ഇവിടെ കോവിഡ് ഗുരുതരം, നാട്ടിലെത്താൻ കൊതിയാകുന്നു: സീരിയൽതാരം ശ്രീകല
Mail This Article
മിനിസ്‌ക്രീനിലൂടെ മലയാളിപ്രേക്ഷകരുടെ പ്രിയ താരമാണ് ശ്രീകല ശശിധരൻ. സീരിയലുകളിൽ നിറഞ്ഞുനിന്ന ശ്രീകല കഴിഞ്ഞ ഒരു വർഷമായി ഇടവേളയെടുത്ത് ഭർത്താവിനൊപ്പം യു.കെയിലാണ്. ലണ്ടനിൽ കോവിഡ് രൂക്ഷമായി തുടരുകയാണ്. ശ്രീകല തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു..
ഓർമവീട്..
കണ്ണൂർ ജില്ലയിലെ ചെറുകുന്ന് എന്ന ഉൾനാടൻ ഗ്രാമപ്രദേശത്താണ് ഞാൻ ജനിച്ചു വളർന്നത്. അച്ഛൻ, അമ്മ, ചേച്ചി, ഞാൻ. ഇതായിരുന്നു കുടുംബം. മൂന്നു വയസ് വരെ അമ്മയുടെ തറവാട്ടിലാണ് കഴിഞ്ഞത്. അതിനുശേഷം തറവാട്ടിൽ നിന്നും ഓഹരി കിട്ടിയ അടുത്തുള്ള സ്ഥലത്ത് അച്ഛൻ വീടുവച്ചു. ഞങ്ങൾ അവിടേക്ക് താമസം മാറി.
മിനിസ്ക്രീനിലേക്ക്...
സ്‌കൂൾ കാലത്ത് നൃത്തത്തിലും അഭിനയത്തിലുമെല്ലാം സജീവമായിരുന്നു. അച്ഛനാണ് ഞാൻ പ്രശസ്തയാകണം എന്ന് എന്നേക്കാൾ ആഗ്രഹിച്ചിരുന്നത്. അച്ഛൻ എന്റെ ഫോട്ടോ മാഗസിനുകൾക്കെല്ലാം മുഖചിത്രമായി പ്രസിദ്ധീകരിക്കാൻ അയക്കുമായിരുന്നു. അങ്ങനെ ഒരു പലതവണ ചിത്രങ്ങൾ വന്നു. പിന്നീട് അതുവഴി മിനിസ്ക്രീനിലേക്കുള്ള അവസരവും തെളിഞ്ഞുവന്നു.
വിവാഹം, തിരുവനന്തപുരം വീട്...
ഭർത്താവ് വിപിൻ ഐടി പ്രഫഷനലാണ്. ചേട്ടന്റെയും നാട് കണ്ണൂരാണ്. ഞങ്ങൾക്കൊരു മകനുണ്ട്. സാംവേദ്. ഇപ്പോൾ ഒന്നാം ക്‌ളാസിൽ പഠിക്കുന്നു.
സീരിയലുകളുടെ ആസ്ഥാനം തിരുവനന്തപുരമായതു കൊണ്ട് ഞങ്ങൾ രണ്ടുവർഷം മുൻപ് അവിടെ ഒരു വില്ല വാങ്ങിച്ചു. പക്ഷേ അവിടെ അധികം താമസിക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും ചേട്ടൻ ഓൺസൈറ്റ് വർക്കിനു യുകെയിലേക്ക് പോയി. അങ്ങനെ ഞാനും മോനും കൂടെപ്പോയി. ചെറിയ സ്ഥലത്തുള്ള വീടായതുകൊണ്ട് ടെറസിൽ ഞാൻ പച്ചക്കറികളും ചെടികളുമൊക്കെ വളർത്തിയിരുന്നു. ഇപ്പോൾ അതെല്ലാം നോക്കാൻ ആളില്ലാതെ ഉണങ്ങിപ്പോയിക്കാണും.
ലണ്ടൻ ജീവിതം, കൊറോണക്കാലം...
നഗരത്തിൽ നിന്നും മാറിയുള്ള ഒരുൾപ്രദേശത്താണ് ഫ്ലാറ്റ്. നാട്ടിലെ പോലെയല്ല ഇവിടുത്തെ സംസ്കാരം. സ്വകാര്യതയ്ക്ക് വളരെ പ്രാധാന്യം കൊടുക്കുന്നവരാണ്. നമ്മുടെ സ്വന്തം ഫ്ലാറ്റിൽ പോലും അനാവശ്യമായി ഒച്ചയൊന്നും ഉണ്ടാക്കാൻ പാടില്ല. ഞാൻ വന്ന സമയത്ത് ഫ്ലാറ്റിൽ നൃത്തം അഭ്യസിച്ചിരുന്നു. അടുത്ത ദിവസം താഴെയുള്ളവർ വന്നു പരാതി പറഞ്ഞു.
ലണ്ടനിൽ കോവിഡ് 19 രൂക്ഷമാണ്. ആശുപത്രികളെല്ലാം നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. രോഗം വന്നാൽ വീട്ടിലിരിക്കുക, പാരസെറ്റമോൾ കഴിക്കുക..ഇതാണ് രീതി. രോഗം മൂർച്ഛിക്കുമ്പോൾ മാത്രമാണ് പലരും ആശുപത്രികളിൽ എത്തുക.
കേരളത്തിൽ വളരെ ഭംഗിയായി കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ നടക്കുന്നത് വാർത്തകളിലൂടെ കാണാറുണ്ട്. നാട് ഏറ്റവുമധികം മിസ് ചെയ്യുന്ന സമയമാണ്. ഫ്ലാറ്റിനുള്ളിൽ അടച്ചിരിപ്പാണ്. ഞങ്ങളുടെ അടുത്തൊന്നും അധികം മലയാളികളില്ല. കോവിഡ് എത്രയും വേഗം നിയന്ത്രവിധേയമാകണേ എന്നാണ് ഇപ്പോഴുള്ള പ്രാർഥന. എന്നിട്ടു വേണം നാട്ടിലേക്കുള്ള യാത്ര പ്ലാൻ ചെയ്യാൻ.
English Summary- Sreekala Sasidharan Home Covid Experience