ADVERTISEMENT

പൊട്ടിയ അസ്ഥി കമ്പിയിട്ട് നേരേയാക്കുന്നത് മനുഷ്യരുടെ കാര്യത്തില്‍ അത്ര പുതുമയുള്ളതല്ല. എന്നാല്‍, പക്ഷിമൃഗാദികളുടെ കാര്യത്തില്‍ അപൂര്‍വമാണ്. ചിറകിന് പരിക്കേറ്റ് അസ്ഥി പൊട്ടി അണുബാധയായ ഒരു കൃഷ്ണപ്പരുന്തിന് ശസ്ത്രക്രിയ നടത്തി കമ്പിയിട്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് കോഴിക്കോട് സ്വദേശി എം.എസ്. സുര്‍ജിത്. അസ്ഥി പൊട്ടിയതുമൂലമുണ്ടായ മുറിവിലെ അണുബാധയും ഭക്ഷണം കഴിക്കാത്തതും പരുന്തിന്റെ ആരോഗ്യസ്ഥിതി വഷളാക്കിയിരുന്നു. എങ്കിലും കൃത്യമായ ചികിത്സ നല്‍കിയതിലൂടെ പരുന്തിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സുര്‍ജിത്തിനും ഡോ. പി.കെ. ഷിഹാബുദീനും കഴിഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട് സുര്‍ജിത് പങ്കുവച്ച വിവരങ്ങളും വിഡിയോയും ചുവടെ...

കോഴിക്കോട് കൊളത്തറയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ പരിക്ക് പറ്റി പറക്കാന്‍ കഴിയാതെ വീണു കിടക്കുന്ന കൃഷ്ണപ്പരുന്തുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍ തന്നെ അവിടെ എത്തി. അവശനിലയില്‍ ആയിരുന്ന പരുന്തിനെ ഞാന്‍ എടുത്തു നോക്കിയപ്പോള്‍ അതിന്റെ ഒരു ചിറകിന് സാരമായ പരിക്കുള്ളതായി കണ്ടു. ഉടന്‍ തന്നെ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണമെന്ന ആഗ്രഹത്തോടെ ഡോ. പി.കെ. ഷിഹാബുദീന്‍ സാറിനെ  വിളിക്കുകയും, അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഉടന്‍തന്നെ കൊടുവള്ളി സര്‍ക്കാര്‍ വെറ്ററിനറി ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തു.

പരുന്തിനെ പരിശോധിച്ച ഡോക്ടര്‍ അതിന്റെ ഇടതു ചിറകിന്റെ എല്ല് ഒടിഞ്ഞു പൊടിഞ്ഞു പോയിട്ടുണ്ടെന്നും, ഭക്ഷണം കിട്ടാതെ ക്ഷീണിക്കുകയും അണുബാധ മൂലം ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെകില്‍ കൂടിയും കഴിവിന്റെ പരമാവധി നമുക്ക് ശ്രമിച്ചു നോക്കാമെന്നും ഡോക്ടര്‍ പറഞ്ഞു. ഓപ്പറേഷന്‍ ചെയ്ത് ചിറകിനു കമ്പിയിടേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഓപ്പറേഷനു വേണ്ടി കുറച്ചു മരുന്നുകള്‍ വാങ്ങിക്കാന്‍ വേണ്ടി കൊടുവള്ളിയിലെക്ക് എഴുതിത്തന്നു. പക്ഷേ, മരുന്നുകള്‍ കൊടുവള്ളിയില്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് കോഴിക്കോട് പോയി വാങ്ങി കൊണ്ടുവന്നു. അപ്പോഴേക്കും പരുന്തിന്റെ ആരോഗ്യസ്ഥിതി മോശമായി തുടങ്ങിയിരുന്നു.

പരുന്തിനു വേണ്ട ഇന്‍ജക്ഷനുകള്‍ നല്‍കി പൂര്‍ണമായി മയക്കിയായിരുന്നു ഓപ്പറേഷന്‍. മുറിവുകള്‍ വൃത്തിയാക്കി പൊടിഞ്ഞ എല്ലുകള്‍ ഒഴിവാക്കി പൊട്ടിയ എല്ലിന് സ്റ്റീല്‍ കമ്പിയിടാന്‍ ഒന്നര മണിക്കൂര്‍ വേണ്ടി വന്നു. ഡോക്ടര്‍ ഷിഹാബുദീനെ സഹായിക്കാന്‍ ഡോ. നിജിലുമുണ്ടായിരുന്നു.

ഓപ്പറേഷനിടയ്ക്ക് പെട്ടെന്ന് പരുന്തിന്റെ ശ്വാസം നിലച്ചെങ്കിലും വളരെ പരിശ്രമിച്ചു കൃത്രിമ ശ്വാസം കൊടുത്തു ശാസ്ത്രക്രിയ പൂര്‍ത്തിയാക്കി. ഇപ്പോള്‍ പരുന്ത് അപകടനില തരണം ചെയ്തു സുഖം പ്രാപിച്ചു വരുന്നു. ഇപ്പോള്‍ പരുന്ത് നന്നായി തീറ്റയെടുക്കുകയും ഉണര്‍വ് കാണിക്കുകയും ചെയ്യുന്നുണ്ട്.

വളരെയധികം ബുദ്ധിമുട്ടി ഇങ്ങനെ ഒരു ജീവകാരുണ്യ പ്രവര്‍ത്തനം ചെയ്യാന്‍ എന്നെ സഹായിച്ച ഡോ. പി.കെ. ഷിഹാബുദീനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com