സൗദിയിൽ മുതിർന്നവർക്ക് സ്കോളർഷിപ്പുകൾ; ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പദ്ധതികൾ
Mail This Article
റിയാദ് ∙ മുതിർന്നവർക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രോത്സാഹന പരിപാടികളുമായി സൗദിയിലെ സർവകലാശാല. മുതിർന്നവരുടേയും വയോജനങ്ങളുടേയും ബിരുദ പഠന ശാക്തീകരണം എന്ന സംരംഭത്തിലൂടെ സ്കോളർഷിപ്പുകൾ നൽകിയാണ് പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് സർവകലാശാല പദ്ധതി നടപ്പിലാക്കുന്നത്. സ്ത്രീ പുരുഷ ഭേദമന്യേ 50 വയസ്സ് കഴിഞ്ഞ ബിരുദ പഠനമാഗ്രഹിക്കുന്ന സ്വദേശികൾക്ക് പ്രത്യേക വ്യവസ്ഥകളോടെ പത്ത് സ്കോളർഷിപ്പുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
സർവകലാശാലയിലെ അക്കാദമിക് ടീം രൂപകൽപ്പന ചെയ്ത സംയോജിത പ്രോഗ്രാമിലൂടെ പ്രായമായവരെ അവരുടെ അക്കാദമിക് പഠനം പൂർത്തിയാക്കാനും അവരുടെ എല്ലാ ബുദ്ധിമുട്ടുകളും തരണം ചെയ്യാനും ഈ സംരംഭം ലക്ഷ്യമിടുന്നതായി യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. ഈസാ അൽ അൻസാരി വിശദമാക്കി. സമഗ്രമായ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും അവരുടെ അക്കാദമിക് പഠനം പൂർത്തിയാക്കാനുള്ള അവസരം നൽകുന്നതിനുമുള്ള സർവകലാശാലയുടെ ശ്രമങ്ങൾ ഡോ. അൽ അൻസാരി ഊന്നിപ്പറഞ്ഞു, വൈവിധ്യവും സമഗ്രവുമായ വിദ്യാഭ്യാസ അന്തരീക്ഷത്തിലൂടെ, എല്ലാ പശ്ചാത്തലങ്ങളിലും കഴിവുകളിലും ഉള്ള വ്യക്തികൾക്ക് അവരുടെ അക്കാദമിക്, പ്രഫഷനൽ നേട്ടങ്ങൾ കൈവരിക്കാനുള്ള അവസരം നൽകുന്നു.
നിരക്ഷരത നിർമാർജനം മുൻനിർത്തി സൗദിയിലെ വിദ്യാഭ്യാസ മന്ത്രാലയം മുതിർന്നവർക്കും വയോജനങ്ങൾക്കുമായി സ്കൂൾ വിദ്യാഭ്യാസമടക്കമുള്ള സാക്ഷരതാ പദ്ധതികൾ വിജയകരമായി നടത്തി വരുന്നു. സ്കൂൾ തല പഠനം ഇടയക്ക് മുടങ്ങിപ്പോയവർക്കടക്കം തുടർപഠനത്തിനായി മുതിർന്നവർ ഉൾപ്പടെ രാജ്യത്ത് സമ്പൂർണ സമഗ്ര സാക്ഷരതാ പദ്ധതിയാണ് വിവിധ തലങ്ങളിലൂടെ വിദ്യാഭ്യാസ വകുപ്പ് നൽകുന്നത്.