അത്ഭുതശക്തിയുള്ള ക്രിസ്റ്റൽ തലയോട്ടി, തട്ടിയെടുക്കാൻ ഗൂഢസംഘം, ഇനി...
Mail This Article
സ്മിത്സോണിയൻ മ്യൂസിയത്തിന്റെ ക്യുറേറ്ററുടെ ഓഡിയോ വിവരണം മുറിക്കുള്ളിൽ നിറഞ്ഞു.
മിച്ചെൽ ഹെഡ്ജസ് സ്കൾ.... ലുബാണ്ടനിലെ ക്രിസ്റ്റൽ സ്കൾ– 1924ൽ മിച്ചെൽ ഹെഡ്ജസെന്ന ഗവേഷകന്റെ മകൾ അന്ന മിച്ചെലാണ് ലുബാണ്ടനിലെ ഒരു തകർന്നടിഞ്ഞ ക്ഷേത്ര അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഈ ക്രിസ്റ്റൽ തലയോട്ടി കണ്ടെത്തിയത്. ക്വാർട്സ് പാറ ചെത്തി മിനുക്കി കണ്ണാടി പോലെ തിളക്കിയിരിക്കുന്നു .മായൻ നിർമാണമെന്നൊക്കെ അവകാശ വാദങ്ങളുണ്ടായെങ്കിലും ഇത് ആധുനിക ഉപകരണങ്ങളുപയോഗിച്ച് നിർമ്മിച്ചതാണെന്ന് തെളിഞ്ഞു. പുരാതന ആയുധങ്ങളുപയോഗിച്ച് ഇത്രയും സൂക്ഷ്മമായി കാർവിങ് നടത്താനാവില്ലെന്ന നിഗമനത്തിലാണ് ഗവേഷകർ എത്തിയത്.
പലഭാഗങ്ങളിൽ നിന്നും ലഭിച്ച ക്രിസ്റ്റൽ തലയോടുകൾ ബ്രിട്ടണിലെയും പാരീസിലെയും മ്യൂസിയങ്ങളിൽ സുരക്ഷിതമായി സൂക്ഷിക്കുന്നു. മനുഷ്യരാശിയെ മാറി മറിച്ച ഏതോ ഒരു ഐതിഹ്യത്തിന്റെ പ്രതീകമാണ് ഇവയെന്നും. ആകെ 13 എണ്ണമാണ് ലോകത്തുണ്ടെന്നും പല ഭാഗങ്ങളിൽ അവ സൂക്ഷിച്ചിരിക്കുന്നെന്നും ഐതിഹ്യങ്ങൾ പറയുന്നു. അതിമാനുഷ ശക്തിയും രോഗം മാറ്റാനുള്ള കഴിവും അന്യഗ്രഹ ജീവികളോട് സംവദിക്കാനുള്ള മാർഗ്ഗങ്ങളുമാണെന്നൊക്കെ കഥകൾ പ്രചരിക്കുന്നു.നിരവധി ഐതിഹ്യങ്ങളാണ് ഇവയെ സംബന്ധിച്ച് നില നിൽക്കുന്നത്. അതേപോലെ ഇവ തട്ടിയെടുക്കാനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്.. ജീവൻ പ്രൊജക്ടർ ഓഫ് ചെയ്തു പിന്നാക്കം ചാരിക്കിടന്നു.
ചിന്താകുലനായി എണീറ്റ് വിശാലമായ ലൈബ്രറിയിലൂടെ നടന്നു. നരവംശശാസ്ത്രത്തെപ്പറ്റി നിരവധി പുസ്തകങ്ങൾ ഷെൽഫുകളിൽ നിറഞ്ഞിരിക്കുന്നു. ഒരു ഷെൽഫിലെ മുകളിലത്തെ നിരയിലേക്ക് അയാൾ കയറി നിന്നു. അവിടെ ശാസ്ത്രേതരമായ ഒരു പുസ്തകം ഉണ്ടായിരുന്നു വെബ്സ്റ്റേഴ്സ് ഡിക്ഷണറി 1828. ആ പുസ്തകം ജെജെ താഴേക്കു വലിച്ചപ്പോൾ ഷെൽഫിന്റെ വശത്തായി ഒരു രഹസ്യ അറ തുറന്നു വന്നു. ലൈബ്രറിയിലാകെ ശക്തമായ പ്രകാശം പരന്നു.
ജെജെ അകത്തേക്കു നോക്കി. സുതാര്യമായ ക്രിസ്റ്റലില്‍ നിർമ്മിച്ച വിചിത്രാകൃതിയിലുള്ള ഒരു തലയോട്ടിയുടെ രൂപം. സവിശേഷമായ ഘടന. ഇതുവരെ ഒരു ഫോസിലിലും ഇത്തരമൊരു ഘടന കണ്ടെത്താനായിട്ടില്ല. ആ ക്രിസ്റ്റൽ തലയോട് ഡോ. ജെജെ കയ്യിലെടുത്തു. അദ്ദേഹം കൈതൊട്ടതും ആ പ്രകാശം ഇല്ലാതായി...ക്രിസ്റ്റല്‍ സ്വഭാവത്തിൽ നിന്നും അത് അതാര്യമായി.വിചിത്രമായ ഘടനയുള്ള മാക്സില്ല ബോണും ഓസിപിറ്റൽ ബോണും ജെജെ വിശദമായി നോക്കിയശേഷം അത് ത്രീഡി പ്രിന്ററിനറെ സ്കാനറിലേക്കു വച്ചു..ഏതാനും മിനിറ്റുകൾ ഒരു റെപ്ളിക്കയുണ്ടായി. ആ റെപ്ളിക്കയെടുത്തു മുറിയിലെ ലോക്കറിനുള്ളിൽ വച്ചുപൂട്ടിയ ശേഷം ജെജെ പുറത്തേക്കിറങ്ങി. കട്ടിലിൽ കിടന്നശേഷം ഇന്‍സൈഡർ എന്ന പുസ്തകം എടുത്തു വായിക്കാൻ തുടങ്ങി, അൽപ്പസമയം അയാൾ ഉറക്കത്തിലേക്കു വീണു.
..........
ഫോൺ നിർത്താതെ റിങ് ചെയ്യുന്നു.
ജെജെ എണീറ്റ്, ഗ്ളാസ് ധരിച്ചശേഷം ഫോണെടുത്തു.
പ്രൈവറ്റ് നമ്പർ...
ഗുഡ്മോണിങ് ഡോക്ടർ.
ഗുഡ്മോണിങ് , ഇതാരാണ്...
അത് പറയാം ഡോക്ടർ, ആദ്യം ഒരു നന്ദി അറിയിക്കട്ടെ, ഞങ്ങളുടെ ജോലി എളുപ്പമാക്കിയതിന്. താങ്കൾ അത് വളരെ ത്യാഗം സഹിച്ചാണ് ആ തലയോട്ടി ഇവിടെ എത്തിച്ചതെന്നറിയാം പക്ഷേ ഞങ്ങൾക്കത് ഉടൻ ആവശ്യമുണ്ട്. വെറുതെ വേണ്ട. താങ്കൾക്കുള്ള പ്രതിഫലം ആ സേഫ് ലോക്കറിലുണ്ട്. ജെജെ ഫോൺ താഴെ വച്ചശേഷം മുറിയിലേക്ക് ഓടി.സേഫ് തുറന്നു. റെപ്ളിക്ക അപ്രത്യക്ഷമായിരിക്കുന്നു ഒരു ബാഗ് പകുതി തുറന്ന നിലയിൽ, ഡോളറിന്റെ നിരവധി കെട്ടുകള്‍ .ബാഗിനോട് ചെറിയ ഒരു പേപ്പർ അറ്റാച്ച് ചെയ്തിരിക്കുന്നു.പാലി ഭാഷയിൽ എഴുതിയിരിക്കുന്നു– അശോക്സ് നൈൻ
........
പഴയ മോഡൽ ബെൻസ് കാർ അരൂർ റോഡിലൂടെ ഓടി ചേർത്തലയിലേക്ക് തിരിഞ്ഞു.റിയർവ്യൂ മിററീലുടെ ഇടയ്ക്കിടെ പിന്നിലേക്ക് നോക്കി ജെജെ ഡ്രൈവ് ചെയ്തു തണ്ണീർമുക്കം ബസ് സ്റ്റാൻഡിനടുത്തായി പാർക്ക് ചെയ്തശേഷം ജെജെ റോഡിലേക്കിറങ്ങി. ആരും പിന്തുടരുന്നില്ലെന്ന് ഉറപ്പു വരുത്തിയശേഷം..ആ പഴയ റിസോർട്ടിലേക്ക് നടന്നു. സെക്യൂരിറ്റി ടോർച്ച് തെളിച്ചു നോക്കിയശേഷം ഓടിയെത്തി ഗേറ്റ് തുറന്നു. ജെജെ അകത്തേക്ക് കയറി പ്രൈവറ്റ് ബോട്ട് ജെട്ടിയിലേക്ക് ചെന്നു .ഇരുട്ടിനെ കീറിമുറിച്ച് ഒരു സ്പീഡ് ബോട്ട് കായലിലേക്ക് ഊളിയിട്ടു..
പാതിരാമണൽ ദ്വീപിന്റെ വശത്തായി ബോട്ട് അടുപ്പിച്ചശേഷം മുട്ടോളം പോന്ന ചെളിയിലേക്ക് ജെജെ ഇറങ്ങി. മൊബൈലിൽ നിന്നുള്ള വെട്ടത്തിൽ വെള്ളത്തിൽ മത്സ്യങ്ങളുടെയും ഏതോ ഇഴജന്തുക്കളുടെയും അനക്കം ശ്രദ്ധിച്ച് ശ്രദ്ധയോടെ ചുവടുവച്ചു. ദ്വീപിനുള്ളിലേക്കെത്തിയപ്പോൾ ഏതോ പക്ഷികളുടെ ചിറകടി മുഴങ്ങി.മരച്ചില്ലകളിൽ നിന്ന് കൂട്ടത്തോടെ പറന്നുമാറി. ശബ്ദമടങ്ങാൻ കാത്തുനിന്നശേഷം സമീപത്തെ വള്ളിപ്പടർപ്പിലേക്ക് നടന്നു. ബെൽറ്റിന്റെ വശത്തായി ഉറപ്പിച്ചു വച്ച ഒരു ചെറിയ ഹാൻഡ് ക്രൗളർ എടുത്തു, സെക്കൻഡുകൾ ഒരു കുഴി രൂപപ്പെട്ടു.
ആ കുഴി മൂടി പഴയതുപോലെ ആക്കിയശേഷം. സമീപത്തെ മരത്തിനടുത്തേക്ക് നടന്നു. തന്റെ പോക്കറ്റില്‍നിന്ന് ഒരു ചെറിയ ബട്ടൺ സൈസ് ക്യാമറ എടുത്ത് ആ മരത്തിൽ പെട്ടെന്ന് തിരിച്ചറിയാത്ത രീതിയിൽ വച്ചശേഷം ബോട്ടിനടുത്തേക്കു നടന്നു, പെട്ടെന്ന് ജെജെയുടെ തലയുടെ പിന്നിൽ ഒരു മിന്നൽ. തന്റെ നെറ്റിയിലേക്കു വീഴുന്ന നനവ് രക്തമാണെന്നു തിരിച്ചറിയുമ്പോഴേക്കും ജെജെയുടെ കണ്ണുകളിൽ ഇരുട്ടുകയറി.
English Summary : Ashokante Padayalikal - Sci-Fi-Thriller E - Novel by Jalapalan Thiruvarpu