ടോയ്ലറ്റ് ബ്രഷ് ഇങ്ങനെയാണോ സൂക്ഷിക്കുന്നത്?

Mail This Article
ബജറ്റിന്റെ വലിയൊരു ശതമാനം കവരും ബാത്റൂമുകൾ. ചെറിയൊരു ബാത്റൂം (Bathroom) അല്ലേ, എങ്ങനെ ചെലവു കൂടും എന്നായിരിക്കും പലരും ചിന്തിക്കുക. എന്നാൽ ബാത്റൂം ഫിറ്റിങ്സും ടൈലും വീടുപണിയുടെ ചെലവ് വർധിപ്പിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ട് കൂടുതൽ ബാത്റൂമുകൾ നിർമിക്കുന്നതിനു പകരം നിർമിക്കുന്ന ബാത്റൂം നല്ല രീതിയിൽ നിർമിക്കുക. ഏറ്റവുമധികം കീടാണുക്കളുടെ സാന്നിധ്യമുള്ള ഇടമായ ടോയ്‌ലറ്റ് വൃത്തിയാക്കുന്ന ബ്രഷ് തുറന്നുവയ്ക്കുന്നത് പല വീടുകളിലും ഹോട്ടലുകളിലുമെല്ലാം പതിവു കാഴ്ചയാണ്. ടോയ്‍ലറ്റ് ബ്രഷ് (Toilet Brush) ഉപയോഗശേഷം വൃത്തിയായി കഴുകി, ബോക്സിലാക്കി അടച്ചു വയ്ക്കുന്നതാണ് നല്ലത്. അതിനുശേഷം കബോർഡുകളിൽ സൂക്ഷിക്കാം.
ബാത്റൂം വ്യത്തിയായിരുന്നാൽ മാത്രം പോരാ വൃത്തിയുണ്ടെന്ന് തോന്നിക്കുകയും വേണം. ഇതിനാൽ ബാത്റൂം ഫ്രഷ്നറുകളോ പ്രകൃതിദത്ത സുഗന്ധ വാഹിനികളോ സ്ഥിരമായി ഉപയോഗിക്കണം. കർപ്പൂരം, സുഗന്ധമുള്ള സ്റ്റിക്സ് എന്നിവയെല്ലാം ബാത്റൂമിൽ വയ്ക്കാം. ബാത്റൂം ക്രമീകരിക്കുമ്പോൾ പ്രായമായവരെയും ചെറിയ കുട്ടികളെയും മനസ്സിൽ കാണണം. ടോയ്‌ലറ്റിനോടു ചേർന്ന് ഒരു ഹാൻഡിൽ സ്ഥാപിക്കുകയാണെങ്കിൽ പ്രായമായവർക്ക് പിടിച്ച് എഴുന്നേൽക്കാൻ എളുപ്പമാണ്. ബാത്റൂമിന് അടിപ്പടിയുണ്ടാകുന്നത് തൊട്ടടുത്ത മുറിയിലേക്ക് വെള്ളം തെറിക്കാതിരിക്കാൻ സഹായിക്കും. എങ്കിലും പ്രായമായവർക്ക് പ്രയാസമുണ്ടാകാത്ത രീതിയിൽ വേണം അടിപ്പടി.
ബാത്റൂമിനോടു ചേർന്ന് കോർട്‍യാർഡ് നൽകുന്നത് പല രീതിയിൽ ഗുണകരമാണ്. സൂര്യപ്രകാശവും വായുസഞ്ചാരവും പരമാവധി ലഭിക്കുന്നതിനാൽ ബാത്റൂം പെട്ടെന്ന് ഉണങ്ങും. പച്ചപ്പിന്റെ സാന്നിധ്യം ദിനാരംഭം ശുഭകരമാക്കാൻ സഹായിക്കും. കോർട്‍യാർഡ് നിർമിക്കാൻ സ്ഥലപരിമിതി തടസ്സമാണെങ്കിൽ ബാത്റൂമിൽ രണ്ടോ മൂന്നോ ചെടികൾ വയ്ക്കുക.
Content Summary : How do you store toilet brushes after use?