ലോകത്തിലെ ഏറ്റവും മികച്ച ക്ളീനർ: എത്ര വൃത്തികെട്ട വീടും സൗജന്യമായി വൃത്തിയാക്കും! വൈറൽ
Mail This Article
ജീവിതത്തിരക്കുകൾ മൂലം വീട് നന്നായി വൃത്തിയാക്കിയിടാൻ സമയം തികയാത്തവർ ഏറെയാണ്. ഇത്തരക്കാരെ സഹായിക്കാനായി ധാരാളം ക്ലീനിങ് സർവീസ് സ്ഥാപനങ്ങൾ ഇന്ന് ലോകമെങ്ങുമുണ്ട്. പണം നൽകിയാൽ ഒറ്റ ദിവസംകൊണ്ട് വീട് മുഴുവൻ ഇവർ വൃത്തിയാക്കി തരും. എന്നാൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ എത്ര വൃത്തികെട്ട വീടും വൃത്തിയാക്കാൻ ഒരാൾ തയ്യാറായാലോ? ഫിൻലൻഡുകാരിയായ ഔരി കാതറീന എന്ന യുവതിയാണ് ഭൂരിഭാഗം ആളുകളും ചെയ്യാൻ മടിക്കുന്ന ജോലി ഏറെ ഇഷ്ടത്തോടെ, അതും തികച്ചും സൗജന്യമായി മറ്റുള്ളവർക്കുവേണ്ടി ചെയ്തുകൊടുക്കുന്നത്.
ക്ലീനിങ്ങിനോടുള്ള ഈ അമിതപ്രിയം കാരണം സ്വന്തം നാട്ടിലും സമൂഹമാധ്യമങ്ങളിലൂടെ ലോകത്ത് എല്ലായിടത്തും ഔരി ഇപ്പോൾ പ്രശസ്തയാണ്. ഇവരുടെ ക്ലീനിങ് വിഡിയോകൾക്ക് ദശലക്ഷക്കണക്കിന് ആരാധകരുമുണ്ട്. കണ്ടാൽ അറയ്ക്കുന്നത്ര വൃത്തിഹീനമായ വീടുകൾ പോലും പുതുപുത്തൻ പോലെ വൃത്തിയാക്കി എടുക്കുന്നതിലുള്ള ഔരിയുടെ കഴിവുകണ്ട് അദ്ഭുതത്തോടെയാണ് ആളുകൾ പ്രതികരണങ്ങൾ അറിയിക്കാറുള്ളത്. എന്നാൽ അപ്രതീക്ഷിതമായാണ് 'ക്ലീനിങ്' ഔരിയുടെ ജീവിതത്തിന്റെ ഭാഗമായത്.
ഇൻ്റർനെറ്റിലൂടെ കണ്ടെത്തിയ ഡേറ്റിങ് പങ്കാളിക്ക് പിറന്നാൾ സമ്മാനമായി വീട് വൃത്തിയാക്കി നൽകിയതാണ് എല്ലാത്തിന്റെയും തുടക്കം. വീട് വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി ഔരി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ആ ഒരൊറ്റ വിഡിയോ അഞ്ചു ദശലക്ഷത്തിൽ പരം ആളുകൾ കാണുകയും ഫോളോവേഴ്സിന്‍റെ എണ്ണം ഒരു ലക്ഷത്തോളം ഉയരുകയും ചെയ്തു. അതുകൊണ്ടും തീർന്നില്ല ധാരാളം ആളുകൾ തങ്ങളുടെ വീടുകൂടി വൃത്തിയാക്കി തരുമോ എന്ന് ആവശ്യപ്പെട്ടു തുടങ്ങി. അങ്ങനെ ഒരു കൗതുകത്തിന് ആരംഭിച്ച ക്ലീനിങ് ജോലി ഇപ്പോൾ ഔരിക്ക് മാറ്റാനാകാത്ത ഒരു ശീലമായി മാറിക്കഴിഞ്ഞു.
വൃത്തിയാക്കാനെത്തുന്ന വീട്ടിലെ അവസ്ഥ എത്രത്തോളം മോശമാണെങ്കിലും ഔരിക്ക് അതൊന്നും വിഷയമേയല്ല. വർഷങ്ങളായി കഴുകാത്ത ബാത്റൂം, കെട്ടിക്കിടക്കുന്ന ഡയപ്പറുകൾ, പൂപ്പൽ പിടിച്ച് ദുർഗന്ധം വമിക്കുന്ന ഉപകരണങ്ങൾ തുടങ്ങി എത്ര വൃത്തിഹീനമായ കാര്യങ്ങൾ ഉണ്ടെങ്കിലും ഔരി നിസ്സാരമായി അവ വൃത്തിയാക്കും.
ഓരോ തവണ വീടുകൾ വൃത്തിയാക്കുമ്പോഴും കൂടുതൽ വൃത്തിഹീനമായ വീടുകൾ കണ്ടെത്തണമെന്ന തോന്നലാണ് ഇപ്പോൾ ഇവർക്കുള്ളത്. മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, വിഷാദരോഗികൾ വയോധികര്‍ എന്നിവരാണ് ഔരിയുടെ സഹായം തേടുന്നവരിൽ ഏറിയ പങ്കും. ചെറുപ്പകാലത്ത് വിഷാദരോഗത്തിലൂടെ കടന്നുപോയതിന്റെ അനുഭവവും ഔരിക്ക് ഉണ്ട്.
വൃത്തിയാക്കലിനോടുള്ള ആസക്തി കാരണം ഇത് പ്രൊഫഷനായി സ്വീകരിച്ചിരിക്കുന്നവർ ധാരാളമുണ്ടെങ്കിലും അവരെല്ലാം വൻതുക ഈടാക്കുന്നവരാണ്. അവിടെയാണ് ഇവർ വ്യത്യസ്തയാകുന്നത്. വൃത്തിയാക്കലിന് ശേഷമുള്ള വീടുകണ്ട് പലരും നിർബന്ധിച്ചു പണംനൽകാൻ ശ്രമിക്കാറുണ്ടെങ്കിലും അവയെല്ലാം ഔരി നിരസിക്കും. ക്ലീനിങ് വിഡിയോകളിൽനിന്ന് നല്ല തുക വരുമാനമായി ലഭിക്കുന്നതിനാൽ മറ്റുള്ളവരിൽനിന്ന് പണം ഈടാക്കേണ്ട ആവശ്യവുമില്ല.
സമൂഹമാധ്യമങ്ങളിലെ സാറ്റിസ്‌ഫൈയിങ്ങ് കണ്ടൻ്റുകളിൽ മുൻനിരയിലാണ് ഔരിയുടെ വിഡിയോകൾ ഇടം പിടിച്ചിരിക്കുന്നത്. വൈറൽ ക്ലീനിങ് വിഡിയോകളുടെ പേരിൽ ജന്മനാട്ടിൽ നിന്നും അവാർഡുകളും ഇവരെ തേടിയെത്തിയിട്ടുണ്ട്. പൊതുവേ എല്ലാവരും മടുപ്പോടെ ചെയ്യുന്ന ജോലിയാണ് വീടുവൃത്തിയാക്കൽ. എന്നാൽ അതും ഏറെ ആസ്വദിച്ച് ചെയ്യാമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തതിലൂടെ കിട്ടിയ സംതൃപ്തിയാണ് തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പാരിതോഷികം എന്ന് ഔരി പറയുന്നു.