കേരളത്തിൽ പ്രചാരമേറി സ്റ്റോൺ ഫ്ലോറിങ്
Mail This Article
ഫ്ലോറിങ് നന്നായാൽ പാതി നന്നായി. സാധാരണ ഫ്ലോറിങ് രീതികളായ ടൈൽ, മാർബിൾ, ഗ്രാനൈറ്റ് എന്നിവയെല്ലാം കടന്ന് സ്റ്റോൺ ഫ്ലോറിങ്, കോൺക്രീറ്റ് ഫ്ലോറിങ്ങൊക്കെയാണ് ഇപ്പോൾ പ്രിയമായിക്കൊണ്ടിരിക്കുന്നത്. അൽപം റഫ് ആണെന്നു തോന്നാമെങ്കിലും മാർബിളിന്റെ ഫിനിഷിങ്ങിനെ വെല്ലുന്നരീതിയിൽ ഇത്തരം ഫ്ലോറിങ് പൂർത്തിയാക്കാം.
ഈടു നിൽക്കുന്ന ഫ്ലോറിങ് സാമഗ്രികളാണു തിരഞ്ഞെടുക്കേണ്ടത്. ചെലവു കുറച്ച് വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്ന സൗകര്യമാണു ടൈലുകൾക്കുള്ളത്. വിട്രിഫൈഡ്, ഡബിൾ ചാർജ‍്ഡ്, ഫുള്‍ ബോഡി, GVT തുടങ്ങിയ ടൈലുകളാണ് പരമാവധി ഈടുകിട്ടുന്ന ടൈലുകൾ. ഗ്രാനൈറ്റ്, മാർബിൾ എന്നിവ മനോഹരവും ഉറപ്പുള്ളതുമായ ഫ്ലോറിങ് രീതിയാണ്. ചെലവു കൂടുമെന്നു മാത്രം. എന്നാൽ ഇവയെ ട്രെൻഡു കൊണ്ടു പിന്നിലാക്കിയാണ് സ്റ്റോൺ ഫ്ലോറിങ് വിപണിപിടിക്കുന്നത്. ഏറെക്കാലം നിലനിൽക്കുന്ന, മനോഹരമായ ഒരു ഫ്ലോറിങ് രീതിയാണിത്. വീട്ടിലെ ഏതു മുറിയിലും വീടിനകത്തും പുറത്തും ഇവിടെയും എളുപ്പത്തിൽതന്നെ ഉപയോഗിക്കുന്നതാണ് സ്റ്റോൺ ഫ്ലോറിങ്.
എന്താണ് സ്റ്റോൺ ഫ്ലോറിങ്?
ട്രെൻഡ് മാത്രമല്ല സ്റ്റോൺ ഫ്ലോറിങ്. ഈടും ബലവും കൂടുതൽ, കേടുപാടുകൾക്കുള്ള സാധ്യത കുറവാണ് എന്നതെല്ലാം നേട്ടങ്ങളാണ്. മനുഷ്യർ വീടുകൾ നിർമിച്ചു തുടങ്ങിയ കാലം മുതൽ പരീക്ഷിച്ചിരുന്ന സ്റ്റോൺ ഫ്ലോറിങ്ങിന്റെ പരിഷ്കരിച്ച രൂപമാണ് ആധുനിക ഗൃഹങ്ങളിൽ കാണാൻ കഴിയുന്നത്. ദീർഘകാലത്തേക്കുള്ള ഈട് ആഗ്രഹിക്കുന്നെങ്കിൽ മികച്ച ഫ്ലോറിങ് ഓപ്ഷനാണ് സ്റ്റോൺ ഫ്ലോറിങ്. തടിയും എൻജിനീയറിങ് വുഡും പോലുള്ള ഫ്ലോറിങ്ങുകൾക്ക് കാലാനുസൃതമായ റീഫിനിഷിങ്, റീപ്ലേസ്മെന്റ് വേണ്ടി വരും. പക്ഷേ, കാലമെത്ര കഴിഞ്ഞാലും സ്റ്റോൺ ഫ്ലോറിങ്ങിനു വളരെക്കുറച്ച് അറ്റകുറ്റപ്പണികളെ വരാന്‍ സാധ്യതയുള്ളൂ.
ഇൻഡോർ–ഔട്ട്ഡോർ ഫ്ലോ സുഗമമാക്കാൻ സ്റ്റോൺ ഫ്ലോറിങ് സഹായിക്കുന്നു. വീടിനുള്ളിൽ ഒരേ സ്റ്റോൺ ഉപയോഗിക്കുന്നതു രണ്ട് ഇടങ്ങളെയും ബന്ധിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ്. ക്ലാസിക് ലുക്കാണ് സ്റ്റോൺ ഫ്ലോറിങ് വീടിനു നൽകുന്നത്. സ്റ്റോൺ ഫ്ലോറിങ്ങിന് ആനുപാതികമായി സ്റ്റോൺ വർക്ക് ചെയ്ത വാതിലുകൾ, ജനലുകൾ എന്നിവ വീടിന്റെ ഭംഗി കൂട്ടും.
ചൂടു ക്രമീകരിക്കുന്നതിനും സ്റ്റോൺ ഫ്ലോറിങ് സഹായിക്കും. വീടിനു പുറത്തെ താപനില ഉയർന്നാലും തണുപ്പു നിലനിർത്താനുള്ള കല്ലിന്റെ സ്വാഭാവിക കഴിവുണ്ട്. കട്ടിയുള്ളതും സുഷിരമില്ലാത്തതുമായ സ്റ്റോൺ ഫ്ലോറിങ് ഉപരിതലം പൊടിയെയും അലർജിയെയും അകറ്റുന്നു. വൃത്തിയാക്കാനും എളുപ്പമാണ്.
ചെലവു കൂടും
പ്രകൃതിയോട് ഇണങ്ങിയുള്ള സ്റ്റോൺ ഫ്ലോറിങ് വീടിനും ജീവിതത്തിനും ക്ലാസ് ലുക്ക് നൽകുമെങ്കിലും ചെലവ് മറ്റു ഫ്ലോറിങ് രീതികളുമായി നോക്കുമ്പോൾ കൂടുതലാണ്. പ്രാദേശികമായി ഖനനം ചെയ്യുന്ന കല്ല് തിരഞ്ഞെടുക്കുന്നതു ചെലവു കുറച്ചേക്കാം. ഈ ജോലിയുമായി പരിചിതരായ ജോലിക്കാർ കുറവും ചെലവു കൂടുതലുമാണ്.
തണുത്ത കാലാവസ്ഥയ്ക്ക് അനുയോജ്യമല്ല
തണുത്ത കാലാവസ്ഥ പ്രദേശങ്ങളിൽ സ്റ്റോൺ ഫ്ലോറിങ് ഒഴിവാക്കുന്നതാണു നല്ലത്. തണുത്ത അന്തരീക്ഷത്തെ കൂടുതൽ തണുപ്പിക്കാൻ മാത്രമേ ഇതു സഹായിക്കൂ. ഇത്തരത്തിൽ തണുപ്പു നിലനിൽക്കുമ്പോൾ ഈർപ്പം ഉണ്ടാകുകയും കല്ല് വഴുവഴുപ്പുള്ളതായി മാറുകയും ചെയ്യും. ഇതു കല്ലുകളുടെ ഫിനിഷ് കുറയ്ക്കും. അതിനാൽ സ്റ്റോണ്‍ ഫ്ലോറിങ്, തിരഞ്ഞെടുപ്പു രീതികൾ ഉപയോഗിക്കുന്ന കല്ല് എന്നിവയെക്കുറിച്ചെല്ലാം നന്നായി പഠിച്ചു മനസ്സിലാക്കി മാത്രമേ ഇതിനായി പണം മുടക്കാവൂ.
കുളിമുറിയിലോ, തറയിലേക്കു വെള്ളം തെറിച്ചേക്കാവുന്ന സിറ്റൗട്ട്, ബാൽക്കണി, പ്ലേ ഏരിയ തുടങ്ങിയ സ്ഥലങ്ങളിലോ സ്റ്റോൺ ഫ്ലോറിങ് ഉപയോഗിക്കുകയാണെങ്കിൽ നോൺസ്കിഡ് മാറ്റുകൾ ഉപയോഗിക്കുന്നത് ഉറപ്പാക്കുക. കാരണം ഈ പ്രതലങ്ങളിൽ വീഴുന്നതു ശക്തമായ അപകടങ്ങൾക്കു വഴിയൊരുക്കും. അതുപോലെ തന്നെ വീട്ടിൽ പ്രായമായ, വയ്യാത്ത ആളുകളുണ്ടെങ്കിൽ സ്റ്റോൺ ഫ്ലോറിങ് റിസ്കാണ്. ഈ അവസരത്തിൽ നോൺസ്കിഡ് മാറ്റുകൾ ഉപയോഗിക്കുക.
ഗ്രാനൈറ്റ് തോൽക്കും കോൺക്രീറ്റ് അഴക്
സ്റ്റോൺ ഫ്ലോറിങ്പോലെ ട്രെൻഡിൽ വരുന്നതാണ് കോൺക്രീറ്റ് ഫ്ലോറിങ്. റഫ് ഫിനിഷ് വരാതെ ചെലവു ചുരുക്കി, കുറഞ്ഞ സമയത്തിനുള്ളിൽ ഭംഗിയായി ചെയ്തെടുക്കാം എന്നതാണ് കോൺക്രീറ്റ് ഫ്ലോറിങ്ങിനുള്ള ഗുണം. ഗ്രാനൈറ്റ് നൽകുന്ന അതേ പ്രതീതിയിലും മിനുസത്തിലും കോൺക്രീറ്റ് ഫ്ലോറിങ്ങ് പൂർത്തിയാക്കാൻ കഴിയും.
കിച്ചൻ സ്ലാബുകൾ, കൗണ്ടർ ടോപ് എന്നിവിടങ്ങളിലെല്ലാം ഗ്രാനൈറ്റിനു പകരമായി കോൺക്രീറ്റ് ഫ്ലോറിങ് ചെയ്യാവുന്നതാണ്. തൊഴിലാളികളുടെ കൂലിയും താരതമ്യേന കുറവാണ്. വൈദഗ്ധ്യമാണ് ഇവിടെ പ്രധാനഘടകം. സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി കോൺക്രീറ്റിനെ വ്യത്യസ്ത രൂപത്തിലേക്കു മാറ്റി ഒരു പ്രത്യേക മെഷീൻ ഉപയോഗിച്ച് ഫ്ലോറിങ് മിനുസപ്പെടുത്തുന്നു.
വിദേശരാജ്യങ്ങളിലെ ഈ ഫ്ലോറിങ് രീതി നമ്മുടെ നാട്ടിൽ ചുവടുപിടിച്ചു വരികയാണ്. വീടുകൾ, കൊമേഴ്സ്യൽ സ്പേസ് എന്നിവിടങ്ങളിലെല്ലാം ഒരേ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഒരു മെറ്റീരിയലാണ് കോൺക്രീറ്റ് ഫ്ലോറിങ്. സാധാരണ ടൈലുകളിൽ കാണുന്ന നിറങ്ങളെല്ലാം കോൺക്രീറ്റ് ഫ്ലോറിങ്ങിലും ചെയ്യാൻ കഴിയും. ആവശ്യാനുസരണം ബ്ലാക്ക്, റെഡ് എന്നിങ്ങനെ ഓക്സൈഡുകൾ ചേർത്താണു നിറങ്ങൾ രൂപപ്പെടുത്തുന്നത്. സെമി ഗ്ലോസി ഫിനിഷ്, ഫുൾ ഗ്ലോസി, മാറ്റ് ഫിനിഷ് എന്നിങ്ങനെ സ്ഥലം അനുസരിച്ച് ഫ്ലോറിങ് വ്യത്യസ്തമാക്കാം.