മുട്ടയ്ക്കും ഇറച്ചിക്കും ഉത്തമം; പുതിയ താറാവിനം ത്രിപുരേശ്വരി!

Mail This Article
ത്രിപുരേശ്വരി; തദ്ദേശയിനം താറാവുകളുടെ പട്ടികയിൽ ദേശീയ അംഗീകാരം നേടിയ പുതിയ ഇനം. സ്വദേശം ത്രിപുര. ഇതുൾപ്പെടെ 10 തദ്ദേശീയ ഇനം കന്നുകാലി, പക്ഷി വർഗങ്ങൾക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചർ റിസോഴ്സിന്റെ (ഐസിഎആർ) കീഴിലുള്ള നാഷനൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്സ് (എൻബിഎജിആർ) അംഗീകാരം നൽകി.
മുട്ടയ്ക്കും ഇറച്ചിക്കും വേണ്ടി ഒരുപോലെ വളർത്താൻ കഴിയുന്ന ത്രിപുരേശ്വരി ഒറ്റവർഷംകൊണ്ട് 2 കിലോ വരെ തൂക്കം വയ്ക്കും. വർഷത്തിൽ 70 മുതൽ 101 മുട്ടകൾ വരെ നൽകും.
കേരളത്തിൽനിന്നു വെച്ചൂർ പശു, മലബാറി ആട്, തലശ്ശേരി കോഴി തുടങ്ങിയവയാണു മുൻപ് ബ്രീഡ് പട്ടികയിലിടം പിടിച്ച ഇനങ്ങൾ. ത്രിപുരേശ്വരിക്കു പുറമേ പാട്ടി (അസം), മൈഥിലി (ബിഹാർ) എന്നിവയാണ് ഐസിഎആർ അംഗീകാരം ലഭിച്ച മറ്റു താറാവ് ഇനങ്ങൾ. തദ്ദേശയിനം നായ്ക്കളിൽ തമിഴ്നാട്ടിൽനിന്നുള്ള 'രാജപാളയം, ചിപ്പിപ്പാറൈ' ഇനങ്ങളാണു താരം.
ഇന്ത്യൻ പൗൾട്രി മേഖലയിൽ താറാവു വളർത്തലിനും ചെറുതല്ലാത്ത സ്ഥാനമുണ്ട്, പ്രത്യേകിച്ച് ഗ്രാമീണ മേഖലയിൽ. പശ്ചിമ ബംഗാൾ, ആസാം, കേരളം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ മികച്ച രീതിയിൽ താറാവ് വളർത്തലുണ്ട്. കേരളത്തിൽ പ്രധാനമായും ആലപ്പുഴ ജില്ലയിലാണ് താറാവ് വളർത്തൽ കൂടുതലുള്ളത്. എന്നാൽ, സമീപ നാളുകളിൽ പക്ഷിപ്പനി മൂലം ആലപ്പുഴയിൽ താറാവ് വളർത്തലിന് നിരോധനമുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ മാംസവിപണിയിൽ താറാവിറച്ചിക്ക് ആവശ്യക്കാരേറെയുണ്ടെങ്കിലും കിട്ടാനില്ലാത്ത അവസ്ഥയിലാണ്. ഇപ്പോൾ പ്രധാനമായും തമിഴ്നാട്ടിൽനിന്നാണ് കേരളത്തിലേക്ക് ഇറച്ചിയാവശ്യത്തിന് താറാവുകൾ എത്തുന്നത്.