ADVERTISEMENT

വാസ്തുശാസ്ത്രത്തിൽ കന്നിമൂല എന്നു പറയുമ്പോൾ ആളുകൾക്ക് ഒരു ആശങ്ക തോന്നാറുണ്ട്. എന്താണ് കന്നിമൂല. കന്നിമൂലയിൽ എന്തൊക്കെയാവാം അല്ലെങ്കിൽ കന്നിമൂലയിൽ എന്തൊക്കെ പാടില്ല. ഏത് മൂലയെയാണ് കന്നിമൂല എന്ന് അറിയപ്പെടുന്നത് എന്നുള്ള രീതിയിലുള്ള ഒരുപാട് സംശയങ്ങൾ സ്ഥാനത്തും അസ്ഥാനത്തും ഉയരാറുണ്ട്.

പ്ലോട്ടിന്റെ തെക്കു പടിഞ്ഞാറെ മൂലയിൽ വരുന്ന ഭാഗത്തെയാണ് കന്നിമൂല എന്നു പറയുന്നത്. ഗൃഹത്തിനെ ഒരു സമചതുരമോ ദീർഘചതുരമോ ആയിട്ട് എടുത്താൽ അതിന്റെ തെക്ക് പടിഞ്ഞാറെ മൂലയിൽ വരുന്ന മുറി എന്നുള്ളതാണ് കന്നിമൂല എന്നുള്ളതുകൊണ്ട് മനസ്സിലാക്കേണ്ടത്.

ഇന്നത്തെക്കാലത്ത് നടുമുറ്റമില്ലാത്ത നാലുകെട്ടല്ലാത്ത ഏകശാലാ ഗൃഹങ്ങളാണ് കൂടുതലായിട്ട് നിർമ്മാണത്തിലുള്ളത്. അങ്ങനെയുള്ള ഗൃഹങ്ങളിൽ രണ്ട് ഏകശാലകളേ ശാസ്ത്രത്തിൽ പണിയാൻ വിധിയുള്ളൂ. ഒന്ന്- വടക്ക് ദർശനമായിട്ടുള്ള തെക്കിനി പ്രാധാന്യമായിട്ടുള്ള ഏകശാല. രണ്ട് - കിഴക്ക് ദർശനമായിട്ടുള്ള പടിഞ്ഞാറ്റീ ഏകശാല.

രണ്ട് കോൺ ഗൃഹങ്ങളാണ് രണ്ട് ഏകശാലയ്ക്കും ഉള്ളത്. തെക്കിനിക്കാണെങ്കിൽ തെക്ക് കിഴക്കും തെക്ക് പടിഞ്ഞാറും വരുന്ന രണ്ട് മൂലകൾ. ഈ മൂലകളാണ് രണ്ട് പ്രധാനപ്പെട്ട കോൺഗൃഹങ്ങളായി പ്രധാനപ്പെട്ട കിടപ്പുമുറികളായി താഴത്തെ നിലയിലും മുകളിലത്തെ നിലയിലും സ്വീകരിക്കേണ്ടത്.

ഗൃഹം ഏതു വശത്തേക്കു മുഖമായാലും ഗൃഹത്തിന്റെ രണ്ടു കോൺ ഗൃഹങ്ങളിൽ ഒരു പ്രധാനപ്പെട്ട കോൺഗൃഹം എന്നു പറയുന്നത് തെക്ക് പടിഞ്ഞാറ് മൂലയിൽ വരുന്ന കന്നിമൂലയാണ്. അതാണ് വാസ്തു ശാസ്ത്രത്തിൽ കന്നിമൂല യുടെ പ്രാധാന്യം.

ഗൃഹം എങ്ങോട്ട് മുഖമായാലും നാലു പ്രധാനപ്പെട്ട ദിക്കുകളിൽ ഒരു പ്രധാനപ്പെട്ട കിടപ്പുമുറി താഴത്തെ നിലയിലും മുകളിലത്തെ നിലയിലും കന്നിമൂല എന്നു പറയുന്ന തെക്കുപടിഞ്ഞാറേ കോൺ ഗൃഹം വരുന്നത് ഉത്തമമായതിനാൽ ആ ഒരു മൂല ആദ്യത്തെ ചോയ്സ് എന്ന നിലയ്ക്ക് ഒരു മുറി ആയി എടുക്കാറുണ്ട്.

അപ്പോൾ പ്രധാനപ്പെട്ട കോൺ ഗൃഹം കിടപ്പു മുറിയായി സ്വീകരിക്കേണ്ടതു കൊണ്ട് ചിലപ്പോൾ സൂത്രവേധദോഷം (45 ഡിഗ്രി ഡയഗൊണൽ ആ മൂലയിൽ വരച്ചാൽ അതിനു തടസ്സമായി നിർമിതികൾ വരിക) വാസ്തു ശാസ്ത്ര പ്രകാരം ഉപദേശയോഗ്യമല്ല എന്നുമാത്രം ശ്രദ്ധിച്ചാൽ മതി. ഭയപ്പെടുന്ന രീതിയിലുള്ള ആശങ്കകളൊക്കെ അനാവശ്യമാണ്. അതൊന്നും ശാസ്ത്രത്തിൽ പറയുന്നതല്ല.

ഒരു ഗൃഹം എങ്ങോട്ട് മുഖമായാലും, ആ ഗൃഹത്തിൽ ‌ഒരു പ്രധാനപ്പെട്ട കിടപ്പുമുറി എന്നത് താഴത്തെ നിലയിലും മുകളിലത്തെ നിലയിലും കന്നിമൂലയിൽ വരുന്നത് ഉത്തമമാണ് എന്നതില്‍ കവിഞ്ഞ് ഒരു പ്രാധാന്യവും അർഹിക്കുന്നില്ല. ആ മൂലയിൽ മറ്റേതെങ്കിലും മുറികൾ വരുന്നതുകൊണ്ട് പേടിക്കേണ്ട യാതൊരു കാര്യവുമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com