രാജ്യത്തെ മുൻനിര ധനികരിലൊരാൾ; പക്ഷേ താമസം പതിറ്റാണ്ടുകൾ പഴക്കമുള്ള വീട്ടിൽ!
Mail This Article
മികച്ച ശമ്പളമുള്ള ജോലി നേടണമെന്ന് ആഗ്രഹിക്കുന്ന പല സാധാരണക്കാരുടെയും സ്വപ്നമാണ് സ്വന്തമായി ഒരുവീട്. ഭവനവായ്പ അടച്ചുതീർക്കാനുള്ള പണം വരുമാനത്തിൽ നീക്കിവയ്ക്കാനാവുമെന്ന് കണ്ടാൽ പിന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ അവർ ആ സ്വപ്നത്തിലേക്ക് ഇറങ്ങിത്തിരിക്കുകയും ചെയ്യും.
എന്നാൽ മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാനും ഇന്ത്യൻ സമ്പന്നരിൽ മുൻനിരക്കാരനുമായ ആനന്ദ് മഹീന്ദ്രയുടെ കാര്യം ഇതിൽനിന്ന് വ്യത്യസ്തമാണ്. റിപ്പോർട്ടുകൾ പ്രകാരം, ആയിരക്കണക്കിന് കോടികളുടെ വരുമാനം ഉണ്ടായിട്ടും പതിറ്റാണ്ടുകൾ പഴക്കമുള്ള വീട്ടിലാണ് അദ്ദേഹത്തിന്റെ താമസം.
കണക്കുകൾപ്രകാരം ഏകദേശം 17,000 കോടി രൂപയാണ് ആനന്ദ് മഹീന്ദ്രയുടെ ആസ്തി. എന്നാൽ ഇന്ത്യയിലെ മറ്റുപല ശതകോടീശ്വരന്മാരിൽനിന്ന് വ്യത്യസ്തമായി ലളിതമായ ജീവിത ശൈലിയാണ് അദ്ദേഹം നയിക്കുന്നത്. മറ്റുപലയിടങ്ങളിലായി വീടുകളും റിയൽ എസ്റ്റേറ്റ് ആസ്തികളും കാണുമെങ്കിലും, തന്റെ മുത്തച്ഛനായ കെ.സി മഹീന്ദ്ര മുൻപ് വാടകയ്ക്കെടുത്ത വീട്ടിലാണ് ആനന്ദ് മഹീന്ദ്ര ഇപ്പോഴും ജീവിക്കുന്നത്. മുംബൈയിലെ നേപിയൻ സീ റോഡിൽ സ്ഥിതിചെയ്യുന്ന വീടാണിത്.
കെ സി മഹീന്ദ്ര ഈ വീട്ടിലേക്ക് താമസം മാറി ഏറെക്കാലം കഴിഞ്ഞാണ് ആനന്ദ് ജനിച്ചത്. ബിസിനസ് ലോകത്ത് വലിയ നേട്ടങ്ങൾ ഉണ്ടാക്കി സമ്പന്നതയുടെ കൊടുമുടിയിൽ എത്തിയെങ്കിലും ഏതാണ്ട് ഒരുപതിറ്റാണ്ട് മുൻപുവരെ ഇതേവീട്ടിൽ വാടകക്കാരായി കഴിയുകയായിരുന്നു മഹീന്ദ്ര കുടുംബം.
വാടകയ്‌ക്കെടുത്ത വീടാണെങ്കിലും ഒരു വലിയ ബംഗ്ലാവ് എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം. 13,000 ചതുരശ്ര അടിയാണ് മൂന്നു നിലകളുള്ള വീടിന്റെ സ്ഥലവിസ്തൃതി. 2011 ൽ വീട്ടുടമ ഈ വീട് അപ്പാടെ പൊളിച്ചുമാറ്റി നവീകരണ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതി ഇട്ടിരുന്നു. ഇതോടെ താൻ ഇത്രയും കാലം കഴിഞ്ഞ വീടും സ്ഥലവും കൈവിട്ടുകളയാതെ അത് സ്വന്തമാക്കാൻ ആനന്ദ് മഹീന്ദ്ര തീരുമാനിക്കുകയായിരുന്നു.
270 കോടി രൂപ വില നൽകിയാണ് ആനന്ദ് വീടും സ്ഥലവും വാങ്ങിയത്. വൈകാരിക അടുപ്പം മൂലം, താൻ നൽകിയ വിലയേക്കാൾ അധികമാണ് വീടിന്റെ മൂല്യമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പൂക്കളുടെ ഇടം എന്ന് അർഥംവരുന്ന 'ഗുലിസ്ഥാൻ' എന്നാണ് വീടിന്റെ പേര്.
പ്രിയദർശിനി പാർക്കിന് എതിർവശത്തായാണ് വീട് സ്ഥിതിചെയ്യുന്നത്. പഴമയുടെ പ്രൗഢി ഒട്ടും നഷ്ടപ്പെടാതെ അതേപടി നിലനിർത്തിയിട്ടുണ്ട്. മുകേഷ് അംബാനി, അദാനി, രത്തൻ ടാറ്റ തുടങ്ങിയ സമ്പന്നരുടെ കോടികൾ വിലമതിക്കുന്ന വീടുകളുടെ ധാരാളം ചിത്രങ്ങൾ ദിനംപ്രതി പുറത്തു വരാറുണ്ടെങ്കിലും ആനന്ദ് മഹീന്ദ്രയുടെ ഗുലിസ്ഥാന്റെ ചിത്രങ്ങൾ അത്തരത്തിൽ പുറത്തുവിട്ടിട്ടില്ല.