ഒരു നിറമേയുള്ളൂ, എന്നിട്ടും മഞ്ഞ് എത്ര മനോഹരമാണ്: ഒരു ശൈലിയേയുള്ളൂ; എന്നിട്ടും പൗലോ കൊയ്‍ലോ
ഡിസി ബുക്സ്
വില 250
Mail This Article
ഒരൊറ്റ അമ്പു കൊണ്ട് ഒരു കപ്പല്‍ തന്നെ മുങ്ങിയ അനുഭവമുണ്ട്. കപ്പലിന്റെ പള്ളയിലെ ഏറ്റവും ദുര്‍ബലമായ ഇടം വില്ലാളിക്ക് അറിയാമായിരുന്നു. അയാളവിടെ അമ്പെയ്തു കൊള്ളിക്കുകയും വെള്ളം പതിയെ അതിനുള്ളിലേക്ക് ഒലിച്ചിറങ്ങുകയും ചെയ്യുന്നു. അതോടെ അയാളുടെ ഗ്രാമത്തിനെ ആക്രമിക്കാനെത്തിവയരുടെ ഭീഷണി അവസാനിച്ചു.
പൗലോ കൊയ്‍ലോയുടെ ഏറ്റവും പുതിയ നോവല്‍ ആര്‍ച്ചര്‍ പഠിപ്പിക്കുന്ന പാഠമാണിത്. ഒരൊറ്റ നിറമുള്ളതുകൊണ്ടാണ് മഞ്ഞ് അത്രമേല്‍ മനോഹരമാകുന്നത്. പൂര്‍ണമായും പരന്ന പ്രതലം പോലെ തോന്നുന്നതുകൊണ്ടാണ് കടല്‍ അത്രമേല്‍ മനോഹരമാകുന്നത്. എന്നാല്‍ ആഴമുള്ളതും സ്വന്തം ഗുണങ്ങള്‍ അറിയുന്നവയുമാണ് മഞ്ഞും കടലും.
ആര്‍ച്ചറിന്റെ മറ്റൊരു പാഠം. ഇങ്ങനെയുള്ള പാഠങ്ങളാല്‍ സമ്പന്നമെങ്കിലും ക്ലേശിച്ചു മാത്രം വായിച്ചു പൂര്‍ത്തിയാക്കാന്‍ കഴിയുന്ന കൃതിയാണ് ആര്‍ച്ചര്‍. പൗലോ കൊയ്‍ലോയുടെ മാജിക്ക് ഏറ്റവും കുറച്ചു മാത്രം പ്രത്യക്ഷപ്പെടുന്ന കൃതികളിലൊന്ന്.
ശക്തമായ കാറ്റിലും കെട്ടുപോകാത്ത നാളം കൊളുത്തുന്നവയാണ് പൗലോ കൊയ്‍ലോയുടെ മിക്ക കൃതികളും. ഏറ്റവും ദുഷ്കരമായ സാഹചര്യങ്ങളിലും പ്രതീക്ഷയ്ക്കു വകയുണ്ടെന്നു സൗമ്യമായി ബോധ്യപ്പെടുത്തുന്ന വാക്കുകള്‍. എല്ലാ പ്രതീക്ഷയുമറ്റ്, നിരാശയുടെ ആഴക്കയത്തില്‍ അവസാന നിമിഷത്തിനു വേണ്ടി കാത്തിരിക്കുന്നവരിലും പ്രതീക്ഷ നിറയ്ക്കാനുതകുന്ന പുണ്യപാഠങ്ങളുടെ ശില്‍പി. ഏറ്റവും താഴെത്തട്ടിലുള്ളവരെ ഏറ്റവും അഗാധമായി സ്വാധീനിക്കുന്നതിനൊപ്പം ജീവിതത്തിന്റെ ഏതുഘട്ടത്തിലുള്ളവരെയും കുറച്ചുകൂടി മുകളിലേക്കു പോകാനും വളര്‍ച്ച ഇനിയും സാധ്യമാണെന്ന വെളിപാടു സൃഷ്ടിക്കാനും കഴിഞ്ഞതുകൊണ്ടാണ് ബ്രസീലിയന്‍ എഴുത്തുകാരന്റെ കൃതികള്‍ക്ക് ലോകമെങ്ങും ആവശ്യക്കാരുണ്ടായത്.
ആല്‍ക്കെമിസ്റ്റില്‍ അദ്ദേഹത്തിന്റെ പ്രതിഭ പൂത്തുലഞ്ഞു നില്‍ക്കുന്നു; വെറോണിക്ക ഡിസൈഡ്സ് ടു ഡൈ തുടങ്ങിയ കൃതികളിലും കൊയ്‍ലോ എന്ന പ്രചോദനാത്മക ഗ്രന്ഥകാരന്റെ പ്രതിഭയുടെ മിന്നലൊളി കാണാം. എന്നാല്‍ കുറച്ചുവര്‍ഷങ്ങളായി, വായിക്കാന്‍ ലോകമെങ്ങും വായനക്കാരുണ്ടെങ്കിലും അദ്ദേഹത്തിന്റെ കൃതികള്‍ നനഞ്ഞ പടക്കങ്ങളായി മാറുകയാണ്. കഥയിലെ നാടകീയതയും ഉദ്വേഗവും പിരിമുറുക്കവും ജീവിത നിരീക്ഷണത്തിലെ മൗലികതയും ഒരിക്കല്‍ അദ്ദേഹത്തിന് സ്വന്തമായിരുന്നെങ്കില്‍ അവസാന കൃതികള്‍ ദുര്‍ബലമായും സങ്കീര്‍ണമായും അനുഭവപ്പെടുന്നു. പ്രചോദിപ്പിക്കേണ്ടവരെ സ്വാധീനിക്കാതെയും പ്രതീക്ഷിക്കുന്നതൊന്നും ലഭിക്കാതെയും ലക്ഷ്യത്തിലെത്താത്ത അമ്പുകളാകുന്നു അവസാന കൃതികള്‍ പലതും. ഏറ്റവും പുതിയ നോവലായ ആര്‍ച്ചറും നോവല്‍ എന്ന പേരിനുപോലും അര്‍ഹമല്ലാതെ പരാജയപ്പെടുന്നു.
എത്ര മികച്ച പാഠവും ഏറ്റവും മികച്ച കഥിയിലൂടെ അവതരിപ്പിക്കുമ്പോഴാണ് ഏറ്റവും ആഴത്തില്‍ തറയ്ക്കുക. സ്വപ്നങ്ങളെ പിന്തുടരാന്‍ ആല്‍ക്കെമിസ്റ്റ് ആഹ്വാനം ചെയ്തതും ഇടയബാലന്റെ നിഷ്കളങ്കമായ കഥയിലൂടെയായിരുന്നു. എന്നാല്‍ ആര്‍ച്ചറില്‍ ഒരു കഥ പോലും ഇല്ല. വില്ലാളിവീരനാകാനുള്ള ഉപദേശങ്ങളും പാഠങ്ങളും മാത്രമേയുള്ളൂ. അവയാകട്ടെ പാഠങ്ങള്‍ മാത്രമായി അവശേഷിക്കുകയും ആരിലും ഒരു ചലനവും സൃഷ്ടിക്കാതിരിക്കുകയും ചെയ്യുന്നു. ആര്‍ത്തിയോടെ വായിക്കാന്‍ തോന്നുന്ന കൃതികളില്‍ നിന്നു വ്യത്യസ്തമായി കഷ്ടപ്പെട്ടു വായിച്ചു പൂര്‍ത്തിയാക്കേണ്ട ഗതികേടിലാണ് ആര്‍ച്ചറെപ്പോലുള്ള സൃഷ്ടികള്‍ വായനക്കാരെ എത്തിക്കുന്നത്. നോവലിനൊപ്പമുള്ള രേഖാചിത്രങ്ങള്‍ വരച്ചത് ക്രിസ്റ്റോഫ് നെയ്മാന്‍. വിവര്‍ത്തനം കബനി. സി.
തെത്‍സുയ എന്ന മരണപ്പണിക്കാരന്റെ അടുത്തെത്തുന്ന കുട്ടിയിലാണു നോവല്‍ തുടങ്ങുന്നത്. തെത്‍സുയയെ കാണാനെത്തുന്ന അപരിചിതനില്‍ നിന്നും ഗ്രാമത്തില്‍ ആര്‍ക്കുമറിയാത്ത ഒരു രഹസ്യം കുട്ടി കണ്ടെത്തുന്നു. തെത്‍സുയ അമ്പും വില്ലും ഉപയോഗിക്കുന്നതില്‍ വിദഗ്ധനാണെന്ന തിരിച്ചറിവ്. കഴിവിന്റെ മാറ്റുരച്ചു നോക്കാന്‍ തന്നെ കാണാനെത്തിയ അപരിചിതനെ പുതിയൊരു പാഠം കൂടി പഠിപ്പിക്കുന്ന തെത്‍സുയ, കുട്ടിയുടെ ആഗ്രഹ പ്രകാരം ആരുമറിയരുതെന്ന വ്യവസ്ഥയില്‍ താന്‍ സ്വായത്തമാക്കിയ പാഠങ്ങള്‍ പകരുന്നു. ഒപ്പം സ്വയം വരിച്ച വിസ്മൃതിയില്‍ അജ്ഞാതനായി തുടരുകയും ചെയ്യുന്നു.
English Summary: The Archer book by Paulo Coelho