ADVERTISEMENT

പോഷകങ്ങൾ ധാരാളം അടങ്ങിയ തവിടു കളയാത്ത അരി, വെളുത്ത അരിയേക്കാൾ ആരോഗ്യകരമാണ്. ഇതിൽ നാരുകൾ, വൈറ്റമിൻ ബി ഉൾപ്പെടെയുള്ള വൈറ്റമിനുകൾ, മഗ്നീഷ്യം, സെലെനിയം പോലുളള ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ ഇവയുണ്ട്. തവിടുകളയാത്ത അരി നൽകുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ചറിയാം.

∙ദഹനത്തിന് സഹായകം
തവിടു കളയാത്ത അരിയിൽ ഭക്ഷ്യനാരുകൾ ധാരാളമുണ്ട്. ഇത് ബവൽ മൂവ്മെന്റിനെ നിയന്ത്രിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദഹനവുമായി ബന്ധപ്പെട്ട രോഗങ്ങളായ ഇറിറ്റബിൾ ബവൽ സിൻഡ്രോം, ഡൈവെർട്ടിക്കുലോസിസ് തുടങ്ങിയവയ്ക്കുള്ള സാധ്യതയെ കുറയ്ക്കുന്നു. 

Representative image. Photo Credit:Myriam Borzee/istockphoto.com
Representative image. Photo Credit:Myriam Borzee/istockphoto.com

∙ശരീരഭാരം നിയന്ത്രിക്കാൻ
തവിടു കളയാത്ത അരിയിലെ നാരുകൾ വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെയും ഭക്ഷണങ്ങൾക്കിടയ്ക്കുള്ള സമയത്ത് ലഘുഭക്ഷണങ്ങൾ കഴിക്കുന്നതിനെയും തടയുന്നു. തവിടു കളയാത്ത അരിയ്ക്ക് വെളുത്ത അരിയേക്കാൾ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. അതായത് രക്തത്തിലേക്ക് വളരെ സാവധാനത്തിൽ മാത്രമേ പഞ്ചസാരയെ പുറന്തള്ളുകയുള്ളൂ. ഇത് വിശപ്പ് നിയന്ത്രിക്കാനും ‘ശരീരഭാരം’ കുറയാനും സഹായിക്കുന്നു. 

∙കൊളസ്ട്രോൾ കുറയ്ക്കുന്നു
ഈ അരിയുടെ തവിടിന്റെ പാളിയിൽ എണ്ണ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോൾ (LDL) കുറയ്ക്കുന്നു. നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാലും കൊളസ്ട്രോൾ കുറയും. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യതയും കുറയ്ക്കുന്നു. 

∙ഹൃദയാരോഗ്യം
തവിടു കളയാത്ത അരിയിൽ മഗ്നീഷ്യം ധാരാളമുണ്ട്. ഹൃദയാരോഗ്യം നിലനിർത്തുന്നതിൽ ഇത് പ്രധാന പങ്കു വഹിക്കുന്നു. രക്തസമ്മർദം നിയന്ത്രിക്കാനും ഹൃദ്രോഗം തടയാനും രക്തക്കുഴലുകളെ വിശ്രാന്തിയിലാക്കാനും മഗ്നീഷ്യം സഹായിക്കുന്നു. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കുറയ്ക്കുന്നു. 

∙രക്തത്തിലെ പഞ്ചസാരയുടെ അളവ്
തവിടു കളയാത്ത അരിക്ക്, വെളുത്ത അരിയെ അപേക്ഷിച്ച് ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. ഇത് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ സാവധാനത്തിൽ മാത്രമേ ഉയരുകയുള്ളൂ. ഇതുകൊണ്ടു തന്നെ പ്രമേഹരോഗികൾക്ക് മികച്ച ഭക്ഷണമാണിത്. ഇത് ഇൻസുലിന്റെ അളവ് കൂടുന്നതിനെ തടയുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തുകയും ചെയ്യുന്നു. 

∙ആന്റിഓക്സിഡന്റുകൾ
തവിടു കളയാത്ത അരിയിൽ സെലെനിയം പോലുള്ള ആന്റിഓക്സിഡന്റുകളും ഫിനോളിക് സംയുക്തങ്ങളും ഉണ്ട്. ഇത് ഫ്രീറാഡിക്കലുകളെ നിർവീര്യമാക്കുന്നു. കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും പ്രായമാകലിനു കാരണമാകുകയും ചെനയ്യുന്നവയാണ് ഫ്രീറാഡിക്കലുകൾ ഇവ ഇൻഫ്ലമേഷനും കാൻസർ പോലുള്ള രോഗങ്ങൾക്കും കാരണമാകുന്നു. 

Representative image. Photo Credit: Deagreez/istockphoto.com
Representative image. Photo Credit: Deagreez/istockphoto.com

∙എല്ലുകളുടെ ആരോഗ്യം
ആരോഗ്യമുള്ള എല്ലുകൾക്കും പല്ലുകള്‍ക്കും ആവശ്യമായ ധാതുക്കളാണ് മഗ്നീഷ്യവും ഫോസ്ഫറസും. ഇവ രണ്ടും തവിടുകളയാത്ത അരിയിലുണ്ട്. ഓസ്റ്റിയോ പോറോസിസ് വരാനുള്ള സാധ്യതയും എല്ലുകളിൽ പൊട്ടൽ ഉണ്ടാവാനുള്ള സാധ്യതയും കുറയ്ക്കാൻ തവിടുകളയാത്ത അരി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. 

∙ഗ്ലൂട്ടൻ ഫ്രീ
തവിടുകളയാത്ത അരി ഗ്ലൂട്ടൻ ഫ്രീ ആണ്. ഗ്ലൂട്ടൻ സെൻസിറ്റിവിറ്റിയും സീലിയാക് ഡിസീസും ഉള്ളവർക്ക് സുരക്ഷിതമായി ഇത് കഴിക്കാം. 

∙കാൻസർ സാധ്യത കുറയ്ക്കുന്നു
തവിടുകളയാത്ത അരിയിൽ അടങ്ങിയ ആന്റിഓക്സിഡന്റുകളും നാരുകളും മലാശയ അർബുദത്തിനുള്ള സാധ്യത കുറയ്ക്കുന്നു. ഇൻഫ്ലമേഷന്‍ കുറച്ച് ദഹനം മെച്ചപ്പെടുത്തുന്നു. തവിടു കളയാത്ത അരിയിൽ അടങ്ങിയ ഒരു പ്രധാന ധാതുവായ സെലിനിയം, സ്തനാർബുദം പ്രോസ്റ്റേറ്റ് കാൻസർ ഉൾപ്പെടെയുള്ള നിരവധി രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. 
ഇത്തരത്തിൽ നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള തവിടുകളയാത്ത അരി (Brown rice) ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്താൻ ശ്രദ്ധിക്കാം.

English Summary:

Unpolished Rice for Weight Loss, Heart Health & More: Discover its Amazing Benefits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com