മീം ബോയ്സ് നിങ്ങളെ നിരാശരാക്കില്ല: ആദിത്യ ഭാസ്കർ അഭിമുഖം
Mail This Article
96 എന്ന ഒറ്റചിത്രത്തിന്റെ മേൽവിലാസത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ യുവതാരമാണ് ആദിത്യ ഭാസ്കർ. 96 വമ്പൻ ഹിറ്റായിട്ടും അതിനു ശേഷം വിരലിലെണ്ണാവുന്ന ചിത്രങ്ങളിലെ ആദിത്യയെ പ്രേക്ഷകർ കണ്ടുള്ളൂ. ഒരുപാടു സിനിമകൾ ചെയ്യുന്നല്ല, മികച്ച വേഷങ്ങൾ തേടിപ്പിടിച്ചു ചെയ്യുന്നതാണ് തന്റെ ശൈലിയെന്ന് ഈ ചെറിയൊരു സമയം കൊണ്ടു തന്നെ ആദിത്യ തെളിയിച്ചു കഴിഞ്ഞു. നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ പാവൈ കഥകൾ എന്ന ആന്തോളജിയിലെ 'വാൻമകൾ' എന്ന ശ്രദ്ധേയമായ ഹ്രസ്വചിത്രത്തിനു ശേഷം മീം ബോയ്സ് എന്ന വെബ്സീരീസുമായി എത്തുകയാണ് ആദിത്യ ഭാസ്കർ. സോണി ലിവ്വിൽ റിലീസ് ആകുന്ന വെബ്സീരീസിന്റെ വിശേഷങ്ങളുമായി ആദിത്യ ഭാസ്കർ മനോരമ ഓൺലൈനിൽ.
ആകർഷിച്ചത് കഥ
മീം ബോയ്സിലേക്ക് എന്നെ ആകർഷിച്ചത് അതു കൈകാര്യം ചെയ്യുന്ന വിഷയമാണ്. വളരെ പുതുമയേറിയതും കാലികവുമാണ് അത്. ആ വിഷയം ഇതുവരെ ആരും കൈകാര്യം ചെയ്തിട്ടില്ല. പ്രത്യേകിച്ചും മുഖ്യധാരാ ചലച്ചിത്രമേഖല. തിരക്കഥ വായിച്ചപ്പോൾ തന്നെ അക്കാര്യം മനസിലുടക്കി. അങ്ങനെയാണ് ഞാനിതു ചെയ്യാമെന്നു പറയുന്നത്. എന്റെ കഥാപാത്രത്തിന്റെ പേര് മോജോ എന്നാണ്. മീംസ് സൃഷ്ടിച്ചെടുക്കുക എന്നത് കുട്ടിക്കളിയല്ല. നല്ല ക്രിയാത്മകത ഉള്ളവർക്കേ അതിനു കഴിയൂ. എല്ലാവർക്കും അതു ചെയ്യാൻ കഴിയില്ല. യഥാർത്ഥ ജീവിതത്തിൽ എനിക്കൊരിക്കലും ചെയ്യാൻ കഴിയാത്ത കാര്യമാണ് മീംസ് ഉണ്ടാക്കുക എന്നത്. പക്ഷേ, മോജോ എന്ന കഥാപാത്രം എന്റെ യഥാർത്ഥ വ്യക്തിത്വവുമായി ഏറെ ചേർന്നു നിൽക്കുന്ന ഒരു വേഷമാണ്. അതുകൊണ്ട്, ആ വേഷം ചെയ്തു ഫലിപ്പിക്കുക എന്നത് എനിക്ക് എളുപ്പമായിരുന്നു.
ഡയലോഗ് പറഞ്ഞ് റിഹേഴ്സൽ
നമ്രത, ജയന്ത്, സിദ്ധാർത്ഥ് എന്നിവരാണ് വെബ്സീരീസിൽ എനിക്കൊപ്പം കൂട്ടുകാരായി ഉള്ളത്. ജൂലി, പവർ, ജംബോ എന്നീ കഥാപാത്രങ്ങളായാണ് അവർ ഈ വെബ്സീരീസിൽ പ്രത്യക്ഷപ്പെടുന്നത്. പരിചയപ്പെട്ട ദിവസം മുതൽ ഞങ്ങൾ നല്ല സുഹൃത്തുക്കളായി. അത് അഭിനയം എളുപ്പമാക്കി. തിരക്കഥ വായിക്കുന്നതിന് ഒത്തുകൂടിയപ്പോൾ മുതൽ ഞങ്ങൾ റിഹേഴ്സൽ തുടങ്ങിയിരുന്നു. അതായത്, ഡയലോഗ് പറഞ്ഞു നോക്കും. ഷൂട്ടിന് മുമ്പ് പ്രത്യേകിച്ച് വർക്ക്ഷോപ്പ് ഒന്നും ഉണ്ടായിരുന്നില്ല. ഇങ്ങനെ ഡയലോഗ് പറഞ്ഞുനോക്കി റിഹേഴ്സൽ ചെയ്യുന്നതു തന്നെയായിരുന്നു പ്രധാന ഒരുക്കം. ഞങ്ങൾ നാലു പേരും ഇരുന്ന് ഡയലോഗുകൾ ആവർത്തിച്ചു പറഞ്ഞു നോക്കി. അതു ശരിക്കും ഞങ്ങളെ സഹായിച്ചു.
ക്യാംപസ് ദിനങ്ങൾ പോലെ ഷൂട്ട്
ഷൂട്ട് നടന്നത് ചെന്നൈയിലായിരുന്നു. അവിടെ കെസിജി എന്നൊരു കോളജ് ഉണ്ട്. ഷൂട്ടിനായി ആ കോളജിന്റെ ഒരു ബ്ലോക്ക് വിട്ടു തന്നു. വളരെ രസകരമായിരുന്നു ഷൂട്ട്. ക്യാംപസിലേക്ക് തിരിച്ചു വന്നൊരു ഫീലായിരുന്നു എല്ലാവർക്കും. മുഴുവൻ ടീമിനും ഒരേ വൈബ് ആയിരുന്നുവെന്ന് പറയാം. തമാശകളും പൊട്ടിച്ചിരികളും നിറഞ്ഞൊരു സെറ്റായിരുന്നു ഞങ്ങളുടേത്. ഗുരു സോമസുന്ദരം സർ ഞങ്ങളുമായി പെട്ടെന്ന് കൂട്ടായി. അദ്ദേഹത്തിൽ നിന്ന് ഒരുപാടു കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. പല രംഗങ്ങളിലും ഞങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ അദ്ദേഹത്തിന്റെ നിർദേശങ്ങൾ ഉപകരിച്ചിട്ടുണ്ട്. അതിലൂടെ മൊത്തം സീൻ തന്നെ വേറെ ലെവലിലേക്ക് കയറും. വളരെ മനോഹരമായിരുന്നു ആ പ്രക്രിയ.
നിങ്ങളെ നിരാശരാക്കില്ല
വീട്ടിലെ എല്ലാവർക്കും ട്രെയിലർ ഇഷ്ടപ്പെട്ടു. മുമ്പ് ഞാൻ ചെയ്ത വേഷങ്ങളിൽ നിന്ന് വേറിട്ടതാണ് ഈ വേഷമെന്നായിരുന്നു അവരുടെ കമന്റ്. കുറച്ചു കോമഡിയും ചിരിയുമൊക്കെയുള്ള വേഷമാണല്ലോ ഇതിലേത്. അതുകൊണ്ട്, അവരെല്ലാവരും വളരെ ഹാപ്പിയാണ്. ട്രെയിലർ ഏറെ പ്രതീക്ഷ നൽകുന്നതാണ് എന്നായിരുന്നു അപ്പയുടെ പ്രതികരണം. എന്തായാലും എല്ലാവരും വെബ്സീരീസ് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഒരു കാര്യം ഉറപ്പാണ്. ഈ വെബ്സീരീസ് തീർച്ചയായും നിങ്ങളെ രസിപ്പിക്കും. ഒട്ടും ടെൻഷനില്ലാതെ കണ്ടാസ്വദിക്കാം. ഒരുപാടു ചിരിക്കാം. പ്രേക്ഷകരുടെ പ്രതികരണങ്ങൾ അറിയാൻ ഞാനും ഉത്സുകനാണ്. സിനിമ ആയാലും വെബ്സീരീസ് ആയാലും പുതുമയുള്ള വേഷങ്ങൾ ചെയ്യുന്നതിനാണ് ഞാൻ പ്രധാന്യം കൊടുക്കാറുള്ളത്. ആ കഥാപാത്രങ്ങൾ പ്രേക്ഷകരുമായി സംവദിക്കുന്നത് ആകണം. എങ്കിലേ അവയ്ക്കു പ്രസക്തിയുള്ളൂ. അക്കാര്യത്തിൽ തീർച്ചയായും എനിക്ക് പ്രേക്ഷകരുടെ പിന്തുണ വേണം. കേരളത്തിൽ എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പ്രേക്ഷകരുണ്ടെന്ന് എനിക്കറിയാം. ഒന്നുറപ്പാണ്, ഞാനൊരിക്കലും നിങ്ങളെ നിരാശരാക്കില്ല.
ആ തീരുമാനം വ്യക്തിപരം
വരുന്ന പ്രൊജക്ടുകളിൽ ഏതു തിരഞ്ഞെടുക്കണം എന്നുള്ളത് പൂർണമായും എന്റെ മാത്രം തീരുമാനമാണ്. അപ്പയോ ചേച്ചിയോ അതിൽ ഇടപെടാറില്ല. മികച്ച ടീമിനൊപ്പം പ്രവർത്തിക്കാൻ എനിക്കെപ്പോഴും അവസരവും ഭാഗ്യവും ലഭിച്ചിട്ടുണ്ട്. വളരെ അനുഭവസമ്പത്തുള്ള, കഴിവുള്ള പ്രതിഭകൾക്കൊപ്പമാണ് ഞാൻ പ്രവർത്തിച്ചിട്ടുള്ളത്. 96 ആയാലും പാവൈ കഥൈകൾ ആയാലും ഗംഭീര ടീമായിരുന്നു. ആ രീതിയിൽ ചിന്തിച്ചാൽ, ഞാൻ ഏറെ ഭാഗ്യവാനാണ്. ഓരോ സെറ്റിൽ നിന്നും എനിക്കു ലഭിക്കുന്ന സ്നേഹവും പിന്തുണയും വളരെ വലുതാണ്. എന്റെ അപ്പയോടുള്ള സ്നേഹത്തിന്റെ തുടർച്ച മാത്രമല്ല അത്. ഞാനെങ്ങനെയാണ് ഓരോരുത്തരോടും പെരുമാറുന്നത്, അതനുസരിച്ചാകും അവർ തിരിച്ചെന്നോടും പെരുമാറുക. അങ്ങനെ ചെയ്തില്ലെങ്കിൽ, ഞാൻ ആരുടെയും മകനായിക്കൊള്ളട്ടെ, എനിക്കൊരിക്കലും ഊഷ്മളമായ സമീപനം ലഭിക്കില്ല. നിങ്ങൾ മറ്റുള്ളവരോട് ആദരവോടെ പെരുമാറിയാലേ, നിങ്ങൾക്കും അതു തിരിച്ചു ലഭിക്കൂ എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്.