പ്രായമായവരേറുന്ന കേരളത്തിലെ ബാത്റൂമിലും ഇനി വേണം മാറ്റം
Mail This Article
ചെറുപ്പക്കാരുടെ കുടിയേറ്റം മൂലം കേരളം ഓൾഡേജ് ഹോം ആയി മാറുകയാണ് എന്ന ചർച്ചകൾ കുറെനാളായുണ്ട്. മിക്ക വീടുകളിലും പ്രായമായ മാതാപിതാക്കൾ മാത്രം. വാർധക്യത്തിലെ അവശതകളെ നേരിടാൻ പാകത്തിൽ നമ്മുടെ വീടുകളിലെ ബാത്റൂമുകൾ സജ്ജമായോ എന്നതാണ് പ്രസക്തമായ ഒരു ചോദ്യം.
വാർധക്യകാലത്ത് കുളിമുറിയിൽ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ബാലൻസ് നഷ്ടമാകുന്ന അവസ്ഥയും കാഴ്ചത്തകരാറുകളും വഴുതിവീഴലുകളും സംഭവിക്കാം. കൈകാലുകളുടെ ബലക്ഷയം മൂലമുള്ള ബാത്റൂമിലെ വീഴ്ചകളാണ് മുൻകരുതൽ ആവശ്യമുള്ള കാര്യം. വീഴ്ച മൂലം തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതും ഇടുപ്പെല്ലും നട്ടെല്ലും ഉൾപ്പെടെയുള്ള അസ്ഥികൾ ഒടിയുന്നതും പ്രശ്നം വഷളാക്കാം.
മുൻകരുതലുകൾ എടുക്കാം
∙ കുളിമുറിയിൽ ആവശ്യാനുസരണം വെളിച്ചം നൽകാം. കണ്ണഞ്ചിപ്പിക്കാത്ത മിതമായ വെളിച്ചം തരുന്ന എൽഇഡി ബൾപുകളും ട്യൂബുകളും അഭികാമ്യം.
∙ ഗ്രിപ്പുള്ള ചെരിപ്പുകൾ ഉപയോഗിക്കുന്നതോടൊപ്പം റബർ കൊണ്ടുള്ള ആന്റി– സ്കിഡ് മാറ്റുകൾ തറയിൽ ഇടാം.
∙ കമ്മോഡിനു മുകളിൽ പിടിപ്പിക്കാവുന്ന ഉയരം കൂടിയ ടോയ്‌ലറ്റ് സീറ്റുകൾ ഇന്നു ലഭ്യമാണ്. ഇവ ഉപയോഗിച്ചു നാലിഞ്ചുവരെ ടോയ്‌ലറ്റിന്റെ ഉയരം കൂട്ടാം. ചില സീറ്റുകൾക്ക് രണ്ടു വശത്തും കൈപ്പിടിയും ഉണ്ടായിരിക്കും. തറയിലേക്ക് കൂടുതൽ ഇരുന്നുപോകാതെയും കൂടുതൽ കുനിയാതെയും ടോയ്‌ലറ്റിൽ ഇരിക്കാം.
∙ കിടപ്പുമുറിയിൽ നിന്നു ടോയ്‌ലറ്റിലേക്കുള്ള നടവഴി (Passage) യിൽ രാത്രി സമയത്തു ലൈറ്റ് തെളിച്ചിടുന്നതു നല്ലതാണ്.
∙ബാത്റൂം ഡോറുകൾക്ക് ഉയരത്തിലുള്ള ടവർ ബോൾട്ട് പിടിപ്പിച്ചാൽ പ്രായമായവർക്ക് അവ ഇടാൻ ബുദ്ധിമുട്ടായിരിക്കും. സാധാരണ മോർട്ടിസ് ലോക്കാണെങ്കിൽ വെറുതെ ചാരിയിട്ടാലും അടഞ്ഞു കിടന്നുകൊള്ളും. അത്യാവശ്യഘട്ടങ്ങളിൽ മറ്റുള്ളവർക്ക് പുറത്തുനിന്നു ഹാൻഡിൽ തിരിച്ച് അകത്ത് കയറാനുമാകും.
∙ ചുമരിൽ അവിടവിടെയായി ഗ്രാബ് ബാറുകളോ (Grab Bars) ഗ്രാബ് റെയിലുകളോ പിടിപ്പിക്കാം. പെട്ടെന്നു വീഴാൻ പോകുമ്പോൾ പിടിക്കാൻ ഇത് ഉപകരിക്കും. ടോയ്‌ലറ്റ് സീറ്റിനരികിൽ ചുമരിൽ നല്ല ഉറപ്പുള്ള ഗ്രാബ് ബാർ പിടിപ്പിച്ചാൽ കമ്മോഡിൽ നിന്ന് എഴുന്നേൽക്കാൻ ഉപകാരപ്പെടും.
∙എഴുന്നേറ്റു നിന്നു കുളിക്കുന്നതു പ്രായമായവരുടെ കാര്യത്തിൽ ബുദ്ധിമുട്ടായതിനാൽ കുളിമുറിയിൽ ഒരു ബാത്ത് ചെയർ വയ്ക്കാം. വില കുറഞ്ഞ പ്ലാസ്റ്റിക് ചെയറുകൾ ഉപയോഗിച്ചാൽ അവയുടെ കാലുകൾ നാലു ഭാഗത്തേക്കും അകന്നുപോകാനോ വഴുതിപ്പോകാനോ ഇടയുണ്ട്. ഇതു വീഴ്ചയ്ക്കുള്ള സാധ്യത വർധിപ്പിക്കും.
∙ ബാത്റൂം ചെരിപ്പുകൾ പോലെ ബാത്റൂമിലും വഴുക്കലുള്ള പ്രതലങ്ങളിലും ഉപയോഗിക്കാനായി അടിയിൽ ഗ്രിപ്പുള്ള ആന്റി– സ്കിഡ് സോക്സുകളും ഇന്നു ലഭ്യമാണ്.