ഒരുപാടു നാളായി അയാൾ മകളെ കാത്തിരിക്കുന്നു; 'അവൾ വരില്ല, അവൾ ആരുടെയോ ഒപ്പം ഇവിടെ നിന്നും രക്ഷപ്പെട്ടിരിക്കുന്നു...'

Mail This Article
ഞാൻ അന്വേഷിക്കുന്ന ജീവിതം എനിക്കെവിടെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മറൈൻ ഡ്രൈവിൽ നിന്നും അകന്നുപോകുന്ന മറ്റു ബോട്ടുകളെ നോക്കി അയാൾ ഇരുന്നു. അസ്തമയങ്ങളിലേക്ക് നൂഴ്ന്നുകയറുന്ന ജലയാനങ്ങൾ. അതിൽ തിങ്ങിനിറഞ്ഞ ജനം. ഇന്നിന്റെ വിഴുപ്പുകൾ ചുമന്നു കനംതൂങ്ങുന്ന തലകൾ താഴ്ത്തി കരയെത്തുന്നത് കാത്തു അക്ഷമരായി ഇരിക്കുകയാണ് എല്ലാവരും. തിരക്കുകളിൽ നിന്ന് വിട്ടുമാറി വീടിന്റെ മുറിയുടെ ഏകാന്തതയിൽ ഒളിക്കുവാൻ അയാൾ കൊതിച്ചു. വിയർപ്പിൽ ഒട്ടിച്ചേർന്ന വസ്ത്രങ്ങൾ തൊലിയിൽ നിന്ന് ചീന്തിയെടുത്ത് കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. കുളിമുറിയിലെ ബക്കറ്റിൽ വെള്ളം നിറയുമ്പോൾ അതിൽ മുങ്ങിച്ചാകാൻ കൊതിതോന്നി. തലമുക്കിവെച്ചാലും ചാകില്ല. അതാകില്ല എന്നറിയുമ്പോൾ ആ ബക്കറ്റ് ഒന്നാകെയുയർത്തി തലയിലേക്കു കമഴ്ത്തി സ്വയം മുക്തി തേടാൻ ശ്രമിച്ചു. എത്ര ബക്കറ്റ് വെള്ളം തലയിലേക്ക് ഒഴിച്ചു എന്നോർമ്മയില്ല. കുറേ ചൂടും കെട്ടുപാടുകളും അഴിഞ്ഞുപോയെന്നു തോന്നുന്നു.
ഒഴിഞ്ഞ ബക്കറ്റിലേക്ക് വിയർപ്പു നിറഞ്ഞ വസ്ത്രങ്ങൾ അയാൾ എടുത്തെറിഞ്ഞു. എറിയുന്നതിനു മുമ്പേ ഒന്നുകൂടി മണത്തു നോക്കി, നഗരത്തിലെ മനുഷ്യരുടെ വിയർപ്പ് മുഴുവൻ അതിലുണ്ടെന്നു അയാൾക്ക് തോന്നി. ഓക്കാനം വന്നോ? ദീർഘനിശ്വാസം വിട്ടു അയാൾ കട്ടിലിൽ നീണ്ടുനിവർന്നു കിടന്നു. അയാളുടെ നോട്ടം അലമാരിയിലെ കുപ്പിയിലേക്കായിരുന്നു, അത് എന്നോ ഒഴിഞ്ഞതാണ്. കടം വാങ്ങിയായാലും വാരാന്ത്യത്തിൽ ഒന്ന് വാങ്ങണം. ഒന്നുറങ്ങിയേ മതിയാകൂ. തന്നെ ഉറക്കാൻ മറ്റു മരുന്നുകൾക്ക് ഒന്നും കഴിയുന്നില്ലല്ലോ. എത്രയാണെന്ന് വെച്ചാണ് ഇങ്ങനെ ജീവിക്കുക. അങ്ങനെ കിടന്നു അയാൾ ഒന്ന് മയങ്ങിപ്പോയി.
അപ്പോഴാണ് ഫോൺ മുഴങ്ങിയത്, അയാൾ ഫോണെടുത്തു. ഞാൻ കരുതി നീ എന്നെക്കാത്ത് നിൽക്കുമെന്ന്. നീ കയറിയ ബോട്ട് ഞാൻ എത്തുന്നതിന് മുമ്പേ പുറപ്പെട്ട് പോകുന്നത് ഞാൻ കണ്ടിരുന്നു. നിനക്കെന്നെ കാത്തു നിൽക്കാമായിരുന്നു. ഒരു ദീർഘനിശ്വാസമെടുത്ത് അയാൾ പറഞ്ഞു, ആരും ആരെയും കാത്ത് നിൽക്കുന്നില്ല. ജീവിതം അതിന്റെ ഇഷ്ടംപോലെ ഓരോരുത്തരെയും വലിച്ചുകൊണ്ട് പോവുകയാണ്. കാത്തു നിന്നിട്ടുത്തന്നെ എന്തിനാണ്, നഷ്ടപ്പെടുത്തലിന് കാവൽ നിൽക്കാനോ? ഇല്ലായ്മകളാണ് നമ്മുടെ ജീവിതങ്ങൾ, അതറിഞ്ഞു പെരുമാറുന്നതാണ് രണ്ടുപേർക്കും നല്ലത്. ഇല്ലായ്മകളിലും മനുഷ്യർ സന്തോഷം കണ്ടെത്തുന്നുണ്ട്. നല്ല മനസ്സും പ്രായോഗിക ചിന്തകളും മാത്രം മതി. ഉള്ളതിനുള്ളിൽ സന്തോഷിക്കാൻ എനിക്കറിയാം.
മനുഷ്യരുടെ ജീവിത സാഹചര്യങ്ങൾ പലതല്ലേ. ഏതു നിലയിലായാലും, ജീവിതത്തിന്റെ നൂലാമാലകൾ, സംഘർഷങ്ങൾ, വിക്ഷോഭങ്ങൾ, ഇല്ലായ്മകൾ പലനിലകളിൽ എവിടെയും കാണും. നീ ശ്രമിക്കുന്നത് നിന്നിൽ നിന്ന് ഒളിച്ചോടാനാണ്. നിനക്ക് ഒന്നിനും കഴിയില്ലെന്ന തോന്നൽ. എഴുന്നേറ്റു പോയി ഭക്ഷണം കഴിക്കൂ. അവസാനത്തെ ബോട്ട് പോകുമ്പോൾ കഞ്ഞിക്കടയടക്കും. കഞ്ഞി കുടിച്ചു ബോട്ട് ജെട്ടിയുടെ വശങ്ങളിലുള്ള മതിലിൽ അയാൾ നഗരത്തെ നോക്കി ഇരുന്നു. വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന നഗരം. നഗരം ഉറങ്ങുന്നേയില്ല. പകൽ മുഴുവൻ പണിയെടുത്ത് ഒരു കൂട്ടം മനുഷ്യർ മാത്രമാണ് ഉറങ്ങാനൊരിടം തേടി വീടുകൾ തേടുന്നത്. അപ്പോൾ മറ്റൊരു കൂട്ടം മനുഷ്യർ നഗരത്തെ ഉണർത്തിനിർത്തി, ജീവിതം ആഘോഷിക്കാൻ തുടങ്ങുന്നു.
കായലിലൂടെ ഒഴുകുന്ന ചില യാനങ്ങളിൽ അടിച്ചുപൊളി ഗാനങ്ങൾ, നൃത്തമാടുന്ന ജനം. അവരുടെ ആഘോഷം കഴിഞ്ഞുവേണം, ബോട്ട് ഒന്നടുപ്പിച്ചു മനുഷ്യന് ഒന്ന് കിടക്കാൻ. അപ്പോഴാണ് അയാൾ ആ മനുഷ്യനെ കണ്ടത്, മെല്ലിച്ച ഒരു മനുഷ്യൻ. മകൾ ആ ബോട്ടിൽ ആടുകയും പാടുകയും ചെയ്യുന്നുണ്ട്. അവളെക്കൊണ്ടുപോകാൻ വന്നു നിൽക്കുന്നതാണ്. അയാൾ ആ മനുഷ്യനെ സൂക്ഷിച്ചു നോക്കി. മറ്റുള്ളവരുടെ ആഘോഷങ്ങൾ അല്ലെ നമുക്ക് ജീവിക്കാൻ വക നൽകുന്നത് എന്നാണ് മകൾ പറഞ്ഞത്. താൻ ചോദിച്ചില്ലല്ലോ എന്ന മട്ടിൽ അയാൾ ആ മനുഷ്യനെ നോക്കി. അവൾ ചെയ്യുന്ന ജോലിയോട് എനിക്ക് വെറുപ്പാണ്, എന്ത് ചെയ്യാൻ കഴിയും, വീട്ടിലെ നാലു വയറിലേക്ക് എന്തെങ്കിലും ചെല്ലണമല്ലോ.
അയാൾക്ക് ആ മനുഷ്യനിൽ നിന്ന് അകന്നു നിൽക്കണമെന്ന് തോന്നി. എല്ലാവരും ചിന്തിക്കുന്നത് ഒന്ന് തന്നെയാണ്. മൂന്ന് നേരത്തേക്കുള്ള ആഹാരം എങ്ങനെ കണ്ടെത്തുമെന്ന്. കൈനീട്ടാനറിയാത്ത, കളവ് ചെയ്യാനറിയാത്ത മനുഷ്യർ ഇഷ്ടമില്ലാത്ത ജോലികളിൽ മുഴുകി, ജീവിതം കുരുതി കൊടുക്കുന്നു. അവസാനത്തെ ബോട്ട് വരുന്നുണ്ട്, അവൾ അതിൽ കാണും. ബോട്ടടുത്തു, എല്ലാവരും ഇറങ്ങിപ്പോയി. ആ മനുഷ്യൻ അങ്ങനെ നിൽക്കുകയാണ്. ബോട്ട് കെട്ടി സ്രാങ്ക് പുറത്തേക്ക് നടക്കുമ്പോൾ അയാളെ നോക്കി പറഞ്ഞു. ഒരുപാട് നാളായി അയാൾ മകളെ കാത്തുനിൽക്കുന്നു. അവൾ വരില്ല, അവൾ ആരുടെയോ ഒപ്പം ഇവിടെ നിന്നും രക്ഷപ്പെട്ടിരിക്കുന്നു. നിങ്ങൾ മറ്റാരെയെങ്കിലും കാത്തു നിൽക്കുകയാണോ? ഇനി ബോട്ടിൽ മറ്റാരുമില്ല കേട്ടോ. അതും പറഞ്ഞു സ്രാങ്ക് നടന്നകന്നു. കുറച്ചു കഴിഞ്ഞു മകളെ കാത്തു നിന്ന മനുഷ്യൻ ഇരുട്ടിലേക്ക് നടന്നു പോയി. ഞാൻ ആരെക്കാത്തു നിൽക്കുകയാണ്? അയാൾ സ്വയം ചോദിച്ചു. കായലിന്റെ ഇരുട്ടിൽ അയാൾക്കൊരുത്തരം കണ്ടെത്താനായില്ല.