'ലൈബ്രറിയിൽ ആരെയും ശ്രദ്ധിക്കാതെ പുസ്തകം വായിച്ചിരിക്കുന്ന ആ ലൈബ്രേറിയനെ ഞാൻ നോക്കി, സുന്ദരനായ ഒരു ചെറുപ്പക്കാരൻ...'

Mail This Article
അനുവാദം ചോദിക്കാതെ നാമോരുത്തരുടെയും ജീവിതത്തിന്റെ പച്ചത്തുരുത്തിലേക്ക് ഒരു പുലർകാലത്ത് കയറിവരുന്ന ചില പ്രണയങ്ങളുണ്ടാകും. അവർ നമ്മുടെ ചിന്തകളെയും, കാഴ്ചപ്പാടുകളെയുമൊക്കെ മാറ്റിമറിക്കും. ഓർമ്മയിലെപ്പോഴും തങ്ങിനിൽക്കുന്ന മനോഹരമായ ഒരു പ്രണയകാലം സമ്മാനിക്കും. ഒടുവിൽ വിരഹത്തിന്റെ കാഞ്ഞിരക്കുരുരസായനം സമ്മാനിച്ച്, ഒരിക്കലും തിരിച്ചുവരവിനിടം നൽകാതെ, യാത്രപോലും ചോദിക്കാതെ അവർ അവരുടെ ഇടങ്ങളിലേക്കിറങ്ങി നടക്കും. പൂവൊഴിഞ്ഞ കാടുപോലെയാകും പിന്നീട് കുറെ കാലത്തേക്ക് നമ്മുടെ ഹൃദയം. പൂക്കളൊഴുക്കിയ ഗന്ധം മാത്രം അവിടവിടങ്ങളിൽ പറ്റിപ്പിടിച്ചു നിൽക്കും. ആ ഗന്ധത്തിന് എന്തുപേരാണ് നൽകുക. പിന്നീടുള്ള ജീവിതയാത്രയിൽ ചില ആൾക്കൂട്ടങ്ങളിലും ചില ബസ് യാത്രകളിലും, നമ്മളറിയാതെ നമ്മളവരെ തേടും. അവരുടെ കാൽപ്പെരുമാറ്റത്തിനു കാതോർക്കും, അവരെ ഒന്നു കണ്ടെങ്കിലെന്ന് ഹൃദയം മോഹിക്കും. ജീവിതത്തിലെ മനോഹരമായ പ്രതീക്ഷകളിലൊന്നാണത്.
ഇപ്പോൾ നിങ്ങളുടെ മനസ്സിന്റെ മുകൾത്തട്ടിൽ ആരുടെയൊക്കെയോ മുഖങ്ങൾ തെളിഞ്ഞുവന്നില്ലേ? നിങ്ങളുടെ ഹൃദയം ആരെയൊക്കെയോ കാണണമെന്ന് മോഹിക്കുന്നില്ലേ? എന്റെ മനസ്സിലും അങ്ങനെ ഒരു മുഖം തെളിയുന്നുണ്ട്. അദ്ദേഹത്തെ ഞാനാദ്യമായി കാണുന്നത് ഒരു ലൈബ്രറിയിൽ വെച്ചാണ്. ലൈബ്രറിയിൽ ആരെയും ശ്രദ്ധിക്കാതെ പുസ്തകം വായിച്ചിരിക്കുന്ന ആ ലൈബ്രേറിയനെ ഞാൻ അടിമുടിയൊന്നു നോക്കി. വെളുത്തുമെലിഞ്ഞ ഒരു ചെറുപ്പക്കാരൻ. ചുണ്ടിൽ വിടർന്നുനിൽക്കുന്ന പുഞ്ചിരി. ചെറുതായി സുറുമപോലെ എന്തോ എഴുതിയ മിഴികൾ. അയാൾ വായിക്കുന്ന പുസ്തകത്തിന്റെ പുറംചട്ടയിലേക്കു ഞാൻ പതുക്കെയൊന്നു മിഴിയെറിഞ്ഞു. ബാലരമ! ആഹാ കൊള്ളാലോ.. ഇത്രയും വലുതായിട്ടും വായിക്കുന്നത് ബാലരമയാണല്ലോ. എന്നെപ്പോലത്തന്നെ, ഒരു മടിയുമില്ലാതെ ഇപ്പോളും ബാലരമ വായിക്കുന്ന എന്നെയോർത്ത് ഞാൻ പരിസരബോധമില്ലാതെ പൊട്ടിച്ചിരിച്ചു. അദ്ദേഹം ഞെട്ടിതരിച്ച് രൂക്ഷമായി എന്നെയൊന്നുനോക്കി.
"എന്താ? ഹേയ് ഒന്നുമില്ല." "പിന്നെ എന്തിനാ വന്നത്?" അയാളുടെ വിടർന്ന കൺചുഴിയിൽ പെട്ട് ഞാൻ ദഹിച്ചുപോയി. "എനിക്ക് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ 'സ്മാരകശിലകൾ' വേണം ഇവിടെ ഉണ്ടോ?" ഞാൻ പെട്ടന്ന് ചോദിച്ചു. ഉണ്ടല്ലോ. അദ്ദേഹം നോവലുകളുടെ ഇടയിൽനിന്നു സ്മാരകശിലകൾ എനിക്കു നീട്ടി. പുസ്തകം കിട്ടിയ സന്തോഷത്തിൽ അദ്ദേഹത്തോട് നന്ദി പറഞ്ഞ് ഞാൻ തിരിച്ചിറങ്ങി. പിന്നീട് പൂക്കുഞ്ഞുമ്പിയും, കുഞ്ഞാലിയും എന്റെ രാത്രികൾ കടമെടുത്തു. അത്രമേൽ ആത്മാർഥമായി സ്നേഹിച്ചിട്ടും തമ്മിൽ പിരിയേണ്ടിവന്ന പൂക്കുഞ്ഞുബിയെയും, കുഞ്ഞാലിയെയുമോർത്ത് ഞാൻ പാതിതുറന്നിട്ട ജനാലയിലൂടെ ആകാശത്തേക്ക് നോക്കി കണ്ണുനീരൊഴുക്കി. പ്രണയം ദുഃഖമാണെന്ന ചിന്ത ആ ദിനങ്ങളിലായിരിക്കണം എന്റെ മനസ്സിൽ കയറിപ്പറ്റിയത്. ആ ചിന്തകൊണ്ടുതന്നെയാകണം പിന്നീടങ്ങോട്ട് എന്റെ പ്രണയജീവിതത്തിൽ ഞാൻ ആവോളം മൊത്തിക്കുടിച്ചത് വേദനയുടെയും, കയ്പ്പിന്റെയും വിരഹവീഞ്ഞുമാത്രമായിരുന്നു. അല്ലെങ്കിലും പ്രണയത്തിന്റെ മനോഹാരിത മുഴുവൻ അനുഭവിച്ചറിയാനാവുക വിരഹച്ചുഴിയിൽപ്പെട്ടുഴലുമ്പോഴാണല്ലോ.
'സ്മാരകശിലകൾ' തിരിച്ചുകൊടുക്കാൻ ചെന്നപ്പോഴാണ് വീണ്ടും ഞാനയാളെ കാണുന്നത്. ഭഗത്ത് നരേഷ് എന്നായിരുന്നു അയാളുടെ പേര്. പാലക്കാട്ടെ ഏതോ ഒരു ഉൾഗ്രാമത്തിൽ നിന്നാണ് അയാൾ വരുന്നത്. അയാളെക്കുറിച്ച് ഞാൻ ചെറുതായൊന്നു മനസ്സിലാക്കി. അന്നദ്ദേഹം 'സ്മാരകശിലകളെ'ക്കുറിച്ച് കൂടുതൽ സംസാരിച്ചു. ആ നോവലിനെക്കുറിച്ച് മാത്രമല്ല കവിതയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചുമൊക്കെ ഞങ്ങൾ ചർച്ച ചെയ്തു. ഞാൻ കവിതയെഴുതുമെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ കൗതുകത്തിന്റെ ചെണ്ടുമല്ലിപ്പൂക്കൾ വിരിഞ്ഞു. തീർത്തും അപരിചിതരായ ഞങ്ങൾ അന്നത്തോടെ നല്ല സുഹൃത്തുക്കളായിമാറി. പിന്നീട് എല്ലാ വാരാന്ത്യങ്ങളിലും ഞാൻ ലൈബ്രറിയിലെത്തി. ധാരാളം പുസ്തകങ്ങൾ എനിക്കദ്ദേഹം പരിചയപ്പെടുത്തി. കലയെയും സാഹിത്യത്തെയും പഠനത്തെക്കുറിച്ചുമെല്ലാം ഞങ്ങൾ ധാരാളമായി സംസാരിച്ചു. വായനയുടെയും ഏകാന്തതയുടെയുമൊക്കെ ലോകത്ത് അഭിരമിക്കുന്ന എനിക്ക് അദ്ദേഹവുമായുള്ള ചങ്ങാത്തം വേറൊരു ലോകം സമ്മാനിച്ചു. ഭഗത്ത് എഴുതുവാനെന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. ഞാൻ എഴുതിയ മോശം സാഹിത്യസൃഷ്ടിപോലും മനോഹരമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഒന്നുപറയട്ടെ, ഞാൻ ആദ്യമായി ഒരു കവിതയെഴുതി കാണിക്കുന്നത് ഭഗത്തിനെയാണ്. ആ കവിത ഭഗത്തിനെ കാണിക്കുമ്പോൾ ഞാൻ വല്ലാതെ ചൂളിപ്പോയിരുന്നു. പക്ഷേ അദ്ദേഹം ആ കവിത വായിക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തും, കണ്ണുകളിലും ഒരു അദ്ഭുതത്തിന്റെ കണ്ണാടിത്തുണ്ട് എനിക്ക് ദർശിക്കാൻ കഴിഞ്ഞു. ഭഗത് കവിത വായിച്ചശേഷം എന്നെ ആശ്ലേഷിച്ചു. എഴുത്ത് ഒരിക്കലും നിർത്തരുതെന്നും തുടരണമെന്നും നിർദേശിച്ചു. എന്റെ സാഹിത്യാഭിരുചിയെ ആദ്യമായി തിരിച്ചറിയുന്നത് ഭഗത്താണ്. പതിയെ ഞാൻ ലൈബ്രറിയിലെ വാരാന്ത്യസന്ദർശനം നേരംകിട്ടുമ്പോഴൊക്കെയാക്കി. അടുക്കിവെച്ച പുസ്തകത്തിനിടയിലൂടെ പതിയെ ഞാൻ അദ്ദേഹത്തെ ഒളികണ്ണിട്ടുനോക്കി. ദാസനും, ചന്ദ്രികയും, രമണനും, വിമലയും, പാത്തുമ്മയുമൊക്കെ ആ ലൈബ്രറിയിലൂടെ ഓടി നടക്കുന്നതായി എനിക്ക് തോന്നി. ഞങ്ങൾ കൂടുതൽ കൂടുതൽ സംസാരിച്ചു. സാഹിത്യവും, കവിതയുമൊക്കെ ഞങ്ങളുടെ ചർച്ചാവിഷയങ്ങളായി. ഓരോ ദിവസം കഴിയുന്തോറും ഞങ്ങൾ തമ്മിലുള്ള ഹൃദയദൂരം കുറഞ്ഞുവന്നു. ആ ദിവസങ്ങളിലൊന്നാണ്, അദ്ദേഹം നാട്ടിൽപോകുന്നത്. നാട്ടിൽ പോയാൽ ഇനി രണ്ടുദിവസത്തിന് കാണാൻ പറ്റില്ല, സംസാരിക്കാൻ പറ്റില്ല എന്തു ചെയ്യും? ഞാൻ ആകെ വിഷമവൃത്തത്തിലായി.
അദ്ദേഹം നാട്ടിൽപോകുന്ന ദിവസം ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് സങ്കടത്തോടെ നോക്കി. ഭഗത്ത് എന്നെനോക്കി ചെറുതായൊന്നു പുഞ്ചിരിച്ചു. ഇറങ്ങാൻ നേരം ഒരു തുണ്ട് പേപ്പർ ഭഗത്ത് എന്റെ കൈയ്യിൽവെച്ചുതന്നു. ഈ പേപ്പർ തുറക്കരുത് വീട്ടിൽ എത്തിയിട്ടെ തുറക്കാവു എന്ന നിർദ്ദേശവും. ആ തുണ്ടുപേപ്പർ മുറുക്കിപ്പിടിച്ച് ഞാൻ വേഗത്തിൽ വീട്ടിലേക്കോടി, വീട്ടിലെത്തേണ്ടതാമസം ആ തുണ്ടു പേപ്പർ ഞാൻ അത്യധികം ആകാംക്ഷയോടെ തുറന്നു. അതിലെ പത്തക്കനമ്പർ ഞാൻ സന്തോഷത്തോടെ വായിച്ചെടുത്തു. ഭഗത്തിനെ ഞാനന്ന് ആദ്യമായി ഫോൺ ചെയ്തു. മിനിറ്റുകൾ മാത്രം നീണ്ടു നിന്ന ആ ഫോൺ വിളി പെട്ടെന്നു നിലച്ചു. ഭഗത്തിനോടു സംസാരിച്ച സന്തോഷത്തിൽ അദ്ദേഹം ചൊല്ലിത്തന്ന കവിതകൾ മൂളി ഞാനന്ന് നിദ്രയിലേക്ക് വഴുതി വീണു. അടുത്തദിവസം ഭഗത്തിന്റെ ഫോൺ വിളിക്കായി ഞാൻ കാത്തിരുന്നു. സന്ധ്യയായിട്ടും അദ്ദേഹം വിളിക്കാതിരുന്നപ്പോൾ ഞാൻ തിരിച്ചുവിളിച്ചു. അവധി ദിവസങ്ങൾ കഴിഞ്ഞ് ഭഗത്ത് തിരിച്ചുവന്നെങ്കിലും ഞങ്ങളുടെ ഫോൺവിളികൾ തുടർന്നു. ഇടയ്ക്കു ചില ദിവസങ്ങൾ ഫോൺ വിളിക്കാതിരുന്നതിന് ഞാൻ കുറെയധികം പരിഭവിച്ചു. അദ്ദേഹം എന്റെ പരിഭവങ്ങളെയെല്ലാം നിമിഷനേരം കൊണ്ട് കാറ്റിൽ പറത്തി. ഫോൺവിളികളങ്ങനെ മണിക്കൂറുകൾ കടന്ന് നേരം പുലരുവോളമായി.
പുലരുവോളം സംസാരിച്ചാലും അടുത്തദിവസം രാവിലെ ഭഗത്ത് ലൈബ്രറിയിലെത്തുന്നതിനു മുൻപ് ഞാൻ ഭഗത്തിന്റെ വരവു പ്രതീക്ഷിച്ച് ലൈബ്രറിയുടെ ഗേറ്റിനു മുന്നിൽ കാവൽക്കാരനെപ്പോലെ കാത്തുനിന്നു. അദ്ദേഹം വൈകാതെ ലൈബ്രറിയിലെത്തും മണിക്കൂറുകളോളം വീണ്ടും ഞങ്ങൾ സംസാരിക്കും. ഉച്ചക്ക് ഞാൻ വീട്ടിലേക്കു തിരിച്ചുപോരും. പ്രണയസുരഭിലമായ ദിനരാത്രങ്ങൾ. ഭഗത്തിനെ കാണുമ്പോഴൊക്കെ വേനലിനെകണ്ട വാകയെപ്പോലെ ഞാൻ പൂത്തുലഞ്ഞു. തിരികെ വീട്ടിലെത്തിയാൽ ഞാൻ ഭഗത്തിനെത്തന്നെ ഓർത്തുകൊണ്ടിരുന്നു. ഓർക്കുമ്പോഴൊക്കെ അത്രമേൽ തീക്ഷ്ണമായൊരു അനുഭൂതി എന്നെ വന്നുപൊതിഞ്ഞു. അദ്ദേഹത്തിന്റെ ശബ്ദം കേൾക്കണമെന്നു തോന്നുമ്പോഴൊക്കെയും ഭഗത്ത് ചൊല്ലിത്തന്ന കവിതകളുടെ മൊബൈൽ ഫോൺ റെക്കോർഡുകളിൽ ഞാൻ ലയിച്ചിരുന്നു. എന്റെ ഹൃദയത്തിൽ പ്രഥമാനുരാഗത്തിന്റെ ഈയാംപാറ്റകൾ തുരുതുരെ പൊടിയുന്നത് ഞാൻ തെല്ല് അദ്ഭുതത്തോടെ തിരിച്ചറിഞ്ഞു. ലക്ഷ്യബോധമില്ലാതെ ഒരു ഉന്മാദത്തോടെ അവ ഹൃദയത്തിന്റെ അകത്തളങ്ങളിലൂടെ ഇഴഞ്ഞുനടന്നു.
ദിവസങ്ങളും, മാസങ്ങളും, വർഷങ്ങളും കടന്നുപോയിക്കൊണ്ടിരുന്നു. ഒരുദിവസം അദ്ദേഹമെന്നോടു ചോദിച്ചു. നാളെ നമുക്കൊന്നു അമ്പലത്തിൽ പോയാലോ അതിനെന്താ നമുക്ക് പോകാം ഞാൻ മറുപടി പറഞ്ഞു. അമ്പലത്തിൽ പോകുമ്പോൾ നാളെ ഏത് ഡ്രസ്സാ ഇടേണ്ടത്? പ്രണയം മുറ്റിയ വാക്കുകളോടെ ഞാൻ ചോദിച്ചു. എനിക്ക് ഇഷ്ടം സാരിയാണ്. സാരിയുടുക്കാനൊന്നും എനിക്കറിയില്ല. ഞാൻ ശ്രമിക്കാം പാതിസമ്മതത്തോടെ ഞാൻ മറുപടി പറഞ്ഞൊപ്പിച്ചു. ഈ ടീഷർട്ടും ജീൻസുമല്ലാതെ മറ്റൊരു വേഷത്തിൽ നിന്നെ കണ്ടിട്ടില്ല. നാളെ നിന്റെ വസ്ത്രധാരണ രീതിക്ക് ചെറിയൊരു മാറ്റമാകാം. എന്താ ഇഷ്ടല്ലേ? വല്ലപ്പോഴും ഒരു പെൺകുട്ടിയായി നടക്കെടോ. ഭഗത്ത് അതു പറഞ്ഞു ചിരിച്ചു. ശരി നോ പ്രോബ്ലം നിങ്ങളുടെ ഈ കൊച്ചാഗ്രഹം ഞാൻ നിറവേറ്റിത്തരാം. ഞാൻ ചിരിച്ചുകൊണ്ടു മറുപടിപറഞ്ഞു. അടുത്തദിവസത്തെ ക്ഷേത്രസന്ദർശനയാത്രയോർത്ത് അന്നുരാത്രി എനിക്ക് ഉറക്കം വന്നില്ല. ഞാൻ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും കിടന്നു. രാത്രിയിൽ പാതിതുറന്നിട്ട ജനാലയിലൂടെ ഞാൻ ആകാശത്തേക്ക് നോക്കിയിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകളുള്ള നക്ഷത്രം എന്നോട് കണ്ണുചിമ്മി കാണിച്ചു. ഞാൻ അപ്പോൾതന്നെ അദ്ദേഹത്തെ ഫോൺ ചെയ്തു അന്നുപുലരുവോളം ഞങ്ങൾ സംസാരിച്ചു.
ഞാൻ രാവിലെ എഴുന്നേറ്റു നേരത്തെ കുളിച്ചു. അമ്മയുടെ സാരി മനോഹരമായി ഞൊറിഞ്ഞുടുത്തു. പൊട്ടുവെച്ചു കണ്ണെഴുതി, കമ്മലും, മാലയുമിട്ടു. ഇറങ്ങാൻ നേരം അമ്മയോടു ചോദിച്ചു. എങ്ങനെയുണ്ട് അമ്മേ എന്റെ വേഷംകെട്ടൽ? നന്നായിട്ടുണ്ട് അമ്മ പറഞ്ഞു. ഇടയ്ക്കെങ്കിലും നിനക്ക് ഇങ്ങനെ പെൺകുട്ടികളെപ്പോലെ നടന്നൂടെ? അമ്മ കളിയാക്കി ചോദിച്ചു. "ശ്രമിക്കാം" അമ്മയ്ക്ക് ചിരിച്ചു കൊണ്ടു മറുപടി നൽകി ഞാൻ യാത്ര പറഞ്ഞിറങ്ങി. വേഗം അമ്പലത്തിലേക്കു നടന്നു. അമ്പലത്തിന്റെ ആൽത്തറയിൽ ഭഗത്ത് എന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. എന്നെ കണ്ട നിമിഷം സന്തോഷത്താൽ അദ്ദേഹത്തിന്റെ കണ്ണുകൾ വിടരുന്നത് ഞാൻ വളരെ രഹസ്യമായി ശ്രദ്ധിച്ചു. നന്നായിട്ടുണ്ട് ട്ടോ, സുന്ദരിയായിട്ടുണ്ട് അദ്ദേഹമെന്നെ ആദ്യമായി ചേർത്തുപിടിച്ചു. എന്റെ ശരീരത്തിൽനിന്നു ആയിരമായിരം ചിത്രശലഭങ്ങൾ പറന്നുയർന്നു. അദ്ദേഹത്തോടൊപ്പം ഞാൻ അമ്പലത്തിൽ കയറിതൊഴുതു. അമ്പലമുറ്റത്തിലൂടെ കൈകൾ കോർത്തുപിടിച്ചുനടന്നു. ആൽത്തറയിലിരുന്ന് കുറെ സംസാരിച്ചു. ആ നിമിഷങ്ങളിലെപ്പോഴൊ അദ്ദേഹത്തിന്റെ മുഖം മ്ലാനമാകുന്നതും കണ്ണുകൾ നിറയുന്നതും ഞാൻ കണ്ടു. ഒരു നോവിന്റെ നീറ്റൽ ഭഗത്തിന്റെ ഹൃദയത്തെ ഞെരിച്ചമർത്തുന്നതായി എനിക്കനുഭവപ്പെട്ടു.
'എന്തെങ്കിലും വിഷമമുണ്ടോ ഭഗത്തിന്?' ഞാൻ ചോദിച്ചു. അദ്ദേഹം തലതാഴ്ത്തിക്കൊണ്ട് പറഞ്ഞു. ഹേയ് വിഷമം ഒന്നുല്ലടോ. എടോ നിന്നോടു ഞാനൊരു കാര്യം പറയട്ടെ നിനക്ക് നല്ല ഭാവിയുണ്ട്. എന്തായാലും നിനക്ക് നല്ല ജോലി കിട്ടും. നീ നല്ലൊരു എഴുത്തുകാരിയാകും. സംശയവുമില്ല. നിനക്ക് നല്ല സാഹിത്യാഭിരുചിയുണ്ടെന്ന് എനിക്ക് ബോധ്യമായിട്ടുണ്ട്. നന്നായി വായിക്കണം. വായനയും, എഴുത്തും ഒരിക്കലും കൈവിടരുത്. ഞാൻ തലയാട്ടി. അദ്ദേഹത്തിന്റെ വാക്കുകൾ സത്യമാവട്ടെയെന്ന് മനസ്സിലായിരം വട്ടം പ്രാർഥിച്ചു. കുറച്ചുനേരത്തേക്ക് ഞങ്ങൾ മൗനവാത്മീകത്തിലേക്ക് ഉൾവലിഞ്ഞു. എന്താ മിണ്ടാത്തെ? ഞാൻ ചോദിച്ചു. "ഒന്നുമില്ല നമുക്കിറങ്ങാം" ആൽത്തറയിൽനിന്ന് ഞങ്ങൾ എഴുന്നേറ്റു. ഭഗത്തിന്റെ കൈകൾ ഞാൻ ചേർത്തുപിടിച്ചു. ആ നിമിഷം ഒരിക്കലും തീർന്നുപോകല്ലേയെന്ന് ഞാൻ അതിയായി ആഗ്രഹിച്ചു. ഞങ്ങളൊരുമിച്ച് അമ്പലപ്പടികൾ കയറി. ആദ്യമായി അദ്ദേഹത്തിന്റെ ബൈക്കിൽ എന്നെകയറ്റി. എന്റെ പ്രഥമബൈക്ക് യാത്രയായിരുന്നു അത്. ആ യാത്ര ചെന്നവസാനിച്ചത് ഒരു ചായക്കടയിലാണ്. നിനക്ക് എന്താടാ കഴിക്കാൻ വേണ്ടത്? എനിക്ക് മസാലദോശ മതി ഞാനുറക്കെ മറുപടി നൽകി. ചായയും മസാലദോശയും കഴിച്ച് അന്ന് ഞങ്ങൾ സന്തോഷത്തോടെ പിരിഞ്ഞു.
അന്ന് വാരാന്ത്യമായിരുന്നു. ഭഗത്തന്ന് നാട്ടിലേക്കാണ് പോയത്. കണ്ണിൽനിന്ന് മറയുവോളം ഞാൻ ഭഗത്തിനെ നോക്കിനിന്നു. അന്നത്തെ ദിവസം അവസാനിപ്പിച്ചതിന് സൂര്യനോട് എനിക്ക് എന്തെന്നില്ലാത്ത വെറുപ്പ് തോന്നി. അന്നുരാത്രി എനിക്ക് ഉറക്കം വന്നതേയില്ല. ആ രാത്രി ഞാനദ്ദേഹത്തെ ഫോൺ ചെയ്തു. പതിവിൽ നിന്നു വിപരീതമായി ഭഗത്തന്ന് ഫോണെടുത്തില്ല. ആ രാത്രി എങ്ങനെയൊക്കെയോ ഞാൻ നേരം വെളുപ്പിച്ചു. പിറ്റേദിവസം രാവിലെയും, വൈകുന്നേരവും, ഞാനദ്ദേഹത്തെ വിളിച്ചു. ഭഗത്തിന്റെ ഫോൺ ശബ്ദിച്ചതേയില്ല. എന്റെ ഹൃദയം നിലച്ചു പോയതു പോലെതോന്നി. വേദനയുടെ അഗാധഗർത്തത്തിലേക്കു ഞാൻ വീണുകൊണ്ടിരുന്നു. ഒരുതരം സങ്കടക്കടന്നലുകൾ എന്നെവന്നു പൊതിഞ്ഞു. അതൊരു ബന്ധത്തിന്റെ മുറിഞ്ഞുപോകലാണെന്ന് പിന്നീടുള്ള ദിവസങ്ങളിലായിരുന്നു ഞാൻ മനസ്സിലാക്കിയത്. അതിനടുത്ത ദിവസങ്ങളിലെല്ലാം ഞാൻ ഭഗത്തിനെ ഫോൺ ചെയ്തു പിന്നീട് ആ ഫോൺ ശബ്ദിച്ചതേയില്ല. ഭഗത്ത് എന്റെ ജീവനും, ജീവിതവുമായിരുന്നെന്നു തിരിച്ചറിഞ്ഞ ദിനങ്ങളായിരുന്നു കടന്നുപോയിക്കൊണ്ടിരുന്നത്. ഭഗത്തിന്റെ അസാന്നിധ്യം നിരാശയുടെ മുൾക്കാടുകളിലേക്ക് എന്നെ എടുത്തെറിഞ്ഞു. എന്റെ ഹൃദയം ചോർന്നു കൊണ്ടേയിരുന്നു. വിരഹത്തിന്റെയും, വേദനയുടെയും തീച്ചൂളയിൽ ഞാൻ വെന്തുനീറി.
ലൈബ്രറിയിലെ ചെറിയ ബെഞ്ചിൽ അദ്ദേഹത്തെയും കാത്തു ഞാൻ തപസ്സുചെയ്തു. ലൈബ്രറിയിലെ പുസ്തകങ്ങളോടൊക്കെയും ഭഗത്തിനെ തിരിച്ചു കൊണ്ടുവരാൻ കരഞ്ഞുകൊണ്ടു ഞാൻ യാചിച്ചു. ആത്മാവ് നഷ്ട്ടപ്പെട്ട ഞാൻ ഭ്രാന്തുപിടിച്ചതുപോലെ അങ്ങോട്ടുമിങ്ങോട്ടെന്നില്ലാതെ നടന്നു. പഠിത്തവും, വായനയുമൊക്കെ നിലച്ചു. ഒന്നിലും ശ്രദ്ധയില്ലാതായി. എന്നെ എന്നന്നേക്കുമായി എനിക്ക് നഷ്ടമായി. കണ്ണീർവറ്റിയ കണ്ണുകളും, സപ്തവർണ്ണങ്ങളും മാഞ്ഞുപോയ ഹൃദയവുമായ് രാത്രികളിൽ ഭഗത്തിന്റെ ഫോൺ കോളിനായി ഞാൻ കാത്തിരുന്നു. വല്ലപ്പോഴും ഉറങ്ങിപ്പോയാൽ ഞാൻ അദ്ദേഹത്തെ സ്വപ്നം കണ്ട് ഞെട്ടിയുണർന്നു. ഭഗത്ത് ചൊല്ലിത്തന്ന കവിതകൾ ഹൃദയത്തിൽ സദാ തിരയടിച്ചുകൊണ്ടിരുന്നു. കൂടുതൽ കൂടുതൽ ശ്യൂന്യതയുടെയും, ഇരുളിന്റെയും അഗാധഗർത്തത്തിലേക്ക് ഞാനറിയാതെ വീണുപോയി.
വിരഹത്തെ ഊന്നുവടിയാക്കി ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപ്പാലത്തിലൂടെ ഞാനെപ്പോഴും സഞ്ചരിച്ചു കൊണ്ടിരുന്നു. ഞങ്ങൾ എന്ന ഒറ്റവഴി ഇരുവഴികളായി പിരിയുന്നത് ദൂരെനിന്നു ഞാൻ നോക്കിക്കണ്ടു. ചുറ്റിലും സംഭവിക്കുന്നതൊന്നിനെയും ഉൾക്കൊള്ളാൻ എന്റെ ഹൃദയത്തിന് സാധിച്ചതേയില്ല. ചില യാഥാർഥ്യങ്ങളെ ഉൾക്കൊള്ളാൻ മനസ്സു മരണം വരെ സമ്മതിക്കില്ല. മാസങ്ങളും, വർഷങ്ങളും കടന്നുപോയി. പതിയെപ്പതിയെ യാഥാർഥ്യബോധത്തോടെ ജീവിതത്തിന്റെ താളക്രമത്തിലേക്ക് ഞാൻ തിരിച്ചുവന്നു. തിരിച്ചുവരാതെ തരമില്ലായിരുന്നു. ഒഴുകിയകന്ന പ്രണയത്തിന്റെ മിടിക്കുന്ന സ്മാരകമായി എനിക്ക് ജീവിച്ചിരിക്കണമായിരുന്നു. പ്രണയിനികൾ എത്രയകന്നു പോയാലും പ്രണയം എന്നും മിടിച്ചു കൊണ്ടെയിരിക്കും. ഭൂമിയുടെ നിലയ്ക്കാത്ത ഹൃദയമാണ് പ്രണയം.
വർഷങ്ങൾക്കിപ്പുറവും ഭഗത്ത് നരേഷിന്റെ വിളിക്കായി വിങ്ങുന്ന ഹൃദയത്തോടെ സിരകളിൽ നുരയുന്ന പ്രണയത്തോടെ ഞാൻ കാത്തിരിക്കുകയാണ്. മൗനമാണ് വിരഹത്തിന്റെ ഭാഷ. മൗനത്തിനല്ലാതെ വിരഹത്തെ ഇത്ര മനോഹരമായി വരച്ചിടാൻ ഏത് ഭാഷയ്ക്കാണ് കഴിയുക. ഭഗത്ത് എന്നെങ്കിലും വരുമായിരിക്കും. അനുവാദം ചോദിക്കാതെയാണല്ലോ ശിശിരം മരങ്ങളിൽ ചേക്കേറുന്നത്. ഒടുവിൽ ഒരു യാത്രമൊഴി പോലും പറയാതെ തിരിഞ്ഞിറങ്ങുന്നു. ശിശിരത്തിന്റെ ആ തിരിച്ചു പോക്കിൽ ഒരു മൗനവാഗ്ദാനം കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ജീവിതത്തിലെ ഏറ്റവും മനോഹരമായ മൗനവാഗ്ദാനമാണത്. എന്നെങ്കിലും ഞാൻ തിരിച്ചുവരും. ഇപ്പോഴും ഭഗത്ത് നരേഷിനെക്കുറിച്ചോർക്കുമ്പോഴൊക്കെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിയാറുണ്ട്. എന്റെ കണ്ണുകളിൽ നിന്ന് കണ്ണീർമുത്തുകൾ താഴെ വീഴാറുണ്ട്. കാത്തിരിപ്പിന്റെ ഭാഷ കണ്ണുനീരും, പുഞ്ചിരിയുമല്ലാതെ മറ്റെന്താണ്.