ADVERTISEMENT

‘കത്തുകൾ അയയ്ക്കണമെന്നു നീ പറഞ്ഞിരുന്നു. മറുപടിയായി ഉറപ്പായും അയയ്ക്കാമെന്നു ഞാൻ ഭംഗിവാക്ക് പറഞ്ഞു. സത്യത്തിൽ ഞാൻ കത്തുകൾ എഴുതുന്ന ആളായിരുന്നില്ല. എഴുതിയ ഒരേയൊരു കത്തിലാകട്ടെ എന്നോട് കൂടുതൽ അടുക്കരുത്, അപകടകാരിയാണ്, സ്നേഹംകൊണ്ടു വല്ല വിഷവും തീറ്റിച്ചേക്കും നിന്നെ എന്നാണ് എഴുതിയത്. ഒട്ടും ശീലമില്ലാത്ത എഴുത്ത്, ഉപയോഗിക്കാറേയില്ലാത്ത പേന, തിടുക്കത്തിൽ എവിടെനിന്നോ ചീന്തിയെടുത്ത പേപ്പർ, ഇതെല്ലാം ചേർന്നു രൂപം കൊണ്ടൊരു കത്ത്. ജീവനില്ലാത്ത ഒന്ന്. അതിനു ജീവൻ കൊടുക്കുന്നത്, വായിക്കുന്നയാളും. പക്ഷേ, അതിലെ വാചകങ്ങൾ ജീവിതത്തെക്കാൾ മരണത്തെക്കുറിച്ചാവുമ്പോൾ, ബാക്കിയാവുന്നതെന്താവും?’’ 

‘ജീവിച്ചിരിക്കെ മരിച്ചുപോകുന്ന മനുഷ്യർ’ എന്ന സിവിക് ജോണിന്റെ കഥയുടെ തുടക്കത്തിൽ നിന്നാണിത്. വരികൾക്കിടയിലെ നീണ്ട മൗനമാണു സിവിക് കഥകളുടെ സവിശേഷതയായി തോന്നിയിട്ടുള്ളത്. ജീവിതത്തെപ്പറ്റിയും മരണത്തെപ്പറ്റിയും ചിന്തിക്കാൻ ഏറെ സമയം ആ മൗനം വായനക്കാർക്കു നൽകുന്നു. കാരണം, സിവിക്കിന്റെ കഥാപാത്രങ്ങളേറെയും മൗനത്താൽ വാചാലമാകുന്നവരാണ്. സ്നേഹ മുറിവുകളാൽ രക്തം പൊടിയുന്ന ശരീരവുമായി ജീവിക്കുന്നവരാണവർ. അതിസുന്ദരം ഒരു മരണം, സീസൺ ഫിനാലെ, ഛായ എന്നീ സമാഹാരങ്ങളിലെ വിവിധ കഥകളിലൂടെയും ഈയടുത്തു പ്രസിദ്ധീകരിച്ച ‘അകിര’, ‘ജീവിച്ചിരിക്കെ മരിച്ചുപോകുന്ന മനുഷ്യർ’ തുടങ്ങിയ കഥകളിലൂടെയും നമുക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന സിവിക്കിന്റെ കഥാലോകം വായനക്കാരുടെ മനസ്സുകളെ ജീവിതാസക്തിയുടെ മറ്റൊരു ലോകത്തേക്കു കൂട്ടിക്കൊണ്ടുപോകുന്നവയാണ്. വ്യത്യസ്തങ്ങളായ ഒട്ടേറെ ആന്തരികജീവിതങ്ങൾ നയിക്കുന്നവരാണു സിവിക്കിന്റെ കഥാപാത്രങ്ങൾ. ഒരുപക്ഷേ, അങ്ങനെ തന്നെയുള്ളവരായ നമ്മളോടു വളരെപ്പെട്ടെന്നവർ താദാത്മ്യപ്പെടും. 

 

കഥയെഴുത്തിന്റെ കാര്യത്തിൽ ഒന്നിനോടും ഒത്തുതീർപ്പു ചെയ്യുന്നയാളല്ല സിവിക്. പറയാനുള്ളതു പറയുക എന്നതാണു സിവിക്കിന് പ്രധാനം. പുതിയ കഥയുടെ പശ്ചാത്തലത്തിൽ കഥാജീവിതത്തെക്കുറിച്ചു സിവിക് ജോൺ മനസ്സു തുറക്കുന്നു:

season-finale-book

 

∙സിവിക് ജോണിന്റെ പല കഥകളും സാധാരണ ചെറുകഥയുടെ രൂപമാതൃക ലംഘിക്കുന്ന തരത്തിൽ നീളമുള്ളവയാണ്. എന്നാൽ അവയെ നോവൽ എന്നോ നോവല്ല എന്നോ നീണ്ടകഥ എന്നോ വിളിക്കാൻ തോന്നുന്നുമില്ല. ‘ജീവിച്ചിരിക്കെ മരിച്ചുപോകുന്ന മനുഷ്യർ’ എന്ന ഏറ്റവും പുതിയ കഥയും 21 അധ്യായങ്ങളിൽ നീണ്ടുകിടക്കുന്ന ഒന്നാണ്. എന്താണ് ഇത്തരമൊരു എഴുത്തുരീതിക്കു പിന്നിൽ?

അങ്ങനെ മനഃപൂർവം തിരഞ്ഞെടുക്കുന്ന ഒരു എഴുത്തുരീതിയൊന്നുമല്ല. ഇതും ഇതിനു മുൻപത്തെ കഥ ‘അകിര’യും ഏകദേശം ഒരേ ദൈർഘ്യമുള്ളവയാണ്. അകിര കുറച്ചുകൂടി വലുതാകുമായിരുന്നു. പക്ഷേ, ഞാൻ അതിനകത്ത് കൂടുതൽ ഡീറ്റൈലിങ് കൊടുത്താൽ ഒരു കഥയുടെ ഫോർമാറ്റിൽ പ്രസിദ്ധീകരിക്കാൻ കഴിയാത്ത ദൈർഘ്യത്തിലേക്ക് അതു വന്നേനേ. അതുകൊണ്ടുതന്നെ ആ കഥയിൽ അകിര എന്ന കഥാപാത്രത്തിന് ബാക്ക്സ്റ്റോറിയില്ല. അതിരുകൾ നിർണയിക്കാതെ ആഗ്രഹിക്കുന്നതെല്ലാം എഴുതാൻ പറ്റുക എന്നത് ഒരു വലിയ അനുഗ്രഹമാണ്. പക്ഷേ, അകിര എന്ന കഥയുടെ കാര്യത്തിൽ അതിനു സാധിച്ചില്ല. അതുകൊണ്ട് അടുത്ത കഥയിൽ അങ്ങനെ ഒരു പ്രശ്നം ഉണ്ടാവരുത് എന്ന് വിചാരിച്ചിരുന്നു. യാതൊരു രീതിയിലും കഥാപാത്രങ്ങളെ നിയന്ത്രിച്ചിട്ടില്ല. അങ്ങനെ നമ്മൾ കഥാപാത്രങ്ങളെ നിയന്ത്രിക്കാതെ വരുമ്പോൾ സ്വാഭാവികമായും ഒരു ഘട്ടമെത്തുമ്പോൾ കഥ വലുതാവും. വ്യക്തിപരമായി വളരെ സംതൃപ്തി തോന്നുന്ന എഴുത്ത് കിട്ടും. പക്ഷേ, വലുപ്പം ഒരു പ്രശ്നമാകും. അതു പ്രസിദ്ധീകരിക്കാൻ ബുദ്ധിമുട്ടുകളുണ്ടാകും.

 

∙അകിരയ്ക്കു ശേഷം സിവിക് എഴുതുന്ന കഥയല്ലേ ‘ജീവിച്ചിരിക്കെ മരിച്ചുപോകുന്ന മനുഷ്യർ’? വളരെക്കുറച്ചു മാത്രം എഴുതുന്നു. എഴുത്തിനിടയ്ക്കു ദീർഘ ഇടവേളകളുണ്ടാകുന്നു. എന്നാൽ എഴുതുമ്പോൾ മനസ്സിലുള്ളതെല്ലാം അനർഗ്ഗളം ഒഴുകുകയും ചെയ്യുന്നു. അതു വായനക്കാരുടെ മനസ്സിനെ കഴുകി വെടിപ്പാക്കുന്നു. എഴുത്തിന് എന്താണിത്ര ഇടവേളകൾ? താമസം?

ഞാൻ എപ്പോഴും ഒരു കഥ എഴുതിത്തീർന്ന്, അതു പ്രസിദ്ധീകരിച്ചുവന്നതിനു ശേഷമേ അടുത്ത കഥയെഴുതാറുള്ളൂ. കഥകളെക്കുറിച്ചുള്ള ആലോചനകൾ സ്വാഭാവികമായും ഉണ്ടാകാറുണ്ട്. പക്ഷേ, അത് എഴുതാനാരംഭിക്കാൻ അതിനു മുൻപെഴുതിയ കഥകൾ പ്രസിദ്ധീകരിച്ചുവരണം. നേരത്തേ പറഞ്ഞതുപോലെത്തന്നെ കഥകളുടെ ദൈർഘ്യം കൂടുമ്പോൾ പ്രസിദ്ധീകരണവും വൈകും. അപ്പോൾ സ്വാഭാവികമായും അടുത്ത കഥയും വൈകാറുണ്ട്. മറ്റൊരു കാര്യം, വലുപ്പമുള്ള ഒരു കഥ 10 അല്ലെങ്കിൽ 15 ഡ്രാഫ്റ്റിലൂടെ കടന്നു പോകുമ്പോൾ സ്വാഭാവികമായും എടുക്കുന്ന ഒരു സമയമുണ്ടല്ലോ, അതും താമസത്തിന് കാരണമാവാറുണ്ട്.

 

∙ ‘ജീവിച്ചിരിക്കെ മരിച്ചുപോകുന്ന മനുഷ്യർ’ എന്ന കഥ സംഭവിച്ചതെങ്ങനെയാണ്? പൂച്ചകൾ എങ്ങനെ അതിലെ കഥാപാത്രങ്ങളായി?

ഇങ്ങനെയായിരുന്നില്ല ഈ കഥയുടെ ആദ്യരൂപം. ഗോവിന്ദേട്ടനുമായി ഒരിക്കൽ സംസാരിച്ച ഒരു കാര്യത്തിലാണ് ഇതിന്റെ ഒരു ഭാഗം കിടക്കുന്നത്. അതു മാത്രം ഒരു കഥയായി എഴുതാനാണ് അന്ന് ഗോവിന്ദേട്ടൻ പറഞ്ഞത്. എപ്പോഴോ അത് ഈ കഥയിലേക്കു വന്നു കയറുകയായിരുന്നു. മറ്റു രണ്ടു ഭാഗങ്ങളുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. ഒറ്റയ്ക്കൊറ്റയ്ക്ക് എഴുതേണ്ട കഥകളായിരുന്നു ഇവ. പക്ഷേ, ഏതോ ഒരു ഘട്ടത്തിൽ അതു മൂന്നും ഒന്നായി. ഞാനെഴുതുന്ന കഥകളെല്ലാം വളരെയടുത്ത ചില സുഹൃത്തുക്കളുടെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് പൂർത്തിയാക്കാറുള്ളത്. കഴിഞ്ഞ രണ്ടുവർഷം ഞങ്ങളിലാർക്കും അത്ര നല്ലതല്ലായിരുന്നു. പല പല കാരണങ്ങളാൽ ഞങ്ങളെല്ലാവരും പല രീതിയിൽ പ്രയാസപ്പെടുന്നുണ്ടായിരുന്നു. അതെല്ലാം കടന്നും അവരീ കഥയ്ക്കൊപ്പം നിന്നു. ഒട്ടും എളുപ്പമായിരുന്നില്ല ആ എഴുത്ത്. എങ്കിലും എപ്പോഴോ ഒരു ഘട്ടത്തിൽ ഈ കഥകളെല്ലാം താനേ ഒരുമിച്ചുചേർന്നു. പൂച്ചകൾ മനസ്സിൽ മറ്റൊരു കഥയായി ഉണ്ടായിരുന്നു. പക്ഷേ, അത് ഈ കഥയിലേക്കു കടന്നു വരും എന്നുള്ളത് അറിയില്ലായിരുന്നു. അതു പൂച്ചകൾ മാത്രമുള്ള ഒരു കഥയായി അങ്ങനെ പോയേനെ. അവിടെ മനുഷ്യരുടെ ആവശ്യം ഉണ്ടാവില്ലായിരുന്നു. പക്ഷേ, ഇങ്ങനെ സംഭവിച്ചു.

 

∙മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിലെ വൈചിത്ര്യങ്ങളും വൈവിധ്യങ്ങളുമാണു സിവിക് കഥകളുടെ കേന്ദ്രബിന്ദു. വ്യത്യസ്ത സ്വഭാവക്കാരായ ഇത്രയധികം മനുഷ്യരെ കണ്ടെടുക്കുന്നത് എവിടെ നിന്നാണ്?

വ്യത്യസ്ത സ്വഭാവക്കാരായ ഇത്രയധികം മനുഷ്യർ എന്നു പറയാൻ, എനിക്ക് അത്രയധികം മനുഷ്യരെയൊന്നും പരിചയമില്ല. വളരെച്ചുരുക്കം പേർ. അവരെ കാലങ്ങളായി അറിയാം. ഓരോ കാലത്തും അവരുടെ വ്യക്തിത്വത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ അറിയാം. നമ്മുടെ ഐഡന്റിറ്റി രൂപപ്പെടുന്നത് പല അനുഭവങ്ങളിലൂടെയും അതിനെ ചുറ്റിപ്പറ്റിയുള്ള സാമൂഹികാന്തരീക്ഷത്തിലൂടെയുമാണ്. നമ്മൾ തന്നെ പത്തു വർഷം മുന്നേ ഒരു പ്രത്യേക സംഭവത്തോട് പ്രതികരിക്കുന്ന രീതിയിൽ ആയിരിക്കില്ല അഞ്ചു വർഷം മുന്നേ പ്രതികരിക്കുന്നത്, അല്ലെങ്കിൽ ഇപ്പോൾ പ്രതികരിക്കുന്നത്. അഞ്ചു വർഷം കഴിഞ്ഞാൽ ഇതേ സംഭവത്തോടു തന്നെ പ്രതികരിക്കുന്നത് മറ്റൊരു രീതിയിൽ ആയിരിക്കും. അതു പല കാരണങ്ങൾ കൊണ്ടാകാം. പക്ഷേ, നമ്മുടെ ഉള്ളിൽ സംഭവിക്കുന്ന മാറ്റങ്ങൾ സ്വയം തിരിച്ചറിയാൻ പലപ്പോഴും ബുദ്ധിമുട്ടാണ്. പക്ഷേ, മൂന്നാമതൊരു വ്യക്തിക്ക് അതു കൃത്യമായി തിരിച്ചറിയാൻ സാധിക്കും. അതുകൊണ്ട് പല സ്വഭാവങ്ങൾ കാണാൻ ഒരുപാടു മനുഷ്യരെ പരിചയപ്പെടണമെന്നില്ല. നമ്മുടെയുള്ളിലേക്കു തന്നെ നോക്കിയാൽ മതി, ഒരുപാടു വിചിത്ര സ്വഭാവങ്ങൾ കാണാം. രണ്ടുമൂന്നു പേരെ മാത്രം പരിചയമുണ്ടായാലും മതി, അതിനുമാത്രം ആൾക്കാർ ആ രണ്ടു മൂന്നു പേരുടെ ഉള്ളിൽത്തന്നെ ഉണ്ടാകും.

∙കഥയെഴുത്ത്, ക്രാഫ്റ്റ് തുടങ്ങിയവ തേച്ചുമിനുക്കിയെടുക്കുന്നത് എങ്ങനെയാണ്?

കഥയെഴുത്ത്, ക്രാഫ്റ്റ് എന്നതൊക്കെ രണ്ടാമത്തെ കാര്യമാണ്. നമുക്ക് എന്തെങ്കിലും പറയാനുണ്ടോ എന്നതാണ് ആദ്യത്തെ കാര്യം. എന്തെങ്കിലും പറയാനുണ്ടെങ്കിലേ എഴുതേണ്ട കാര്യമുള്ളൂ. മറ്റൊന്ന്, അന്നും ഇന്നും ഞാനൊരിക്കലും എഴുത്തുകാരൻ എന്ന ടാഗിനെപ്പറ്റി ആലോചിച്ചിട്ടില്ല. കഴിയുന്നത്ര വായിക്കുന്ന ഒരാളാകണം എന്നതാണ് ആഗ്രഹം. പക്ഷേ, പല കാരണങ്ങളാൽ പഴയതുപോലെ വായന നടക്കുന്നില്ല എന്നൊരു സങ്കടമേയുള്ളൂ. വായിക്കാൻ ശ്രമിക്കുന്നുണ്ട്. ഇഷ്ടപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങൾ തപ്പിയെടുത്ത് വായിക്കാറുണ്ട്. നമ്മൾ പരിചയിക്കുന്ന സാഹിത്യരൂപം അല്ലെങ്കിൽ കലാരൂപം എന്താണോ അതിന്റെ നിഴലുകളായിരിക്കും നമ്മുടെ സൃഷ്ടിയിൽ ഉണ്ടാവുക. എന്റെ എഴുത്തിന് അങ്ങനെ കൃത്യമായൊരു ക്രാഫ്റ്റ് ഉണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ പറയുന്നതും എഴുതുന്നതും പരമാവധി സത്യസന്ധമായിരിക്കണം എന്നൊരു നിർബന്ധമുണ്ട്. എനിക്കുറപ്പില്ലാത്ത ഒന്നും തന്നെ ഞാനെഴുതാറില്ല. അതിനപ്പുറത്തേക്ക് ക്രാഫ്റ്റിനെക്കുറിച്ചൊന്നും ആധികാരികമായി പറയാൻ എനിക്കറിയില്ല.

English Summary : Interview with Civic John

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com