അവർക്കിത് താങ്ങാനാകില്ല തണലേകണം: കഠിന വേനലിൽ കന്നുകാലികൾക്കും കോഴികൾക്കും ഒരുക്കേണ്ടത്

Mail This Article
വളർത്തു മൃഗങ്ങൾക്കു താങ്ങാവുന്നതിലും അപ്പുറമാണ് ഇപ്പോഴത്തെ ചൂട്. പാലുൽപാദനം താഴേക്കു പോകുന്നതിന്റെ സൂചനയാണു മിൽമ നൽകുന്നത്. ഡിസംബറിൽ പ്രതിദിനം ശരാശരി 2,70,000 ലീറ്റർ പാൽ ശേഖരിച്ചിരുന്ന മിൽമയുടെ തിരുവനന്തപുരം റീജനിൽ മാർച്ച് ആദ്യവാരം പ്രതിദിനം 2,50,000 ലീറ്ററായി കുറഞ്ഞു. അമിതമായ ചൂടു പശുക്കളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
കുറയ്ക്കണം ഉഷ്ണസമ്മർദം
ഉയർന്ന അന്തരീക്ഷ താപനിലയും ഉയർന്ന തോതിലുള്ള അന്തരീക്ഷ ഈർപ്പവും ചൂടായി കെട്ടിക്കിടക്കുന്ന വായുവും വളർത്തു മൃഗങ്ങളിൽ ഉഷ്ണ സമ്മർദം സൃഷ്ടിക്കുന്നു. ഇതുമൂലം പാലിന്റെ അളവും ഗുണവും കുറയും. തീറ്റയ്ക്കു മടുപ്പ്, ശരീരം ക്ഷീണിക്കുക, ഗർഭധാരണം നടക്കാതിരിക്കുക, വായ തുറന്നു ശ്വാസോച്ഛ്വാസം നടത്തുക, അമിതമായി കിതയ്ക്കുക, വായിൽനിന്നു നുരയും പതയും വരുക, നടക്കാനുള്ള ബുദ്ധിമുട്ട്, നിർജലീകരണം തുടങ്ങിയവയാണു കന്നുകാലികളിൽ ഉഷ്ണസമ്മർദത്തിന്റെ ലക്ഷണം. ഗുരുതരമായ അവസ്ഥയിൽ കുഴഞ്ഞുവീണു മരണവും സംഭവിക്കാം.
ഉഷ്ണ സമ്മർദം എങ്ങനെ കുറയ്ക്കാം
- ഷെഡിന്റെ വശങ്ങൾ പൂർണമായും തുറന്നതായിരിക്കണം. വായു സഞ്ചാരം തടസ്സപ്പെടുത്തരുത്.
- ഷെഡിന്റെ മുകൾ ഭാഗത്തു സ്പ്രിംഗ്ലർ ഉപയോഗിച്ചു വെള്ളം തളിക്കാം.
- ഷെഡിനുള്ളിൽ മഞ്ഞു കണിക പോലെ വെള്ളം തളിക്കുന്ന ഫോഗറോ അല്ലെങ്കിൽ സ്പ്രിംഗ്ലറോ ഘടിപ്പിക്കുന്നതിനോടൊപ്പം വായു സഞ്ചാരത്തിനായി എക്സോസ്റ്റ് ഫാനുകളും പിടിപ്പിക്കാം. സീലിങ് ഫാനുകൾ മേൽത്തട്ടിലുള്ള ചൂടു വായു മറ്റു ഭാഗത്തേക്കു ചലിപ്പിക്കുന്നതല്ലാതെ കാര്യമായ പ്രയോജനം നൽകുന്നില്ല.
- ചൂടു കൂടി നിൽക്കുന്ന സമയത്തു കുളിപ്പിക്കുകയോ വെള്ളം തളിക്കുകയോ ചെയ്യരുത്. ഇത് അന്തരീക്ഷത്തിൽ നീരാവിയുടെ അംശം കൂട്ടുകയും ഉഷ്ണ സമ്മർദം സൃഷ്ടിക്കുകയും ചെയ്യും. വെള്ളം ഒഴിക്കുന്നതിനു പകരം പശുക്കളെ തഴുകിപ്പോകുന്ന തരത്തിലുള്ള വായു സഞ്ചാരം ഉറപ്പാക്കുകയാണ് വേണ്ടത്.
- ഷെഡിനുള്ളിൽ അമോണിയ കലർന്ന ദുഷിച്ച വായു കെട്ടിക്കിടക്കാൻ അനുവദിക്കരുത്. പുറത്തുനിന്നു വായു കയറിയിറങ്ങുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കണം.
- ഷെഡിന് മുകളിൽ തണൽ വിരിക്കുകയും ഷെഡിന്റെ ഉൾവശത്തു മുകൾ ഭാഗത്തായി തട്ടു പണിയുകയും ചെയ്യാം. ഇതിൽ ഓലയോ വൈക്കോലോ നിരത്തുക വഴി മുകളിലുള്ള ചൂടുവായു താഴേക്കു വരാതെ തടയാം.
- ശുദ്ധജലം എല്ലായ്പോഴും ലഭ്യമാക്കണം. മലിനജലവും കെട്ടിക്കിടക്കുന്ന ജലവും നൽകരുത്. കറവയുള്ള പശുവിന് ഉൽപാദനത്തിനനുസരിച്ച് 60 മുതൽ 100 ലീറ്റർ വരെ വെള്ളം ആവശ്യമുണ്ട്. എന്നാൽ കറവ വറ്റിയ പശുവിന് 30 മുതൽ 40 ലീറ്റർ വരെ വെള്ളം നൽകിയാൽ മതിയാകും.
- രാവിലെ 10 മുതൽ വൈകിട്ട് 4 വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന തരത്തിൽ കെട്ടിയിടരുത്.
- രാവിലെയും വൈകിട്ടും വൈക്കോലും കാലിത്തീറ്റയും നൽകാം. ചൂടു കൂടിയ സമയങ്ങളിൽ പച്ചപ്പുല്ല്, അസോള, സൈലേജ് എന്നിവ നൽകണം. തീറ്റയോടൊപ്പം ധാതു ലവണ മിശ്രിതവും നൽകാം.
വേനൽക്കാല രോഗങ്ങൾ
ചെള്ള്, മൂട്ട, പേൻ പോലുള്ള ബാഹ്യ പരാദങ്ങൾ പെറ്റുപെരുകുന്നതു വേനൽക്കാലത്താണ്. ഉഷ്ണ സമ്മർദം മൂലം പ്രതിരോധ ശേഷി കുറഞ്ഞു നിൽക്കുന്ന സമയത്ത് ബബീസിയ, തൈലേറിയ തുടങ്ങിയ രോഗങ്ങൾ കാലികളിൽ കൂടുതലായി കാണുന്നുണ്ട്. ഈ രോഗങ്ങൾ പരത്തുന്ന ബാഹ്യ പരാദങ്ങളെ നിയന്ത്രിക്കണം.
കോഴിക്കർഷകർ ശ്രദ്ധിക്കേണ്ടത്
കൂടൊരുക്കുമ്പോൾ വായു സഞ്ചാരം ഉറപ്പാക്കണം. കമ്പിക്കൂടുകളിലാണു വളർത്തുന്നതെങ്കിൽ തണൽ ലഭ്യമാക്കണം. കോഴികൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന അവസ്ഥ ഉണ്ടാകരുത്. സാധാരണയിൽനിന്ന് 10 ശതമാനം എണ്ണം കുറയ്ക്കണം. ശുദ്ധജലത്തിനുള്ള ടാങ്ക് നേരിട്ടു സൂര്യ പ്രകാശം ഏൽക്കുന്ന രീതിയിലാകരുത്. വെള്ളം 24 മണിക്കൂറും ലഭ്യമാകുന്ന രീതിയിൽ ക്രമീകരിക്കണം. ഷെഡിനുള്ളിൽ ചൂടു സമയത്തു കയറി കോഴികളെ ഇളക്കരുത്. തീറ്റ രാവിലെയും രാത്രിയിലും നൽകിയാൽ മതി. തീറ്റയോടൊപ്പം ജീവകം എ, ഡി, ഇ, വിവിധതരം ധാതുലവണ മിശ്രിതം എന്നിവ നൽകാം തണൽ വൃക്ഷങ്ങൾ, മേൽക്കൂരയിൽ തണൽ വിരിക്കൽ, കൂടിനുള്ളിൽ ഫോഗർ/ സ്പ്രിൻക്ലർ, എക്സോസ്റ്റ് ഫാൻ തുടങ്ങിയവ താപനില കുറയ്ക്കാൻ സഹായിക്കും.