മരണത്തിന്റെ വക്കിലും പ്രതീക്ഷ വറ്റാത്ത കണ്ണുകൾ; നോവിന്റെ കടലിരമ്പുന്ന ‘ബ്യുസെഫലസ്’
Mail This Article
നിങ്ങൾക്ക് ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു യുദ്ധത്തെ നേരിടേണ്ടി വന്നിട്ടുണ്ടോ? ആണവായുധങ്ങളുടെ പ്രഹരത്തിൽ അപകടം സംഭവിച്ചിട്ടുണ്ടോ? ഭൂമികുലുക്കത്തിൽ തകർന്ന് തരിപ്പണമാകുന്ന വീടിനെയും നാടിനെയും നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ടോ? ഉറ്റവരും ഉടയവരുമെല്ലാം ബോംബാക്രമണത്തിൽ മരിച്ച് ഒരു നിമിഷം കൊണ്ട് ജീവിതത്തിൽ ഒറ്റപ്പെട്ടു പോയിട്ടുണ്ടോ.? ഇല്ല എന്നൊരു ഉത്തരമായിരുന്നു ഇത്രനാളും എനിക്കും. പക്ഷേ റിഹാൻ റാഷിദിന്റെ ഏറ്റവും പുതിയ നോവൽ ‘ബ്യുസെഫലസ്’ വായിക്കുന്ന നേരം ഞാൻ ആ യുദ്ധഭൂമി നേരിട്ടു കാണുകയായിരുന്നു, 1945 ൽ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന ആണവാക്രമണത്തിന്റെ ഭീകരത നേരിട്ട് അറിയുകയായിരുന്നു. അതിനു ശേഷം അവിടുത്തെ ജനതയ്ക്ക് വിധിച്ച ഭീകരമായ ജീവിതം വായിച്ചു കണ്ണു നിറഞ്ഞു പോയി. പിഞ്ചു കുഞ്ഞുങ്ങൾ പോലും ആ കെടുതിയുടെ ഫലം അനുഭവിച്ചു തീർക്കുന്നത് കണ്മുന്നിൽ എന്നപോലെ കണ്ടു. അതെല്ലാം ജീവിച്ചിരുന്ന സത്യങ്ങൾ ആണെന്ന തിരിച്ചറിവിൽ നെഞ്ചു പിടഞ്ഞു.
ഈ നോവലിന്റെ മറ്റൊരു പ്രത്യേകത, കത്തുകളിലൂടെയാണ് നമ്മോടു നോവൽ സംവദിക്കുന്നത് എന്നാണ്. അല്ലെങ്കിലും അകലങ്ങളിൽ ഇരിക്കുന്ന ഒരാളോട് മനസ്സിലെ വികാരങ്ങൾ പങ്കുവയ്ക്കാൻ കത്തുകളെക്കാൾ മികച്ച മാധ്യമം ഏതാണ്. അതും സോഷ്യൽ മീഡിയ ഇല്ലാതിരുന്ന ആ കാലത്ത്. 'റോ' യിലെ അജ്ഞാതനായ ജെ.പി. എന്ന ഉദ്യോഗസ്ഥൻ എഴുത്തുകാരനയയ്ക്കുന്ന കത്തുകളാണ് ഈ നോവൽ. ആ കത്തുകളിൽ ഒത്തിരിപ്പേരുടെ ജീവിതമുണ്ട്, പ്രണയമുണ്ട്, നോവുകളും വേദനകളുമുണ്ട്, പ്രതികാരമുണ്ട്, തിരിച്ചറിയപ്പെടാതെ പോകുന്ന കൊലപാതകങ്ങളുണ്ട്, മാറാരോഗത്തിന്റെ തീവ്രതയുണ്ട്, മനസ്സിന്റെ താളം തെറ്റിയവരും ഓർമകൾ നഷ്ടപ്പെട്ടവരുമുണ്ട്, കൂടാതെ ഇന്ത്യൻ രഹസ്യാന്വേഷണ സംഘത്തിന്റെ സുപ്രധാനമായ ഒരു ഓപ്പറേഷൻ നോവലിൽ അവസാനം വരെ ആകാംക്ഷ നിലനിർത്തുന്നു.
വായനയ്ക്കു ശേഷവും ലൂക്കോയും ദോറോയും മനസ്സിൽ നോവിന്റെ കടലിരമ്പിക്കൊണ്ട് ബാക്കിയായി നിൽക്കുന്നു. എങ്ങനെയാണ് വാർധക്യത്തിന്റെ പടവുകളിൽ നിൽക്കുന്നവരുടെ മനോവികാരങ്ങൾ ഇത്രയ്ക്കും തീഷ്ണമായും കൃത്യമായും മനസ്സിലാക്കിയതെന്ന് വായനയ്ക്കു ശേഷം ഞാൻ മാത്രമല്ല നിങ്ങൾ ഓരോരുത്തരും എഴുത്തുകാരനോട് ചോദിക്കുക തന്നെ ചെയ്യും. രണ്ടു പതിറ്റാണ്ടോളം പരസ്പരം കാണാതെയിരുന്നിട്ടും പ്രണയത്തിന്റെ വീഞ്ഞിന് മധുരം കൂടി വരുന്ന മനോഹര രംഗങ്ങൾ. മരണത്തിന്റെ വക്കിലും ജീവിതത്തിലേക്ക് പ്രതീക്ഷയോടെ നോക്കുന്ന കണ്ണുകൾ. എന്നെ വീണ്ടും വീണ്ടും കരയിപ്പിച്ചു.
"വയസ്സേറുന്തോറും മനുഷ്യന്റെ ഉള്ളിലെ സ്നേഹിക്കപ്പെടണം എന്ന ആശയുടെ അളവ് ക്രമാതീതമായി ഉയരുകയാണ്. "
"ഓർമ്മയുടെ അടുക്കുകൾ തെറ്റിയ മനുഷ്യരാണ് ഏറ്റവും നിർഭാഗ്യവാന്മാർ."
തുടങ്ങി ഹൃദയസ്പർശിയായ ഒരുപാട് വരികൾ ഈ നോവലിൽ ഉണ്ട്. ഇതുവരെ റിഹാൻ എഴുതിയ പുസ്തകങ്ങളിൽനിന്ന് വ്യത്യസ്തമായ ചിന്തയും ഭാഷയും എനിക്കിവിടെ കാണാൻ കഴിഞ്ഞു. ഒപ്പം കത്തുകളിലൂടെ പിതാവിനോട് സ്നേഹം പങ്കിട്ടിരുന്ന മനോഹരമായ കാലത്തെ ഓർമകളിലേക്ക് തിരികെ നടക്കാനും സാധിച്ചു. വേറിട്ടൊരു വായന നൽകിയ എഴുത്തുകാരന് നന്ദി.
പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Content Summary: Bucephalus, novel written by Rihan Rashid