'എന്നെ രക്ഷിക്കണേ... ഞാൻ അവശയാണ്, എങ്ങനെയെങ്കിലും നാട്ടിൽ എത്തിയാൽ മതി'; കരളലിയിക്കും സന്ദേശം കേട്ടു, മലയാളി യുവതി നാട്ടിലേക്ക്

Mail This Article
കുവൈത്ത് സിറ്റി∙ കുവൈത്തിൽ തൊഴിൽ തട്ടിപ്പിനിരയായ 2 മലയാളി യുവതികളിൽ ഒരാൾ നാട്ടിലേക്ക്. കൊട്ടാരക്കര നെല്ലിക്കുന്നം സ്വദേശി സുമംഗലയാണ് ഇന്നലെ രാത്രി കുവൈത്തിൽനിന്ന് നെടുമ്പാശേരിയിലേക്കു തിരിച്ചത്. മനോരമ വാർത്തയെ തുടർന്ന് സുമംഗലയെ പെട്ടന്ന് നാട്ടിലേക്ക് അയക്കുകയായിരുന്നു.
"സർ, ഞാൻ നാട്ടിലേക്കു പോകുകയാണ്. ഒരുപാട് നന്ദിയുണ്ട്..." കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലിരുന്ന് സുമംഗല അയച്ച ശബ്ദസന്ദേശത്തിലുണ്ട് ജീവൻ തിരിച്ചുകിട്ടിയതിലുള്ള ആശ്വാസവും സന്തോഷവും. ദുരിത ജീവിതത്തിന് അറുതിയായെങ്കിലും ചെയ്ത ജോലിക്കുള്ള ശമ്പളം തരാത്തതിലെ വേദനയും മറച്ചുവച്ചില്ല.
വാർത്ത വന്നതിനുശേഷം റിക്രൂട്ടിങ് ഓഫിസ് ഉദ്യോഗസ്ഥർ നല്ല രീതിയിലാണ് പെരുമാറിയതെന്നും ഭക്ഷണം തന്നതായും സുമംഗല മനോരമയോടു പറഞ്ഞു. ഇന്നലെ രാവിലെ 11നാണ് വസ്ത്രം മാറി നിൽക്കാൻ ആവശ്യപ്പെട്ടത്. എന്തിനാണെന്നു ചോദിച്ചപ്പോൾ ആദ്യം പറഞ്ഞില്ല. ഇനിയും വൈകിച്ചാൽ പ്രശ്നമാകുമെന്നും പെട്ടന്ന് തയാറാകാനും ആവശ്യപ്പെടുകയായിരുന്നു. തന്റെ വസ്ത്രങ്ങളെല്ലാം അവിടത്തെ ജീവനക്കാർ തന്നെ ബാഗിൽ എടുത്തുവച്ച ശേഷം എയർപോർട്ടിലേക്കാണെന്നു അറിയിച്ചു. തുടർന്ന് ഉച്ചയ്ക്ക് എയർപോർട്ടിൽ കൊണ്ടുവിടുകയായിരുന്നു. 2 മാസത്തെ ശമ്പളം ചോദിച്ചപ്പോൾ മറുപടിയുണ്ടായില്ലെന്നും സുമംല പറഞ്ഞു.
നേരത്തെ സുമംഗലയോട് സ്വന്തം നിലയിൽ ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതനുസരിച്ച് കടംവാങ്ങി ബുധനാഴ്ചത്തേക്ക് ടിക്കറ്റ് എടുത്ത് ഏജന്റിനെ കാണിച്ചെങ്കിലും അറബിയിൽനിന്ന് പാസ്പോർട്ട് കിട്ടിയില്ലെന്ന് പറഞ്ഞ് ടിക്കറ്റ് റദ്ദാക്കിച്ചവരാണ് വാർത്ത വന്നതിനു തൊട്ടുപിന്നാലെ ടിക്കറ്റെടുത്ത് നാട്ടിലേക്ക് അയച്ചതെന്നും അവർ പറഞ്ഞു.
ഏതാനും ദിവസം മുൻപ് സുമംഗല അയച്ച ശബ്ദസന്ദേശം കരളലിയിക്കുന്നതായിരുന്നു. "എന്നെ രക്ഷിക്കണേ സർ, ഞാൻ അവശയാണ്. മാനസികമായി സമനില തെറ്റിയ അവസ്ഥയിലാണ്. എങ്ങനെയെങ്കിലും നാട്ടിൽ എത്തിയാൽ മതി. എന്നെ രക്ഷിക്കണേ... സാറേ." എന്നാതായിരുന്നു ആ സന്ദേശം. ഈ വിവരം ഇന്ത്യൻ എംബസിക്കും നോർക്കയ്ക്കും കൈമാറിയെങ്കിലും പരാതി അയക്കാനുള്ള ഇ-മെയിൽ നൽകുക മാത്രമാണ് ചെയ്തിരുന്നത്.
നാട്ടിൽ എത്തിയ ശേഷം ശമ്പള കുടിശ്ശികയും നഷ്ടപരിഹാരവും ഈടാക്കി തരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് സുമംഗല. നാട്ടിൽ പോയി എതിരായി ഒന്നും പറയരുതെന്ന് പറഞ്ഞാണ് ഏജൻസി അയച്ചതെന്നും അവർ സൂചിപ്പിച്ചു.
ഇതേസമയം യുവതികൾ തമ്മിൽ പരസ്പരം ബന്ധപ്പെടാതിരിക്കാനായി മറ്റൊരു ഫ്ലാറ്റിൽ പൂട്ടിയിട്ടിരിക്കുന്ന ആലപ്പുഴ മുതുകുളം സ്വദേശിനിയുടെ വിവരമൊന്നും ലഭിച്ചിട്ടില്ല. ഇവരെ കൂടാതെ തൃശൂർ, കോഴിക്കോട് സ്വദേശികളായ മറ്റു 3 പേർ ഫ്ലാറ്റിൽ ഉണ്ടായിരുന്നുവെങ്കിലും ഇന്നലെ തിടുക്കപ്പെട്ട് ഇവരെ വ്യത്യസ്ത വീടുകളിലേക്ക് ജോലിക്ക് അയക്കുകയായിരുന്നു.
കേരളത്തിലെ ഏജന്റുമാർ മുഖേന കുവൈത്തിലേക്കു റിക്രൂട്ട് ചെയ്യുന്ന വനിതകളെ ഇവിടത്തെ റിക്രൂട്ടിങ് ഏജൻസി വൻ തുക ഈടാക്കി അറബി വീടുകളിലേക്ക് ജോലിക്ക് നൽകുകയാണ് ചെയ്തുവരുന്നത്. എന്നാൽ ജോലി ഭാരവും ഭക്ഷണം നൽകാത്തതും മൂലം പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുകയാണ് ഇവർ. ചിലയിടങ്ങളിൽ മർദനവും നേരിടേണ്ടിവരുന്നു ഇവർക്ക്. കൂടാതെ സ്വദേശികളിൽനിന്ന് കൃത്യമായി ശമ്പളം ഈടാക്കുന്ന ഏജൻസികൾ സ്ത്രീകൾക്ക് നൽകുന്നില്ലെന്നും പരാതിപ്പെട്ടു.