'കടലിനഭിമുഖമായ പഞ്ചനക്ഷത്ര ഹോട്ടലിൽ അവൾ മരിച്ചുകിടന്നു', ആത്മഹത്യയോ? കൊലപാതകമോ?

Mail This Article
''കാമത്തെക്കാൾ മനോഹരമായ മറ്റൊരു വികാരമുണ്ട്. അത് സ്നേഹമാണ്. നാണയക്കൂമ്പാരത്തെക്കാൾ സമ്പന്നമായ ദരിദ്രതയുമുണ്ട്.'' ജീവിതാനുഭവങ്ങളിൽ അവൾക്കിത് മനസ്സിലായെന്ന് മാർത്തയ്ക്കു ബോധ്യമായി. കുമ്പസാരം കഴിഞ്ഞിരുന്നു. മാർത്ത എല്ലാം ക്ഷമയോടെ കേട്ടു. മനസ്സിനും ശരീരത്തിനും വേലികെട്ടിയ വിലക്കുകൾ ഉപേക്ഷിച്ച് ഉടൽസുഖങ്ങളും തേടി കൗമാരപ്രായത്തിലുണ്ടായ ഒളിച്ചോട്ടം. അവളുടെ വെളിപ്പെടുത്തൽ മാർത്തയിൽ ഞെട്ടലുണ്ടാക്കിയില്ല. അഭിസാരികയുടെ മാനസ്സാന്തരപ്പെടൽ. അല്ലെങ്കിൽ വാർദ്ധക്യവും, രോഗങ്ങളും വേദനകളായപ്പോൾ തിരിച്ചുവരവിനൊരുങ്ങുന്നവളുടെ ജൽപനങ്ങൾ എന്നെ മാർത്തയ്ക്ക് തോന്നിയുള്ളൂ. കാരണം അവളുടെ പാപമോചനം മരണമെന്ന് മാർത്ത നിശ്ചയിച്ചിരുന്നു. 'ഒരു വാതിലിനപ്പുറം അവളുണ്ട്. ഇപ്പുറത്ത് മാർത്തയും. എല്ലാമറിഞ്ഞതിനുശേഷം കഴിയുമെങ്കിൽ വാതിൽ തുറന്നാൽ മതിയെന്നത് അവളുടെ തീരുമാനമായിരുന്നു. വാതിൽ തുറക്കുകയും ശിരോവസ്ത്രമഴിച്ച് അവളുടെ കഴുത്തിലൂടെ ചുറ്റിമുറുക്കുമ്പോൾ മാർത്തയുടെ കൈകൾക്കൊട്ടും വിറയലുണ്ടായില്ല. ദിവസങ്ങളായി ശരീരം മുഴുവനരിച്ചിറങ്ങുന്ന പുഴുക്കളെ ഒന്നടങ്കം ഞെരിച്ചുകൊല്ലുന്നൊരു സുഖം അനുഭവിക്കുന്നുണ്ടായിരുന്നു. മാർത്തയെ തളർത്തിയത് പ്രാണന് വേണ്ടി പിടയുന്ന അവളുടെ പ്രതികരണമില്ലായ്മയാണ്. ശ്വാസം മുട്ടി അവൾ പിടയുമെന്നും ജീവന് വേണ്ടി യാചിക്കുമെന്നുമുള്ള പ്രതീക്ഷ. മരണത്തിനവളുടെ മനസ്സ് സമ്മതം നൽകിയെങ്കിലും മാർത്തയുടെ കൈകൾ മുറുകിയപ്പോൾ തൊണ്ടയിൽ നിന്നൊരു ഞരക്കമുണ്ടായി. ശരീരം നിശ്ചലമായി.
പ്രസിദ്ധ പോൺ മൂവി നായിക എല്ല്യാനഷഹൈന്റെ മരണം. മൂന്നാംദിവസമാണ് പുറംലോകമതറിഞ്ഞത്. ശരീരം അഴുകി ദുർഗന്ധം വമിച്ചിരുന്നു. പത്രങ്ങളിലെ പ്രധാന പേജിലെ വാർത്തയതായിരുന്നു. അവളുടെ മനോഹരമായൊരു ചിത്രവും! ലെൻസുവച്ച തിളങ്ങുന്ന വെള്ളിക്കണ്ണുകളും, ചെമ്പൻതലമുടിയും, കാതിലെ വൈരക്കമ്മലുകൾക്ക് അനുയോജ്യമാംവിധം ഇണങ്ങുന്ന നെറ്റിച്ചുട്ടിയും നെക്ലെസുമണിഞ്ഞ് വശ്യഭാവത്തിൽ പുഞ്ചിരിക്കുന്ന അവളുടെ മുഖം. ചില പുരുഷൻമാരെങ്കിലും ആ ചിത്രമെടുത്ത് സൂക്ഷിച്ചിട്ടുണ്ടാകും. ആകാശത്ത് നിന്നു പൊട്ടിവീണ നക്ഷത്രമാണോ എന്ന് തോന്നിക്കും വിധം അത്ര ഭംഗിയായിരുന്നവളുടെ മുഖം. നേർവിപരീതമായിരുന്നവളുടെ മരണവേഷം. ആഭരണങ്ങളും അലങ്കാരങ്ങളും ഉപേക്ഷിച്ച് നഗരമധ്യത്തിലെ പ്രസിദ്ധമായൊരു സ്റ്റാർഹോട്ടലിലെ മുറിക്കുള്ളിലെ ബാത്ത്ടബ്ബിൽ, കന്യാസ്ത്രീയുടെ വേഷമണിഞ്ഞവൾ മരിച്ചുകിടന്നു.
പ്രസിദ്ധയോ കുപ്രസ്സിദ്ധയോ ആത്മഹത്യയോ? കൊലപാതകമോ? നടിയുടെ മരണം ആത്മഹത്യയെന്നതിലുപരി ദുരൂഹതയിലേക്കെത്തിക്കാനായിരുന്നു മാധ്യമങ്ങളുടെ താൽപര്യം. അതിനായവർ പല കഥകൾ മെനഞ്ഞു. പോൺ ചിത്രങ്ങളിലെ പ്രകടനങ്ങളും നായകൻമാരും, പശ്ചാത്തലങ്ങളും, കിടക്കയും, പുതപ്പിന്റെയും നിറങ്ങളും ചിത്രങ്ങളുമടക്കം പരാമർശങ്ങളായിവന്നു. വിശദമായ വാർത്താ വിവരണങ്ങൾക്കപ്പുറം അവളുടെ പോൺ ചിത്രങ്ങൾ ചികയുന്ന പുതിയ കാഴ്ച്ചക്കാരുടെ എണ്ണവും കൂടിക്കൊണ്ടിരുന്നു. പലതരം വേഷങ്ങൾ. പൊട്ടുവച്ചതും, വയ്ക്കാത്തതും, സാരിയണിഞ്ഞതും, സ്കൂൾ കുട്ടിയായും സ്‌റ്റെപ്പ് മദറായും, ടീച്ചറായും വെള്ളവസ്ത്രമണിഞ്ഞും പലതരം പ്രകടനങ്ങൾ. എല്ലാത്തിലും അവസാനം വേഷങ്ങളെല്ലാം ഊരിയെറിഞ്ഞ് നഗ്നതകളാടി വ്യത്യസ്തതകൾക്കായി മത്സരിക്കുന്ന ഉടലുകൾ. ആവശ്യക്കാർ അഭിരുചികൾക്കനുസരിച്ച് സ്ക്രോൾ ചെയ്തു ചികഞ്ഞുകൊണ്ടിരുന്നു. മോർച്ചറി ടേബിളിലവൾ അപ്പോഴും അവസാനമായൊരിക്കൽ കൂടി നൂൽബന്ധമില്ലാതെ കിടന്നു. മരണവേഷമണിഞ്ഞതിന് കാഴ്ച്ചക്കാരധികവും ഉണ്ടായിക്കൊണ്ടിരുന്നു. വസ്ത്രങ്ങളോരോന്നായഴിഞ്ഞു വീഴുമ്പോൾ കോടിക്കണക്കിന് കണ്ണുകളതുകണ്ട് ശവഭോഗികളായി മാറി.
കടലിനഭിമുഖമായ പഞ്ചനക്ഷത്ര ഹോട്ടൽ! പത്താം നിലയിലെ കോറിഡോറിൽ പടിഞ്ഞാറ് വശത്തുള്ള ബാൽറൂമിന് തൊട്ടടുത്തുള്ള പതിനാറാം നമ്പർ മുറി. ആ ഫ്ലോറിലെ മറ്റുമുറികളിലൊന്നും ആരും താമസമുണ്ടായിരുന്നില്ല. അവൾ മരിച്ചുകിടന്ന മുറി പൊലീസുകാർ പരിശോധിച്ചപ്പോൾ കോറിഡോറിൽ നിന്ന് മുറിയിലേക്ക് കയറാനായി ഒരു വാതിലുണ്ട്. 'ഈ ഫ്ലോറിൽ എത്ര മുറികളുണ്ട്?' അന്വേഷണ ഉദ്യോഗസ്ഥൻ, സഹായിയായി വന്ന ഹോട്ടൽ റൂംബോയിയോട് ചോദിച്ചപ്പോൾ പതിനേഴെണ്ണമെന്നും ഒന്നൊരു ബാൽറൂം ഡോർമിട്രിയെന്നും അയാൾ പറഞ്ഞു. 'ഡോർമിട്രിയോ! സ്റ്റാർ ഹോട്ടലിലോ!' "അതെ, സർ ഗ്രൂപ്പായി വരുന്നവർക്ക് കൂടാനാണ്. കൂടുതലും സ്പോർട്സ് ടീംസ് എത്തുമ്പോൾ ബാൽറൂമും എടുക്കാറുണ്ട്." അന്വേഷണോദ്യോഗസ്ഥൻ ഒന്നു മൂളി. മുറി മുഴുവൻ പരിശോധിച്ചു. ആ ഫ്ലോറിലെ വലതുവശത്തുള്ള അവസാനത്തെ മുറിയായിരുന്നത്. വടക്ക് വശത്തെ ജനലിനപ്പുറം നഗരക്കാഴ്ച്ചകളാണെങ്കിലും പടിഞ്ഞാറ് വശത്തെ കർട്ടനപ്പുറം ഗ്ലാസ് കൊണ്ട് നിർമ്മിച്ച ചുമരിനപ്പുറം നീലക്കടലിന്റെ മനോഹാരിത. ഇടതുഭാഗത്തുള്ള ചുവരിൽ കണ്ട വാതിലിനെ പറ്റിയുള്ള പരാമർശങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥനെ അതിശയിപ്പിച്ചത്. അയാൾ അത് തുറക്കാൻ ശ്രമിച്ചപ്പോൾ കഴിഞ്ഞില്ല. റൂംബോയ്, കീ കൊടുത്ത് പാസ്‌വേഡും കൊടുത്തപ്പോൾ ആ വാതിൽ തുറന്നു. ചെറിയൊരു കോറിഡോറും അതിനപ്പുറം വീണ്ടുമൊരു വാതിലായിരുന്നു. അത് തുറക്കാനായി ഡോർഹാൻഡിലോ മറ്റ് ലോക്ക് സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല.
അയാൾ ആ ഡോറിലൊന്ന് തള്ളി നോക്കി. "അതങ്ങനെ തുറക്കില്ല സർ." 'പിന്നെന്തിനാടോ ഇങ്ങനൊരു വാതിൽ?' ''അത് തുറക്കണമെങ്കിൽ അടുത്ത മുറിയിലെ ആക്സസ് കാർഡ് വേണം. ആ മുറിയിൽ നിന്നൊരാൾക്ക് ആവശ്യമെങ്കിൽ മുൻവശത്തെ കോറിഡോറിൽ ഇറങ്ങാതെ ഈ മുറിയിലേക്ക് കടന്നു വരാനും, അല്ലെങ്കിൽ ഇവിടന്നങ്ങോട്ടിറങ്ങാനുമാണ് ഇങ്ങനൊരു വാതിൽ പക്ഷേ രണ്ടുപേർക്കും സമ്മതം വേണം.'' അയാൾക്കത് മനസ്സിലായി. കോറിഡോറിലെ സി സി ടി വി യിൽ നിന്ന് രക്ഷപെടാനുള്ള മാർഗ്ഗം! പരിചയമുള്ളവർ പരിചയമില്ലാത്തവരെപ്പോലെ എത്തുകയും രണ്ടു റൂമെടുക്കുകയും ഉള്ളിലുള്ള വാതിൽ വഴി ഒരുമുറിയ്ക്കുള്ളിൽ ഒരുമിക്കാനും കഴിയുന്നു. ''ഫാമിലിയായെത്തുന്നവർ ഉപയോഗിക്കുന്നതാണ്.'' റൂംബോയ് പറഞ്ഞു. 'ഉം ശരി' ആ പൊലീസുകാരൻ ഒരു പുഞ്ചിരിയോടെ സമ്മതിച്ചു കൊടുത്തു. അയാൾക്കറിയാമായിരുന്നു റൂംബോയ് പറഞ്ഞതും ശരിയാണെങ്കിലും മറ്റ് ചിലതിനൊക്കെ വേണ്ടിയും ഇത്തരം സൗകര്യങ്ങൾ ഉപയോഗിക്കാറുണ്ടെന്ന്. സെക്സ് വിത്ത് സ്ട്രെയിഞ്ചർ പരസ്പരം സമ്മതമാണെങ്കിൽ ആരാണെന്നോ എന്താണെന്നോ അറിഞ്ഞും അറിയാതെയും രണ്ടുപേർക്ക് പരസ്പരം രതി പങ്കു വയ്ക്കാൻ ഒരുക്കി കൊടുക്കുന്ന നക്ഷത്രനിലവാരമുള്ള സൗകര്യങ്ങളാണ്. പങ്കാളികൾ സാധാരണക്കാരാകില്ല. രാത്രികൾക്ക് പതിനായിരങ്ങൾ വാടകവരുന്ന മുറികളിലെത്തുന്നവരെല്ലാം പ്രമുഖരുമായിരിക്കും.
മരണം നടന്ന ദിവസം ഹോട്ടലിലെ ആ ഫ്ലോറിലെ മുറികളിലൊന്നിൽ എല്ല്യാനയും തൊട്ടടുത്ത ബാൽറൂമിലും മാത്രമാണ് താമസക്കാരുണ്ടായിരുന്നത്. ബാക്കി പതിനഞ്ചുമുറികളിലും ആരുമില്ലായിരുന്നു. ബാൽറൂമിൽ ഉണ്ടായിരുന്നത് ഒരു കുഗ്രാമത്തിലെ അനാഥാലയത്തിൽ നിന്നെത്തിയ പത്തു വയസ്സിനു താഴെയുള്ള പതിനഞ്ച് പെൺകുട്ടികളും മദ്ധ്യവയസ്ക്കയായ ഒരു കന്യാസ്ത്രീയും മാത്രമാണ്. എല്ല്യാന എന്ന പോൺ നായിക, മുറിക്കുള്ളിലേക്ക് കയറിയതിനുശേഷം കോറിഡോറിലെ സി സി ടി വി യിലെ ക്യാമറയിൽ ഒരാൾ പോലും അകത്തേക്കോ പുറത്തേക്കോ പോയതായോ വന്നതായോ ഏതൊരു ദൃശ്യങ്ങളുമില്ല. ഇതൊരു കൊലപാതകമാണെങ്കിൽ അങ്ങനെ രണ്ടാമതൊരാളിന്റെ സാന്നിധ്യം അനിവാര്യമാണ്. അതാണെങ്കിൽ അനാഥാലയത്തിൽ നിന്നെത്തിയ ചെറിയ കുട്ടികളോ നാൽപതു കഴിഞ്ഞ ആ കന്യാസ്ത്രീയോ ആയിരിക്കണം. കേസ്സന്വേഷണത്തിന്റെ ഭാഗമായി അനാഥാലയത്തിലേക്കുള്ള യാത്രയ്ക്കിടയിൽ ഇൻസ്പെകർ ജെയിംസും, കോൺസ്റ്റബിൾ ജോണും തമ്മിൽ കേസിനെ പറ്റിയൊരു വിശകലനം നടത്തി. ജോണായിരുന്നു സംശയങ്ങളുടെ ചുരുൾ ചികയാനുള്ള ചോദ്യങ്ങളാരംഭിച്ചത്.
''സർ, അതൊരു ആത്മഹത്യയല്ലേ! റൂം ഉള്ളിൽ നിന്ന് പൂട്ടിയിരുന്നു. അടുത്ത മുറിയിലൊന്നും ആരുമില്ലായിരുന്നു. കോറിഡോറിലെ സിസി ടി വി യിലൊന്നും ആരും വന്നുപോയതായി കാണുന്നുമില്ല. പിന്നെയുള്ളത് ബാൽറൂമിൽ ഉണ്ടായിരുന്ന കന്യാസ്ത്രീയും കുട്ടികളുമാണ്, അവരെന്ത് ചെയ്യാനാണ് സർ. ആത്മഹത്യ തന്നെയാണ്'' 'അപ്പൊ കഴുത്തിലുള്ള അടയാളമോ! ആരോ തുണികൊണ്ട് ചുറ്റിമുറുക്കിയതാകാമെന്നാണ് പ്രാഥമിക റിപ്പോർട്ട്. എന്നാൽ മരണകാരണം അതല്ല വിഷം ഉള്ളിൽ ചെന്നതുമാണ്. ആത്മഹത്യ തന്നെയാകും. നമുക്കൊന്ന് നോക്കാം. പോൺമൂവിനായിക ആത്മഹത്യചെയ്യാൻ തീരുമാനിക്കുന്നു. കുറ്റബോധമോ പാപമോചനത്തിന്റെ ഭാഗമായിട്ടോ അവൾ കന്യാസ്ത്രീ വേഷമണിഞ്ഞ് വിഷം കഴിച്ച് ബാത്ത് ടബ്ബിൽ വെള്ളം തുറന്ന് കിടക്കുന്നു.' ''എന്തിനാണ് സർ ബാത്ത്ടബ്ബ്? മറ്റു മാർഗ്ഗങ്ങളുണ്ടായിരുന്നല്ലോ''
'ക്രിസ്തീയ വിശ്വാസപ്രകാരം ഒരാൾ പുതിയ മനുഷ്യനാകുന്നതെങ്ങനെയാണ്? പഴയ മനുഷ്യനെ ജ്ഞാനസ്നാനം ചെയ്ത് ക്രിസ്തുവിൽ പുതിയ മനുഷ്യയായി അവൾക്ക് പുനർജ്ജനിക്കണമായിരുന്നിരിക്കാം.' "അപ്പോഴിത് ആത്മഹത്യയാണ്." 'അതെ' പക്ഷേ കൊലപാതകശ്രമവും ഉണ്ടായിട്ടുണ്ട്.' "അതെങ്ങനെയാണ് സർ കൊലപാതകശ്രമമുണ്ടായിട്ട് പിന്നെ അവർ ആത്മഹത്യ ചെയ്തെന്നാണോ!" ആയിരിക്കാം 'ഒരുപക്ഷെ അത് മറിച്ചാണ് സംഭവിച്ചതെങ്കിലോ!' "എങ്ങനെ?" അവൾ വിഷം കഴിച്ചിട്ടുണ്ടാകാം. മരണപ്പെട്ടിട്ടുണ്ടാകാം. ഇല്ലായിരിക്കാം. അതിനു ശേഷമാണു കൊലയാളി മുറിക്കുള്ളിലെത്തുന്നത്. കഴുത്തിൽ തുണിയോ മറ്റെന്തോ കൊണ്ട് ചുറ്റിവരിയുന്നു. പ്രതീക്ഷിച്ച പ്രതികരണം ഇല്ലാത്തതിനാൽ ഭയന്ന് പിന്തിരിഞ്ഞിട്ടുണ്ടാകും. അല്ലെങ്കിൽ ചുറ്റിവരിഞ്ഞവളെ കൊലപ്പെടുത്തി എന്ന വിശ്വാസത്തിൽ പോയിട്ടുണ്ടാകാം. "പക്ഷേ!, ആര്? അവിടെ മറ്റാരും വന്നുപോയിട്ടില്ലല്ലോ! പിന്നെയാരാ ആ കന്യാസ്ത്രീയാണോ?" 'അവർ തന്നെയാകും അങ്ങനെ ചെയ്തിരിക്കുന്നത്.' "എന്തിന്? എന്തിനായിരുന്നു!''
അനാഥാലയത്തിൽ സിസ്റ്റർ മാർത്തയുടെ മുറിയിൽ ചില ചോദ്യങ്ങൾക്കുത്തരവും തേടി അവർ ആ കൊലയാളിയെ കാത്തിരുന്നു. ഒന്ന്, രണ്ട്, മൂന്ന് എന്നെണ്ണി മുഴക്കും പോലെ പള്ളിമണി മൂന്ന് പ്രാവശ്യം മുഴങ്ങി. അൽപ്പസമയം കഴിഞ്ഞപ്പോൾ അവർ കടന്നുവന്നു. പ്രായത്തിനു മുൻപെ വാർദ്ധക്യം ഓടിത്തീർക്കാൻ വെമ്പുന്നൊരു മുഖം. ഇരുനിറമാണ്. കറുത്ത കണ്ണടയ്ക്കുള്ളിൽ സ്വപ്നങ്ങൾ മരിച്ച നിർജ്ജീവമായ കണ്ണുകൾ. സ്വയം പരിചയപ്പെടുത്തലുകൾക്ക് ശേഷം നേരിട്ട് തന്നെ ചോദ്യങ്ങളിലേക്ക് കടന്നു. ''ഈ ഗ്രാമത്തിൽ നിന്ന് നിങ്ങളെങ്ങനെയാണ് തലസ്ഥാനത്തുള്ളൊരു വലിയ ഹോട്ടലിൽ കുട്ടികളുമായി താമസത്തിനെത്തിയത്.?'' "ഒരു സ്പോൺസറുണ്ടായിരുന്നു." 'ആരായിരുന്നത്?' "മറിയം, എന്നായിരുന്നു പേര്" 'നിങ്ങൾക്കവരെ എങ്ങനെയറിയാം?' "അറിയില്ലായിരുന്നു." 'എന്നുവച്ചാൽ ഇപ്പൊഴറിയാമെന്നാണോ?' "ഇപ്പൊഴുമറിയില്ല." 'പിന്നെങ്ങനെയാണ് പരിചയം?' "മെയിൽ വഴി ബന്ധപ്പെട്ടതാണ്. അനാഥാലയത്തിനായി വലിയൊരു തുകയും കുട്ടികളുമായുള്ള യാത്രയും താമസവുമെല്ലാം അവരുടെ സ്പോൺസറായിരുന്നു." 'നിങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടത് അറിഞ്ഞിരുന്നോ?'
അവർ അൽപ്പസമയം അയാളുടെ കണ്ണുകളിലേക്ക് നോക്കി. തുളഞ്ഞിറങ്ങുന്ന നോട്ടം. മേശപ്പുറത്തേക്ക് നീട്ടിവച്ച അവരുടെ കൈകളിലേക്കും കൊന്തയിലെ മുത്തുകൾ തെരുപ്പിടിക്കുന്ന വിരലുകളിലേക്കും അയാൾ നോട്ടം മാറ്റി കളഞ്ഞു. 'ഈ കൈകൾക്കൊരാളെ കഴുത്ത് ഞെരിച്ച് കൊല്ലാനുള്ള കരുത്തുണ്ടാകുമോ! ഉണ്ടെങ്കിലും എന്തിന്' "ഉവ്വ് അറിഞ്ഞിരുന്നു. ഒരു സ്ത്രീ ആത്മഹത്യ ചെയ്തതു പത്രവാർത്തകളിൽ നിന്നറിഞ്ഞിരുന്നു." നിർവികാരമായ മറുപടികൾ. 'ശരി, യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിനു ശേഷം നിങ്ങൾക്കവർ വീണ്ടും മെയിലയച്ചിരുന്നോ?' നിശബ്ദത. ''മറിയം ഇന്നലെയും മെസേജയച്ചിരുന്നു.'' 'എന്തായിരുന്നത്.?' "ദൈവവചനങ്ങളായിരുന്നു." 'ഇവിടത്തെ സിസ്റ്റർമാരെല്ലാം ഇതെപോലെ ബ്രൗൺ നിറമുള്ള വേഷമാണോ ധരിക്കുന്നത്.' ''അല്ല, ചാരനിറത്തിലുള്ള വേഷവും അണിയാറുണ്ട്.'' ഉറപ്പുള്ള വാക്കുകൾ അടുക്കിവച്ചുള്ള ഉത്തരങ്ങൾ. പോൺനായികയുടെ കഴുത്തിലുണ്ടായിരുന്ന ചതഞ്ഞ പാടിലുണ്ടായിരുന്ന ചാരനിറമുള്ള തുണിയിലെ നൂൽക്കഷണങ്ങൾ! സംശയങ്ങൾ സത്യമാകുകയാണോ ഇവർ അങ്ങനെ ചെയ്തിരിക്കുമോ! പക്ഷേ, ഒന്നിനെയും ഭയക്കാത്തതുപോലുള്ള അവരുടെ ഭാവങ്ങൾ അയാളുടെ ചിന്തകളെ മുറിച്ചുകളഞ്ഞു. എന്തു സംഭവിച്ചാലും ശിക്ഷയേറ്റു വാങ്ങാൻ തയ്യാറായി നിൽക്കുന്നതുപോലെയായിരുന്നത്. മടക്കയാത്രയിലും കേസ്സിലെ ചില ദുരൂഹതകൾ വിട്ടൊഴിഞ്ഞില്ല.
വൻതുക മുടക്കി ഒരാളൊരു സ്റ്റാർഹോട്ടലിലെ ഫ്ലോറിലെ മുറികൾ മുഴുവനായി ബുക്ക് ചെയ്യുന്നു. പതിനഞ്ചു മുറികൾക്കപ്പുറമുള്ള ബാൽറൂമിനരികിലെ റൂമിൽ മാത്രമൊരാൾ താമസത്തിനെത്തുന്നു. കൊലപാതക ശ്രമവുമായി രണ്ടാമതൊരാൾ അവളുടെ അടുക്കലെത്താനുള്ള ഏകമാർഗ്ഗം മുറികൾ തമ്മിൽ ബന്ധിപ്പിച്ച് കടന്നുപോകുന്ന വാതിലുകളായിരുന്നു. രണ്ടുപേരുടെയും സമ്മതമില്ലാതെ തുറന്നെത്താനും കഴിയില്ല. പോൺനായികയുടെ പോസ്റ്റുമോർട്ടം വിവരങ്ങളിൽ വിഷം ഉള്ളിൽ ചെന്നതായിരുന്നവളുടെ മരണകാരണം. മറ്റൊരു പ്രധാനകാര്യം അവൾ പലപ്പോഴായി പ്ലാസ്റ്റിക് സർജറിക്ക് വിധേയയായിട്ടുണ്ടെന്നറിഞ്ഞതായിരുന്നു. പോൺസ്റ്റാർ ആയതിനാൽ അതൊക്കെ സ്വാഭാവികമാണെന്നെ തോന്നിയുള്ളു. മുഖം ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ പലപ്പോഴായുള്ള സർജറികളിലൂടെ രൂപമാറ്റം സംഭവിച്ചിരുന്നു എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു അവസാനം ലഭിച്ച ചിത്രങ്ങൾ. എല്ല്യാനയുടെ ചില ചിത്രങ്ങളിൽ നിന്നവളുടെ പഴയ രൂപം ഒരു സുഹൃത്ത് മുഖേന കമ്പ്യൂട്ടറിന്റെ സഹായത്തോടെ കണ്ടെത്തിയപ്പോൾ സിസ്റ്റർ മാർത്തയുടെ മുഖം തന്നെയായിരുന്നവൾക്കും!
ഹോട്ടൽ മുറിയിലെ നിലത്ത് മറിയത്തിന്റെ ശരീരത്തിനരികിലായി മാർത്തയിരുന്നു. കഴുത്തിൽ ചുറ്റിയ ശിരോവസ്ത്രം അഴിച്ചെടുത്തു. അവളുടെ ചലനം നിലച്ചിരുന്നു. മാർത്തയുടെ കണ്ണുകളിലുരുണ്ടുകൂടിയ ഉന്മാദത്തിന്റെ നീർക്കണങ്ങൾ നൊമ്പരങ്ങളായുതിർന്ന് വീഴാതിരിക്കാനവൾ ശ്രമിച്ചു. ചുണ്ടുകൾക്കുള്ളിലിരുന്ന വാക്കുകൾ ചോദ്യശരങ്ങളായി. ''എന്റെ ശരീരം ഞാൻ തന്നെ വെറുക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി മറിയം. ദൈവപുത്രനോളം ക്ഷമയും സ്നേഹവും നൽകി നിന്നെയിനി കൂടെ കൂട്ടാൻ ഞാൻ ദൈവപുത്രിയല്ലല്ലോ. നീയാരാണെന്ന് അറിഞ്ഞതുമുതലെന്നും എന്റെ ദേഹം മുഴുവൻ പുഴുക്കൾ നുരയ്ക്കുമായിരുന്നു. കാരണം ഞാനും നീയും രണ്ടല്ലല്ലോ ഒന്നായിരുന്നല്ലോ. പാപയോനിയിലൊരുമിച്ച് പിറന്ന് ഒന്നിച്ചനാഥരായവർ. തിരിച്ചറിയാൻ കഴിയാത്ത സാമ്യതകൾ. എല്ലാവരും കണ്ടതും കൊതിച്ചതും ഉപയോഗിച്ചതും നിന്റെ മാത്രം ഉടലിന്റെ നഗ്നതയായിരുന്നില്ല, എന്റെതുമായിരുന്നു. ദൈവപുത്രന്റെ മണവാട്ടിയായ എന്നെയും നീ പലർക്കായി പങ്കുവച്ചു.' തൊണ്ടകീറി കരയുന്ന ഇരട്ടകളായ ചോരക്കുഞ്ഞുങ്ങളുടെ കരച്ചിൽ അവളുടെ കാതുകളിൽ അലയടിച്ചു. ഒരേ രൂപം! ഒരേ വേഷങ്ങൾ! ബാല്യം, കൗമാരം! യൗവ്വനം! ഒരാളെവിടേക്കോ കാണാതാകുന്നു.' അവളുടെ വസ്ത്രങ്ങൾ ഓരോന്നായി മാർത്ത അഴിച്ചെടുത്തു. പകരം കൈയ്യിൽ കരുതിയിരുന്ന വെളുത്തവസ്ത്രം അവളെ ധരിപ്പിച്ചു. വലിച്ചിഴച്ച് ബാത്ത് ടബ്ബിൽ കൊണ്ട് കിടത്തി. വെള്ളം തുറന്നു. കൈക്കുമ്പിളിലെടുത്ത ജലം മൂന്ന് പ്രാവശ്യം തലയിലൂടൊഴിച്ചു. ജ്ഞാനസ്നാനത്തിന്റെ സൂക്തങ്ങളുരുവിട്ടു.