വിമാനത്താവളത്തിൽ വളർത്തുനായയെ കൊന്നു; ഫ്ലോറിഡയിൽ യാത്രക്കാരി അറസ്റ്റിൽ, വ്യാപക വിമർശനം

Mail This Article
ഫ്ലോറിഡ∙ ഫ്ലോറിഡയിലെ ഒർലാൻഡോ രാജ്യാന്തര വിമാനത്താവളത്തിൽ വളർത്തുനായയെ കൊലപ്പെടുത്തിയ കേസിൽ വനിത അറസ്റ്റിൽ. വളർത്തുനായയുമായി വിമാനത്തിൽ പ്രവേശിക്കുന്നതിന് അധികൃതർ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് കൊലപാതകം നടത്തിയത്.
ഡിസംബർ 16നാണ് 57 വയസ്സുള്ള അലിസൺ അഗത ലോറൻസ് വളർത്തുനായ ടൈവിനുമായി കൊളംബിയയിലേക്ക് പോകാനായി എത്തിയത്. എന്നാൽ നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ നായയെ കൊണ്ടുപോകാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു. പിന്നീട് സ്ത്രീകളുടെ ശുചിമുറിയിൽ നായയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അനിമൽ സർവീസ് നടത്തിയ പരിശോധനയിൽ മുങ്ങിമരണമാണ് സംഭവിച്ചതെന്ന് സ്ഥിരീകരിച്ചു.
മാർച്ച് 18ന് ഒർലാൻഡോ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മൃഗങ്ങളോടുള്ള ക്രൂരതയാണ് കുറ്റകൃത്യമായി ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ അലിസൺ അഗത ലോറൻസിനെതിരെ കടുത്ത വിമർശനവുമായി മൃഗസംരക്ഷണ പ്രവർത്തകൻ ബ്രയാൻ വിൽസൺ രംഗത്തെത്തി. വിമാനത്തിൽ കയറാനായി വളർത്തുനായയെ കൊലപ്പെടുത്തിയെന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാർ ഉൾപ്പെടെ നിരവധിപേരാണ് സംഭവത്തിൽ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.