വീട്ടിൽ ഐസൊലേഷനിലുള്ള കോവിഡ് രോഗികളുടെ ഓക്സിജൻ തോത്: അറിയണം ഈ കാര്യങ്ങൾ

Mail This Article
ഓക്സിജൻ കൃത്യസമയത്ത് ലഭിക്കാതെ മരിച്ചു വീഴുന്ന കോവിഡ് രോഗികൾ. ഓക്സിജൻ സിലിണ്ടർ നിറയ്ക്കാനും ആശുപത്രി ബെഡ് ലഭിക്കാനും നെട്ടോട്ടമോടുന്ന രോഗികളുടെ ബന്ധുക്കളും സുഹൃത്തുക്കളും. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കവേ പല വടക്കൻ സംസ്ഥാനങ്ങളിലെയും കാഴ്ചകൾ ഈ വിധമാണ്. ശ്വാസോച്ഛാസത്തെ ബാധിച്ചു തുടങ്ങുന്നതോടെയാണ് പല കോവിഡ് രോഗികളുടെയും നില വഷളാക്കുന്നത്. ഇതിനാലാണ് വീടുകളിൽ ഐസൊലേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന കോവിഡ് രോഗികളും പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് ശരീരത്തിലെ ഓക്സിജൻ തോത് ഇടയ്ക്കിടെ പരിശോധിക്കണമെന്ന് പറയുന്നത്.
ഈ ഭയം തന്നെയാണ് പലരും ഓക്സിജൻ സിലിണ്ടറുകൾ വാങ്ങി കൂട്ടുന്നതിനും ആശുപത്രിയിൽ പ്രവേശിപ്പിക്കണം എന്ന് നിർബന്ധം പിടിക്കുന്നതിനും പിന്നിൽ. എന്നാൽ അനാവശ്യമായ ഭയമല്ല മുൻകരുതലുകളാണ് ആവശ്യം എന്ന് ഡോക്ടർമാർ പറയുന്നു.
ഓക്സിജൻ സാച്ചുറേഷൻ 90ന് മുകളിലാണെങ്കിൽ അതിനെ 98- 99 നിലയിലേക്ക് കൊണ്ടുപോകേണ്ട ആവശ്യമില്ലെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലെരിയ പറയുന്നു. ഒരു 92-93 തോതിലേക്ക് എത്തിക്കാനായാൽ നല്ലത്. ശ്വാസോച്ഛാസത്തെ ചൊല്ലി ഭയക്കാതിരിക്കേണ്ടത് അത്യാവശ്യമാണെന്ന് കോകിലബെൻ ധീരുഭായി അംബാനി ആശുപത്രിയിലെ കൺസൾട്ടന്റ് ഡോ. എസ് പി റായിയും പറയുന്നു. രോഗ ബാധയുടെ ആദ്യ നാലഞ്ച് ദിവസങ്ങളിൽ പനി, ചുമ, ക്ഷീണം, ചെറിയ ശ്വാസം മുട്ടൽ തുടങ്ങിയ ലക്ഷണങ്ങളേ ഉണ്ടാവൂ. ഓക്സിജൻ തോത് ദിവസം രണ്ടു മൂന്നു തവണ നിരീക്ഷിച്ചു കൊണ്ടിരിക്കണമെന്നും ഡോ. റായ് പറയുന്നു. 95 ശതമാനത്തിനു താഴേക്ക് ഓക്സിജൻ തോത് വന്നാൽ അത് തീവ്രമല്ലാത്ത ന്യൂമോണിയ സൂചിപ്പിക്കുന്നു. വിശ്രമിക്കുമ്പോഴും ഒരു ആറു മിനിട്ട് നടത്തത്തിനു ശേഷമുള്ളതുമായ ഓക്സിജൻ തോത് പരിശോധിച്ചു നോക്കണം. ഇവ തമ്മിൽ 4 ശതമാനത്തിന്റെ വ്യത്യാസമുണ്ടെങ്കിൽ കോവിഡ് ശ്വാസകോശത്തെ ബാധിച്ചു തുടങ്ങിയതായി അനുമാനിക്കാമെന്നും ഡോക്ടറെ കൺസൾട്ട് ചെയ്യാൻ വൈകരുതെന്നും ഡോ. റായ് കൂട്ടിച്ചേർക്കുന്നു.
ഓക്സിജൻ തോത് 90- 95 ശതമാനത്തിന് ഇടയിലാണെങ്കിൽ കോവിഡ് ന്യൂമോണിയ ഗുരുതരമല്ലാത്ത തോതിൽ ഉണ്ടെന്ന് കരുതാം. ഇത്തരം രോഗികൾക്ക് പ്രമേഹം, ആസ്മ, ഹൃദ്രോഗം, കിഡ്നി രോഗം തുടങ്ങിയ സഹ രോഗാവസ്ഥകൾ ഉണ്ടെങ്കിൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും ഡോക്ടർമാർ പറയുന്നു.
ഓക്സിജൻ തോത് 90-95 ശതമാനത്തിൽ ഉള്ളവർ ശ്വാസകോശത്തിലേക്ക് ആവശ്യത്തിന് വായു എത്തിക്കുന്നതിന് കിടക്കുമ്പോൾ ആദ്യം വലതുവശം തിരിഞ്ഞു കിടക്കണമെന്നും പിന്നീട് രണ്ടു മണിക്കൂർ ഇടവിട്ട് ഇടതുവശം- വലതുവശം ഇങ്ങനെ മാറിമാറി കിടക്കണമെന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നു.
അമിതവണ്ണമുള്ള രോഗികൾക്ക് ശ്വാസതടസ്സം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും നവിമുംബൈ അപ്പോളോ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഡോ. ജയലക്ഷ്മി ടികെ പറയുന്നു. പുകവലി ഒഴിവാക്കുന്നതും പ്രാണായാമം പോലുള്ള വ്യായാമങ്ങൾ ചെയ്യുന്നതും കോവിഡ് രോഗികളുടെ ശ്വാസകോശ ആരോഗ്യം വർധിപ്പിക്കും.
English Summary : COVID- 19 and distressed breathing