ഏഴാം നമ്പറും ഹെലികോപ്റ്റർ ഷോട്ടും വീടിന്റെ ചുവരിലാക്കി ധോണി : സെൽഫി എടുക്കാൻ ആരാധകത്തിരക്ക്

Mail This Article
രാജ്യാന്തര ക്രിക്കറ്റിൽ നിന്നും നാലു വർഷങ്ങൾക്കു മുൻപ് വിരമിച്ചെങ്കിലും ക്രിക്കറ്റ് ആരാധകർക്കിടയിൽ എം. എസ് ധോണി എന്നും ആവേശമാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ മുഹൂർത്തങ്ങളും കുടുംബ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്. ജന്മനാടായ റാഞ്ചിയിൽ തന്റെ ഉടമസ്ഥതയിലുള്ള വസതിയിൽ ധോണി നടത്തിയിരിക്കുന്ന നവീകരണങ്ങളാണ് ഇപ്പോൾ ആരാധകശ്രദ്ധ നേടുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഇവിടം ക്രിക്കറ്റ് ആരാധകരുടെ സെൽഫി സ്പോട്ടായി മാറിക്കഴിഞ്ഞു.
റാഞ്ചിയിലെ ശൗര്യ എന്ന വീടാണ് ആകർഷകമായ രീതിയിൽ നവീകരിച്ചിരിക്കുന്നത്. ധോണി എന്ന പേരിനൊപ്പം പ്രിയപ്പെട്ട ജേഴ്സി നമ്പറായ ഏഴും ക്രിക്കറ്റ് പിച്ചിലെ ചില ഷോട്ടുകളും ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു. വീടിന്റെ മുൻഭാഗത്ത് പുറംഭിത്തിയിൽ ഏഴാം നമ്പറും ലോകശ്രദ്ധ നേടിയ ധോണിയുടെ ഹെലികോപ്റ്റർ ഷോട്ടും എംബോസ്ഡ് വോൾ ആർട്ട് രൂപത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതു കാണാം. ഇവ കാണത്തക്ക വിധത്തിൽ വീടിനു മുന്നിൽ നിന്ന് ചിത്രങ്ങൾ എടുക്കുന്നതിനു വേണ്ടി മാത്രം ആരാധകർ ഇവിടേക്ക് എത്തുന്നുണ്ട്.
തൻ്റെ ആരാധകരോടുള്ള സ്നേഹമാണ് ധോണി വോൾ ആർട്ട് രൂപത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ആരാധകർ നൽകിയ പിന്തുണയ്ക്കുള്ള ആദരവെന്നോണമാണ് ഇത്തരമൊരു ഡിസൈൻ വീടിന്റെ ഭിത്തിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ജാർഖണ്ഡ് സംസ്ഥാന ഭവന ബോർഡ് നൽകിയ സ്ഥലത്താണ് ധോണി ശൗര്യ നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ നിർമാണത്തിനായി ഇതിനോട് ചേർന്നുള്ള മറ്റൊരു പ്ലോട്ടും ധോണി വാങ്ങിയിരുന്നു.
2009 ലാണ് വീടിന്റെ നിർമ്മാണം പൂർത്തിയായത്. ഹർമു ഹൗസിംഗ് കോളനിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. റാഞ്ചിയിലെ സിമാലിയയിലുള്ള ഫാം ഹൗസിലേക്ക് താമസം മാറുന്നതിനു മുൻപ് ധോണിയും കുടുംബവും ഇവിടെയാണ് കഴിഞ്ഞിരുന്നത്. നിലവിൽ കുടുംബം താമസിക്കുന്നത് കൈലാഷ്‌പതി എന്ന ഫാംഹൗസിലാണ്. ജിം, സ്വിമ്മിങ് പൂൾ, ഇൻഡോർ സ്റ്റേഡിയം, നെറ്റ് പ്രാക്ടീസിങ് ഫീൽഡ്, ഫൈവ് സ്റ്റാർ ഹോട്ടൽ എന്നിവയ്ക്ക് പുറമേ ധോണിയുടെ ബൈക്കുകളുടെയും കാറുകളുടെയും അതിവിപുലമായ ശേഖരം സൂക്ഷിക്കുന്നതിനായി ഗ്ലാസ് ഭിത്തികളുള്ള ഒരു പ്രത്യേക കോംപ്ലക്സും ഫാം ഹൗസിൽ ഒരുക്കിയിട്ടുണ്ട്.