ADVERTISEMENT

അമേരിക്കയിലെ പ്രമുഖ നഗരങ്ങളിൽ ഒരു വീട് സ്വന്തമാക്കുക അത്ര എളുപ്പമല്ല. മറ്റു രാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. എന്നാൽ ഇതിനിടയിലും തൊഴിൽ മേഖലയിൽ ഭാഗ്യം കൊയ്ത ഇന്ത്യക്കാരായ ടെക്കികളുടെ ഹബ്ബ് എന്നറിയപ്പെടുന്ന ഒരു പ്രദേശവും അമേരിക്കയിലുണ്ട്. കലിഫോർണിയയിലെ സിലിക്കൺ വാലിയാണ് സമ്പന്നരായ ഇന്ത്യക്കാരുടെ കേന്ദ്രമായി മാറിയിരിക്കുന്നത്. അത്തരത്തിൽ സിലിക്കൺവാലിയിൽ ഇന്ത്യൻ വംശജനായ വ്യക്തി സ്വന്തമാക്കിയ ഒരു ഗംഭീര വീടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ കവരുന്നത്. 20 വർഷം മുൻപാണ് വീട്ടുടമ അമേരിക്കയിലെത്തിയത്. വ്യത്യസ്ത സ്ഥാപനങ്ങളിൽ ജോലി ചെയ്ത അദ്ദേഹം നിലവിൽ ഒരു കമ്പനി ഉടമയാണ്. ഇൻസ്റ്റഗ്രാം യൂസറായ പ്രിയം സരസ്വത് ഈ വീടിന്റെ ഹോം ടൂർ വിഡിയോ പങ്കുവച്ചതോടെ അത് വൈറലായിക്കഴിഞ്ഞു.

ആധുനിക രീതിയിലുള്ള വാസ്തുവിദ്യയും മെഡിറ്ററേനിയൻ ഡിസൈനുമാണ്  വീടിനെ മനോഹരമാക്കുന്നത്. ചുറ്റിനും പച്ചപ്പു നിറച്ച് അതിന് നടുവിലായാണ് അതിമനോഹരമായി വീട് ഒരുക്കിയിരിക്കുന്നത്. വീട്ടുടമയ്‌ക്കൊപ്പം മാതാപിതാക്കളും ഇവിടെയാണ് താമസം. വീടിന്റെ എല്ലാ ഭാഗങ്ങളും വീട്ടുകാർ വ്ലോഗറിന് കാണിച്ചുകൊടുക്കുന്നുണ്ട്. ലക്ഷ്വറി ഫർണിച്ചറുകൾ വീട്ടിൽ ഉടനീളം കാണാം. സ്ഥല വിസ്തൃതിയാണ് പ്രധാന ഹൈലൈറ്റ്.

ഓരോ കോണിലും പ്രൗഢി നിറച്ചു കൊണ്ടാണ് വീട് ഒരുക്കിയിരിക്കുന്നത്. പുറം കാഴ്ചകൾ ആസ്വദിക്കാവുന്ന തരത്തിൽ ഫ്ലോർ ടു സീലിങ്, സ്ലൈഡിങ് ഗ്ലാസ് ഡോറുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഒരേസമയം ലളിതവും മനോഹരമായ ഹാങ്ങിങ്ങ് ലൈറ്റുകളാണ് ഡൈനിങ്ങിലും  ഫാമിലി ലിവിങ്ങിലും  ഉൾപ്പെടുത്തിയിരിക്കുന്നത്. അത്യാധുനിക രീതിയിൽ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് അടുക്കള സജ്ജീകരിച്ചിരിക്കുന്നത്. 

മുകളിലെ നിലയിൽ പ്രത്യേകമായി ഓഫിസ് ഒരുക്കിയിട്ടുണ്ട്. വീട്ടിലുടനീളം  ഉടമ പകർത്തിയ ചിത്രങ്ങൾ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്.  പിൻഭാഗത്തെ സ്ലൈഡിങ് ഡോർ തുറന്നാൽ  ഔട്ട്ഡോർ സിറ്റിങ് ഏരിയയാണ്.  വിശാലമായ പുൽത്തകിടിയും വലിയ ഔട്ട്ഡോർ സ്വിമ്മിങ് പൂളും കാണാം. എന്നാൽ ഇതുകൊണ്ടൊന്നും തീരുന്നില്ല ഈ വീട്ടിലെ സൗകര്യങ്ങൾ. 

ബേസ്മെന്റ് ഏരിയയിൽ ഗെയിമിങ് റൂം സജ്ജീകരിച്ചിട്ടുണ്ട്. ഒഴിവ് വേളകൾ ഏറ്റവും ഉപയോഗപ്രദമായി വിനിയോഗിക്കാനുള്ള സൗകര്യങ്ങളാണ് ബേസ്‌മെന്റിൽ ഉള്ളത്. സ്വസ്ഥമായിരുന്ന് വിശ്രമിക്കാനുള്ള സീറ്റിംഗ് അറേഞ്ച്മെന്റ് ഇവിടെയുണ്ട്. പിങ്ങ് പോങ്ങ് ടേബിൾ, എയർ ഹോക്കി തുടങ്ങിയവ എല്ലാം ഇവിടെ കാണാം. ഇതിനുപുറമേ പ്രത്യേകമായി ബാർ ഏരിയയും ഉൾപ്പെടുത്തിയിട്ടുണ്ട്. ബേസ്മെന്റിലെ വലിയ വാതിലിന് പിന്നിലായി മറ്റൊരു സർപ്രൈസും ഇവർ ഒരുക്കിയിരിക്കുന്നു. അത്യാധുനിക രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന ഒരു ഹോം തിയറ്ററാണത്. ലക്ഷ്വറി സീറ്റിങ് ഉൾപ്പെടുത്തിയാണ് ഹോം തിയേറ്റർ ഒരുക്കിയിരിക്കുന്നത്. സീലിങ്ങിൽ സ്റ്റാർ ലൈറ്റുകൾ കൊടുത്തിരിക്കുന്നു. 

വീടിന്റെ ദൃശ്യങ്ങൾ ശ്രദ്ധ നേടിയതോടെ ഈ വീടിന്റെ വിലമതിപ്പ് എത്രയാവും എന്നറിയാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നവരാണ് ഏറെയും.

English Summary:

Indian Origin Man Gives a Home Tour of His Luxury House in California

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com