സൂപ്പർഹിറ്റ്; ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തിയറ്റർ ഇന്ത്യയിൽ!
Mail This Article
ലഡാക്കിലെ മലനിരകളുടെ മനംമയക്കുന്ന സൗന്ദര്യം ആസ്വദിച്ചുകൊണ്ട് സിനിമ കാണാനൊരിടം. ഏതെങ്കിലും റിസോർട്ടിലെ ടിവിയിലോ ലാപ്ടോപ്പിലോ ഒന്നുമല്ല. നല്ല ഉഗ്രനൊരു തിയറ്ററിൽ. കേൾക്കുമ്പോൾതന്നെ സിനിമാപ്രേമികൾക്ക് ഏറെ ആസ്വാദ്യകരമായി തോന്നുന്ന അത്തരമൊരു അനുഭവം സമ്മാനിക്കുകയാണ് ലഡാക്കിൽ നിർമിച്ച പുതിയ സിനിമാതിയറ്റർ.
സമുദ്രനിരപ്പിൽ നിന്നും 11562 അടി ഉയരത്തിലുള്ള ഈ സിനിമാതിയറ്റർ, ലോകത്തിലെ 'ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തിയറ്റർ' എന്ന പദവിയും സ്വന്തമാക്കി. ഇതിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കാറ്റുനിറച്ച് നിർമ്മിച്ചെടുക്കുന്ന ഇൻഫ്ലേറ്റബിൾ തിയറ്ററാണ് ഇത്. പൊതുവേ സൗകര്യങ്ങൾ കുറവായ ലഡാക്കിന്റെ ഉൾപ്രദേശങ്ങളിലുള്ളവർക്കും ചലച്ചിത്രങ്ങൾ കാണാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് തിയറ്റർ നിർമ്മിച്ചിരിക്കുന്നത്. പിക്ചർടൈം ഡിജിപ്ലക്സ് എന്ന സ്ഥാപനമാണ് നിർമാതാക്കൾ. കഴിഞ്ഞ മാസമാണ് തിയറ്റർ ആരംഭിച്ചത്.
ഇൻഫ്ലേറ്റബിൾ തിയറ്ററാണെന്നുകരുതി സാധാരണ തിയറ്ററുകളിലെ സൗകര്യങ്ങളൊന്നും ഇവിടെ ഉണ്ടാവില്ല എന്നുകരുതേണ്ട. അത്യാവശ്യം സൗകര്യങ്ങൾ ഉള്ളിലുണ്ട്. മറ്റേതൊരു സിനിമ തിയറ്ററും പോലെ പിൻ ഭാഗത്തുനിന്നും മുന്നിലേക്ക് ചെരിവുള്ള രീതിയിലാണ് സീറ്റിങ് ക്രമീകരണങ്ങൾ. ഇതിനുപുറമേ പൂർണമായും വാട്ടർപ്രൂഫാണെന്ന ഉറപ്പും നിർമാതാക്കൾ നൽകുന്നു. മൈനസ് 28 ഡിഗ്രി സെൽഷ്യസിൽ വരെ സുഗമമായി ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കാനാവുന്ന സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിലാണ് ടിക്കറ്റുകൾ നൽകുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമായ ബെൽബോട്ടം, സെകൂൽ എന്ന ഹ്രസ്വചിത്രം എന്നിവയാണ് തിയറ്ററിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടത്.
English Summary- Highest Altitude Movie Theatre In the World Open at Ladakh