ADVERTISEMENT

മോണയുടെയും പല്ലിന്റെയും മോശം അവസ്ഥ കാരണം ഒരു ഫോട്ടോയ്ക്കു പോസ് ചെയ്യാനോ, ആൾക്കാരുടെ അടുത്തിരുന്ന് സംസാരിക്കാനോ മടിക്കുന്ന ആളുകൾ നമുക്കിടയിൽ ഒരുപാടുണ്ട്. കൃത്യമായ ശ്രദ്ധ നൽകിയാൽ ഒഴിവാക്കാവുന്ന പ്രശ്നങ്ങളാണ് ഇവ. എന്നും രാവിലെയും രാത്രി കിടക്കുന്നതിനു മുൻപും പല്ല് തേയ്ക്കുക, ഫ്ലോസ് ചെയ്യുക, ഭക്ഷണം കഴിച്ചാലുടൻ വായ കഴുകുക എന്നീ കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ തുടക്കത്തില്‍ തന്നെ പല പ്രശ്നങ്ങളും തടയാവുന്നതാണ്. എന്നാൽ ഈ പറയുന്ന ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ മോണയുടെ ആരോഗ്യം തകരാറിലായെന്ന് വ്യക്തം. ഈ അവസ്ഥയിൽ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതും പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിൽ കാര്യമായ പ്രാധാന്യം നൽകേണ്ടതും അത്യാവശ്യമാണ്. 

മോണയിൽ രക്തസ്രാവം
പല്ല് തേയ്ക്കുമ്പോഴും ഫ്ലോസിങ് ചെയ്യുമ്പോഴും മോണയിൽ നിന്ന് രക്തസ്രാവമുണ്ടാകാറുണ്ടോ? ഇത് പലരിലും സാധാരാണയായി കണ്ടുവരാറുള്ളതല്ലേ എന്നു കരുതി നിസ്സാരവൽക്കരിക്കരുത്. മോണയുടെ ആരോഗ്യം മോശമാകുന്നതിന്റെ ലക്ഷണമാണിത്. ഈ അവസരത്തിൽ വളരെ പതിയെയും ശ്രദ്ധിച്ചും വേണം പല്ല് തേയ്ക്കാൻ. കൂടുതൽ പരിശോധനയ്ക്കും വിലയിരുത്തലിനുമായി ദന്തരോഗവിദഗ്ധനെ കാണേണ്ടതാണ്. വായിൽ ഉണ്ടാകുന്ന വീക്കവും ബാക്ടീരിയയും കുറയ്ക്കാൻ ആൻ്റിമൈക്രോബയൽ മൗത്ത് വാഷ് ഉപയോഗിക്കുന്നത് നല്ലതാണ്.

Representative Image. Photo Credit : Marina Demeshko / iStockPhoto.com
Representative Image. Photo Credit : Marina Demeshko / iStockPhoto.com

മോണ വീർത്തിരിക്കുക
മോണയിലെ തടിപ്പ്, നീര് എന്നിവ പലർക്കും ബുദ്ധിമുണ്ടാക്കുന്ന പ്രശ്നമാണ്. വീർത്തിരിക്കുന്ന മോണ ചുവന്ന നിറത്തിലായിരിക്കും കാണപ്പെടുക. ഡോക്ടറിനെ കണ്ട് ആവശ്യമായ ചികിത്സാരീതികൾ പിന്തുടരുക.

ദുർഗന്ധം
വായ തുറക്കുമ്പോൾ ദുർഗന്ധം ഉണ്ടാകുന്ന അവസ്ഥ എന്ത് കഷ്ടമാണല്ലേ. പലപ്പോഴും പല്ലിന്റെ മാത്രം പ്രശ്നം കൊണ്ടല്ല, മോണയും ഈ ദുർഗന്ധത്തിനു കാരണമാകാം. വായയുടെ ശുചിത്വം പ്രധാനമാണെന്ന് തിരിച്ചറിയാതെയുള്ള അലക്ഷ്യമായ ശീലങ്ങളാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങൾക്കു വഴിവയ്ക്കുന്നത്. ചെറുചൂടുള്ള ഉപ്പ് വെള്ളം കൊണ്ട് വായ കഴുകുന്നത് നല്ലതാണെന്നും ദന്തരോഗവിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. പൂർണമായി മാറാനും ശുചിത്വത്തിനു പ്രാധാന്യം കൊടുക്കാനും ഡോക്ടറിന്റെ ഉപദേശം തേടാം

Representative image. Photo Credit: Rachata Teyparsit/Shutterstock.com
Representative image. Photo Credit: Rachata Teyparsit/Shutterstock.com

മോണയിൽ വേദന
പല്ല് തേയ്ക്കാൻ വയ്യ, ഒന്നും കഴിക്കാൻ പറ്റുന്നില്ല, എന്തിനേറെ, മോണയിൽ തൊടാൻ പോലും കഴിയുന്നില്ല. ചൂടുള്ളതോ തണുത്തതോ ആയ ഭക്ഷണങ്ങൾ കഴിക്കാനും ബുദ്ധമുട്ട്. സെൻസിറ്റീവ് മോണകളുള്ളവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണിവ. വായയുടെ പരിചരണത്തിനായി പരുക്കൻ ഉത്പന്നങ്ങൾ ഉപയോഗിക്കാതിരിക്കുക.  

പല്ലുകളിൽ അയവ്
ഈ പല്ലിനൊരു ആട്ടം ഉണ്ടല്ലോ എന്നു തോന്നുന്ന അവസരങ്ങൾ ഉണ്ടായിട്ടില്ലേ? മോണസംബന്ധമായ പ്രശ്നങ്ങളുള്ളവർക്ക് ഇത് സംഭവിക്കാം. കട്ടിയുള്ള ഭക്ഷണങ്ങൾ ചവയ്ക്കുന്നത് ഒഴിവാക്കാം. പല്ലുകളിൽ സമ്മർദ്ദം ചെലുത്തരുത്. പല തരത്തിലുള്ള ചികിത്സകൾ ഉണ്ടെന്നിരിക്കെ ഒരു ദന്തരോഗവിദഗ്ധനെ സമീപിക്കുന്നത് ഉചിതമായിരിക്കും.

പല്ലുകൾക്കിടയിൽ പഴുപ്പ്
പല്ലുകൾക്കും മോണയ്ക്കുമിടയിൽ പഴുപ്പ് വരുന്ന പ്രശ്നം ഉണ്ടെങ്കിൽ അത് അണുബാധയുടെ ലക്ഷണമാകാം. ഡെന്റിസ്റ്റിനെ കാണുന്നതാണ് ഏറ്റവും നല്ലത്. സ്വയം ചികിത്സ ഈ അവസരത്തിൽ ഗുണം ചെയ്യണമെന്നില്ല. ആന്റിബയോട്ടിക്കുകൾ നിർദേശിക്കുന്നപക്ഷം കൃത്യമായി കഴിക്കുകയും, ബാക്ടീരിയ അടിഞ്ഞുകൂടിയത് നീക്കാനുള്ള ശുചീകരണ നടപടിക്രമങ്ങൾ ചെയ്യുകയും വേണം.

Photo Credit: JJ-stockstudio/ Shutterstock.com
Photo Credit: JJ-stockstudio/ Shutterstock.com

ടാർട്ടർ അടിഞ്ഞുകൂടുക
മോണയുടെ അരികിലോ പല്ലുകൾക്കിടയിലോ മഞ്ഞയോ തവിട്ടുനിറത്തിലോ ഉള്ള നിക്ഷേപമാണിത്. ഈ പ്ലാക്ക് നീക്കം ചെയ്യുന്നതിനു ഒരു പ്രൊഫഷണൽ ഡെന്റൽ ക്ലീനിങ് ഷെഡ്യൂൾ സജ്ജമാക്കുന്നത് നല്ലതാണ്. 

English Summary:

Symptoms of Poor Gum Health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com