ADVERTISEMENT

സിസിടിവി കൺട്രോൾറൂമിലിരുന്നുള്ള കാഴ്ചകളെപ്പോഴും വ്യത്യസ്തമാണ്. തിരക്കിട്ടോടുന്ന പലതരം ആളുകൾ. തിരക്കൊട്ടുമില്ലാത്തവർ. വെവ്വേറെ ആവശ്യങ്ങൾ. വ്യത്യസ്തങ്ങളായ വികാരങ്ങൾ. ചില നിശബ്ദദൃശ്യങ്ങളിൽ ഒരുപാടു കഥകൾ ഒളിഞ്ഞിരിക്കുന്നുണ്ടാകും. കൺട്രോൾറൂമിൽ ഞങ്ങൾ രണ്ടുപേരാണ് ഡ്യൂട്ടിയിൽ. ദൈവങ്ങളെന്നാണ് സഹപ്രവർത്തകർ ഞങ്ങളെ വിളിക്കാറുള്ളത്. ചിലപ്പോൾ തോന്നും ആ വിളിപ്പേര് ശരിയാണെന്ന്. എല്ലാം കണ്ടുകൊണ്ട് മുകളിലൊരാളിരിപ്പുണ്ടെന്നാണല്ലോ പറയാറ്. എല്ലാമല്ലെങ്കിലും കുറെയൊക്കെ ഞങ്ങൾ കാണാറുണ്ട്.. കൺട്രോൾറൂമിൽ ഡ്യൂട്ടിയുള്ളവർ മുന്നിൽ കാണുന്നതും കേൾക്കുന്നതുമായ ചിത്രങ്ങളും വിവരങ്ങളും പങ്കുവയ്ക്കാൻ പാടില്ലെന്നാണ് നിയമം. എന്നിട്ടുമിത് പറയാൻ കാരണം എഴുതാനെടുക്കരുതെന്നു തീരുമാനിച്ചിരുന്ന വിഷയങ്ങളിലൊന്ന് കൗതുകക്കാഴ്ചകളായി മുന്നിലെത്തിയതു കൊണ്ടാണ്. ചില കഥകളങ്ങനെയാണ്!

കാണുന്നതിനും കേൾക്കുന്നതിനുമപ്പുറം മറ്റു വശങ്ങളുമുണ്ടായിരിക്കും. ചില നിശ്ശബ്ദദൃശ്യങ്ങൾക്കുള്ളിൽ ഒരുപാടു കഥകൾ ഒളിഞ്ഞിരിക്കും. സംഭാഷണങ്ങളോടെ അതു കണ്ടെത്തണം. ഞാൻ ചെന്നപ്പോൾ അവൻ എന്നെ കാത്തിരിക്കുകയായിരുന്നു. ഡ്യൂട്ടി മാറി. "എന്താണ് അപ്ഡേഷൻ?'' ''ഡോക്ടർ കാർത്തികയെ കാണാനായി കുറച്ചു വസന്തങ്ങൾ വന്നിരിപ്പുണ്ട്. എന്തിനാണോ ആവോ...'' എന്നു പറഞ്ഞ് ഫോണുമെടുത്ത് ''ആ മോളെ പറ, കുളിക്കാൻ പോവാണോ, ഞാനും വരട്ടെ'' എന്നൊക്കെ കൊഞ്ചിക്കൊണ്ടവൻ ബാത്ത്റൂമിലേക്കു കയറിപ്പോയി. മറ്റാരോടുമല്ലവന്റെ ഈ കൊഞ്ചൽ, സ്വന്തം ഭാര്യയോടുതന്നെയാണ്. "ഭാര്യയോടിങ്ങനെയൊക്കെ റൊമാന്റിക്കായ് പെരുമാറാൻ പറ്റുമോ?'' ഒരിക്കൽ ഞാൻ ചോദിച്ചു "പിന്നെന്താ പറ്റാത്തേ? പറഞ്ഞു നോക്കണം. അപ്പോഴറിയാം അതിന്റെ ലഹരി.'' പുതുമ മാറാത്തോണ്ടാകുമെന്നു തോന്നും. അല്ല! വർഷങ്ങളായി രണ്ടു ധ്രുവങ്ങളിലായി അകന്നു ജീവിക്കേണ്ടി വരുന്നവരുടെ പങ്കുവയ്ക്കലുകളുടെ ആവേശമാണതെന്ന് പിന്നീട് അനുഭവങ്ങളിലൂടെയറിയും.

അവൻ സൂം ചെയ്തുവച്ചിരുന്ന ക്യാമറയിൽ, ഗൈനക്കോളജി ഡോക്ടർ കാർത്തികയുടെ റൂമിനു മുന്നിലെ കോറിഡോറായിരുന്നു പശ്ചാത്തലം. മദ്ധ്യവയസ്സു കഴിഞ്ഞ രണ്ടു ദമ്പതിമാരാണു കോറിഡോറിലുള്ളത്. നാലുപേരും അവരുടെ ഊഴം കാത്തിരിക്കുകയാണ്. മനസ്സിന്റെ പിരിമുറുക്കം അവരുടെ മുഖത്ത് പ്രകടമാണ്. സാധാരണ, വിവാഹം കഴിഞ്ഞു പുതുമോടിയിലെത്തുന്ന ദമ്പതിമാരെയാണു കാണാറുള്ളത്. ഇന്നിപ്പോൾ ഇവർ! ആ സ്ത്രീ ഗർഭിണിയായിരിക്കുമോ? ക്യാമറ ഫോക്കസ്സു ചെയ്തപ്പോൾ അവരുടെ മുഖം കരഞ്ഞു തളർന്നതുപോലെയാണ് കണ്ടത്. അയാൾ അൽപ്പം അകന്നാണിരിക്കുന്നത്. മുഖത്തു ദേഷ്യമാണ്. ഇടയ്ക്കവരുടെ കാതിനരികിലേക്കെത്തി എന്തോ പിറുപിറുത്തു. ക്യാമറയിലെ മൈക്ക്‌ ഓൺ ചെയ്തിട്ടും കേൾക്കാൻ കഴിഞ്ഞില്ല. ഇനി പറയുന്നത് കേൾക്കണം. ഇയർഫോൺ കാതുകളിൽ തിരുകി, ഞാൻ കാതോർത്തു.

"നീയല്ലേ ഇതൊക്കെ ശ്രദ്ധിക്കേണ്ടത്? പേറും പിറപ്പുമൊന്നിനി വേണ്ടാ. മക്കളിതൊന്നും സമ്മതിക്കില്ല. മോൾ പറഞ്ഞിട്ടുണ്ട്, അഥവാ എന്തെങ്കിലും ആണെങ്കിൽ കളഞ്ഞിട്ടേ വരാവൂന്ന്.'' അവർ മറുപടി ഒന്നും പറയാതെ തല കുനിച്ചിരുന്നു. "കേട്ടല്ലോ നീയപ്പൊ ഇടങ്ങേറ് വർത്തമാനം ഒന്നും പറയരുത്.'' അപ്പോൾ, ആ സ്ത്രീ ഗർഭിണിയാണ്!. അയാൾക്കതിഷ്ടമല്ല. കാര്യം മനസ്സിലായി. അതിന് കാർത്തിക ഡോക്ടർ ആർക്കും അബോർഷൻ ചെയ്യാറില്ലല്ലോ. ഡോക്ടറെത്തിയില്ലേ? ഞാൻ നോക്കി. ക്യാമറയിൽ ഡോക്ടർ റൂമിലെത്തിയതു കണ്ടു. ലഹരിക്കടിമയായൊരാൾ അക്രമകാരിയായി ഒരു ഡോക്ടറെ കൊലപ്പെടുത്തിയതിനു ശേഷമാണ് എല്ലായിടത്തും ക്യാമറ വച്ചത്. ചിലതിലൊക്കെ മൈക്കും ഉണ്ട്. ഡോക്ടർ പുറത്തിരുന്നവരെ വിളിച്ചു. ആദ്യം ആ സ്ത്രീ മാത്രം ഡോക്ടറുടെ മുറിയിൽ കയറി. അൽപ്പം കഴിഞ്ഞ് അവർ തിരികെ വന്ന് അയാളെയും വിളിച്ചു. ഡോക്ടർ അങ്ങനെയാണ് കാര്യം നടത്തി വിജുഗീഷുവിനെപ്പോലെ പുറത്തിരുന്ന് ആളുചമയാൻ അനുവദിക്കാറില്ല. അയാളും മുറിക്കുള്ളിലെ കസേരകളിലൊന്നിലിരുന്നു. ഡോക്ടറും സ്ത്രീയും പരിശോധനാമുറിയുടെ കർട്ടനു മറവിലേക്ക് മറഞ്ഞു. പുറത്താരൊക്കെയോ വീണ്ടും വന്നിട്ടുണ്ട്.

ഉച്ചകഴിഞ്ഞ സമയമായതിനാൽ അധികം തിരക്കായിട്ടില്ല. രണ്ടുപേർ കൂടെ വന്നിട്ടുണ്ട്. വിവാഹിതരാണെന്നു മനസ്സിലായി. പുതുമോടിയിലാണ്. തമ്മിൽ ചേർന്നിരിപ്പും കോർത്തുപിടിച്ച കൈകളും മുഖത്തുള്ള പ്രസ്സന്നതയും ഒക്കെ പതിവുകാഴ്ചകളാണ്. ചുവരിൽ പതിച്ചിരുന്ന ഇരട്ടക്കുട്ടികളുടെ ചിത്രത്തിൽ നോക്കി അവനെന്തോ അവളുടെ കാതിൽ പറഞ്ഞു. അവളുടെ മുഖത്ത് ചെമപ്പുനിറം കൂടുകയും നാണം കലർന്ന ചിരിയും വിടർന്നു. അടുത്ത ഊഴം മറ്റേ ദമ്പതിമാരുടേതാണല്ലോ. ആദ്യം കണ്ടവരെക്കാൾ പ്രായക്കൂടുതൽ അവർക്കുണ്ടെന്നു തോന്നി. രണ്ടുപേരും ചേർന്നാണിരിപ്പ്. പുതുമോടിക്കാരുടെ ചേഷ്ടയും സന്തോഷവും അവരും ശ്രദ്ധിച്ച മട്ടുണ്ട്. ബെഞ്ചിൽ വിശ്രമിച്ചിരുന്ന അവരുടെ കൈപ്പത്തിക്കു മുകളിൽ അയാൾ കൈവച്ചു. അവർ മുഖമുയർത്തി അയാളെ നോക്കി. അയാൾ രണ്ടു കണ്ണുകളും പതിയെ അടച്ചു കാണിച്ചു. ആകാംക്ഷയുടെ മുൾമുനയിലാണ് അവരുടെ മുഖമെന്ന് തോന്നി. വേദനയുടെ കടൽ പേറുന്ന പോലെയുള്ള കണ്ണുകൾ. വിടർന്ന നെറ്റി. പൊട്ടു വച്ചിട്ടില്ല. ഒരു പൊട്ടുവെച്ചിരുന്നെങ്കിൽ എത്ര ഭംഗിയായിരുന്നേനെ എന്നുതോന്നി. പ്രായം അൻപതുവയസ്സ് കഴിഞ്ഞിട്ടുണ്ടാകും. ഇവരും പ്രഗ്നന്റായിരിക്കുമോ? അല്ലെങ്കിൽ പിന്നെന്തിനാണ് കാർത്തിക ഡോക്ടറെ കാണാനെത്തിയത്?

അവർ വിയർക്കുന്നുണ്ട്. അയാൾ കർച്ചീഫെടുത്ത് നൽകുകയും എഴുന്നേറ്റ് കോറിഡോറിലെ ഫാനിന്റെ വേഗവും കൂട്ടി, തിരികെ വന്നിരുന്നു. അവരുടെ കാതിൽ എന്തോ ചോദിച്ചു. മൈക്കിന്റെ വോയിസ് ഞാൻ കൂട്ടി. അയാൾ ബാഗ് തുറന്ന് ഒരു കുപ്പിവെള്ളമെടുത്ത് അടപ്പു തുറന്ന് അവർക്കു നൽകി.''കുറച്ച് വെള്ളം കുടിക്ക് ടീച്ചറേ'' അയാൾ പറഞ്ഞു. പുതുമോടിയിലെത്തിയവർ ഇവരെ നോക്കി എന്തോ അടക്കം പറഞ്ഞു ചിരിച്ചു. ''മതി'' വെള്ളം കുടിച്ച് കുപ്പി അവർ തിരികെ നൽകി. ഡോക്ടറുടെ റൂമിന്റെ വാതിൽ തുറന്നു. ആദ്യം കയറിയവർ തിരികെ വന്നു. അയാളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നിരുന്നു. "ഹൊ സമാധാനമായി. വെർതെ പേടിച്ചു. ന്തായാലും അതങ്ങ് നിലച്ചല്ലോ. നെനക്കെന്തേലും തിന്നാൻ വേണോ. മട്ടൻ ബിരിയാണി മേടിക്കാം. ഇന്നിനി ചെന്നിട്ട് വേവിക്കേന്നും വേണ്ടാ. പിള്ളാരെത്താൻ സന്ധ്യയാകും. ഇനിയിപ്പൊ ധൈര്യായല്ലോ. നമുക്കൊരോട്ടോ പിടിച്ച് വെക്കം വീട്ടിപ്പോകാം.'' അവർ മറുപടി ഒന്നും പറഞ്ഞില്ല. വാടിവീണുപോയ ചെമ്പരത്തിപ്പൂവു പോലെയായിരുന്നു അവരുടെ മുഖം. കാലങ്ങളായ് ഒഴുകിയിരുന്നൊരു അരുവി പെട്ടെന്ന് വേനലിൽ വരണ്ട് വിണ്ടുകീറിയ ചതുപ്പുനിലത്ത് ചെന്നവസാനിച്ചതുപോലെ നടക്കാൻ മറന്ന് അവിടെ നിന്നു. അയാൾ മുൻപെ നടന്നു പോയിരുന്നു. രണ്ടുകാലുകളിലും ചക്രങ്ങൾ ഘടിപ്പിച്ചൊരു യന്ത്രപ്പാവയെ ആരോ ചരടിൽ കെട്ടിവലിക്കുന്നതു പോലെ പിന്നെയവർ നടന്നകലുകയായിരുന്നു.

രണ്ടാമതു കണ്ടവരുടെ ഊഴമെത്തി. രണ്ടുപേരും ഒരുമിച്ചാണ് ഡോക്ടറുടെ മുറിയിലേക്കു കയറിയത്. പുഞ്ചിരിയോടെ ഡോക്ടർ അവരെ സ്വാഗതം ചെയ്തു. അവർ തമ്മിൽ സംസാരിക്കുന്നുണ്ട്. പരിശോധനാമുറിയിലെ കർട്ടനു പുറകിലേക്കവർ മറഞ്ഞു. അയാൾ ബാഗു തുറന്നു വെള്ളമെടുത്തു കുടിച്ചു. ഏതാനും മിനിട്ടുകൾ കഴിഞ്ഞാണ് അവർ പുറത്ത് വന്നത്. ഉദയസൂര്യനെ നോക്കി വിടർന്നു നിൽക്കുന്ന സൂര്യകാന്തിപ്പൂവുപോലെ തോന്നി അവരുടെ മുഖം. ഡോക്ടർ  അയാളോട് സംസാരിക്കുന്നുണ്ട്. അതുവരെ അക്ഷമനായിരുന്ന അയാളുടെ മുഖവും വിടർന്നു. ആദ്യമായി കാണുന്നതുപോലെ അവരെ നോക്കി. രണ്ടുപേരും മുഖത്തോടു മുഖം നോക്കി മനോഹരമായി പുഞ്ചിരിച്ചു. ഒരു കുഞ്ഞിനോടെന്നതുപോലെ അയാൾ ഒരു കൈപ്പത്തി അവരുടെ കവിളിൽ വച്ചു. ഡോക്ടർ എന്തൊക്കൊയോ മരുന്നുകൾ കുറിച്ചു കൊടുത്തു. കോറിഡോറിലൂടെ അവർ നടന്നകലുമ്പോൾ ഇപ്പോൾ അവരാണു പുതുമോടിയിലെന്നു തോന്നി. കൈകൾ കോർത്തു പിടിച്ച്, തോളോടുതോൾ ചേർന്ന് പതിയെ അവർ നടന്നു.

അവൻ ബാത്ത്‌റൂമിൽ നിന്നിറങ്ങി തിരിച്ചെത്തി. മുഖത്തൊരു സങ്കടംപോലെ "എന്താടാ?'' ''റെഡ് സിഗ്നലാണ്.'' അവന്റെ നിരാശക്ക് അതായിരുന്നു കാരണം. മറ്റു പലർക്കും പല പല കാരണങ്ങൾ! ഡോക്ടറുടെ റൂമിനു മുന്നിൽ തിരക്കു കൂടിയിട്ടുണ്ട്. "നീയെന്താ ഇയർഫോണും കുത്തി, നോക്കിയിരിക്കുന്നത്?" "അവരുടെ സംഭാഷണങ്ങൾ കേൾക്കുവാണ്.'' "അതിനവിടെ മൈക്ക് ഇല്ലല്ലോ!'' "ങേ! ഞാനെന്നും കേൾക്കാറുണ്ടല്ലോ'' അവൻ ഇയർഫോൺ വാങ്ങി കാതിൽ വച്ചു നോക്കി. ഒന്നും മിണ്ടാതെ തിരികെ തന്നു. "അവിടെ മൈക്കൊന്നുമില്ല. തിരക്കുള്ളിടത്ത് മൈക്കിൽ രണ്ടുപേരുടെ ശബ്ദം മാത്രമെങ്ങനെയാണ് കിട്ടുന്നത്?'' ഞാൻ വീണ്ടും ഇയർഫോൺ തിരുകി. പ്ലേബാക്ക് എടുത്ത് ഡോക്ടറുടെ റൂമിൽ അവർ എത്തുന്നതെടുത്തു. അയാളാണ് ആദ്യം സംസാരിച്ചത്. "വിവാഹം കഴിഞ്ഞ്  ഇരുപത്തഞ്ചുവർഷമായി ഡോക്ടർ, ആദ്യമായിട്ടാണിങ്ങനെ'' ഡോക്ടറുടെ മറുപടി മൃദുവായ സ്വരത്തിലാണ്. "നിങ്ങൾക്കു മുൻപ് ഇവിടിന്നിറങ്ങിപ്പോയവരെ കണ്ടില്ലേ? അവരും ഇതേ സംശയവുമായ് വന്നരാണ്. അവർക്ക് നാലു  മക്കളുണ്ട് ഇപ്പോൾ വീണ്ടും പ്രഗ്നന്റാണോന്ന് സംശയം. പക്ഷേ അവർക്കറിയാമായിരുന്നു. അത് വിരാമമാണെന്ന്. പക്ഷേ, ഇവിടെ നിങ്ങൾ ഭയപ്പെടണ്ട. ഈ അമ്മ പ്രഗ്നന്റാണ്. രണ്ടുമാസമായിട്ടുണ്ട്.''

വൃദ്ധദമ്പതിമാരുടെ രണ്ടുപേരുടെയും മുഖം സന്തോഷംകൊണ്ടു വിടർന്നിരുന്നെങ്കിലും അയാളുടെ ആശങ്കകൾ ഒഴിഞ്ഞിരുന്നില്ല. ''ഡോക്ടർ, ഇതുകൊണ്ട് ടീച്ചർക്കൊരുപാടു ബുദ്ധിമുട്ടാകുമോ" ''അച്ഛൻ എന്നെ മോളെന്നു വിളിച്ചോളൂ. ടീച്ചർക്ക് ചെറിയ പ്രയാസങ്ങളൊക്കെ ഉണ്ടാകും. പക്ഷേ, പേടിക്കണ്ട. ഏഴുമാസം കൂടെ കഴിയുമ്പോൾ ടീച്ചർ പ്രസവിക്കും. കുഞ്ഞിനെ അച്ഛന്റെ കൈകളിൽ ഞാൻ തന്നെ നൽകും. ഒന്നുരണ്ടു ദിവസങ്ങൾക്കുശേഷം ടീച്ചറെയും കൂട്ടി വീട്ടിൽ പോകാം.'' ആ നിമിഷങ്ങൾ നേരിൽ കണ്ടതുപോലായിരുന്നവരുടെ മുഖഭാവങ്ങൾ. അയാൾ രണ്ടുകൈപ്പത്തികളും വിടർത്തി അതിലേക്കു നോക്കുന്നതു കണ്ടു. അവരുടെ നെറ്റിയിൽ അയാൾ ചുംബിക്കുമെന്ന് പ്രതീക്ഷിച്ചു. ''എന്താടാ വീണ്ടും ഇയർഫോണും കുത്തിയിരിക്കുന്നത്?'' അവൻ, എന്റെ ശ്രദ്ധയെ മുറിച്ചുകളഞ്ഞു.

"അവിടെ മൈക്കൊന്നുമില്ല. പിന്നെ നീയെന്താ ഇങ്ങനെ കാതോർത്തിരിക്കുന്നെ?'' "ഞാനപ്പോൾ ഇത്രയും നേരം കേട്ടതോ?'' ഇയർഫോൺ വച്ച് ഞാൻ വീണ്ടും കാതോർത്തു. "ശരിയാണ്, ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല!'' ഡോക്ടർ  മൊബൈലെടുത്ത് എന്തോ ടൈപ്പുചെയ്യുന്നുണ്ട്. വേണമെങ്കിൽ ക്യാമറ സൂം ചെയ്ത് അതറിയാൻ പറ്റും. മൊബൈൽ മാറ്റിവച്ച് ക്യാമറയിലേക്കു നോക്കി അവൾ ചിരിച്ചു കാണിച്ചു. അവൾക്കറിയാം ഞാനവളെ കാണുന്നുണ്ടാകുമെന്നും, അതെനിക്ക് സന്തോഷമുള്ളതാണെന്നും. നഷ്ടപ്രണയം! സ്വിച്ചിടുമ്പോൾ ഉണ്ടാകുകയും പിന്നെ ഇല്ലാതാകുകയും ചെയ്യുന്ന വെളിച്ചം പോലെയല്ല. ഇരുട്ടിലും പകലിലും ഒരുപോലെ ജ്വലിച്ചു നിൽക്കുന്ന നക്ഷത്രം പോലെയാണ്. ദൈവമായിരുന്നെങ്കിൽ ഈ കാഴ്ചകളും സംഭവങ്ങളും നിയന്ത്രിക്കാൻ കഴിയുമായിരുന്നല്ലോ എന്നു ചിലപ്പോൾ തോന്നും. പ്രവൃത്തികൾ, സംഭാഷണങ്ങൾ എന്നിവയൊക്കെ എഡിറ്റു ചെയ്ത് നിയന്ത്രിക്കാമല്ലോ. പ്ലേബാക്കെടുത്ത് പുറകിലേക്ക് പോയി തിരുത്തലുകളോടെ നഷ്ടങ്ങളെ സ്വന്തമാക്കാമായിരുന്നു. ഡ്യൂട്ടി അവനെയേൽപ്പിച്ചു ഞാൻ തിരിച്ചിറങ്ങി. മൊബൈൽ എടുത്തപ്പോൾ എന്നെ കാത്തൊരു മെസേജുണ്ടായിരുന്നു. ''അതേയ്, ആമിക്കുട്ടി വല്ല്യപെണ്ണായി!''

English Summary:

Malayalam Short Story ' Rithu ' Written by Jayachandran N. T.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com