ഖത്തറിൽ പല ഭാഗങ്ങളിലും ഇന്ന് മഴ; വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

Mail This Article
ദോഹ ∙ ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്ന് മഴ അനുഭവപ്പെട്ടു. പുലർച്ചെ മൂന്ന് മണിയോടെയാണ് ദോഹ ഉൾപ്പെടെ രാജ്യത്തിന്റെ പലഭാഗങ്ങളിലും ചെറിയ തോതിൽ മഴ പെയ്തത്. ഇന്ന് പകൽ അന്തരീക്ഷം മേഘാവൃതമാണ്. ചിലയിടങ്ങളിൽ ചാറ്റൽ മഴ അനുഭവപ്പെടുന്നുണ്ട്. ഇൻഡസ്ട്രിയൽ ഏരിയ, അൽഖോർ, വക്ര തുടങ്ങിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചാറ്റൽ മഴ പല സമയങ്ങളിലായി അനുഭവപ്പെട്ടു.
ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച വരെ തീരപ്രദേശങ്ങളിൽ കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നും, ഇടയ്ക്കിടെ പൊടിപടലങ്ങളോടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ശക്തമായ കാറ്റും ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മഴ കണക്കിലെടുത്ത് റോഡ് സുരക്ഷ ഉറപ്പാക്കാൻ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. വേഗത കുറച്ചും സുരക്ഷിതമായ അകലം പാലിച്ചും വാഹനം ഓടിക്കണം. ഹെഡ്‌ലൈറ്റുകൾ ഓണാക്കുക. വെള്ളത്തിൽ മുങ്ങിയ റോഡുകൾ വഴിയുള്ള യാത്ര ഒഴിവാക്കുക. മൊബൈൽ ഫോണുകൾ പോലുള്ള ഡ്രൈവിങ്ങിൽ നിന്നും ശ്രദ്ധ തിരിക്കുന്ന വസ്തുക്കളിൽ ഉപയോഗിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.

മഴക്കാലത്ത് വൈദ്യുത അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നതിന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ, കഹ്‌റാമ, സോഷ്യൽ മീഡിയ വഴി അവശ്യ സുരക്ഷാ നിർദേശങ്ങൾ പങ്കുവച്ചിട്ടുണ്ട്. കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരാനും തുറന്ന സ്ഥലങ്ങൾ ഒഴിവാക്കാനും കഹ്‌റാമ അഭ്യർഥിച്ചു.