ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഷോർട്ട് സർക്യൂട്ടിൽ വൈദ്യുതി നഷ്ടമായ  ഒരു രാത്രിയിൽ, ടെറസിൽ നിലാവെളിച്ചം നോക്കിയിരുന്ന ശങ്കര്‍ദാസ് ബോറടിച്ച്  തന്റെ ഡയറി കൈയിലെടുത്തു  ഒരു  കഥ എഴുതാൻ തുടങ്ങി. വേദകാലത്തിലെങ്ങോ സംഭവിച്ച കഥയുടെ ഒരു ഭാഗം. യാഗഹവിസ്സായിനല്‍കുന്ന നെയ്യ് ആഹരിച്ച് അഗ്നിക്കു  പ്രഭ നഷ്ടമായി. ആ പ്രഭ വീണ്ടെടുക്കാന്‍ ഖാണ്ഡവമെന്ന മഹാ വനത്തെത്തന്നെ ദഹിപ്പിക്കേണ്ടി വന്നു അഗ്നിക്കെന്നു ഇതിഹാസങ്ങൾ പറയുന്നു.

 

 

അഗ്നിയുടെ സംഹാര താണ്ഡവത്തിൽ  വെന്തുവെണ്ണീറായി കിടക്കുന്ന ഖാണ്ഡവ വനത്തെക്കണ്ട ദേവരാജാ വിന്റെ കോപം പേമാരിയായി പെയ്തിറങ്ങി. പക്ഷേ ചരിത്രം മുമ്പും സാക്ഷ്യം വഹിച്ചിട്ടുള്ളത് പോലെ ജീവനെന്ന സുന്ദരമനോഹരസങ്കല്‍പത്തിനെ മുക്കിക്കളയാന്‍ ഒരു മഹാപ്രളയത്തിനും അഗ്നിക്കും കഴിവുണ്ടായിരുന്നില്ല.

 

 

കാലം പിന്നിട്ടു, വെള്ളം ഇറങ്ങിയ പ്രദേശമെല്ലാം വൃക്ഷങ്ങളുടെ കരിഞ്ഞഅവശിഷ്ടങ്ങള്‍ അടങ്ങിയ ഫലഭൂയിഷ്ടമായ മണ്ണായി മാറി.വീണ്ടും ലോകം പഴയതുപോലെ സുന്ദരവും സൗഖ്യമേറിയതുമായി.  ഗൗണാറിലെ തെളിജലം പ്രദേശത്തെ വയലേലകള്‍ക്കും ദാഹജലമായി. ഫലഭൂയിഷ്ടമായ മണ്ണിലെന്ന പോലെ  മനുഷ്യ മനസ്സിലും  വിശ്വാസങ്ങളും അന്ധവിശ്വാസങ്ങള്‍ക്കും നല്ലവളക്കൂറുണ്ടായിരുന്നു..

 

ശങ്കർദാസ് എഴുതിയതൊന്നുകൂടി വായിച്ചുനോക്കി– മുഖം ചുളിച്ചു. പറയേണ്ടത് ഈ  കഥയല്ല, തന്റെ തലമുറയുടെ കഥയാണ്. സാഹസികതയുടെയും പ്രതികാരങ്ങളുടെയും കഥ . നീലക്കൊടുവേലിയെന്ന പണം പൊലിക്കുന്ന ആ വള്ളിയുടെ കഥ. അയാൾ  എഴുത്താരംഭിച്ചു.  ഞാന്‍ എങ്ങനെയാണ് പണക്കാരനായതെന്ന് പലരും ചോദിച്ചിട്ടുണ്ട്. ഒളിഞ്ഞും തെളിഞ്ഞും പല കഥകളും നിങ്ങൾ കേട്ടുകാണുമെന്നും അറിയാം , പക്ഷേ സത്യം, അത് ഇനിയെങ്കിലും എനിക്ക് പറയണം..നിങ്ങള്‍ കേട്ടേ പറ്റൂ..മുന്‍തലമുറ എനിക്കായ് കരുതി വച്ച ഒരു നിധിയുടെ കഥ.

 

 

ഒരു വഴികാട്ടി, ഒരു മാപ്പ്..

 

വഴികാട്ടിയായി എല്ലാ കഥകളിലും ഒരു മാപ്പുണ്ടാകും, അതേപോലെ കാരണമില്ലാതെ ഒരു നിധിയും വെളിപ്പെടില്ല. അത്തരമൊരു രഹസ്യം വീട്ടിലുണ്ടായിരുന്നു.  ഒരു ആമാടപ്പെട്ടി. പണക്കാരുടെ വീട്ടില്‍ മാത്രം കാണുന്നതരം.സാധാരണക്കാരിലും സാധാരണക്കാരായ ഞങ്ങളുടെ വീട്ടിലും ഒരു ആമാടപ്പെട്ടി അദ്ഭുതം തോന്നുന്നില്ലേ?.  അതേ, എന്റെ കുട്ടിക്കാലം മുതല്‍ അതു വീട്ടില്‍കാണാറുണ്ട്.  വളർന്നപ്പോൾ അത്തര മൊന്നു കൂട്ടുകാരുടെ ഒന്നും വീട്ടിലൊന്നുമില്ലെന്നറിഞ്ഞതോടെയാണ് എനിക്ക് അദ്ഭുതമായത്. ആ പെട്ടി അപ്പൂപ്പന്റെ  കട്ടിലിനടിയിൽ  ഭദ്രം. ഒരിക്കലും തുറന്ന് നോക്കുന്നത് കണ്ടിട്ടില്ല. ആരെയും തൊടീപ്പിക്കുക യുമില്ല. 

 

കുട്ടു അമ്മൂമ്മയാണ് പറഞ്ഞുതന്നത് അതിനുള്ളില്‍ ഒരു നിധിയാണത്രെ. പലരും അത് മോഷ്ടിക്കാന്‍ നോക്കിയിട്ടുണ്ടെന്നും പക്ഷേ കൊടികെട്ടിയ മന്ത്രവാദിയായ അപ്പൂപ്പനോട് ഈ കളിയൊന്നു നടന്നിട്ടില്ലത്രെ. വിശ്വാസമായില്ലെന്ന് പറഞ്ഞപ്പോള്‍. കൂടെയുള്ള ആരുടെയെങ്കിലും വീട്ടില്‍ അത്തരം ഒരു പെട്ടിയുണ്ടോ യെന്നും അവർ തിരിച്ചു ചോദിച്ചു.

 

അല്‍പ്പം നൊസ്സുണ്ടെന്ന് നാട്ടുകാര്‍ പറയുന്ന , രാത്രിയില്‍ ഉറക്കമില്ലാതെ ഇറങ്ങിപ്പോവുന്ന, പാഴ്ച്ചെടികള്‍ അന്വേഷിച്ചു മുറ്റത്ത് നടക്കുന്ന അപ്പൂപ്പനിൽ എന്തോ കഥയുണ്ടെന്ന് ആ പ്രായമായപ്പോൾ തോന്നാൻ തുടങ്ങി .ഒരു ദിവസം  അച്ഛനോട്  നേരിട്ടു തിരക്കി ആ പെട്ടിയില്‍ നിധിയാണോയെന്ന്. തലപിന്നാക്കമെറിഞ്ഞുള്ള ചിരിയായിരുന്നു. എടാ ചെക്കാ.. നിന്റെ അമ്മൂമ്മ പട്ടിണി കിടന്നാ ചത്തത്. അതില്‍ നിധിയാണെങ്കില്‍ അങ്ങേര്‍ക്ക് കുറച്ചെടുത്ത് അരി വാങ്ങരുതാരുന്നോ. 

 

 

എന്റെ അമ്മ നിന്റെ കുഞ്ഞമ്മയെ പെറ്റുകഴിഞ്ഞസമയം മനയ്ക്കലെ തേങ്ങാ മോഷ്ടിക്കാന്‍ കയറിയെന്നു പറഞ്ഞ് അച്ഛനെ അവര് പിടിച്ചു. തെങ്ങില്‍ കെട്ടിയിട്ട് നല്ല പോലെ തല്ലുകൊടുക്കുകയും ചെയ്തു.  ജയിലിലൊക്കെ കിടന്ന് ആറുമാസം കഴിഞ്ഞാ അച്ഛൻ വന്നത് അപ്പോളേക്കും ആരും നോക്കാനില്ലാതെ അമ്മ അങ്ങ് പോയി. ഞാൻ പിന്നെ അങ്ങേരോടു സംസാരിച്ചിട്ടില്ല. 

 

അച്ഛന്റെ കണ്ണുകളില്‍ ഈറന്‍. അച്ഛന്‍ ആ പെട്ടിതുറന്ന് കണ്ടിട്ടുണ്ടോ. അച്ഛന്‍ ഒന്നു ചിരിച്ചു. പറ അച്ഛാ കണ്ടിട്ടുണ്ടോ..ഉം. മുമ്പെപ്പോഴോ.എന്താ അതിനുള്ളില്?‍..കുറെ പുകയിലയും പിന്നെ എന്തോ പുസ്തകങ്ങളും മാത്രം . അത്ര ആശയാണേൽ നീ പോയി നോക്ക്. പിന്നെ അങ്ങേരുടെ കൈയ്യിലെ മുട്ടവടി നിന്റെ മുതകത്ത് വീഴാതെ നോക്കണം....അങ്ങനെ എന്റെ കൗമാരകാലത്തെ സാഹസിക സഞ്ചാരങ്ങൾക്കു തുടക്കമായി...

 

 

ഒരു ദിവസം, മഴയുള്ള രാത്രിയില് കുലംകുത്തിയൊഴുകുന്ന നദിയെനോക്കി ഞങ്ങളിരുന്നു. മരത്തില് ചേര്‍ത്ത് കെട്ടിയ മാടത്തിലിരുന്ന് കരകവിഞ്ഞൊഴുകുന്ന നദിയെ നോക്കിയിരുന്നപ്പോള്‍ ഭയമായി. കൂറ്റന്‍ നക്രങ്ങള്‍ തലപൊന്തിച്ച് ഒഴുക്കിനനുസരിച്ച് നീന്തുന്നുണ്ടായിരുന്നു. അച്ഛന്റെ മടിയില്‍ക്കിടന്ന് അങ്ങനെ നദിയെ നോക്കിക്കിടന്ന് മയങ്ങിപ്പോയി. ഇടക്ക് എപ്പോഴോ കണ്ണുതുറന്നപ്പോള്‍ വെള്ളത്തിനടിയിൽ  ഒരു പ്രഭാപൂരം.. ആയിരക്കണക്കിന് നീലമത്സ്യങ്ങള്‍ പറ്റമിളകി വരുമ്പോലെ. കുറെ സമയം അതില്‍ലയിച്ചിരുന്നു. അപ്പൂപ്പനെ തട്ടിയുണർത്തിപ്പോഴേക്കും അത് അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു.

 

English Summary : Neelakkoduveli Novel By Jalapalan Thiruvarppu

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com