മാതാപിതാക്കൾക്കായി മകനും മരുമകളും ഒരുക്കിയ ആഡംബരവീട്

Mail This Article
കോഴിക്കോട് വടകരയാണ് അമീർ- ഫരീദ ദമ്പതികളുടെ പുതിയ വീട്. മാതാപിതാക്കൾക്കായി മകനും മരുമകളും ചേർന്നൊരുക്കിയ വീടാണിത്. തങ്ങളുടെ കൂടി വീടായതിനാൽ ഏറ്റവും മികവിലാണ് ഓരോ കോണും അണിയിച്ചൊരുക്കിയത്.
പുറംകാഴ്ചയിൽ ഒരു ആഡംബര റിസോർട്ടിനോട് കിടപിടിക്കുന്ന ഗാംഭീര്യമുള്ള എലിവേഷനാണ് വീടിനുള്ളത്. ഗ്ലാസിന്റെ സാന്നിധ്യമാണ് വീടിന് ഈ പ്രൗഢിയേകുന്നത്. പലതട്ടുകളുള്ള പ്ലോട്ട് നിരപ്പാക്കാതെ സ്വാഭാവികത നിലനിർത്തിയാണ് വീട് നിർമിച്ചത്. അതിനാൽ അകത്തളങ്ങളിൽ പല തട്ടുകളുണ്ട്. ഇവിടെ ധാരാളമായി ഉപയോഗിച്ചിരിക്കുന്ന ഗ്ലാസ് ജാലകങ്ങൾ നാച്ചുറൽ ലൈറ്റ് സമൃദ്ധമായി ഉള്ളിലെത്തിക്കുന്നു. വിശാലമായി ലാൻഡ്സ്കേപ് ഒരുക്കി. കോബിൾ സ്‌റ്റോൺ വിരിച്ച ഡ്രൈവ് വേ കടന്നെത്തുന്നത് കലാത്തിയ, ലൂട്ടിയ അടക്കമുള്ള ചെടികൾ ഹരിതാഭ നിറയ്ക്കുന്ന ലാൻഡ്സ്കേപ്പിലേക്കാണ്.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴെയുള്ളത്. മുകളിൽ രണ്ടു കിടപ്പുമുറികൾ, ലിവിങ്, സ്വിമ്മിങ് പൂൾ, ബാൽക്കണി എന്നിവയുമുണ്ട്. 7000 ചതുരശ്രയടിയാണ് വിസ്തീർണം.

അകത്തേക്ക് പ്രവേശിക്കുന്നത് ഡബിൾഹൈറ്റ് ഹാളിലേക്കാണ്. അകത്തളങ്ങൾക്ക് വിശാലത തോന്നിക്കാൻ ഇതുപകരിക്കുന്നു. കൂടാതെ ചൂട് കുറച്ച് ഉള്ളിൽ സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു. എപ്പോക്സി ഫിനിഷുള്ള ടൈലാണ് പൊതുവിടങ്ങളിൽ വിരിച്ചത്. കിടപ്പുമുറികളിൽ വുഡൻ ഫ്ലോറിങ് ഒരുക്കി.

ഡബിൾ ഹൈറ്റിന്റെ വിശാലതയാണ് ഫോർമൽ ലിവിങ്ങിൽ അനുഭവവേദ്യമാവുക. ഡബിൾഹൈറ്റ് ഗ്ലാസ് വിൻഡോയിലൂടെ ലൈറ്റ് സമൃദ്ധമായി ഇവിടെയെത്തുന്നു. ഇറ്റാലിയൻ മാർബിൾ ക്ലാഡിങ് പതിച്ച ചുവരാണ് ഫോർമൽ ലിവിങ്ങിലെ ഹൈലൈറ്റ്. ഇവിടെയുള്ള സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി ലാൻഡ്സ്കേപ്പിലെ വാട്ടർബോഡിയിലേക്കെത്താം.

വിശാലമായ ഡൈനിങ് ടേബിളിന് മാർബിൾ ടോപ്പാണ്. ഫാബ്രിക് ഫിനിഷിൽ ചെയറുകളുമുണ്ട്.
സ്‌റ്റെയറിന്റെ ഭിത്തിയിലൊരു കൗതുകമുണ്ട്. വീട്ടുകാരുടെ പേരുകൾ എംബോസ് ചെയ്ത അബ്സ്ട്രാക്ട് പെയിന്റിങ്ങാണ് ഈ ചുവരിലുള്ളത്. അധികം സ്‌പേസ് കളയാതെ ക്യാന്റിലിവർ ശൈലിയിലാണ് സ്‌റ്റെയർ ഒരുക്കിയത്. സ്‌റ്റെയർ കയറിയെത്തുന്നത് അപ്പർ ലിവിങ്ങിലേക്കാണ്. ഇവിടെ കസ്റ്റമൈസ്ഡ് ഫർണിച്ചറിനൊപ്പം ടിവി യൂണിറ്റും നൽകി.

ഐലൻഡ് കിച്ചനാണ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. മൾട്ടിവുഡ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ സജ്ജീകരിച്ചു.

പുറത്തെ പച്ചപ്പും കാഴ്ചകളും ആസ്വദിക്കാൻ പാകത്തിലാണ് കിടപ്പുമുറികൾ ഒരുക്കിയത്. താഴത്തെ ഒരു ബെഡ്‌റൂമിൽനിന്ന് വാട്ടർബോഡിയിലേക്ക് തുറക്കുന്ന സ്ലൈഡിങ് ഗ്ലാസ് വാതിലുണ്ട്. ഓരോ കിടപ്പുമുറിയും വ്യത്യസ്ത തീമിൽ ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ ഉൾക്കൊള്ളിച്ചു.

ചുരുക്കത്തിൽ ആഡംബരവും പ്രകൃതിയുടെ കാഴ്ചകൾ ആസ്വദിച്ചുള്ള സ്വച്ഛസുന്ദരമായ ജീവിതവും സമ്മേളിക്കുകയാണ് ഈ വീട്ടിൽ.
Project facts
Location- Vadakara
Plot- 40 cent
Area- 7000 Sq.ft
Owner- Ameer, Fareeda
Design- Shakir Ameer, Nourin Shine
Nou Design, Calicut
Y.C- 2023