ഒരു കെ.ജി.ജോർജ് ആരാധകന്റെ കുമ്പസാരം; ഹൃദയമില്ലെന്ന സാക്ഷ്യപ്പെടുത്തലും..!
Mail This Article
എനിക്കറിയാം അവളുടെ ഹൃദയം എവിടെയാണെന്ന്.
അതു പറയുമ്പോൾ കൈമളുടെ മുഖത്ത് ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാൽ, ഒരു ജേതാവിനെപ്പോലെയല്ല അയാളതു പറഞ്ഞത്. മുഖം വലിഞ്ഞുമുറുകിയിരുന്നു. അനിശ്ചിതത്വങ്ങളുടെ ഒടുവിൽ അവസാനത്തെ തീരുമാനമെടുത്തെന്നു വിളിച്ചുപറയുന്ന ശരീരഭാഷ. ഒരു വികാരവും സ്പർശിക്കാത്ത നിസ്സംഗനെപ്പോലെ തോന്നിപ്പിച്ച അതേ കൈമൾ തന്നെയാണതു പറഞ്ഞത്. ഒരാളുടെയും ഹൃദയത്തെ പരിഗണിക്കാത്തയാളും സ്വയം ഹൃദയമുണ്ടെന്നു തോന്നിപ്പിക്കാത്തയാളുമായ അതേ കൈമൾ. ഹൃദയത്തിലാണ് അയാൾക്ക് ആഴത്തിൽ മുറിവേൽപിക്കേണ്ടത്. അതിനുള്ള ആയുധം സ്വന്തമാക്കിക്കഴിഞ്ഞു. മൂർച്ചയുള്ള ഒരു കത്തി. അതു വസ്ത്രത്തിൽ ഒളിപ്പിച്ച്, മുണ്ട് മാടിക്കുത്തി നടക്കുമ്പോൾ, ചുവടുകൾ ഉറച്ചതായിരുന്നു. ഭാവം ദൃഢവും.
മലയാള സിനിമയുടെ മൊത്തം ചരിത്രമെടുത്താലും കൈമളിനെപ്പോലെ മറ്റൊരാൾ ഇല്ല. അയാൾ മറ്റൊരാളല്ല. ഒരേയൊരാൾ. എന്നിട്ടും, ഭാര്യയുടെ ഹൃദയത്തിൽ കുത്താൻ കത്തിയുമായി നടക്കുന്ന കൈമളിന്റെ കഥ പറഞ്ഞ സിനിമയുടെ പേര് മറ്റൊരാൾ എന്നാണ്. ആരാണയാൾ എന്നു ചോദിച്ചാൽ മറ്റൊരാൾ എന്നു പറയാം. പരിചയക്കാരിൽ അയാൾ കാണരുതേ എന്നു പ്രാർഥിക്കാം.
അതിലുപരി, അയാളെക്കാണാൻ സ്വന്തം ഹൃദയത്തിലേക്കു നോക്കേണ്ടിവരരുത്. അല്ല, കൈമൾ ഞാനല്ല. എനിക്കറിയാവുന്നവരുമല്ല. എന്നാൽ, എപ്പോഴെങ്കിലുമൊക്കെ അയാളെപ്പോലെ പെരുമാറേണ്ടിവന്നിട്ടില്ലേ എന്നാണു ചോദ്യമെങ്കിൽ ഉത്തരമില്ല. വയ്യ. എനിക്കതു പറയാൻ വയ്യ.
കെ.ജി.ജോർജും സി.വി.ബാലകൃഷ്ണനും കൂടി സൃഷ്ടിച്ച മറ്റൊരാൾ ചിരിപ്പിക്കുന്ന സിനിമയല്ല. കരയിപ്പിക്കുകയുമില്ല. എന്നാൽ, കാര്യമായി അസ്വസ്ഥമാക്കും. ആ അസ്വസ്ഥതയിൽ നിന്ന് അത്രവേഗം രക്ഷപ്പെടാൻ എളുപ്പവുമല്ല. അഥവാ, സാഹിത്യമില്ലാത്ത സിനിമ പൊള്ളയാണെന്നാണ് കെ.ജി.ജോർജ് സിനിമകൾ പറയുന്നത്. വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നതും. (അതുല്യം എന്നു വിശേഷിപ്പിക്കേണ്ടിവരും മറ്റൊരാൾ എന്ന സിനിമയുടെ തിരക്കഥയെ. എന്നാൽ, മ്യൂട്ടാക്കി സിനിമ കണ്ടുനോക്കൂ. ലോകത്തെ ഏതു ഭാഷയിലുള്ളവർക്കും ആ സിനിമ മനസ്സിലാകും. സംഭാഷണങ്ങളില്ലാതെ. പശ്ചാത്തല സംഗീതമില്ലാതെ. അതുകൊണ്ടാണ്, അതുകൊണ്ടു മാത്രമാണ് കെ.ജി.ജോർജിനെക്കുറിച്ച് എഴുതേണ്ടിവരുന്നത്. മരണശേഷം എന്നതു തെറ്റാണ്. അതു മാത്രമല്ലല്ലോ തെറ്റെന്നെതിനാൽ മാത്രം മാപ്പു നൽകുക).
ഒത്തുതീർപ്പുകൾക്കു വഴങ്ങേണ്ടിവന്ന അവസാന ചിത്രം മാറ്റിനിർത്തിയാൽ കെ.ജി.ജോർജിന്റെ ഓരോ സിനിമയും താരതമ്യങ്ങളില്ലാത്ത കലാസൃഷ്ടികളായിരുന്നു. കഥ, തിരക്കഥ, സംവിധാനം എന്നിങ്ങനെ സിനിമയെ മികച്ചതാക്കുന്ന ഘടകങ്ങളെല്ലാം പൂർണതയോട് അടുത്തുനിന്നിരുന്നു. ഈ അപൂർവ നേട്ടത്തിലെത്താൻ അദ്ദേഹത്തെ സഹായിച്ചത് മികച്ച കഥകളും അവയ്ക്ക് അദ്ദേഹം കൂടി ചേർന്നു നൽകിയ തിരരൂപങ്ങളുമാണ്. സ്വപ്നാടനം മുതലുള്ള ഓരോ സൃഷ്ടിക്കും പിന്നിലുണ്ട് മികച്ച കഥകൾ. നോവൽ എന്ന നിലയിൽ തന്നെ പ്രശസ്തി നേടിയിരുന്നു ഉൾക്കടൽ. എന്നാൽ, അതേ പേരിൽ ജോർജ് സൃഷ്ടിച്ച സിനിമ കൃതിയേക്കാൾ ഒട്ടും താഴെയായില്ല. ഒരു പടി മുകളിൽ തന്നെ നിന്നു. പിന്നീടുള്ള സിനിമകൾക്ക് പി.ജെ.ആന്റണിയുടെ അധികമാർക്കുമറിയാത്ത കഥകൾ ഉൾപ്പെടെ അദ്ദേഹം ആധാരമാക്കി. ഒരു സിനിമ പോലും നിരാശപ്പെടുത്തിയില്ല. അദ്ഭുതപ്പെടുത്തി. അതിലുപരി അസ്വസ്ഥമാക്കി.
ജോർജും സിവിയും ഒരുമിച്ചത് മറ്റൊരാൾ എന്ന സൃഷ്ടിക്കുവേണ്ടിയായിരുന്നില്ല. ഉറങ്ങാൻ വയ്യ എന്ന കഥ സിനിമയാക്കാൻ വേണ്ടിയായിരുന്നു. എന്നാൽ, ചർച്ചകൾ മറ്റൊരു വഴിക്കു തിരിഞ്ഞപ്പോൾ മറ്റൊരാളിൽ എത്തുകയായിരുന്നു. അതു മലയാളത്തിനു മറക്കാനാവാത്ത സിനിമയുമായി.
എം.ബി.ശ്രീനിവാസന്റെ മനസ്സിൽ തട്ടുന്ന പശ്ചാത്തല സംഗീതത്തിലാണ് സിനിമയുടെ തുടക്കം. ടൈറ്റിലുകൾ എഴുതിക്കാണിക്കുന്നതിനിടെ തെളിയുന്ന രംഗങ്ങൾ സംഭാഷണങ്ങളുടെ സഹായമില്ലാതെ കേരളത്തിലെ ഒരു മധ്യവർത്തി കുടുംബത്തിന്റെ ഉള്ളു പൊള്ളയായ ജീവിതം കാണിച്ചുതരുന്നു. ഉന്നത ഉദ്യോഗസ്ഥനായ ഭർത്താവ്. കൈ കഴുകി തിരിയുമ്പോഴേക്കും കൈ തുടയ്ക്കാനുള്ള തുണിയുമായെത്തുന്ന ഭാര്യ. അതിനിടെ, സ്കൂളിലേക്കു പോകുന്ന കുട്ടികൾക്കുവേണ്ടിയുള്ള ഓട്ടങ്ങൾ. വീട്ടുജോലി. സഹായി ഉണ്ടായിട്ടുപോലും തീരാത്ത ജോലികൾ. ആവശ്യത്തിനു മാത്രമാണ് ആ കുടുംബത്തിലുള്ളവർ സംസാരിക്കുന്നത്. അനവസരത്തിലുള്ള ഒരു വാക്ക് എല്ലാം തകർക്കുമെന്ന ഭീതിയുടെ വാൾ അവർക്കുമുകളിൽ തൂങ്ങിക്കിടപ്പുണ്ടെന്നു തോന്നിപ്പിക്കുന്ന വീർപ്പുമുട്ടിക്കുന്ന നിമിഷങ്ങൾ.
കുറ്റക്കാരൻ കൈമളാണെന്നു പറയാൻ എളുപ്പമാണ്. തനിക്കും മക്കൾക്കും വീടിനും വേണ്ടി രാപകലില്ലാതെ കഷ്ടപ്പെട്ടിട്ടും ഭാര്യയ്ക്ക് ഹൃദയമുണ്ടെന്ന് അയാൾ കണ്ടില്ലെന്നു സ്ഥാപിക്കാൻ വേണ്ടതിലുമധികം തെളിവുകൾ ഓരോ രംഗത്തിലും സിനിമ മുന്നോട്ടുവയ്ക്കുന്നുണ്ട്. അവരുടെ ജീവിതത്തിനു സമാന്തരമായി അതേ പ്രാധാന്യത്തോടെ മറ്റൊരു കുടുംബത്തിന്റെ കഥയും പറയുന്നുണ്ട്. ബാലനും വേണിയും. അവർക്കിടയിൽ കൈമളിന്റെ വീട്ടിലെപ്പോലുള്ള പ്രശ്നങ്ങൾ ഒന്നു പോലുമില്ല. ചിരിക്കുകയും കലപില കൂട്ടുകയും ചെയ്യുന്ന അവരുടെ വീട്ടിൽ സന്തോഷം അലതല്ലുന്നു. അവർ ഭാര്യാഭർത്താക്കൻമാർ ആയിരിക്കെ, രണ്ടു സ്വതന്ത്ര വ്യക്തികൾ കൂടിയുമാണ്. ഭാര്യയ്ക്ക് ഇഷ്ടജോലിയുണ്ട്. അതിനു ഭർത്താവ് തടസ്സമല്ല. പങ്കാളിയുടെ വഴിയിൽ അവർ ഒരിക്കൽപ്പോലും തടസ്സമാകുന്നില്ല. സംശയമില്ല. ആശങ്കയില്ല. മനസ്സു തുറന്നുള്ള സംസാരം. എന്നാൽ, എപ്പോഴും ചിരിക്കുന്ന, ചിരിക്കാൻ ഇഷ്ടപ്പെടുന്ന, ചിരിപ്പിക്കുന്ന വേണിയും
ഒരിക്കൽ കരയുന്നുണ്ട്. കരയരുത്, നിനക്കു ഞാനില്ലേ എന്ന് ആശ്വസിപ്പിക്കുന്ന ഭർത്താവിന്റെ കൈകളിൽ കിടന്നുതന്നെ വേണി തേങ്ങിക്കരയുന്നു.
സത്യത്തിൽ എല്ലാ സ്ത്രീകളും ഇരകളാണ്. സുശീലച്ചേച്ചിയും ഞാനുമൊക്കെ ഇരകൾ തന്നെ.
വേണി അതു പറയാനുള്ള കാരണം ഭർത്താവിനോട് വെളിപ്പെടുത്തുന്നില്ല. പരസ്പരം ഒരുകാര്യം പോലും ഒളിപ്പിക്കാത്ത അവർക്കിടയിൽ അങ്ങേയറ്റം സ്നേഹം നിലനിൽക്കുമ്പോഴും ഒരു രഹസ്യം മറ തീർക്കുന്നു. തന്നെ കൈമൾ മനസ്സിലാക്കുന്നില്ല എന്നാണു സുശീല പറയാതെ പറയുന്നതെങ്കിൽ ബാലൻ തന്നെ മനസ്സിലാക്കുന്നു എന്നതാണു വേണിയുടെ വേദന. മനസ്സിലാക്കുന്നയാളെ വേദനിപ്പിക്കാനാവാത്ത നിസ്സഹായത. ആ അറിവാണ് പരിപൂർണ സന്തോഷം നിലനിന്ന വിവാഹബന്ധത്തിലും രഹസ്യം സൂക്ഷിക്കാൻ വേണിയെ നിർബന്ധിതയാക്കുന്നത്.
കൈമളിനെ കുറ്റപ്പെടുത്തുന്നതുപോലെ ബാലനെ കുറ്റപ്പെടുത്താൻ കാരണങ്ങളില്ല. എന്നാൽ, സുശീലയേക്കാൾ ഒട്ടും ഭേദമല്ല വേണിയുടെ ജീവിതം എന്ന പാഠമാണു മറ്റൊരാൾ പറയുന്നത്. പകരുന്നതും.
ഭാര്യയും കുട്ടികളും വിട്ടിലുള്ളപ്പോൾ യന്ത്രത്തെപ്പോലെ പെരുമാറിയ അതേ കൈമളാണ് ഹൃദയത്തെക്കുറിച്ചു പറഞ്ഞത്. തന്നെ ഉപേക്ഷിച്ചുപോയ ഭാര്യയുടെ ഹൃദയത്തെക്കുറിച്ച് പറഞ്ഞത്. ലോക സാഹിത്യത്തിലെ മികച്ച പുസ്തകങ്ങൾ വായിക്കുകയും തത്വചിന്താപരമായി ചിന്തിക്കുകയും ചെയ്യുന്ന കൈമൾ മറ്റൊരവസരത്തിൽ ഏകാന്തതയെക്കുറിച്ചും പറയുന്നുണ്ട്.
മനുഷ്യന്റെ ഏറ്റവും വലിയ ദുഃഖം വിശപ്പല്ല എന്നാണയാൾ പറയുന്നത്. ഏകാന്തതയാണ്. എന്നാൽ അതു മനസ്സിലാക്കാൻ ഒറ്റയ്ക്കാകണം.
കൈമൾ ഒറ്റയായി. തനിച്ചായി. ഭാര്യ ഉപേക്ഷിച്ചതോടെ ഒറ്റയ്ക്കായെന്ന സത്യം അയാൾക്കു ബോധ്യപ്പെട്ടു. എന്നാൽ വേണിയും ഒരർഥത്തിൽ ഒറ്റയല്ലേ. അല്ലെങ്കിൽ ആരാണ് അങ്ങനെയല്ലാത്തത്. അങ്ങനെയൊരാളുണ്ട്. അതാണു മറ്റൊരാൾ. ഗിരി എന്നാണ് സിനിമയിൽ അയാളുടെ പേര്. കാർ മെക്കാനിക്. യന്ത്രങ്ങളുമായി നിരന്തരം ഇടപെടുന്ന അയാളിലേക്കാണ് യന്ത്രത്തെപ്പോലെ പെരുമാറിയ ഭർത്താവിൽ നിന്ന് സുശീല ഒളിച്ചോടിയത്.! എന്നാൽ അയാൾ ഒറ്റയായിരുന്നില്ല. ഒട്ടേറെപ്പേരുണ്ട് അയാളുടെ ജീവിതത്തിൽ. സ്ത്രീകൾ. അവരുടെ ഹൃദയം അയാൾ കാണുന്നില്ല. ശരീരം കാണുന്നുണ്ട്. അറിയുന്നുണ്ട്. ആസ്വദിച്ച ശേഷം അടുത്തയാളെ തേടുന്നുമുണ്ട്. മറ്റുള്ളവരുടെ ഹൃദയം കാണാതിരിക്കുന്നതുകൊണ്ടാണ് അയാൾ മറ്റൊരാളാകുന്നത്. ഒറ്റയല്ലാതാകുന്നത്. തനിച്ചല്ലാതാകുന്നത്.
സുശീലയ്ക്ക് ഹൃദയമുണ്ട്. അതുകൊണ്ടാണ് ഉപേക്ഷിക്കപ്പെട്ടെന്നും അവഗണിക്കപ്പെട്ടെന്നും തോന്നിയത്.
കൈമളിനു ഹൃദയമുണ്ട്. അതുകൊണ്ടാണ് സുശീല തന്നെ ഉപേക്ഷിച്ചത് അയാൾക്ക് ഉൾക്കൊള്ളാനാകാത്തത്.
ബാലന് ഹൃദയമുണ്ട്. അതുകൊണ്ടാണ് സന്തോഷത്തിലും ദുഃഖത്തിലും കൈമളിനൊപ്പം അയാൾ നിൽക്കുന്നത്.
വേണിക്കു ഹൃദയമുണ്ട്. അതുകൊണ്ടാണ് എല്ലാ സ്ത്രീകളും ഇരകളാണെന്ന സത്യം മനസ്സിലാക്കുന്നത്.
മറ്റൊരാൾക്കോ? അയാളുടെ ഹൃദയം എവിടെയാണ്. കെ.ജി. ജോർജ് അതു പറഞ്ഞില്ല. സി.വി.ബാലകൃഷ്ണനും പറയുമെന്നു തോന്നുന്നില്ല. സിനിമകളിൽ, പുസ്തകങ്ങളിൽ കണ്ടെത്താനാവാത്ത ആ ഹൃദയം തിരഞ്ഞ് ഞാൻ കൈ നെഞ്ചിൽ വയ്ക്കുന്നു.
നീ കേട്ടു എന്നുറപ്പു പറഞ്ഞ ഹൃദയത്തിന്റെ മിടിപ്പുകൾ ഞാൻ കേൾക്കുന്നില്ലല്ലോ.
ഞാനാരാണ്. മറ്റൊരാൾ. അതോ, ഒരേയൊരാളോ...
Content Highlights: K. G. George | Literary World | C V Balakrishnan