ADVERTISEMENT

നീ പോകണമെന്ന് തന്നെയാണ് എന്റെയും അഭിപ്രായം ദീർഘ നിശ്വാസത്തോടെ അപ്പാപ്പന്‍ തല കുലുക്കി. നീ ഇവിടെ വന്ന നാൾത്തന്നെ ഞാന്‍ നമ്മുടെ കുറച്ച് പേരെ അങ്ങോട്ട് അയച്ചതാണ്.  പക്ഷേ.. നീ വിഷമിക്കരുത് ഇപ്പോഴെങ്കിലും ഇത് പറയണമെന്ന് എനിക്ക് തോന്നുന്നു, നിന്റെ അച്ഛനും അമ്മയും ഈ ലോകത്തില്ല. പക്ഷേ നിനക്ക് ഞാനുണ്ട്. അയാളുടെ കണ്ണുകളിൽ രണ്ട് വജ്രകണങ്ങൾ തിളങ്ങി. കരച്ചിൽ വരുന്നില്ല ഒരു മരവിപ്പ്. ഞാന്‍ നിലത്തേക്ക് തളര്‍ന്നിരുന്നു. 

 

കണ്ണിൽനിന്നും എന്തോ പുകഞ്ഞ് അന്തരീക്ഷത്തിൽ ലയിക്കുന്നുണ്ട്. അപ്പാപ്പൻ തോളില്‍ കൈവച്ചു. നിന്റെ പ്രതികാരത്തിന്റെ സമയമായ് മകനേ.. നാളെത്തന്നെ നീ പുറപ്പെടൂ.പിന്നെ ഈ കുറുപ്പ് നീ വിചാരിക്കുന്നതുപോലെ അത്ര നിസാരനല്ല, എന്തിനും പോന്ന അനുയായികളുണ്ട്, ചൂണ്ടാണി മര്‍മ്മമൊക്കെ അയാള്‍ക്ക് ഹൃദിസ്ഥമാണ്. പിന്നെ അൽപ്പ സ്വൽപ്പം മന്ത്രവിദ്യകളും. 

 

ഇവിടെ ജയിക്കേണ്ടത് നീയായിരിക്കണം. പോയി വാ മകനേ.. നിനക്ക് ആവശ്യമുള്ളപ്പോളൊക്കെ അവിടെ സഹായങ്ങളെത്തും. നീ ചീരുവിന്റെയും കറുപ്പന്റെയും മകനാണെന്ന് അറിയാവുന്നത് അവിടെ ഒരാള്‍ക്ക് മാത്രമായിരിക്കണം. നീ അവിടെ ചെല്ലുമ്പോള്‍ അയാളുടെ വീട്ടില്‍ അഭയം തേടിക്കൊള്ളൂ. കാളവണ്ടി നാല്‍ക്കവലയില്‍ ചെന്നുനിന്നു. കാളക്കാരൻ അകത്തേക്ക് നോക്കി. 

 

എടോ പയ്യൻ, സ്ഥലമായി. ഇറങ്ങ്. അവന്‍ ഉറക്കിപ്പിച്ചലില്‍ നിന്ന് പിടഞ്ഞെണീറ്റു. തന്റെ നാട്– ആകെ മാറിയിരിക്കുന്നു, താനും. അവന്‍ തന്റെ ശരീരത്തേക്ക് നോക്കി. മലമുകളിലെ ഓഷധഗുണമുള്ള കാറ്റ് അവന്റെ ശരീരത്തെ കൂടുതൽ കരുത്തുള്ളതാക്കിയിരിക്കുന്നു. കാടുകേറി മറിഞ്ഞ് പേശികള്‍ ഉറപ്പുള്ളതായിരിക്കുന്നു. അവന്‍ കവലയില്‍ നെഞ്ച് വിരിച്ചു നിന്നു. അവനെ പ്രോത്സാഹിപ്പിക്കുന്നതുപോലെ ഇലകള്‍ കൂട്ടിത്തല്ലി കിലുകിലെ ശബ്ദമുണ്ടാക്കുന്ന ആല്‍മരച്ചുവട്ടില്‍ ഇറങ്ങി നിന്ന് അവന്‍ ചുറ്റും നോക്കി. ഇനി......

.

......................................

 

ഏത് നാടിനുമുണ്ടാകും സ്വന്തമായൊരു കള്ളന്‍. ഇവിടെ രണ്ട് പേരാണ്. പല്ലി അയമ്മദും അയ്പ്പൂട്ടി നാറാണനും. അവര്‍ക്ക് ആ പേര് കിട്ടാന്‍ കാരണമുണ്ട് വീടിന്റെ ചുവരിലൂടെ പൊത്തിപ്പിടിച്ച് കയറുന്നതാണ് പല്ലിയുടെ മിടുക്ക്. പൂട്ടിയ വാതില്‍ കത്തിച്ച് അകത്ത് കയറുകയാണ് അയ്പ്പൂട്ടിയുടെ പതിവ്. നാട്ടിൽ അവർ സാധാരണ മോഷ്ടിക്കാറില്ല. അവരെ തിരക്കി പൊലീസെത്തുമ്പോൾ മാത്രമാണ് ചരിത്രങ്ങൾ നാട്ടുകാരറിയുന്നത്, പക്ഷേ

 

ആൽത്തറ കവലയിലെ ചർച്ചാ വിഷയം രണ്ടായിരുന്നു. കിള്ളിയാർ പാലത്തിനടിയിലെ പ്രേതവും  നാഗക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയതും... അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. ക്ഷേത്രത്തില്‍ തിരക്കുണ്ടാകുന്ന ദിവസം. പൂജാരി അല്‍പ്പം നേരത്തെതന്നെ എത്തി  ചതിച്ചോ.. നടതുറന്നതും പൂജാരി പുറത്തേക്കൊരോട്ടമായിരുന്നു. ഗോപുര വാതില്‍ക്കലെത്തി നിന്നു കിതച്ചു. ആ തടിച്ച ശരീരം വിയര്‍പ്പില്‍ കുളിച്ചു. തൊഴാനായി വന്നവര്‍ തിരുമേനിയുടെ ചുറ്റുംകൂടി. വിഗ്രഹം കാണാനില്ല.. ആരോ മച്ച് പൊളിച്ച് കടന്നിരിക്കണൂ.

 

ക്ഷേത്രമുറ്റം ജനനിബിഡമായി. പോലീസിനെയും കൊണ്ട് കാറില്‍ മനയ്ക്കലെ കുറുപ്പെത്തി. മാറ്വാ.  വഴികൊടുക്കുക. പൊലീസ് അകത്തുകയറി പരിശോധന തുടങ്ങി. തിരുമേനിയെ ചോദ്യം ചെയ്യാന്‍ അകത്തേക്ക് വിളിപ്പിച്ചു. പുറത്ത് ജനത്തിന്റെ മുറുമുറുപ്പ് ഉച്ചത്തിലായപ്പോള്‍ ഒരു ഹെഡ് വന്ന് എല്ലാവരെയും തുറിച്ചുനോക്കി. ശബ്ദം അടങ്ങി. അയാള്‍ അവിടെ നിലയുറപ്പിച്ചു. പോലീസുകാരും കുറുപ്പും ധൃതിയില്‍ പുറത്തേക്ക് പോയി. കുറുപ്പ് തന്റെ അനുയായികളെയും വിളിച്ചു.

 

എങ്ങോട്ടാ? ആരോ ചോദിച്ചു. മറുപടിയും ആരോ പറഞ്ഞു. പല്ലിടെയും അയ്പ്പൂട്ടിയെയും പൊക്കാന്‍. പല്ലിയായിരിക്കുമത്രെ കയറിയത്. അവന്‍ ഇവിടെയും മോഷണം തുടങ്ങിയോ. അതും നാഗരാജനോടു കളിക്കാന്‍ എങ്ങനെ ധൈര്യം വന്നു. കഴിഞ്ഞ ദിവസം വടക്കേപറമ്പില്‍ നിന്ന് പരുങ്ങുന്നത് ഞാന്‍ കണ്ടിരുന്നു. അഭിപ്രായങ്ങള്‍ പലതും ഉയര്‍ന്നു. പല്ലിയെയും അയ്പ്പൂട്ടിയെയും കൊണ്ട് വണ്ടി പാഞ്ഞ് പോയത് എല്ലാവരും കണ്ടു.

 

ദുരിതത്തിലായത് ഇരുവരുടെയും വീട്ടുകാരാണ്. നാട്ടുകാരവരെ കാറിത്തുപ്പി. ഒരു ദിവസം കേട്ടു. ചോദ്യം ചെയ്തിട്ടും ഒന്നുംകിട്ടാതായതോടെ പോലീസ് അവരെ വിട്ടു. പക്ഷേ നാട്ടുകാരുടെ മനസില്‍ അവരായിരുന്നു പ്രതികള്‍. അവര്‍ തിരിച്ചുവന്നില്ല. ഒരു ദിവസം ഇരുവരുടെയും കുടുംബത്തെയും നാട്ടില്‍നിന്ന് കാണാതായി.

നാഗയക്ഷി അമ്പലത്തില്‍ സ്വർണ വിഗ്രഹത്തിനു പകരം കല്‍വിഗ്രഹ പ്രതിഷ്ഠ നടന്നു. നാടിന്റെ ദോഷം മാറാന്‍ പൂര്‍വാധികം ഭംഗിയോടെ ഉത്സവം നടത്താന്‍ ദേവപ്രശ്നത്തില്‍ വിധിയുണ്ടായി. ആറാട്ടായിരുന്നു അന്ന്. ദീപങ്ങളില്‍ കുളിച്ചുനിന്നു വീടുകള്‍. തിടമ്പുമെടുത്ത് ആര്‍പ്പ് വിളിച്ച് നദിക്കരയിലേക്ക് സ്ത്രീപുരുഷന്മാരടങ്ങുന്ന ഭക്തര് നീങ്ങി, കാണാനായി നാനാജാതി മതസ്ഥര്‍ ഇത് കാണാന്‌ തിങ്ങിക്കൂടി.

 

ചാരായക്കച്ചവടം സമീപത്തെ പാലത്തിനടുത്ത് പൊടിപൊടിക്കുന്നുണ്ടായിരുന്നു. തോട്ടിലെ വെള്ളത്തില്‍ താത്തിയിരുന്നു കന്നാസുകള്‍ ആവശ്യാനുസരണം പൊക്കിയെടുത്ത് കുമാരേട്ടന്‍ വരുന്നവര്‍ക്ക് പകര്‍ന്ന് കൊടുത്തുകൊണ്ടിരുന്നു. രാത്രി പകുതി ആയപ്പോള്‍ പതിവുകാരുടെ വരവ് നിലച്ചു ബാക്കിയുള്ള കന്നാസ് വലിച്ചെടുത്ത് പോകാന്‍ നിശ്ചയിച്ച കുമാരേട്ടന്‍ കയര്‍ വലിക്കാന്‍ തുടങ്ങി. വലിവ് കൂടുതല്‍ കൊമ്പന്‍ കുടുങ്ങിയത് പോലെ കയറിന്റെ അറ്റത്ത് പിടിച്ച് കയറി വരുന്ന രൂപത്തെ കുമാരന്‍ ഒന്നോ നോക്കിയുള്ളൂ. അലറികൊണ്ട് ബോധം നശിച്ച് അയാള്‍ വീണു. പൂര്‍ണ നഗ്നനായി കയറി വന്ന ആ രൂപം കുമാരനെ മറികടന്ന് സമീപത്തെ ചതുപ്പ് നിലത്തേക്ക് കയറിപ്പോയി.

 

English Summary: Neelakkoduveli e-novel written by Jalapalan Thiruvarppu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com