ADVERTISEMENT

സുന്ദരനും ഭാര്യ ഉഷയും അടുത്തെത്തുമ്പോൾ കുഞ്ഞൂസും കണ്ണാപ്പിയും സ്നേഹത്തോടെ തൊട്ടുരുമ്മും, തീറ്റയുടെ നേരമായാൽ തൊഴുത്തിൽനിന്നു കരച്ചിൽ തുടങ്ങും. തീറ്റ മുന്നിലെത്തിച്ചാൽ മണത്തുനോക്കി പിന്നെ ചവച്ചരച്ച് കഴിച്ചു തുടങ്ങും. കറവയുടെ സമയമായാൽ കുഞ്ഞൂസ് തിരിമുറിയാതെ നറുംപാൽ ചുരത്തും. കുഞ്ഞൂസ് പാൽ ചുരത്തുമ്പോൾ കിടാവായ കണ്ണാപ്പി തൊട്ടരികിൽ തന്നെയുണ്ടാവും. കണ്ണാപ്പി അടുത്തുണ്ടെന്ന് ഉറപ്പായാലെ കുഞ്ഞൂസ് നന്നായി പാൽ ചുരത്തൂ. ഗന്ധം കൊണ്ടും ശബ്ദം കൊണ്ടും മാത്രം തങ്ങളുടെ കുഞ്ഞുലോകത്തെ തിരിച്ചറിയാൻ കഴിയുന്ന ജന്മനാകാഴ്ചയില്ലാത്ത കാലികളാണ് കുഞ്ഞൂസ് എന്ന പശുവും അതിന്റെ കിടാവായ കണ്ണാപ്പിയും. കാസർഗോഡ് ജില്ലയിലെ പുല്ലൂർ-പെരിയ പഞ്ചായത്തിൽ പുല്ലൂരിൽ ക്ഷീരകർഷകനായ സുന്ദരനും ഭാര്യ ഉഷയും ചേർന്നാണ് ഈ രണ്ടു പൈക്കളെ വർഷങ്ങളായി പരിപാലിക്കുന്നത്.

cow-2
സുന്ദരനും ഭാര്യ ഉഷയും കുഞ്ഞൂസ് എന്ന പശുവിനൊപ്പം

കണ്ണിലെ കൃഷ്ണമണിപോലെ കാത്തു, കാഴ്ച വൈകല്യമുള്ള കിടാവിനെ

അഞ്ചു കൊല്ലം മുൻപാണ് സുന്ദരന്റെ തൊഴുത്തിൽ പൂർണമാസം തികയാതെ ഒരു കിടാവ് പിറന്നത്. ത്വക്കിൽ രോമവളർച്ച പോലും പൂർണമല്ലാത്ത കിടാവിന് ഇനി അധികം ആയുസ്സില്ലെന്നായിരുന്നു ആ കിടാവിനെ കണ്ടവരെല്ലാം പറഞ്ഞത്. പക്ഷേ, സുന്ദരനും ഭാര്യ ഉഷയും പ്രതീക്ഷ കൈവിട്ടില്ല, എഴുന്നേറ്റു നിൽക്കാൻ പോലും ത്രാണിയില്ലാത്ത കിടാവിനെ നറുംപാൽ കറന്നെടുത്തു വായിൽ ഇറ്റിച്ചു നൽകിയും നിപ്പിളിൽ പാൽ നിറച്ചുനൽകിയും വളർത്തി. ഒന്നും രണ്ടും ആഴ്ചയല്ല, മാസങ്ങളോളം. കിടാതീറ്റയും ചെറുതായി അരിഞ്ഞ പുല്ലുമെല്ലാം അടുത്തെത്തിച്ചു നൽകി സ്നേഹപൂർവം തീറ്റി, ശരീരത്തിൽ ചൂടുപിടിപ്പിച്ച് ഫിസിയോ തെറപ്പിയുടെ മാതൃകയിലുള്ള പരിചരണമൊക്കെ നൽകി ക്ഷമയോടെ വളർത്തി. കുഞ്ഞൂസ് എന്ന് പേരിട്ട് ഓമനിച്ചു. മാസമെത്താതെ പിറന്ന ആ കിടാവ് എഴുന്നേറ്റ് ആരോഗ്യത്തോടെ നടക്കാൻ തന്നെ അഞ്ചു മാസം സമയമെടുത്തു. ആ കിടാവിന് ഇരുകണ്ണിനും പൂർണമായും കാഴ്ചയില്ലെന്നതും ക്രമേണയാണ് സുന്ദരനും ഉഷയും തിരിച്ചറിഞ്ഞത്. സ്ഥലത്തെ വെറ്ററിനറി ഡോക്ടറെ വിളിച്ച് പരിശോധിച്ചപ്പോൾ കിടാവ് പൂർണമായും അന്ധയാണെന്ന് സ്ഥിരീകരിച്ചു.

മനുഷ്യരിൽ ഉള്ളതു പോലെ മൃഗങ്ങളിലും ഈ രീതിയിൽ ജന്മനായുള്ള കാഴ്ചവൈകല്യം സംഭവിക്കാം, ജനിതക തകരാറുകളാണ് പ്രധാന കാരണം.  ഇടയ്ക്ക് കുഞ്ഞൂസിനെ കൂടുതൽ വിദഗ്ധ ചികിത്സ നൽകുന്നതിനായി വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ എത്തിച്ച് പരിശോധിപ്പിക്കാൻ സുന്ദരനും ഉഷയും തീരുമാനിച്ചെങ്കിലും കോവിഡും ലോക്‌ഡൗണുമെല്ലാം തടസ്സമായി. അന്ധയാണെങ്കിലും കുഞ്ഞൂസിനെ കൈവിടാൻ ആ കർഷകദമ്പതികൾ തയാറായില്ല, തുടർന്നങ്ങോട്ടും വളർത്താൻ തന്നെ തീരുമാനിച്ചു. കാരണം അന്ധയായ ഈ പശുക്കിടാവിനെ തങ്ങൾ കൈവിട്ടാൽ അതിന്റെ ജീവിതം അറവുശാലയിൽ അവസാനിക്കും എന്ന കാര്യം അവർക്കു തീർച്ചയായിരുന്നു. കാഴ്ചയില്ലാത്ത കിടാവിനെ ആരും തന്നെ വാങ്ങി വളർത്താൻ തയാറാവില്ല. അങ്ങനെ കാഴ്ചയില്ലാത്ത കുഞ്ഞൂസിന്റെ ഇരുകണ്ണായി മാറി സുന്ദരനും ഭാര്യ ഉഷയും. 30 വർഷത്തോളം കുവൈത്തിൽ പ്രവാസജീവിതം നയിച്ച സുന്ദരൻ നാട്ടിലെത്തി കൃഷിയിലേക്കു തിരിഞ്ഞിട്ട് ഇപ്പോൾ പത്തു വർഷത്തോളമായി. കൃഷിയോടും വളർത്തുമൃഗങ്ങളോടുമുള്ള ഇഷ്ടം സുന്ദരന്റെയും ഭാര്യ ഉഷയുടെയും കൂടപ്പിറപ്പാണ്. എൻജിനീയറിങ് ബിരുദാനന്തരബിരുദധാരിയയായ മകൾ ശ്രുതിയും മൃഗക്ഷേമത്തിൽ പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.

ശബ്ദം കൊണ്ടും ഗന്ധം കൊണ്ടും വീടിനെയും വീട്ടുകാരെയും തൊഴുത്തും തീറ്റയുമെല്ലാം തിരിച്ചറിഞ്ഞ് ആ കിടാവ് വളർന്ന് കിടാരിയായി. സങ്കരയിനം ജേഴ്സി ജനുസ്സിൽപ്പെട്ട കിടാരിയായിരുന്നു കുഞ്ഞൂസ്. കാഴ്ചയ്ക്ക് മാത്രമേ കുഞ്ഞൂസിനു പരിമിതികൾ ഉണ്ടായിരുന്നുള്ളൂ. വളർന്നപ്പോൾ ആരോഗ്യത്തിന്റെ കാര്യത്തിൽ മറ്റു പ്രശ്നങ്ങളൊന്നും കുഞ്ഞൂസിന് ഉണ്ടായിരുന്നില്ല. തീറ്റയൊക്കെ നന്നായി കഴിക്കും, നല്ല വളർച്ചയും ഒത്ത ശരീരതൂക്കവുമെല്ലാം കൈവരിച്ചു. സുന്ദരന്റെ തൊഴുത്തിലുള്ള മറ്റു പത്തോളം പശുക്കളായിരുന്നു അവളുടെ കൂട്ട്. എങ്കിലും അവളുടെ പരിമിതി തിരിച്ചറിഞ്ഞ് കൂടുതൽ പരിചരണവും ശ്രദ്ധയും നൽകാനായി തന്റെ വീടിനോടു ചേർന്ന് തന്നെ മേൽക്കൂരയിൽ ഷീറ്റ് വിരിച്ച് പുതിയൊരു ചെറുതൊഴുത്ത് പണിതീർത്തു. തൊഴുത്തിലെ മറ്റ് പശുക്കളെ പോലെ മേയാനയച്ചോ പറമ്പിൽ കെട്ടിയോ കുഞ്ഞൂസിനെ വളർത്താൻ കഴിയുമായിരുന്നില്ല. ഉൾക്കണ്ണിന്റെ വെളിച്ചത്തിൽ കുഞ്ഞൂസിന് പരിചയമുള്ളത് തൊഴുത്തും അതിനകവും വീടിന് പരിസരവും മാത്രമാണ്. അതിനപ്പുറമുള്ള ലോകം അവളുടെ അകക്കാഴ്ചയ്ക്ക് തീർത്തും അപരിചിതമാണ്. അതുകൊണ്ടുതന്നെ മിക്ക സമയവും കുഞ്ഞൂസിനെ തൊഴുത്തിനകത്ത് തന്നെ പാർപ്പിച്ചാണ് വളർത്തിയത്. പകൽ കുറച്ചുനേരം പറമ്പിൽ കൺവെട്ടത്തു തന്നെ കെട്ടി മേയ്ക്കുന്നതാണ് രീതി. ഒരിക്കൽ കെട്ടഴിഞ്ഞുപോയ കുഞ്ഞൂസ് താഴ്ചയുള്ള വലിയൊരു കുഴിയിൽ വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ആണെന്ന് സുന്ദരൻ പറയുന്നു. അതിനുശേഷം പറമ്പിൽ കെട്ടി മേയ്ക്കുന്നതും കുറവാണ്.

cow-3
കഞ്ഞൂസും കണ്ണാപ്പിയും

കുഞ്ഞൂസിന് ആവശ്യമായ വെള്ളവും പുല്ലും വൈക്കോലും തരാതരം പോലെ കാലിത്തീറ്റയും സമയാസമയങ്ങളിൽ അവളുടെ മുന്നിലെത്തിക്കാൻ സുന്ദരനും ഉഷയും ശ്രദ്ധിക്കും. അവിൽത്തവിടും ഗോതമ്പുതവിടും കാലിത്തീറ്റയും ചേർത്ത മിശ്രിതമാണ് പ്രധാന സാന്ദ്രികൃത തീറ്റ. ഇത് രാവിലെയും വൈകിട്ടും രണ്ടു നേരമായി നൽകും. തീറ്റയും വെള്ളവും വൈകിയാൽ തൊഴുത്തിൽനിന്നു കുഞ്ഞൂസിന്റെ അമറലും കരച്ചിലും തുടങ്ങും. തീറ്റ സമയത്തിന്റെ കാര്യത്തിലെല്ലാം നല്ല നിശ്ചയം കുഞ്ഞൂസിനുണ്ട്. സുന്ദരനെയും ഉഷയേയും മണം കൊണ്ടും ശബ്ദം കൊണ്ടും തിരിച്ചറിയാൻ കുഞ്ഞൂസിനാവും. അവർ അടുത്തെത്തിയാൽ അവൾ അച്ചടക്കവും അനുസരണയുമുള്ള പൂവാലിയായി മാറും. എന്നാൽ അപരിചിതരോട് അത്ര അടുപ്പവും ഇണക്കവും കുഞ്ഞൂസിനില്ല, മണം പിടിച്ചും ശബ്ദം കേട്ടും അപരിചിതരെ തിരിച്ചറിയാനും കുഞ്ഞൂസിനാവും. മികച്ച പരിചരണത്തിൽ വളർന്ന കുഞ്ഞൂസ് ഒരു വർഷം പ്രായമെത്തിയപ്പോൾ കന്നിമദിക്കോള് കാണിച്ചു. എന്നാൽ അവൾക്ക് ഗർഭധാരണത്തിനുള്ള കൃത്രിമ ബീജാധാനം നടത്തുന്ന കാര്യത്തിൽ സുന്ദരന് ആശങ്കയുണ്ടായിരുന്നു. ജനിതക തകരാറുള്ള പശുവായതിനാൽ കുഞ്ഞൂസിന് പിറക്കുന്ന കിടാവും അന്ധയാവുമോ എന്നതായിരുന്നു ആശങ്ക. ഒടുവിൽ പാതിമനസ്സോടെ കുഞ്ഞൂസിനെ ഗർഭധാരണത്തിന് കുത്തിവച്ചു. കുഞ്ഞൂസ് ഗർഭിണിയായി. പിന്നെ അമ്മയായി.

കിടാവ് പിറന്നപ്പോൾ ആദ്യം നോക്കിയത് കണ്ണിലേക്ക്

ഉഷയും കണ്ണാപ്പിയും
ഉഷയും കണ്ണാപ്പിയും

തൊഴുത്തിൽ ഒരു പശു പ്രസവിച്ചാൽ ക്ഷീരകർഷകർ പൊതുവെ ആദ്യ നോക്കുക പെറ്റുവീണത് പശുക്കിടാവാണോ മുരിക്കിടാവാണോ എന്നായിരിക്കും. എന്നാൽ, ഒത്ത ഒരു പശുക്കിടാവിന് കുഞ്ഞൂസ് ജന്മം നൽകിയപ്പോൾ സുന്ദരനും ഭാര്യയും ആദ്യം നോക്കിയത് കന്നിക്കിടാവിന്റെ കണ്ണുകളിലേക്കായിരുന്നു. കിടാവിന് കാഴ്ചയുണ്ടെന്നു തിരിച്ചറിഞ്ഞതോടെ ആശ്വാസമായി. പ്രസവം കഴിഞ്ഞതോടെ കുഞ്ഞൂസ് തിരിമുറിയാതെ പാൽ ചുരത്തി. പത്ത് ലീറ്ററിൽ അധികമുണ്ടായിരുന്നു ദിവസവും പാലുൽപാദനം. ആദ്യ പ്രസവം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞതോടെ കുഞ്ഞൂസ് വീണ്ടും മദിക്കോളിലെത്തി. ഇത്തവണ ആശങ്കയില്ലാതെ കുഞ്ഞൂസിന് ഗർഭധാരണത്തിനു കൃത്രിമ ബീജാധാനം നടത്തി. അവൾ വീണ്ടും ഗർഭിണിയായി, പ്രസവിച്ചു. പക്ഷേ വിധി ഇത്തവണ വീണ്ടും പരീക്ഷണവുമായെത്തി. ഇത്തവണ പിറന്നത് കുഞ്ഞൂസിനെ പോലെ തന്നെ ഇരുകണ്ണുകൾക്കും കാഴ്ചയില്ലാത്ത ഒരു മൂരിക്കിടാവ്. പക്ഷേ സുന്ദരനും ഉഷയ്ക്കും നിരാശയുണ്ടായില്ല, കുഞ്ഞൂസിനെ പോലെ തന്നെ കുഞ്ഞൂസിന്റെ രണ്ടാം കിടാവിനെയും നല്ല പരിചരണം നൽകി വളർത്താൻ അവരുറച്ചു. വളർന്നു വലുതായതോടെ മൂരിക്കിടാവിന് കണ്ണാപ്പിയെന്നൊരു ഓമനപ്പേരും നൽകി.

കുഞ്ഞൂസിന് ഇപ്പോൾ വയസ്സ് അഞ്ചു കഴിയുന്നു. രണ്ട് പ്രസവങ്ങളും കഴിഞ്ഞു. വീണ്ടും മദിക്കോള് കാണിച്ചിട്ടുണ്ട്. പക്ഷേ ഇനി കുഞ്ഞൂസിന് ഗർഭധാരണത്തിന് കൃത്രിമബീജാധാനം നടത്തണോ എന്ന കാര്യത്തിൽ ഉഷയ്ക്കും സുന്ദരനും സന്ദേഹമുണ്ട്. വീണ്ടും ഒരു കാഴ്ചയില്ലാത്ത കിടാവ് കൂടെ പിറന്നാൽ അന്ധതയുള്ള കൂടുതൽ പൈക്കൾക്ക് പരിചരണം നൽകുക തങ്ങളെ സംബന്ധിച്ച് അത്ര പ്രായോഗികമല്ല. ജനിതക തകരാറ് സംശയിക്കുന്നതിനാൽ കുഞ്ഞൂസിനെ ഇനി കൃത്രിമ ബീജാധാനം നടത്തി ഗർഭിണിയാക്കുന്നത് ഒഴിവാക്കുന്നതാണ് ഈ സാഹചര്യത്തിൽ അഭികാമ്യം എന്നാണ് ഡോക്ടർമാർ സുന്ദരന് നൽകിയിട്ടുള്ള ഉപദേശം. കുഞ്ഞൂസിന്റെ രണ്ടാം കിടാവ് കണ്ണാപ്പിക്ക് വയസ്സിപ്പോൾ എട്ടു മാസം കഴിയുന്നു. കാഴ്ചപരിമിതിയെയെല്ലാം സുന്ദരനും ഉഷയും നൽകിയ പരിചരണത്താൽ അതിജീവിച്ച് യാതൊരു അല്ലലും അലട്ടലുമില്ലാതെ കുഞ്ഞൂസും കണ്ണാപ്പിയും പുല്ലൂരിലെ വീട്ടിലുണ്ട്. ഇരുകണ്ണിലും ഇരുൾ പടർന്ന ആ മിണ്ടാപ്രാണികളുടെ ജീവിതത്തിന് വെളിച്ചമായി സ്നേഹം ചുരത്തി സുന്ദരനും ഉഷയും ഒപ്പമുണ്ട്. തീർച്ച, പൈക്കളോടുള്ള അവരുടെ ഹൃദയബന്ധത്തിന് നറുംപാലിന്റെ വെളിച്ചമുണ്ട്, ആ വെളിച്ചത്തിന് എന്തൊരു വെളിച്ചമാണ്..

English Summary:

Blind cow, Kunjoos, and her calf, Kannappi, receive unwavering love and care from their owners, Sundaran and Usha, who refuse to abandon them despite their visual impairment. Their inspiring story of dedication showcases the power of compassion and commitment to animal welfare.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com