കോവിഡിനെതിരെ കൂടുതൽ ഫലപ്രദമായ നാനോബോഡികൾ കണ്ടെത്തി

Mail This Article
സാർസ് കോവ് 2 വൈറസിനെതിരെ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുന്ന ആന്റി ബോഡികൾ ജർമനിയിലെ ബോൺ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. പ്ലാസ്മ തെറാപ്പിയിൽ ഉപയോഗിക്കുന്ന തരം ആന്റിബോഡികളെക്കാൾ വലുപ്പം കുറഞ്ഞ ഇവയെ നാനോ ബോഡികൾ എന്നാണ് വിളിക്കുക. വലുപ്പം കുറവായതിനാൽ കോശ സംയുക്തങ്ങളിലേക്ക് എളുപ്പം തുളച്ചു കയറാൻ ഇവയ്ക്ക് സാധിക്കും. ഈ നാനോ ബോഡികൾ വലിയതോതിൽ ഉൽപാദിപ്പിക്കാനും എളുപ്പം കഴിയും.
ഒരേസമയം വിവിധ ഇടങ്ങളിൽ വൈറസിനെതിരെ ആക്രമണം അഴിച്ചുവിടാൻ സാധിക്കുന്ന ഫലപ്രദമായ തന്മാത്രകൾ ആയി ഈ നാനോ ബോഡികളെ സംയോജിപ്പിക്കുന്നതിൽ ഗവേഷകർ വിജയിച്ചു.
അണുബാധയ്ക്ക് എതിരെയുള്ള പ്രതിരോധ സംവിധാനത്തിന്റെ പ്രധാന ആയുധങ്ങളാണ് ആന്റി ബോഡികൾ. ബാക്ടീരിയകളുടെയും വൈറസുകളെയും പ്രതലത്തിൽ ഒട്ടിപ്പിടിക്കുന്ന ആന്റി ബോഡികൾ അവയുടെ പകർപ്പ് ഉണ്ടാക്കുന്ന പ്രക്രിയ തടയുന്നു. ഇതിലൂടെ വൈറസ് ശരീരത്തിൽ പെരുകുന്നത് തടയാനും ഇവയ്ക്കാകും. എന്നാൽ ആന്റിബോഡികളുടെ നിർമാണം ബുദ്ധിമുട്ടേറിയതും ധാരാളം സമയം ആവശ്യമുള്ളതും ആണ്. ഇതിനാലാണ് അവ വ്യാപകമായി ഉപയോഗിക്കാൻ പറ്റാത്തത്.
ഈ സാഹചര്യത്തിൽ നാനോ ബോഡികളിലേക്ക് ശ്രദ്ധ തിരിക്കുകയാണ് ഗവേഷകർ. ലളിതമായി വലിയ ചെലവില്ലാതെ ഉത്പാദിപ്പിക്കാനാകും എന്നതാണ് നാനോ ബോഡികളുടെ സവിശേഷതയെന്നു ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. ഫ്ലോറിയൻ സ്കിമിറ്റ് പറയുന്നു.
ഒട്ടക കുടുംബത്തിൽപ്പെടുന്ന അൽപാക്ക,ഇലാമ മൃഗങ്ങളിൽ കൊറോണവൈറസ് പ്രതല പ്രോട്ടീൻ കുത്തിവച്ചാണ് പഠനം നടത്തിയത്. ഇവയുടെ പ്രതിരോധസംവിധാനം ആന്റി ബോഡികൾക്കൊപ്പം ലളിതമായ ഒരു ആന്റിബോഡി വകഭേദവും പുറപ്പെടുവിച്ചു. ഈ വകഭേദങ്ങളാണ് നാനോ ബോഡികളുടെ അടിസ്ഥാനമായി പ്രവർത്തിച്ചതെന്ന് ഗവേഷണ റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
English Summary : More effective ‘nanobodies’ to fight novel coronavirus