെ ശവസംസ്കാരചടങ്ങിൽ പ്രമുഖ വ്യവസായി എം.യൂസഫലി പങ്കെടുത്തപ്പോൾ. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.

ബ്രിട്ടിഷ് ഇന്ത്യയിലെ സിന്ധ് ഹൈദരാബാദില്‍ 1941ലാണ് റാം ബുക്സാനിയുടെ ജനനം. യുഎഇ രൂപീകരണത്തിനും മുൻപ് 1959 നവംബർ 18നാണ്  യുഎഇയിലെത്തിയത്. അന്ന് അദ്ദേഹത്തിന് 18 വയസ്സ് മാത്രമായിരുന്നു പ്രായം. സിന്ധ് പാരമ്പര്യപ്രകാരം 16 വയസ്സ് കഴിഞ്ഞാൽ ഉന്നത പഠനമൊന്നും കാര്യമായെടുക്കാതെ ജോലിക്ക് നിയോഗിക്കുമായിരുന്നു. (പിന്നീട് 2004ൽ അദ്ദേഹം ഇൻ്റർനാഷനൽ ബിസിനസിൽ വാഷിങ് ടൺ ഇൻ്റർനാഷനൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച് ഡിയും മുംബൈ ഡി.വൈ പാട്ടീൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡി. ലിറ്റ് ഹോണററി ബിരുദവും നേടി). ആറാം വയസ്സിൽ പിതാവ് മരിച്ചതോടെ വിദേശത്തെ ഏതെങ്കിലും കമ്പനിയിൽ ജോലി ചെയ്യണമെന്ന ആഗ്രഹവും പേറി നടന്നിരുന്ന റാം അന്നത്തെ ബോംബെയില്‍ നിന്ന് പ്രസിദ്ധീകരിച്ച ഹിന്ദുസ്ഥാൻ എന്ന സിന്ധി പത്രത്തിൽ കണ്ട പരസ്യത്തിന്റെ അടിസ്ഥാനത്തിൽ ദുബായിലുള്ള സ്വകാര്യ കമ്പനിയിൽ ജോലിക്ക് അപേക്ഷിക്കുകയും ലഭിക്കുകയും ചെയ്യുകയായിരുന്നു. 

വിദ്യാഭ്യാസത്തിന് ശേഷം ബറോഡയിൽ ജോലി ചെയ്ത പരിചയം മാത്രമേ റാം ബുക്സാനിക്കുണ്ടായിരുന്നുള്ളൂ. 125 രൂപയായിരുന്നു അന്നത്തെ ശമ്പളം. ബ്രിട്ടിഷ് ഭരണത്തിൻ കീഴിലായിരുന്ന ദുബായിൽ ഇന്ത്യന്‍ രൂപയായിരുന്നു നിലവിലുണ്ടായിരുന്നത്. 108 ദുബായ് രൂപ നൽകിയാൽ 100 ഇന്ത്യൻ രൂപ ലഭിക്കുമായിരുന്നു. ദുബായ് അന്ന് ഒരു സ്വപ്നനഗരമായി ആരും കണ്ടിരുന്നില്ലെങ്കിലും ഇവിടെ എത്തപ്പെട്ട് വളരുകയെന്നത് അദ്ദേഹത്തിന്റെ നിയോഗമായിരുന്നു. പിന്നീട് 1971ൽ യുഎഇ രൂപീകരിച്ചു. അതിന് ശേഷം മരുഭൂമിയിൽ നിന്ന് ഇന്നത്തെ ആഡംബരമന്ദിരങ്ങളും ലോക വിസ്മയങ്ങളുമുള്ള സമ്പന്ന രാജ്യത്തേയ്ക്കുള്ള യുഎഇയുടെ വളർച്ചയ്ക്കൊപ്പം റാം ബുക്സാനിയുടെ ജീവിതഗ്രാഫും ഉയർന്നു.

English Summary:

Tributes Pour in as Indian Business Tycoon Ram Buxani, Hundreds includes MA Yusuf Ali Turn up for Funeral Rites

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com