ബഹ്റൈനിൽ ഗാർഡൻ ഷോ ആരംഭിച്ചു; മികച്ച ഫൊട്ടോഗ്രഫി അവാർഡ് സ്വന്തമാക്കി മലയാളി

Mail This Article
മനാമ ∙ ബഹ്‌റൈൻ രാജാവ് കിങ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിച്ച, ഗാർഡൻ ഷോ രാജപത്നിയും നാഷനൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റിന്റെ ഉപദേശക സമിതിയുടെ ചെയർപേഴ്‌സണുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ ഗാർഡൻ ക്ലബ് മത്സര വിജയികളുടെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു. പ്രഫഷനൽ ഫൊട്ടോഗ്രഫി വിഭാഗത്തിൽ ഹെർ റോയൽ ഹൈനസ് പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫ കപ്പ് മലയാളിയായ രഞ്ജിത്ത് സി. പി. സ്വന്തമാക്കി.
പൊതുജനാരോഗ്യത്തിനും ക്ഷേമത്തിനും നഗര വികാസവും ഹരിത ഇടങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ഭക്ഷ്യസുരക്ഷ, പാരിസ്ഥിതിക സുസ്ഥിരത, കാർഷിക മേഖലയുടെ സംരക്ഷണവും വികസനവും എന്നിവയ്ക്കുള്ള ബഹ്‌റൈന്റെ പ്രതിബദ്ധതയാണ് ഗാർഡൻ ഷോയെന്ന് പ്രിൻസസ് സബീക്ക പറഞ്ഞു.
ആഗോള കാർഷിക പ്രദർശന ഭൂപടത്തിൽ ബഹ്‌റൈന്റെ സ്ഥാനം ഉറപ്പിക്കുന്നതിൽ ഈ പരിപാടിക്ക് പ്രധാന പങ്കുണ്ടെന്നും പ്രിൻസസ് സബീക്ക വ്യക്തമാക്കി. ഏറ്റവും പുതിയ കാർഷിക കണ്ടുപിടുത്തങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കുന്നതിൽ പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെ ശ്രമങ്ങളെഅവർ അഭിനന്ദിച്ചു. ഉദ്ഘാടന ശേഷം അവർ വിവിധ പവലിയനുകൾ സന്ദർശിക്കുകയും പരിപാടിയിൽ ഭാഗഭാക്കായ സ്ഥാപനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.


മികച്ച റെസിഡൻഷ്യൽ ഗാർഡനുള്ള ഹിസ് മജസ്റ്റി ദി കിങ്സ് കപ്പ് ബെതാൻ റോബിൻസൺ നേടി. ഫ്ലവർ വിഭാഗത്തിൽ പരേതനായ ഷെയ്ഖ് ഇസ ബിൻ സൽമാൻ അൽ ഖലീഫയുടെ പേരിലുള്ള കപ്പ് ദലാൽ സാമി രാധിക്ക് ലഭിച്ചപ്പോൾ പച്ചക്കറി വിഭാഗത്തിൽ തഹേറ ജാബ്രി ജേതാവായി. പ്രഫഷനൽ ഫൊട്ടോഗ്രഫി വിഭാഗത്തിൽ ഹെർ റോയൽ ഹൈനസ് പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫയുടെ പേരിലുള്ള കപ്പ് രഞ്ജിത്ത് സി പിയും അമേച്വർ ഫൊട്ടോഗ്രഫി വിഭാഗത്തിൽ ഫവാസ് അൽ ഹംദാനും ജേതാക്കളായി.
സ്റ്റുഡന്റ് ഫൊട്ടഗ്രഫി വിഭാഗത്തിൽ വിദ്യാർഥി അൽ ജൗരി റാഷിദ് ജമാൽ ജേതാവായി. പരിസ്ഥിതി സൗഹൃദ ഗാർഡൻ കപ്പ് ദി മർച്ചന്റ് ഹൗസ് ഹോട്ടലും ഫോണ്ടാന ഇൻഫിനിറ്റി റെസിഡൻഷ്യൽ പ്രോജക്ടും പങ്കിട്ടു.


അപൂർവവും വിചിത്രവുമായ സസ്യങ്ങൾക്കുള്ള ഹെർ ഹൈനസ് ഷൈഖ ഹയാ ബിൻത് മുഹമ്മദ് ബിൻ സൽമാൻ അൽ ഖലീഫ കപ്പ് നാദിയ അൽ സീറ നേടി, ഇന്റർമീഡിയറ്റ് ഗേൾസ് സ്കൂൾ മികച്ച സ്കൂൾ ഗാർഡൻ ആർട്ട് വർക്കിനുള്ള റിഫ വ്യൂസ് കപ്പ് നേടി. പരിപാടിയുടെ സമാപനത്തിൽ, എഴുത്തുകാരൻ ഇബ്രാഹിം ബാഷ്മി ബഹ്‌റൈന്റെ പൈതൃക ഈന്തപ്പനകളുടെ സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യത്തെക്കുറിച്ചുള്ള തന്റെ പുസ്തകത്തിന്റെ പകർപ്പ് റോയൽ ഹൈനസിന് സമ്മാനിച്ചു.