ഗൾഫിലും എമ്പുരാൻ തരംഗം; പ്രവാസികളെ കാണാൻ ‘ഖുറേഷി അബ്രാം’ വരുമോ?, ഗംഭീര സ്വീകരണത്തിന് ആരാധകർ

Mail This Article
ദുബായ് ∙ പൃഥ്വിരാജ് സുകുരമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളിയായും ഖുറേഷി അബ്രാമുമായെത്തി തിയറ്ററുകളിൽ തീ പടർത്താൻ ലക്ഷ്യമിടുന്ന എമ്പുരാൻ തരംഗം ഗൾഫിലും. ഗൾഫിലെ മിക്ക രാജ്യങ്ങളിലും കേരളത്തോടൊപ്പം ഈ മാസം 27ന് ചിത്രം റിലീസാകുമ്പോൾ, തിയറ്ററുകളെല്ലാം മുൻകൂർ ടിക്കറ്റ് ബുക്കിങ്ങിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ഏറ്റവുമധികം മലയാളികൾ സിനിമ കാണാറുള്ള ദുബായ് ദെയ്റയിലെയും ഷാർജയിലെയും സിറ്റി സെന്ററുകളിലെ വോക്സ് സിനിമാസിലും ദുബായ് മാൾ, മാൾ ഓഫ് ദ് എമിറേറ്റ്സ് അടക്കമുള്ള റീൽ, നോവോസ് സിനിമകളിലും ഫാൻസ് ഷോകളടക്കം പുലർച്ചെ 4.30ന്(ഇന്ത്യൻ സമയം രാവിലെ 6) തന്നെ ആദ്യ പ്രദർശനം നടക്കും. അതേസമയം, യുഎഇയിലെ തിയറ്ററുകളിൽ പലതിലും ടിക്കറ്റ് ചാർജിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. യുഎഇയിലെ 7 എമിറേറ്റുകളിലെയും തിയറ്ററുകളിൽ സിനിമ റിലീസാകുന്നുണ്ട്. ദുബായ് ആസ്ഥാനമായുള്ള, ആദ്യ വിതരണ കമ്പനിയായ ഫാർസ് ഫിലിംസാണ് ഗൾഫിലെ വിതരണക്കാർ.
∙ ആദ്യദിനം അമ്പതിലേറെ ഷോകൾ
ഇരുനൂറ്റമ്പോതോളം സീറ്റ് കപാസിറ്റിയിലുള്ള ദുബായ് ദെയ്റ സിറ്റി സെന്ററിലെയും ഷാർജ സിറ്റി സെന്ററിലെയും വോക്സ് മൾട്ടിപ്പിൾ സ്കീനുകളിലൊന്നിലെ ആദ്യ ഷോയ്ക്ക് 75% ഓൺലൈൻ ബുക്കിങ്ങാണ് വെള്ളിയാഴ്ച്ച വരെ നടന്നിട്ടുള്ളത്. ചില ഷോകൾക്ക് ഇത് 90% വരെയായി. പൊതുവേ ചുരുക്കം മലയാളികൾ സിനിമ കാണാനെത്താറുള്ള ഷാർജ സാഹ്യ സിറ്റി സെന്ററിലെ വോക്സ് സിനിമാസിൽ പോലും വൻ ബുക്കിങ് നടന്നുകൊണ്ടിരിക്കുന്നു.

സാധാരണ മലയാള സിനിമകൾ നാലോ അഞ്ചോ ഷോകൾ കളിക്കാറുള്ള ഇവിടെയും ആദ്യ ദിനം പതിനഞ്ചോളം ഷോകളുണ്ട്. സിനിമ റിലീസിന് ഇനിയും നാല് ദിവസം ബാക്കി നിൽക്ക, വരും ദിവസങ്ങളിൽ ബുക്കിങ് 100% ആയേക്കുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. മാത്രമല്ല, റമസാനായിരുന്നില്ലെങ്കിൽ ഇതിനകം തന്നെ എല്ലാ ഷോയും മുഴുവൻ ബുക്കിങ് നടക്കുമായിരുന്നെന്നും അവർ കരുതുന്നു. എന്നാൽ, ചിത്രത്തിന് മികച്ച അഭിപ്രായം വരികയാണെങ്കിൽ പെരുന്നാൾ(ഈദുൽ ഫിത്ർ) അവധി ദിനങ്ങളിൽ യുഎഇയിലെ തിയറ്ററുകളിൽ പ്രേക്ഷകരുടെ പ്രളയമായിരിക്കുമെന്നാണ് പ്രതീക്ഷ. യുഎഇയിലെ സ്വകാര്യ മേഖലയിൽ 4 ദിവസമാണ് പെരുന്നാൾ അവധി.

∙ ടിക്കറ്റ് നിരക്ക് വർധിച്ചു
എമ്പുരാന് യുഎഇയിലെ ടിക്കറ്റ് നിരക്കുകൾ വർധിച്ചതായാണ് തിയറ്റർ വെബ് സൈറ്റുകളിൽ കാണുന്നത്. 55 ദിർഹമുള്ള ഏറ്റവും പിറകിലെ വിഭാഗമായ മാക്സിൽ എമ്പുരാൻ കാണാൻ 59 ദിർഹം നൽകണം. തൊട്ടു താഴെയുള്ള വിെഎപിയിൽ 56(52), സ്കീനിന് തൊട്ടടുത്തുള്ള സ്റ്റാൻഡേർഡിൽ 49(42) ദിർഹം എന്നിങ്ങനെയാണ് വർധിച്ച നിരക്ക്. ചിലയിടങ്ങളിൽ ഇത് 61 ദിർഹം വരെ ഈടാക്കുന്നുണ്ട്. അതേസമയം, ദുബായ് മാൾ, ദുബായ് മറീന മാൾ എന്നിവിടങ്ങളിലെ റീൽ സിനിമാസിൽ ഇത് 70 ദിർഹത്തോളം ആയിട്ടുണ്ട്. എങ്കിലും, ഇവിടങ്ങളിലും ഓൺലൈൻ ബുക്കിങ്ങിന് നല്ല തിരക്കാണ്.
∙ ഗൾഫിലെ ഏറ്റവും വലിയ പണംവാരിപ്പടം
കഴിഞ്ഞ ദിവസമാണ് ഗൾഫിൽ എമ്പുരാൻ പ്രീ ബുക്കിങ് ആരംഭിച്ചത്. ഇതിന് മുൻപ് വിദേശ ബുക്കിങ്ങിലൂടെ ചിത്രം 7 കോടി രൂപ സ്വന്തമാക്കിയിട്ടുണ്ട്. ഗൾഫിലെ ബുക്കിങ് ഈ നിലയ്ക്ക് മുന്നോട്ടുപോവുകയാണെങ്കിൽ എമ്പുരാൻ ഗൾഫിലെ ഏറ്റവും വലിയ പണം വാരിപ്പടമാകുമെന്നതിൽ സംശയമില്ല.

മലയാളം കൂടാത, ഹിന്ദി ഭാഷയിലും എമ്പുരാൻ ഗൾഫിലെ എല്ലാ രാജ്യങ്ങളിലും റിലീസാകുന്നു. ഒമാൻ മസ്കത്ത് സിറ്റിസെന്ററിലെ വോക്സിലടക്കം മിക്കയിടത്തും പുർച്ചെ 4.30ന് ആദ്യ ഷോ ആരംഭിക്കും. പല മൾട്ടിപ്പിൾ സ്ക്രീൻ തിയറ്ററുകളിലും ആദ്യദിനം ഇരുപതോളം ഷോകളുണ്ട്. സൗദിയിലും ഒമാൻ മസ്കത്ത് സിറ്റിസെന്ററിലെ വോക്സിലുമടക്കം മിക്കയിടത്തും പുർച്ചെ 4.30ന് ആദ്യ ഷോ ആരംഭിക്കും.

ഖത്തറില അഡ്വാൻസ് ബുക്കിങ് ഓപ്പണാണ്. ദോഹ ഫെസ്റ്റിവൽ സിറ്റിയിലെ വോക്സ് സിനിമാസിൽ 27ന് ഉച്ചയോടെ മാത്രമേ ഷോ ആരംഭിക്കുകയുള്ളൂ. വോക്സ് കൂടാതെ, നോവോ സിനിമാസിലും ഒട്ടേറെ ഷോകൾ പ്രദർശിപ്പിക്കും.
∙ ദുബായിൽ മാത്രം 8 ഫാൻ ഷോകകൾ; ലാലേട്ടൻ വരുമോ?
യുഎഇയിൽ സൂപ്പർതാരങ്ങളുടെ പടങ്ങൾ റിലീസാകുമ്പോൾ കുറച്ച് കാലം മുൻപ് വൻ ആഘോഷമാണ് തിയറ്ററുകളിൽ നടത്താറുണ്ടായിരുന്നത്. പ്രത്യേകിച്ച് മോഹൻലാലിന്റെയും മമ്മുട്ടിയുടെയും. എന്നാൽ പിന്നീട് ഫാൻസ് അസോസിയേഷനുകളുടെ പ്രവർത്തനം മന്ദഗതിയിലാവുകയും വരവേൽപ്പുകൾ കുറയുകയും ചെയ്തു.
എന്നാൽ ഇതാ, എമ്പുരാനിലൂടെ അതിന് വീണ്ടും തുടക്കമിട്ടിരിക്കുന്നു. ദുബായിലും അബുദാബിയിലുമാണ് എമ്പുരാൻ ഫാൻ ഷോ അരങ്ങേറുക. 1500 ടിക്കറ്റുകൾ ഇതിനായി ബുക്ക് ചെയ്തു. ദുബായ് അൽ ഗുറൈർ സെന്ററിലെ സ്റ്റാർ സിനിമാസിൽ ആദ്യ ദിനം വൈകിട്ട് 8.30 മുതൽ ആരാധകർക്ക് വേണ്ടിയുള്ള ഏഴ് പ്രദർശനങ്ങളും അബുദാബി അൽ വാദ മാളിലെ തിയറ്ററിൽ ഒരു ഷോയും നടക്കും. ശിങ്കാരിമേളം ഡിജെ എന്നിവയോടു കൂടി ഉത്സവാന്തരീക്ഷത്തിലായിരിക്കും ആരാധകർ സിനിമയെ വരവേൽക്കുകയെന്ന് ലാൽ കെയേഴ്സ് യുഎഇ പ്രസിഡന്റ് ചന്തു മനോരമ ഓൺലൈനിനോട് പറഞ്ഞു.
യാതൊരു പരസ്യവും കൂടാതെ, സമൂഹമാധ്യമത്തിലൂടെ മാത്രമാണ് ഫാൻസിനെ ഷോയുടെ കാര്യം അറിയിച്ചിട്ടുള്ളതെന്നും പ്രതികരണം അദ്ഭുതപ്പെടുന്നതാണെന്നും ചന്തു കൂട്ടിച്ചേർത്തു. വിക്രമിന്റെ തമിഴ് ചിത്രം വീര ധീര ശൂരയ്ക്ക് സ്ക്രീൻ മാറ്റിവച്ചില്ലായിരുന്നെങ്കിൽ ഫാൻ ഷോ ഇതിലും കൂടിയേനെ. സൗദിയിലും ഫാൻ ഷോകൾ നടക്കും. അവിടുത്തെ ഏറ്റവും വലിയ ഐമാക്സ് തിയറ്ററിൽ ആദ്യമായാണ് ഫാൻ ഷോ അരങ്ങേറുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ചിത്രം ഗൾഫിൽ ചരിത്രമെഴുതുകയാണെങ്കിൽ പ്രധാന താരം മോഹൻലാൽ, സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ, മറ്റു പ്രധാന അഭിനേതാക്കളായ മഞ്ജു വാരിയർ, ടൊവിനോ തോമസ്, തിരക്കഥാകൃത്ത് മുരളി ഗോപി തുടങ്ങിയവർ ഇവിടെ സന്ദർശനം നടത്തിയേക്കുമെന്ന് ആരാധകർ കരുതുന്നു. ഏപ്രിൽ മൂന്നിനോ നാലിനോ ആയിരിക്കും ഇതെന്ന് ചന്തു പറഞ്ഞു. നേരത്തെ ചിത്രങ്ങൾ വിജയിക്കുമ്പോഴെല്ലാം ആരാധകരുടെ പ്രിയ ലാലേട്ടൻ നന്ദി പറയാൻ ഓടിയെത്തിയിരുന്നു. ഏറ്റവുമൊടുവിൽ സ്വന്തമായി സംവിധാനം നിർവഹിച്ച ബാറോസിന്റെ പ്രചാരണാർഥമാണ് അദ്ദേഹം ദുബായിലെത്തിയത്.