ADVERTISEMENT

മനോരമ ബുക്സ് പുന: പ്രസിദ്ധീകരിച്ച ഇന്ദുലേഖയുടെ ഒന്നാം പതിപ്പിന് ഇ.കെ. പ്രേംകുമാർ എഴുതിയ ആമുഖപഠനത്തിൽനിന്ന്

1889 ഡിസംബർ 9–നാണ് ഇന്ദുലേഖ പ്രസിദ്ധീകരിച്ചത്. 1890 ഡിസംബർ 10–ന് ഡ്യൂമെർഗിന്റെ ഇംഗ്ലിഷ് പരിഭാഷയും. മൂലകൃതിയിലും വിവർത്തനത്തിലും കൊടുത്തിട്ടുള്ള ഈ തീയതികൾ ഗവേഷകരെ വഴിതെറ്റിക്കും. ഒരു വർഷംകൊണ്ടാണ് തർജമ പൂർത്തിയാക്കിയതെന്ന തെറ്റായ നിഗമനത്തിലേക്കാണ് ഈ തീയതികൾ നമ്മെ നയിക്കുന്നത്. എന്നാൽ വാസ്‌തവം അങ്ങനെയല്ല.

 

1890 മാർച്ച് 22–ന്, മനോരമ പത്രത്തിന്റെ ആദ്യ ലക്കം പുറത്തിറങ്ങിയത് ഇന്ദുലേഖ വിവർത്തനത്തിന്റെ വാർത്തയുമായാണ്– ‘മുൻസിപ്പ ഒ. ചന്തുമേനോനാൽ ഉണ്ടാക്കപ്പെട്ട  ഇന്ദുലെഖ എന്ന പുസ്‌തകത്തെ മലയാളത്തിൽ ഡിസ്‌ട്രിക്‌ട കലക്‌ടർ ആയിരുന്ന ഡ്യൂമർഗ് സായ്‌പ ഇംക്ലീഷിലേക്കു തർജമ ചെയ്‌തതു കോഴിക്കോട്ട് അച്ചടിച്ചുവരുന്നുണ്ട്.’ 1889 ഡിസംബർ 19–നാണ് ചന്തുമേനോൻ ഡ്യൂമെർഗിനു പുസ്‌തകം സമർപ്പിച്ചതെന്നു പരിഭാഷകനു ഗ്രന്ഥകാരൻ എഴുതിയ കത്തിൽനിന്നു മനസ്സിലാക്കാം. 

 

മനോരമ വാർത്ത പുറത്തുവിട്ടതുകൊണ്ടാകാം, രണ്ടാം പതിപ്പിന്റെ അവതാരികയിൽ ചന്തുമേനോൻ എഴുതി –  ‘ഇന്ദുലേഖ ഈ രണ്ടാം അച്ചടിപ്പിന്റെ ഇംക്ലീഷ് തർജമ മലയാം ജില്ല ആക്‌ടിംഗ് കലക്‌ടർ മഹാരാജശ്രീ ഡബ്ലിയു.ഡ്യൂമർഗ് സായ്‌പ് അവർകൾ ചെയ്യുന്നുണ്ടെന്ന് എന്റെ വായനക്കാർ അറിഞ്ഞിരിക്കാം. തർജമ പകുതിയിൽ അധികവും കഴിഞ്ഞിരിക്കുന്നു’. അച്ചടി നടന്നുകൊണ്ടിരിക്കുന്ന പുസ്തകത്തെപ്പറ്റി, ‘തർജമ പകുതിയിൽ അധികവും കഴിഞ്ഞിരിക്കുന്നു’വെന്നേ സൂചിപ്പിക്കുന്നുള്ളൂ. ഒരുപക്ഷേ, ചന്തുമേനോന്റെ പാത പിന്തുടർന്ന് ഡ്യൂമെർഗും അതാതു സമയം അച്ചടിപ്പാൻ ഓരോ അദ്ധ്യായം എഴുതി പ്രസ്സിലേക്ക് അയച്ചുകൊടുക്കുകയായിരുന്നിരിക്കണം.

 

പരിഭാഷയ്ക്ക് ഡ്യൂമെർഗ് ആശ്രയിച്ചത് ഒന്നാം പതിപ്പോ, ഗ്രന്ഥകാരൻ തിരുത്ത് വരുത്തിയ രണ്ടാം പതിപ്പോ? ഡിസംബറിൽ സമർപ്പിക്കപ്പെട്ട ഒന്നാം പതിപ്പിനെ ആശ്രയിച്ച് പരിഭാഷ തുടങ്ങിയിരുന്നുവെന്നുവേണം കരുതാൻ. അതുകൊണ്ടാണ് വാർത്ത വന്നത്. രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചത് രണ്ടു മാസങ്ങൾ കൂടിക്കഴിഞ്ഞ് മേയ് 31–ന്. പരിഭാഷ ചന്തുമേനോനെ കാണിച്ച് ആവശ്യമായ പരിഷ്‌കാരങ്ങൾ പിന്നീടു വരുത്തുക മാത്രമായിരിക്കും ചെയ്തതെന്നതിന്റെ സൂചന ഡ്യൂമെർഗിന്റെ മുഖവുരയിലുണ്ട്–‘മൂലകൃതിയോടു നീതിപുലർത്തുന്നതാണു തർജമയെന്ന് ഉറപ്പു പറയാൻ ചൂണ്ടിക്കാട്ടാവുന്ന കാര്യം എഴുത്തുകാരൻ തന്നെ കയ്യെഴുത്തുപ്രതി വായിച്ചു പരിശോധിച്ചതാണ് എന്നുള്ളതാണ്. ആവശ്യമായ പരിഷ്കാരങ്ങൾ അദ്ദേഹം നിർദേശിക്കുകയും ചെയ്തു.’

O. Chandu Menon
ഒ. ചന്തുമേനോൻ

 

 

ഇംഗ്ളിഷിലേക്കു വിവർത്തനം ചെയ്തതിന്റെ കാരണവും മുഖവുരയിൽ വ്യക്തമാക്കിയിട്ടുണ്ട്.–‘മദ്രാസ് പ്രസിഡൻസിയിലെ ഒരു ജില്ലയിലും കൊച്ചി, തിരുവിതാംകൂർ നാട്ടുരാജ്യങ്ങളിലും മാത്രമായി ഒതുങ്ങുന്നതാകയാൽ, ദക്ഷിണേന്ത്യയിലെ അംഗീകരിക്കപ്പെട്ട എല്ലാ നാട്ടുഭാഷകളെയും അപേക്ഷിച്ചു പുറംലോകത്ത് ഒട്ടും അറിയപ്പെടാത്ത ഭാഷയാണു മലയാളം. ശ്രീ ചന്തുമേനോൻ തുടക്കമിട്ട ഈ പുതുപന്ഥാവിന്റെ സ്വാധീനങ്ങളും വളരെ ചെറിയ ഇടത്തിൽ ഒതുങ്ങാനാണു സാധ്യത. ഇന്ദുലേഖ എന്നിലുണ്ടാക്കിയ താൽപര്യത്തിനും അതു വായിച്ചു ഞാൻ നേടിയ ഭാഷാപരമായ നേട്ടങ്ങൾക്കും ഉപരിയായി ഇക്കാരണം കൊണ്ടാണ് ശ്രീ ചന്തുമേനോന്റെ അനുവാദത്തോടെ ഈ കൃതി കിഴക്കിന്റെ പൊതുഭാഷയിലേക്കു തർജമ ചെയ്യാമെന്നും അങ്ങനെ പ്രഖ്യാപിതലക്ഷ്യത്തിൽ അദ്ദേഹത്തിനു സഹായമാകാമെന്നും ഞാൻ ആലോചിച്ചത്.’

 

പരിഭാഷയിൽ ഒരു തെലുങ്ക് പണ്ഡിതന്റെ സഹായവും ലഭിച്ചു. ഡ്യൂമെർഗിന് സംസ്കൃതം അറിയില്ല. മൂലകൃതിയിൽ പറയുന്ന ചില പദ്യശകലങ്ങളുടെ അർഥം എഴുത്തുകാരനിൽനിന്നു നേരിട്ടു മനസ്സിലാക്കിയെടുത്തു. ബാക്കിയുള്ളവ ഒരു തെലുങ്ക് പണ്ഡിതന്റെ സഹായത്തോടെ ലിപ്യന്തരണം ചെയ്തെടുത്തു. 1894ൽ, ഇന്ദുലേഖ തെലുങ്കിലേക്കു പരിഭാഷപ്പെടുത്തുന്നതിനെപ്പറ്റി വാർത്ത വന്നിരുന്നു: ‘ചന്തുമേനോൻ അവർകളുടെ ഇന്ദുലേഖ ഇപ്പോൾ തെലുങ്കിലും തർജമ ചെയ്‌തു പ്രസിദ്ധപ്പെടുത്തുവാൻ നിശ്‌ചയിച്ചിരിക്കുന്നുവത്രേ (മലയാള മനോരമ, 1894 ഫെബ്രുവരി 14). ഡ്യൂമെർഗിനെ സഹായിച്ച തെലുങ്കു പണ്ഡിതനാകാം ഈ ഉദ്യമത്തിനു പിന്നിൽ.

 

വളരെ ശ്രദ്ധിച്ചിട്ടും പുസ്തകത്തിൽ ചില പിശകുകൾ കടന്നുകൂടി. അപൂർണമായി പ്രൂഫ് വായന കഴിഞ്ഞ ഏതാനും പുറങ്ങളെ അവസാനഘട്ട സംശോധനം കഴിഞ്ഞതെന്നു തെറ്റിദ്ധരിക്കാനിടയായി അച്ചടിക്കായി ഉപയോഗിച്ചു. അതുകൊണ്ട്, പുസ്തകത്തിന്റെ ആദ്യ പകുതിയിൽ പിശകുകളും അച്ചടിപ്പിഴവുകളും സംഭവിച്ചു. അവസാനഘട്ട പ്രൂഫ് വായനയിൽ ഒഴിവാക്കപ്പെടുമായിരുന്ന പിശകുകളാണിവയെന്നു ഡ്യൂമെർഗ് ഖേദത്തോടെ കുറിച്ചു.

 

1890 ൽ മദ്രാസിലെ ആഡിസൻ ആൻഡ് കമ്പനി പ്രസിദ്ധീകരിച്ച ഇന്ദുലേഖയുടെ ഉപശീർഷകം ‘എ മലയാളം നോവൽ’ എന്നാണ് ബ്രിട്ടിഷ് ലൈബ്രറി കാറ്റലോഗിൽ കാണുന്നത്. 1965ലെ പുനർമുദ്രണത്തിന്  ‘എ നോവൽ ഫ്രം മലബാർ’ എന്നും. ഡ്യൂമെർഗിന്റെ പേരും വ്യത്യസ്തമായാണ് കൊടുത്തിരിക്കുന്നത്. ഡ്യൂമെർഗിന്റെ പത്നിയും വിവർത്തകയായിരുന്നു. ‘ദ് ടു സാർജന്റ്സ്’ എന്ന നാടകം ഇറ്റാലിയൻ ഭാഷയിൽനിന്നു പരിഭാഷപ്പെടുത്തിയത് മിസിസ് ഡബ്ല്യൂ. ഡ്യൂമെർഗാണ്. 1892ൽ മംഗലാപുരത്തെ കോഡിയൽബോയിൽ പ്രസ്സിലായിരുന്നു അച്ചടി. 

 

ഇന്ദുലേഖയുടെ അതിവേഗ വിവർത്തനത്തിൽ ഡ്യൂമെർഗിനു ഭാര്യയുടെ സഹായവും ലഭിച്ചിരുന്നു. ഭാര്യയോടുള്ള കടപ്പാട് മുഖവുരയിൽ കുറിച്ചതിങ്ങനെ– ‘അർഥം ഒട്ടും ചോരാതെ ഈ പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്ന പുതിയ  വരികൾക്കാകട്ടെ, എന്റെ കടപ്പാടു മുഴുവൻ  ഭാര്യയോടാണ്’. ആദ്യ നോവൽ ഇംഗ്ലിഷിലേക്കു തർജമ ചെയ്യുന്നതുവഴി നൽകിയ പ്രോൽസാഹനത്തിനുള്ള കൃതജ്‍ഞതയുടെ പേരിൽ ചന്തുമേനോൻ തന്റെ രണ്ടാമത്തെ നോവൽ ‘ശാരദ’ സമർപ്പിച്ചത് ഡ്യൂമെർഗിനാണ്.

 

ഇന്ദുലേഖയ്‌ക്കു തൊട്ടുപിന്നാലെ മലയാളത്തിൽ പിറന്ന മാർത്താണ്ഡവർമ ഇംഗ്ലിഷിലെത്താൻ എത്ര കാലമെടുത്തു എന്നുകൂടി അന്വേഷിക്കുന്നത് ഉചിതമായിരിക്കും. 45 വർഷമെടുത്തു എന്നാണ് എ.ജെ. തോമസ് പറയുന്നത്. സി.വി. രാമൻപിള്ളയുടെ ഇതിഹാസ നോവൽ 1936ലാണു ബി.കെ.മേനോൻ ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തുന്നത്. തർജമയെന്ന പ്രവൃത്തി തികഞ്ഞ അർപ്പണബോധത്തോടെ നിർവഹിച്ച അദ്ദേഹം മൂലകൃതിക്ക് നിസ്സാരമല്ലാത്ത പരുക്കുകളേൽപ്പിച്ചെന്നതാണു വാസ്‌തവം. 62 വർഷങ്ങൾക്കുശേഷം മേനോന്റെ മകൾ പ്രേമ ജയകുമാർ ഈ വിവർത്തനം പരിഷ്‌കരിച്ചു, സാഹിത്യ അക്കാദമി 1998–ൽ പുനർമുദ്രണം ചെയ്‌തു.

 

വിക്ടോറിയ വായിച്ചോ ആ പരിഭാഷ?

വിക്ടോറിയ രാജ്ഞി ഇന്ദുലേഖ വായിച്ചിട്ടുണ്ടോ? ടി.സി. ശങ്കരമേനോന്റെ ഒരു പരാമർശമാണ് ഇങ്ങനെയൊരു അന്വേഷണത്തിനു പ്രേരിപ്പിച്ചത്. ഈ ഇംഗ്ളിഷ് പരിഭാഷ കണ്ടിട്ടാകണം, ‘മലയാളസാഹിത്യത്തിനു നൽകിയ സംഭാവനകളെ ആദരിച്ചുകൊണ്ട് വിക്ടോറിയ രാജ്ഞി ചന്തുമേനോനു പ്രശസ്തിപത്രം സമ്മാനിച്ചതെ’ന്നാണ്, ഡ്യൂമെർഗിന്റെ പരിഭാഷയുടെ പുനർമുദ്രണത്തിന്റെ മുഖവുരയിൽ ശങ്കരമേനോൻ കുറിച്ചത്.

 

വനിതകൾക്ക് ഉൾപ്പെടെ ഇംഗ്ലിഷ് വിദ്യാഭ്യാസം നൽകണമെന്നു വാദിക്കുന്ന ‘ഇന്ദുലേഖ’ യുടെ  ഇംഗ്ലിഷ് പരിഭാഷ ചന്തുമേനോനോ ഡ്യൂമെർഗോ അയച്ചുകൊടുത്തിട്ടുണ്ടാകുമോ? അതിലെ ഇംഗ്ളിഷ് കത്തെങ്കിലും വായിച്ചിട്ടാകുമോ രാജ്ഞി ചന്തുമേനോനു പ്രശസ്തിപത്രം സമ്മാനിച്ചത്? വിക്ടോറിയയുമായി ബന്ധപ്പെട്ട ചരിത്രരേഖകളും മറ്റും സൂക്ഷിച്ചിട്ടുള്ള ലണ്ടനിലെ വിൻസർ കാസിലിലെ റോയൽ കളക്‌ഷൻ ട്രസ്റ്റുമായി ഇ–മെയിൽ ആശയവിനിമയം നടത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്. 

 

ഇന്ത്യയിൽനിന്ന് അയച്ചുകിട്ടിയ ഒട്ടേറെ പുസ്തകങ്ങളും അവതരണക്കത്തുകളും ഇപ്പോഴും ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടെങ്കിലും ഇന്ദുലേഖയുടെ മലയാളം, ഇംഗ്ലിഷ് പതിപ്പുകൾ അവിടെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇംഗ്ലിഷ് ഭാഷയിലെ പുസ്തക, രേഖാശേഖരം അത്രയ്ക്കു ഭംഗിയായി പരിപാലിച്ചുപോരുന്നതാണ്. ഇന്ദുലേഖയുടെ ഇംഗ്ലിഷ് പരിഭാഷ ഉണ്ടായിരുന്നെങ്കിൽ അനായാസം കണ്ടെത്താമായിരുന്നു.

 

റോയൽ കളക്‌ഷൻ ട്രസ്റ്റിലെ ഇസ്‌ലാമിക് ആൻഡ് സൗത്ത് ഏഷ്യൻ കളക്‌ഷൻസ് അസിസ്റ്റന്റ് ക്യൂറേറ്റർ രണ്ടു സാധ്യതകളാണു മുന്നോട്ടു വച്ചത്.1.സമർപ്പിക്കപ്പെട്ട പുസ്തകം ഇന്ത്യൻ ഗവൺമെന്റ് ഓഫിസുകളിലെവിടെയോ ചുവപ്പുനാടയിൽ കുരുങ്ങിപ്പോയിക്കാണും. 2. വിക്ടോറിയ രാജ്ഞിയുടെ കയ്യിലെത്തിയെങ്കിലും അവർ അത് മറ്റാർക്കെങ്കിലും സമ്മാനിച്ചു കാണും. ഏതായാലും, ഇന്ത്യ ഓഫിസ് റെക്കോർഡ്സിലെത്തിയ ഒന്നാം പതിപ്പിന്റെ യാത്രാവഴി ഇപ്പോഴും അജ്ഞാതം.

 

തങ്ങളുടെ കോളനികളിലെ ഉദ്യോഗസ്‌ഥന്മാർ എഴുതുന്നതു വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്നു വിക്ടോറിയ രാജ്ഞി. ഹൈദരാബാദിൽ നൈസാമിന്റെ കീഴിൽ ഉദ്യോഗസ്‌ഥനായിരുന്ന ഫിലിപ്പ് മെഡോസ് ടെയ്‌ലറുടെ ‘ദ് കൺഫഷൻസ് ഓഫ് എ തഗ്’ എന്ന നോവൽ വായിക്കാനായി വിക്ടോറിയ ആകാംക്ഷ പൂണ്ടതിനു തെളിവുകളുണ്ട്. ടെയ്‌ലർ ഇങ്ങനെയൊരു നോവലെഴുതുന്ന വാർത്ത 1839ലെ വേനൽക്കാലത്താണു രാജ്ഞിയുടെ ചെവിയിലെത്തുന്നത്. അറിഞ്ഞയുടൻ അതു വായിക്കാൻ മോഹമായി. പ്രസാധനകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന റിച്ചഡ് ബെന്റ്ലിയെ വിളിച്ചുവരുത്തി  നോവലിന്റെ അച്ചടിച്ച പുറങ്ങൾ എത്തിക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ നോവലിന്റെ ആദ്യ അധ്യായങ്ങളെല്ലാം വിക്ടോറിയ ആവേശത്തോടെ വായിച്ചു തീർത്തു. ആ വർഷം അവസാനം നോവൽ പുറത്തിറങ്ങിയപ്പോൾ ‘ബെസ്റ്റ് സെല്ലറായി’ മാറുകയും ചെയ്തു (തഗ് എന്ന വാക്ക് ഇംഗ്ലിഷ് പദകോശത്തിൽ ഇടം പിടിച്ചത് ഈ നോവൽ പുറത്തിറങ്ങിയതോടെയാണ്).

 

അര നൂറ്റാണ്ടു മുൻപ് ടെയ്‌ലർക്കു ലഭിച്ച പ്രശസ്‌തിയും അംഗീകാരവും ചന്തുമേനോനെയും പ്രലോഭിപ്പിച്ചിട്ടുണ്ടാകണം.  1915ൽ, ‘ഒരു ദൈവികമായ പ്രതികാരം’ എന്ന കൃതിയിലൂടെ മഹാകവി കുമാരനാശാൻ ആദ്യമായി ടെയ്‌ലറെ മലയാളത്തിൽ അവതരിപ്പിച്ചു. ‘താര’ എന്ന നോവലിന്റെ ഒരു ഭാഗമായിരുന്നു അത്. ആനന്ദിന്റെ ‘ഹോട്ടൽക്കാരൻ’ എന്ന കഥ (2005)യിൽ ടെയ്‌ലറുടെ ‘കൺഫഷൻസ് ഓഫ് എ തഗി’നെക്കുറിച്ചു പരാമർശമുണ്ട്. ടെയ്‌ലറുടെ നോവൽ വിക്ടോറിയ വായിച്ചതിനു തെളിവുകളുണ്ട്. ചന്തുമേനോനു സമ്മാനിച്ച പ്രശസ്തിപത്രത്തിന്റെ പകർപ്പ് റോയൽ കളക്‌ഷൻ ട്രസ്റ്റിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല. വിക്ടോറിയയുടെ അഭിനന്ദനം അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി ഡബ്ല്യു. ഇ. ഗ്ലാഡ്സ്റ്റൻ ചന്തുമേനോന് അയച്ച കത്തും അവിടെ ഉണ്ടായിരുന്നില്ല. ചന്തുേമനോൻ രാജ്ഞിയുമായി കത്തിടപാടു നടത്തിയതിനും തെളിവുകളില്ല.

 

ചന്തുമേനോനും പതിറ്റാണ്ടുകൾക്കു മുൻപ്്, വിക്ടോറിയ രാഞ്ജിയുടെ കത്ത് ലഭിക്കാൻ ഭാഗ്യം സിദ്ധിച്ച ഒരു മലയാളിയുണ്ട്– ഉത്രം തിരുനാൾ മാർത്താണ്ഡവർമ മഹാരാജാവ്! 1851ലെ ലണ്ടൻ പ്രദർശനത്തിലേക്ക്, ആനക്കൊമ്പുകൊണ്ടു നിർമിച്ച ഒരു സിംഹാസനം മഹാരാജാവ് അയച്ചു. തന്റെ ബഹുമാനത്തിന്റെയും ആദരവിന്റെയും സ്മാരകമായി, പ്രദർശനം കഴിയുമ്പോൾ ഈ കസേര ഇംഗ്ളണ്ടിലെ ചക്രവർത്തിനി സ്വീകരിക്കണമെന്നും 1850 ഒക്ടോബർ 11ന് എഴുതിയ കത്തിൽ രാജാവ് അപേക്ഷിച്ചിരുന്നു. 

 

1851 അവസാനമായപ്പോഴേക്കും രാജ്ഞിയിൽനിന്നു രാജാവിനു മറുപടി ലഭിച്ചു. തിരുവിതാംകൂറിന്റെ ചരിത്രത്തിലെന്നു മാത്രമല്ല ഒരുപക്ഷേ, ഇന്ത്യയിലെ ഏതു നാട്ടുരാജ്യത്തിന്റെ ചരിത്രത്തിലും ചക്രവർത്തിനിയുടെ മുദ്രയോടുകൂടിയ ഇത്തരമൊരു സന്ദേശം മുൻപ് ലഭിച്ചിരുന്നതായി അറിവില്ലെന്ന് തിരുവിതാംകൂറിന്റെ ചരിത്രകാരനായ പി. ശങ്കുണ്ണിമേനോൻ രേഖപ്പെടുത്തി. തന്മൂലം ഇതൊരു അസാധാരണ ബഹുമതിയായി കണക്കാക്കി ഈ സന്ദർഭത്തെ ആഘോഷിക്കാൻ തീരുമാനിച്ചു.

 

തിരുവിതാംകൂറിൽ അന്നുണ്ടായിരുന്നതിൽവച്ച് ഏറ്റവും വലിയ ആനപ്പുറത്തു വെള്ളി അമ്പാരി വച്ച് അതിലായിരുന്നു കത്ത് കൊണ്ടുവന്നത്. ശൂദ്രന്മാരും യൂറോപ്യന്മാരും നിറഞ്ഞ സദസ്സിലിരിക്കുന്നത് അയിത്തത്തിനിടവരുമെന്ന അന്ധവിശ്വാസം മാറ്റിവച്ച് സവർണരും ഡർബാർ ഹാളിലെ ചടങ്ങിൽ പങ്കെടുത്തു. റസിഡന്റ് കല്ലനിൽനിന്ന് തലകുനിച്ച്് കൈകൾ നീട്ടി എഴുത്ത് സ്വീകരിച്ച രാജാവ് മൂന്നു പ്രാവശ്യം ആദരപൂർവം മേല്പോട്ടുയർത്തുകയും എഴുത്തു പൊട്ടിച്ചുനോക്കിയശേഷം പുഞ്ചിരി പൊഴിക്കുകയും ചെയ്തു. ഒന്നുകൂടി ആ കത്ത് മേല്പോട്ടുയർത്തിയശേഷം ചക്രവർത്തിനിയുടെ മുദ്ര തന്റെ നെറ്റിത്തടത്തോട് അടുപ്പിക്കുകയും ദിവാൻ കൃഷ്ണറാവുവിനോട് സഭ മുൻപാകെ അതു വായിച്ചുകേൾപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

മടങ്ങിയെത്തിയ പരിഭാഷ

 

ഇന്ദുലേഖയുടെ ആദ്യകാല പതിപ്പുകൾ പോലെ, ഡ്യൂമെർഗിന്റെ ഇംഗ്ളിഷ് പരിഭാഷയും കാലം കടന്നുപോയപ്പോൾ ഒരു കേട്ടുകേൾവി മാത്രമായി. അതിനൊരു പുനർമുദ്രണമുണ്ടാകാൻ നിമിത്തമായത് പി.കെ. ബാലകൃഷ്ണന്റെ ഈ വാക്കുകളാണ്–‘വിശ്വസാഹിത്യത്തിലേക്കു പറക്കാൻ ചിറകുകളും വെച്ചുകെട്ടി നിരവധി പേർ തിരക്കുണ്ടാക്കുന്ന ഇക്കാലത്തും, ഏതെങ്കിലും ഭാഷാഭിമാനിയോ ‘അക്കാഡമീഷ്യനോ’ ഈ പരിഭാഷ എങ്ങനെയിരിക്കുന്നു എന്ന് അന്വേഷിച്ചിട്ടുണ്ടോ? എന്നാലും മലയാളഭാഷ നിശ്ചയമുണ്ടായിരുന്ന ഒരു യൂറോപ്യൻ തനിക്ക് ആ ഗ്രന്ഥം വായിച്ചപ്പോൾ തോന്നിയ അഭിനന്ദനത്താൽ പ്രേരിതനായി ഇംഗ്ളീഷു ഭാഷയിൽ നല്ല അവഗാഹമുണ്ടായിരുന്ന  ‘ഇന്ദുലേഖാകർത്താവിന്റെ’ സഹകരണത്തോടുകൂടി തയ്യാറാക്കിയ ആ ഇന്ദുലേഖാ പരിഭാഷ, കേട്ടുകേൾവിയായിത്തന്നെയിരിക്കുന്നുവെന്നുള്ളത് വിശ്വസാഹിത്യത്തിലേക്കു മലയാളത്തെ വളർത്താനുള്ള ശ്രമങ്ങളുടെ കള്ളിയെന്താണെന്നു കാണിക്കുന്നുണ്ട്. 

 

സാഹിത്യകാരനും സാഹിത്യനായകനുമൊന്നുമല്ലാത്ത ഏതെങ്കിലും മലയാളി ആ ഇംഗ്ളീഷു പതിപ്പു തേടിപ്പിടിച്ചു പുനഃപ്രകാശനം ചെയ്യുമെന്നു നമുക്കു പ്രത്യാശിക്കാം’– ബാലകൃഷ്ണന്റ ഈ പരാമർശത്തിനുശേഷമാണ് 1969ൽ മാതൃഭൂമി ഡ്യൂമെ‍ർഗിന്റെ പരിഭാഷ പുനഃപ്രകാശിപ്പിച്ചതെന്ന്, ‘ചന്തുമേനോൻ ഒരു പഠനം’ എന്ന പുസ്തകത്തിൽ അദ്ദേഹം കുറിച്ചിട്ടുണ്ട്. പക്ഷേ, പുനർമുദ്രണത്തിന്റെ പ്രസാധകക്കുറിപ്പിൽ ബാലകൃഷ്ണന്റെ പേര് പരാമർശിച്ചിട്ടില്ല. പുതിയ പതിപ്പിൽ ടി.സി. ശങ്കരമേനോന്റെ മുഖവുരയും ചന്തുമേനോന്റെ ഭാര്യ കാഞ്ഞോളി ലക്ഷ്മിക്കുട്ടി അമ്മയുടെ പടവും ചേർത്തിട്ടുണ്ട്.

 

‘ഡ്യൂമെർഗിന്റെ പരിഭാഷ വായിച്ച് ഏതാനും അച്ചടിപ്പിശകുകൾ തിരുത്തുകയും ഏതാനും അക്ഷരഘടനകളും വാക്യങ്ങളും പരിഷ്കരിക്കുകയും മാത്രമേ എനിക്കു ചെയ്യേണ്ടിവന്നുള്ളു. ഉദാഹരണത്തിന്, പുസ്തകത്തിന്റെ പേരും നായികയുടെ പേരും Induleka എന്നു മുൻപതിപ്പിൽ കൊടുത്തിരുന്നത് Indulekha എന്നു മാറ്റി’. ‘It necessary follows that such speeches disgust English men with the congress’ എന്ന വാക്യം ചന്തുമേനോനോടും ഡ്യൂമെർഗിനോടും നീതി പുലർത്താനായി ‘Reading those speeches I felt that the Congress men hated the English’ എന്നു മാറ്റിയെന്നും മുഖവുരയിൽ ശങ്കരമേനോൻ വിശദീകരിച്ചിട്ടുണ്ട്.

 

പുസ്തകം ഓൺലൈനായി വാങ്ങാം

 

English Summary : 131th year of Indulekha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com