ADVERTISEMENT

ചാലക്കുടിക്കടുത്ത് പോട്ടയിലാണ് പ്രവാസിയായ മിഥുന്റെയും കുടുംബത്തിന്റെയും പുതിയ വീട്. വർഷങ്ങളായി മണ്ണിനോടും പ്രകൃതിയോടും ഇഴുകിച്ചേർന്നു ജീവിക്കുന്ന ഒരു കർഷകകുടുംബമാണ് ഇവരുടേത്. അതിനാൽ പുതിയ വീടും പ്രകൃതിസൗഹൃദമാകണം എന്ന ആഗ്രഹമാണ് വീട്ടുകാർ കോസ്റ്റ് ഫോഡിലെ ഡിസൈനർ ശാന്തിലാലിനോട് പങ്കുവച്ചത്. അപ്രകാരമാണ് രൂപകല്പന. കാലപ്പഴക്കത്തിന്റെ ക്ഷീണതകൾ വന്ന തറവാട് പൊളിച്ചുകളഞ്ഞാണ് പുതിയ വീട് പണിതത്. 

25-lakh-home-potta-side-JPG

ഓട് വച്ചുവാർക്കുന്ന ഫില്ലർ സ്ലാബ് ശൈലിയിലാണ് മേൽക്കൂര നിർമിച്ചത്. താഴെ സീലിങ് ഓടും വിരിച്ചു. വെട്ടുകല്ല് കൊണ്ട് എക്സ്പോസ്ഡ് ശൈലിയിലാണ് ഭിത്തികൾ പടുത്തുയർത്തിയത്. സിമന്റിനു പകരം മണ്ണും കുമ്മായവും കൂട്ടിക്കുഴച്ച മിശ്രിതം കൊണ്ടാണ് ഭിത്തികൾ പോയിന്റ് ചെയ്തത്. ഇതിൽ മഡ് പ്ലാസ്റ്ററിങ് ചെയ്തു. അതിനാൽ പെയിന്റ് അടിക്കേണ്ട കാര്യമേയില്ല. മാത്രമല്ല നട്ടുച്ചയ്ക്കുപോലും സുഖകരമായ കാലാവസ്ഥ വീടിനുള്ളിൽ നിലനിൽക്കുന്നു. കട്ടിളകൾ, ജനലുകൾ, പഴയ ഫർണിച്ചറുകൾ എന്നിവയിൽ കശുവണ്ടിക്കറ അടിച്ചു. സിമന്റ് തൂണുകളിലും മണ്ണിന്റെ ടെക്സ്ചർ കൊടുത്ത് ഭംഗിയാക്കി.

25-lakh-home-yard-JPG

പൂമുഖം, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, രണ്ട് അറ്റാച്ഡ് ബാത്റൂം, ഒരു കോമൺ ബാത്റൂം,മൾട്ടി യൂട്ടിലിറ്റി സ്‌പേസ് എന്നിവയാണ് 2000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. 

25-lakh-home-potta-sitout-JPG

തറവാട് പൊളിച്ചപ്പോൾ കിട്ടിയ കല്ലും മണ്ണും തടിയുമെല്ലാം പരമാവധി പുനരുപയോഗിച്ചു. പഴയ കെട്ടിടം പൊളിച്ചതിന്റെ വേസ്റ്റ് കൊണ്ടാണ് അടിത്തറ ഫിൽ ചെയ്തത്. ചെലവ് കുറയ്ക്കാൻ ഇത് സഹായകരമായി.

25-lakh-home-potta-living-JPG

ആത്തംകുടി ടൈലുകളുടെ ഭംഗിയാണ് നിലത്തുവിരിയുന്നത്. കാരൈക്കുടിയിൽ നിന്നും വിദഗ്ധ പണിക്കാരെത്തിയാണ് ഇത് വിരിച്ചത്. 50 വർഷം പഴക്കമുള്ള ഒറ്റ പീസ് സ്‌റ്റെയറാണ് മുകളിലെ മൾട്ടി യൂട്ടിലിറ്റി സ്‌പേസിലേക്ക് കയറാൻ സഹായിക്കുന്നത്. മെസനൈൻ ശൈലിയിലാണ് ഈ ഇടത്തട്ട് ഒരുക്കിയത്. 

25-lakh-home-potta-court

തുറന്ന നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഇതുവഴി പരമാവധി സ്ഥലലഭ്യത ഉറപ്പാക്കാനായി. മഴയും വെയിലും ഉള്ളിലെത്തുന്ന നടുമുറ്റമാണ് അകത്തളത്തിലെ ഹൈലൈറ്റ്. ഇവിടെ ഉള്ളിൽ പെബിൾസ് വിരിച്ചു. മഴവെള്ളം ഡ്രെയിൻ ചെയ്യാൻ വെന്റുകളുമുണ്ട്. നടുമുറ്റത്തിന്റെ വശങ്ങളിലായി മറ്റിടങ്ങൾ വിന്യസിച്ചു.

25-lakh-home-potta-dine-JPG

ഇരട്ടി ഉയരത്തിലുള്ള മേൽക്കൂരയും വലിയ ജനാലകളും വീടിനുള്ളിൽ സ്വാഭാവിക പ്രകാശം സമൃദ്ധമായി എത്തിക്കുന്നു. ഇതിനൊപ്പം മണ്ണിന്റെ കുളിർമയുള്ള ഭിത്തികളും കൂടിയാകുമ്പോൾ, പകൽ ലൈറ്റും ഫാനും ഇടേണ്ട കാര്യമേയില്ല. കറണ്ട് ബില്ലിലും നല്ലൊരു തുക ലാഭം.

25-lakh-home-potta-courtyard

ലളിതമായാണ് മൂന്നുകിടപ്പുമുറികൾ ഒരുക്കിയത്. വാഡ്രോബ് സൗകര്യം ഉൾക്കൊള്ളിച്ചു. എല്ലാം കയ്യകലത്തിലുള്ള അടുക്കളയാണ് ഹൈലൈറ്റ്. സമീപം വർക്കേരിയയുമുണ്ട്.

25-lakh-home-potta-bed-JPG

ഒരുനിലയിൽ തന്നെ പ്രധാന ഇടങ്ങൾ എല്ലാം ഒരുക്കിയത് വീട്ടുകാർ തമ്മിലുള്ള ആശയവിനിമയത്തിനും ബന്ധത്തിന്റെ കെട്ടുറപ്പിനും സഹായകരമാകുന്നു. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 24 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയായി. അവിവാഹിതനായ മിഥുൻ പാലുകാച്ചലിനാണ് അവസാനം നാട്ടിലെത്തിയത്. അതിനുശേഷം കോവിഡ് രൂക്ഷമായതോടെ നാട്ടിലേക്ക് വരാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴത്തെ കോവിഡ് രണ്ടാം തരംഗം അവസാനിച്ച ശേഷം നാട്ടിലെത്താൻ കാത്തിരിക്കുകയാണ് മിഥുൻ.

costford-home-gf

 

costford-home-ff

Project facts

Location- Potta, Chalakudi

Plot- 20 cent

Area- 2000 SFT

Owner- Midhun Shajan

Designer- Santilal

Costford Triprayar Center, Thrissur

Ph : 9495667290

Y.C- 2020

Budget- 25 Lakhs

English Summary- 24 Lakh EcoFriendly House; Veed Magazine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com