ADVERTISEMENT

ഡിസ്‌ലെക്സിയ എന്ന രോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി കളിയാക്കിയെന്ന് ആരോപിച്ച് നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. കുട്ടികളോടു സംവദിക്കുന്ന അവസരത്തിൽ  പ്രധാനമന്ത്രിയോട് ഒരു കുട്ടി ഡിസ്‌ലെക്സിയ എന്ന പ്രശ്നത്തെക്കുറിച്ച് വിശദീകരിക്കുമ്പോൾ രാഷ്ട്രീയം കലർത്തി അപഹസിക്കുകയായിരുന്നെന്നാണ് ആരോപണം. സൈക്കോളജിസറ്റുമാർ ഉൾപ്പടെയുള്ള ഡോക്ടർമാരും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.  ഇതിനെക്കുറിച്ച് ഡോ. നെൽസൺ ജോസഫ് എഴുതിയ കുറിപ്പ് വായിക്കാം.

ആരെ ഉദ്ദേശിച്ചാണു പ്രധാനമന്ത്രി ഡിസ്‌ലെക്സിയ ഉള്ള കുട്ടികളെ അപഹസിച്ചതെന്നുള്ളത്‌ ഇവിടെ ഒരു വിഷയേ ആവുന്നില്ല.

ആ ശരീരഭാഷ നോക്കൂ. പുച്ഛവും പരിഹാസവും നിറഞ്ഞ ഒന്ന്. നിങ്ങൾ ഒരു രോഗവിവരം പറയാൻ ഡോക്ടറുടെ അടുത്ത്‌ ചെല്ലുമ്പൊ ഡോക്ടർ നിങ്ങളെ പരിഹസിച്ച്‌ ചിരിക്കുന്നുവെങ്കിൽ നിങ്ങൾക്കുണ്ടാവുന്ന വികാരമെന്താവും?

ഇവിടെ സംഭവിച്ചതും അതുതന്നെ. പഠനവൈകല്യമുള്ള കുഞ്ഞുങ്ങളെപ്പറ്റി, പക്ഷേ ക്രിയേറ്റീവായും കഴിവുകളുടെ കാര്യത്തിലും ഉന്നതനിലവാരം പുലർത്തുന്ന, രാജ്യത്തിന്റെ അഭിമാനമുയർത്താനിടയുള്ള കുട്ടികളുടെ വൈഷമ്യം ലഘൂകരിക്കുന്നതിനെപ്പറ്റി ഒരു കുട്ടി പറയുകയാണ്.

അപ്പൊ സാമാന്യബോധമുള്ള ഒരു ഭരണാധികാരി ചെയ്യേണ്ടത്‌ കുറഞ്ഞ പക്ഷം അത്‌ അനുഭാവപൂർവം കേൾക്കുക. അതിന്മേൽ തുടർ നടപടി സ്വീകരിക്കാമെന്ന് ഒരു വെറുംവാക്കെങ്കിലും പറയുക. അല്ലാതെ അവരെ പരിഹസിക്കുകയല്ല.

ചരിത്രബോധമോ ഡിസ്‌ലെക്സിയ എന്ന അവസ്ഥയെപ്പറ്റി അറിവോ ഇല്ലാത്തതുകൊണ്ട്‌ അതുള്ളവരെക്കുറിച്ചും അറിയാനുള്ള സാദ്ധ്യത കുറവാണ്.

എഡിസണും ഗ്രഹാം ബെല്ലും ഡാവിഞ്ചിയും ലൂയി കാരളും ടോം ക്രൂസുമെല്ലാമടങ്ങുന്ന നീണ്ട നിര. . .

ഗ്രഹാം ബെല്ലിനെയും എഡിസണെയുമൊന്നും സ്വയം തിരയേണ്ട. അവരൊന്നും ചാണകത്തിൽ നിന്ന് കിട്ടുന്ന വസ്തുക്കളല്ല. പക്ഷേ അങ്ങനെയുള്ളവരെ നേടാനുള്ള വഴി ആരെങ്കിലും പറയുമ്പൊ കേൾക്കാനുള്ള വിവേകമുണ്ടാവണം

ഒരു കാര്യം ഉറപ്പിച്ചുപറയാം ചരിത്രത്തിൽ അവർക്കുള്ള സ്ഥാനത്തോളമെത്താൻ ഇനിയൊരു ആയിരം പൂർണചന്ദ്രന്മാരെ കണ്ടുകഴിഞ്ഞാലും പ്രധാനമന്ത്രിക്ക്‌ കഴിയില്ല.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com