വാരിയെല്ലുകൾ തകർന്ന നായയുമായി രാത്രി ഒന്നിന് ക്ലിനിക്കിലെത്തിയ അമ്മ: രക്ഷപ്പെടാൻ 10% സാധ്യതപോലുമില്ലായിരുന്നു
Mail This Article
മറ്റൊരു നായയുടെ കടിയേറ്റ് നാലു വാരിയെല്ലുകൾ തകർന്നു നെഞ്ചിയിൽ വലിയ മുറിവോടെയായിരുന്നു സ്പിറ്റ്സ് ഇനത്തിൽപ്പെട്ട 'പപ്പി' എന്ന പെൺനായയുമായി കരുനാഗപ്പള്ളി സ്വദേശിനിയായ അമ്മ, ഒക്ടോബർ 25നു രാത്രി ഒരു മണിയോട് കൂടി ക്ലിനിക്കിൽ എത്തിയത്.
ക്ലിനിക്കിലെ നെറ്റ് ഡ്യൂട്ടി ഡോക്ടറായ ഡോ. ആനന്ദ് രാജു പ്രാഥമിക ചികിത്സ നൽകുമ്പോഴും പപ്പിക്കു ജീവിതത്തിലേക്കു തിരിച്ചുവരാൻ 10% സാധ്യതപോലുമില്ലായിരുന്നു. കൂടുതൽ പരിശോധനയിൽ വരിയെല്ലുകളും, ചുറ്റുമുള്ള പേശികളും തകർന്നതായി കണ്ടെത്തി. ശ്വാസകോശത്തിൽനിന്നു വായു പുറത്തേക്കു വരുന്നുണ്ടായിരുന്നു. അടുത്ത ദിവസം എക്സ് റേ പരിശോധനയിൽ ക്ഷതത്തിന്റെ ആഴം കൃത്യമായി അറിയാൻ സാധിച്ചു. ആന്റിബയോട്ടിക്ക് നൽകി, ഒക്ടോബർ 29ന് ഞാനും ഡോ. ആനന്ദ് രാജുവും ഡോ. ആനന്ദ് സുരേഷും ഡോ. അഖിലും അറ്റൻഡർ അനന്ദുവും ചേർന്ന് Gaseous anaesthesiaൽ ശസ്ത്രക്രിയ പൂർത്തിയാക്കി. വാരിയെല്ലുകൾ wire ചെയ്തു. അടിഞ്ഞുകൂടിയ രക്തവും, ദ്രാവകങ്ങളും നീക്കം ചെയ്തു. തകർന്ന പേശികൾ കൂട്ടിച്ചേർത്തു തുന്നിക്കെട്ടുകയും ചെയ്തു. തകർന്ന വാരിയെല്ലുകൾ ഉരഞ്ഞു ശ്വാസകോശത്തിൽ നേരിയ മുറിവുകളും ഉണ്ടായിരുന്നെങ്കിലും അത് സാരമുള്ളവയായിരുന്നില്ല.
അനസ്തേഷ്യയുടെ മയക്കത്തിൽനിന്നും എഴുന്നേറ്റ പപ്പി ഉടൻ തന്നെ വെള്ളം കുടിക്കുകയും ചെയ്തു. തുടർ ചികിത്സയ്ക്കായി പപ്പിയെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. പപ്പിയെ കാണാൻ നിറഞ്ഞ സന്തോഷത്തോടെ അമ്മ ക്ലിനിക്കില്‍ എത്താറുണ്ട്. മരുന്നുകളുടെ കോഴ്സ് പൂർത്തിയായാലുടൻ പപ്പിയെ ഡിസ്ചാർജ് ചെയ്യും.