ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

അവിടെ തറയിലാകെ പരന്നൊഴുകുന്ന വെള്ളത്തില്‍ ചവിട്ടാതെ, വശങ്ങളില്‍ കാലുവച്ച് അവൻ അകത്തുകയറി.  തിരിതാഴ്ത്തി വച്ചിരുന്ന റാന്തല്‍വിളക്കിന്റെ മൂടി പതിയെ മാറ്റി. അവിടം പ്രകാശപൂരിതമായി, വശത്തെ മുറിയുടെ വശത്തെ കിളിവാതിൽ തുറന്ന് അവൻ അകത്തേക്കു നോക്കി.  നിർനിമേഷനായി ആ കാഴ്ച നോക്കി നിന്നു. അതീവ സുന്ദരിയായ ഒരു പെൺകുട്ടി. മുറിയുടെ വശത്തായി ഇട്ടിരിക്കുന്ന കട്ടിലിൽ കിടന്നുറങ്ങുന്നു, അവൻ പെട്ടെന്നു തിരിഞ്ഞു നടന്നു.

 

താമസിയാതെ രാക്കമ്മ എണീക്കും. അവന്‍ തിരികെയിറങ്ങി. വാതിലിന്റെ അടുത്തെത്തി അവനൊന്നു തിരിഞ്ഞുനോക്കി. വാതിലിലൂടെ അവനെ അമ്പരന്നു നോക്കി ശില്‍പ്പം പോലെ അവൾ നില്‍ക്കുന്നു. ആ കണ്ണുകളിലെ ഭയത്തിന്റെ ആഴം അവന്‍ മനസിലാക്കി. അവന്‍ അടുത്തേക്ക് ചെന്നപ്പോള്‍ അവള്‍ പിന്നാക്കം മാറി, ആ മുറിയിലെ പാത്രങ്ങളിലേക്ക് അവള്‍ മറിഞ്ഞുവീഴാന്‍ ഒരുങ്ങുന്നത് കണ്ട് അവന്‍ ചുണ്ടില്‍ കൈവച്ച് വിലക്കി.  അവന്‍ തുറന്നുകിടന്ന വാതിലിലൂടെ താഴേക്ക് നോക്കി. ആരോ പടികയറി വരുന്ന ശബ്ദം. 

 

താക്കോലെടുത്ത് പുറത്തെ താക്കോൽ ദ്വാരത്തിലേക്കു കടത്തിവച്ചു. അകത്തെ പൂട്ടിന്റെ ദ്വാരത്തിനുള്ളിൽ ഒരു ചരടു കയറ്റിയശേഷം ഒരു വലി. പുറത്തെ താക്കോലൊന്നു കറങ്ങി പൂട്ടു വീണു. ചരടുവലിച്ച് അവൻ മച്ചിലേക്കു കയറിയതും ആ വാതിൽ തുറന്നു. കുറുപ്പും രാക്കമ്മയും ഒപ്പം അരയിൽ ചുറ്റിയ ചുവന്ന പട്ടും കൈയ്യിലൊരു വ്യാളിമുഖമുള്ള വടിയുമായി ചക്രപാണിയും അകത്തേക്ക് വന്നു. നിനക്ക് പുറത്തുപോകണമെന്ന് പറഞ്ഞ് ഇന്നലെ നിരാഹാരവ്രതമാരുന്നെന്ന് ഇവള്‍ പറഞ്ഞു കുറുപ്പ് തന്റെ കൈയ്യിലെ ചൂരൽ അന്തരീക്ഷത്തിൽ ചുഴറ്റി. മന്ത്രവാദിയെ നോക്കി രാക്കമ്മ തലയനക്കി. നിനക്ക് പുറത്തേക്കു പോണമല്ലോ. എന്നാല്‍ ഇറങ്ങി നോക്ക്, അവള്‍ അമ്പരന്നുനിന്നു. മുറിയിൽ നിന്നും അവളുടെ കൈപിടിച്ച് അയാൾ പുറത്തേക്കിറക്കി. 

 

ചെല്ല്. കുറുപ്പ് തുറന്നുകിടന്ന വാതിലിലേക്ക് തന്റെ കൈയ്യിലെ ചൂരല് ചൂണ്ടി.  മച്ചിന്‍പുറത്തിരുന്ന അവന്‍ അമ്പരന്നു. കുറുപ്പിന് മനം മാറ്റമോ?

അവളുടെ നെഞ്ച് തുടികൊട്ടി. കാലുകൾ യാന്ത്രികമായി സ്വാതന്ത്രത്തിലേക്കു ചലിച്ചു. ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ചക്രപാണി വരച്ച ഭസ്മക്കളവും പിന്നിട്ട് അവള്‍ വാതിലിനടുത്തേക്കെത്തി. പെട്ടെന്ന് അവളുടെ കാല‍്‍പാദത്തില്‍ ഒരു മിന്നലുണ്ടായി, അവിടെ അഗ്നി പടര്‍ന്നു. 

 

ഒരു നിലവിളി അവിടെ മുഴങ്ങി.  കാലുകള്‍ പൊള്ളി കുമിളച്ചു. നിസഹായതയോടെ നിലത്ത് കിടന്ന് അവള്‍ വിങ്ങിക്കരഞ്ഞു. പരദേവതകള്‍ കുടിയിരിക്കുന്ന ഈ മച്ചകം വിട്ട് പുറത്തുകടന്നാല്‍ നീ എരിഞ്ഞുചാകും. മര്യാദയ്ക്ക് ഇതിനുളളില്‍ ജീവിതം തീര്‍ക്ക്. അവര്‍ പുറത്തേക്കിറങ്ങി. വാതില്‍ പൂട്ടി. അവർ പോയപ്പോൾ അയാൾ താഴേക്കിറങ്ങിച്ചെന്നു. അവള്‍ നിറകണ്ണുകളോടെ അവനെ നോക്കി. അവന്‍ മുറിയില്‍ പരതി ഒരടി കനത്തില്‍ ഇട്ടിരുന്ന ഭസ്മത്തിൽ കുറച്ചു വാരിയെടുത്തു. അവളെ ഒന്നുകൂടി തിരിഞ്ഞ് നോക്കി പുറത്തേക്കിറങ്ങി.

......

 

പുഴക്കരയില്‍ ഇരുട്ടിന്റെ മറപറ്റി ആ വഞ്ചിയടുത്തു. തലയില്‍ കെട്ടൊക്കെ കെട്ടി മുഖം മറയ്ക്കാന്‍ ശ്രമിച്ച് പല്ലി അയമ്മദ് ചാടിയിറങ്ങി.  കുട്ടാ.. നീ പറ എന്താ ഞങ്ങള്‍ ചെയ്യണ്ടേ. നിങ്ങള്‍ വളരെ ശ്രദ്ധിക്കണം ഞാന്‍ പറയാന്‍ പോകുന്ന കാര്യം നടക്കുന്നതുവരെ നിങ്ങള്‍ പിടിക്കപ്പെടരുത്. തല്‍ക്കാലം നിങ്ങള്‍ക്ക് താമസിക്കാന്‍ തുരുത്തിലെ ഈനാശുവേട്ടന്റെ വീട് ഏര്‍പ്പാടാക്കീട്ടുണ്ട്. കുമാരേട്ടൻ അവിടെ ഭക്ഷണം എത്തിക്കും. വാറ്റാനാണ് അങ്ങേര് അവിടെ വരുന്നതെന്നോര്‍ത്ത് ആരും സംശയിക്കുകയുമില്ല.

............

 

കളപ്പുരയിലെ പണി ഒതുങ്ങുമ്പോഴെല്ലാം അവന്‍ പുറത്തേക്കിറങ്ങി. ആ കണ്ണുകളെ മുറിയിലെ ജാലകത്തിൽ അവൻ തേടി. ചിലപ്പോള്‍ ആ വിരലുകള്‍ അഴിക്കിടയിലൂടെ പുറത്തേക്ക് ഇറങ്ങിവരും. ചാഞ്ഞുനിക്കുന്ന ആ മരത്തിന്റെ കൊമ്പില്‍ വവ്വാലിനെപ്പോലെ തലകീഴായിക്കിടന്ന് അവൻ അവളോടു സംസാരിക്കും. 

അവള്‍ ആ ജനാലയിലൂടെ അവനെ നോക്കി നിന്നു. 

 

എന്തൊരു പ്രതീക്ഷകളാണ് അവന്റെ വാക്കുകള്‍ തരുന്നത്.  എന്നാല്‍ അവന്റെ മനസില്‍ ആശങ്കകള്‍ പെരുകുകയായിരുന്നു. ഒരു ഉത്തരാവാദിത്വംകൂടി വന്നിരിക്കുന്നു. പക്ഷേ ആ ഉത്തരവാദിത്വം താന്‍ വല്ലാതെ ഇഷ്ടപ്പെടുന്നുണ്ട്. കുറുപ്പെന്താണ് മന്ത്രവാദക്കളത്തില്‍ കാട്ടിക്കൂട്ടുന്നത്.

 

കുറുപ്പിന്റെ മാന്ത്രികക്കളത്തില്‍ നിന്ന് ശബ്ദങ്ങള്‍ ഉയരാന്‍ തുടങ്ങിയിരുന്നു. ചക്രപാണി തെള്ളിപ്പൊടിയെറിഞ്ഞ് ദീപങ്ങളെല്ലാം ആളിച്ചു. അടുത്തു ഭയഭക്തിയോടെ നിന്ന കുറുപ്പിനെ നോക്കി. ഇവിടെ ഒളിഞ്ഞുകിടക്കുന്ന നിധി ഞാന്‍ എടുത്തുതരും, പക്ഷേ....

(തുടരും...)

English Summary: Neelakkoduveli e-novel written by Jalapalan Thiruvarppu

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com