വിളിക്കാതെ വിരുന്നെത്തിയ ഒരു പൂച്ചയുണ്ടാക്കുന്ന പുകിലുകൾ
Mail This Article
വിളിക്കാതെ വിരുന്നെത്തിയ അതിഥിയുണ്ടാക്കുന്ന പുകിലുകളാണു ദ് ക്യാറ്റ് ഇൻ ദ് ഹാറ്റ് എന്ന നോവലിന്റെ ഇതിവൃത്തം. വിരുന്നുകാരൻ ഒരു പൂച്ചയാണ്. ചുവപ്പും വെളുപ്പും നിറങ്ങളിലൂള്ള തൊപ്പി വച്ച്, ചുവന്ന ടൈ കെട്ടിയ ഒരു പൂച്ച. ഈ വിരുതന്‍ പൂച്ച കുട്ടികൾ മാത്രമുള്ള ഒരു വീട്ടിലേക്കാണു കടന്നുവരുന്നത്. സാലിയും സഹോദരനും മാത്രമേ വീട്ടിലുള്ളു. അമ്മ ചന്തയിൽ പോയിരിക്കുകയാണ്. മഴകാരണം പുറത്തിറങ്ങാനോ കളിക്കാനോ വഴിയില്ലാതെ മൊത്തത്തിൽ ബോറടിച്ചിരിക്കുകയാണു കുട്ടികൾ. ആരോ നടന്നുവരുന്ന ഒച്ചകേട്ടു നോക്കുമ്പോഴാണു നമ്മുടെ കഥാനായകനെ കാണുന്നത്. മനുഷ്യനെപ്പോലെ സംസാരിക്കുന്ന പൂച്ച. കുട്ടികൾ സത്യത്തിൽ അമ്പരന്നുപോയി. മഴ നനഞ്ഞെത്തിയ പൂച്ചയുടെ കയ്യിൽ വെള്ളം തെറിക്കുന്ന കുടയുമുണ്ട്.എന്താ നിങ്ങളിങ്ങനെ വെറുതെയിരിക്കുന്നത് എന്നു ചോദിച്ചുകൊണ്ടാണു പൂച്ചയുടെ വരവ്. പൂച്ചയെ കണ്ടതും അക്വേറിയത്തിലിരിക്കുന്ന മീൻ അസ്വസ്ഥനായി തുടങ്ങി. പൂച്ചയെ വേഗം പുറത്തിറക്കു, ഇവിടെയിപ്പോൾ അമ്മയില്ലല്ലോ എന്നു പറയുന്ന മീൻ പൂച്ചയെ ശകാരിക്കാനും ഇറക്കിവിടാനും ശ്രമം നടത്തി. എന്നാൽ മഹാ വികൃതിയായ പൂച്ച ഇതു വല്ലതും കേട്ടതായി നടിക്കുമോ.
എതിർപ്പ് അവഗണിച്ചു പൂച്ച കുട്ടികളെ രസിപ്പിക്കാൻ പല പരിപാടികളും കാണിക്കുന്നു. ഓരോ പുത്തൻ വികൃതിയും വീടിനെ അലങ്കോലമാക്കി. കുറച്ചു നേരം കഴിയുമ്പോള്‍ പൂച്ചയുടെ സഹായികളായി, സർക്കസിലെ കോമാളികളെപ്പോലുള്ള രണ്ടു ചെറു ജീവികൾ കൂടി എത്തുന്നു. അക്വേറിയം മറിച്ചിട്ടും കേക്കുകൾ എടുത്തെറിഞ്ഞും വീട്ടിലെ സാധനങ്ങളെല്ലാം നശിപ്പിക്കുന്നു. ഓരോ വികൃതി അരങ്ങേറുമ്പോഴും പൂച്ചയെ പുറത്താക്കാൻ മീൻ ഉപദേശിക്കുന്നുണ്ട്. എന്നാൽ മീനിന്റെയും കുട്ടികളുടെയും എതിർപ്പുകൾ പൂച്ചയും സഹായികളും തെല്ലും വകവച്ചില്ല. കുറേ നേരം കഴിയുമ്പോൾ അമ്മ വരുന്ന കാര്യം മീൻ അറിയിച്ചു. അതോടെ കുട്ടികൾ പരിഭ്രാന്തരായി. ഈ കാട്ടിക്കൂട്ടിയ കോലാഹലങ്ങളുടെ ഉത്തരവാദിത്തം തങ്ങളിൽ ആരോപിച്ച് അമ്മയുടെ അടി ഉറപ്പാണ്. എന്നാൽ, അമ്മ എത്തുന്നതിനു മുൻപ് പൂച്ച ഒരു യന്ത്രം ഉപയോഗിച്ചു വീടു പൂർവസ്ഥിതിയിലാക്കി. പിന്നെ പതിയെ അവിടെനിന്നു പോകുന്നു. ഇതാണു കഥാസാരം.
ഏറ്റവും അധികം വിൽപന നടത്തിയ പുസ്തകങ്ങളുടെ കൂട്ടത്തിലാണ് ഈ പുസ്തകത്തിന്റെ സ്ഥാനം. ഏകദേശം 10 മില്യൺ കോപ്പികളാണു വിറ്റുപോയിട്ടുള്ളത്. ഡോ. സ്യൂസ് എന്ന തൂലികാ നാമത്തിൽ 1957ൽ അമേരിക്കൻ എഴുത്തുകാരനായ തിയോഡർ ഗെയിസലാണ് കുട്ടികളുടെ ഈ കൊച്ചുനോവലിന്റെ രചയിതാവ്.
English Summary : Kathalokam Column - The Cat in the Hat - Novel by Dr. Seuss