യുഎഇയിൽ മഴയ്ക്ക് സാധ്യത
Mail This Article
അബുദാബി∙ വരും ദിവസങ്ങളിൽ യുഎഇയിലെ ചില പ്രദേശങ്ങളിൽ മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യം തണുത്ത കാലവസ്ഥയിലേക്ക് മാറുന്നതിന്‍റെ മുന്നോടിയായിട്ടാണ് മഴയെത്തുക.
ഇന്ന് മുതൽ 30 വരെ തെക്ക്, കിഴക്കൻ ഉൾപ്രദേശങ്ങളില്‍ സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ മഴ പെയ്യാൻ സാധ്യതയുണ്ട്. നാളെ വടക്കൻ പ്രദേശങ്ങളിലും മഴ പെയ്തേക്കാം. ഈ ദിവസങ്ങളിൽ രാവിലെ മൂടൽമഞ്ഞ് കാണപ്പെടുമെന്നതിനാൽ ഈർപ്പം പ്രതീക്ഷിക്കാം. അതോടൊപ്പം താപനില കുറയുമെന്നും പ്രതീക്ഷിക്കുന്നു. ഈ മാസം 22 ന് ശരത്കാലദിനം ആചരിച്ചതോടെ യുഎഇയിൽ വേനൽക്കാലം അവസാനിച്ചിരുന്നു. തുടർ ദിവസങ്ങളിൽ ഉഷ്ണാവസ്ഥയിൽ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു.
ഇപ്പോൾ പകൽ സമയത്ത് താപനില 40 ഡിഗ്രി സെൽഷ്യസിൽ താഴെയാകുന്നുണ്ട്. കഠിനമായ വേനൽക്കാല ചൂട് അകന്ന് ഇടയ്ക്കിടെ വീശുന്ന നേരിയ കാറ്റിനൊപ്പം കൂടുതൽ സുഖകരമായ കാലാവസ്ഥയ്ക്ക് വഴിമാറുമന്നത് താമസക്കാർക്ക് ഗുണകരമാകും. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ താപനിലയിൽ കുറവുണ്ടാകുന്നു. നിലവിൽ രാത്രിയും പകലും തുല്യ ദൈർഘ്യമുള്ളതായി മാറി. രാജ്യം ശൈത്യകാലത്തേയ്ക്ക് നീങ്ങുമ്പോൾ രാത്രികൾ ക്രമേണ നീളുന്നതാണ്. ഇന്ത്യൻ മൺസൂൺ ക്രമേണ ദുർബലമാകുന്നതിന്‍റെയും അറേബ്യൻ ഉപദ്വീപിലെ മരുഭൂമിയിലെ താപം താഴ്ന്നതിന്‍റെയും ഫലമാണിത്. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ രീതികൾ പ്രവചിക്കാൻ ജ്യോതിശാസ്ത്രപരമായ സംവിധാനങ്ങൾ വളരെക്കാലമായി ഉപയോഗിച്ചുവരുന്നു.
"സുഹൈൽ ഉദിച്ചാൽ രാത്രി തണുക്കും" എന്നാണ് ഒരു അറബിക് പഴമൊഴി. 'യെമനിലെ നക്ഷത്രം' എന്നറിയപ്പെടുന്ന സുഹൈൽ നക്ഷത്രം ഓഗസ്റ്റ് 24-നാണ് പ്രത്യക്ഷപ്പെട്ടത്. രാജ്യം നിലവിൽ 'സുഫ്രിയ' കാലഘട്ടത്തിലാണ്. നക്ഷത്രം കണ്ടെത്തി 40 ദിവസങ്ങൾക്ക് ശേഷം, ഏറ്റവും ഉയർന്ന ചൂടിനും തണുത്ത താപനിലയ്ക്കും ഇടയിൽ കാലാവസ്ഥ അനുഭവപ്പെടുന്ന ഘട്ടമാണിത്. ഒക്ടോബർ പകുതിയോടെ കാലാവസ്ഥ ക്രമേണ സ്ഥിരത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 'വാസ്ം' കാലഘട്ടം എന്നും അറിയപ്പെടുന്നു. സുഹൈൽ നക്ഷത്രത്തിന്‍റെ ഉദയം കഴിഞ്ഞ് 100 ദിവസങ്ങൾക്ക് ശേഷം ശൈത്യകാലം ആരംഭിക്കും.