സംസ്കൃത സിനിമ സമസ്യഃ; ഒടിടി റിലീസ്
Mail This Article
കൊണ്ടോട്ടി ∙ പ്രകൃതി സംരക്ഷണത്തിന്റെ പാഠങ്ങളുമായി സംസ്കൃതത്തിലുള്ള ആദ്യത്തെ കുട്ടികളുടെ സിനിമ ‘സമസ്യഃ’ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസായി. ജീവിതത്തിൽ പാലിക്കേണ്ട പ്രകൃതി ശീലങ്ങളും എൻഡോസൾഫാൻ വിതച്ച ദുരിതവും ഉൾപ്പെടെ ചർച്ച ചെയ്യുന്ന സിനിമ ജൂലൈ 21നാണു ‘നീ സ്ട്രീമി’ൽ റിലീസായത്. സമസ്യഃ ഉൾപ്പെടെ 11 ചിത്രങ്ങളാണു സംസ്കൃത സിനിമാ വിഭാഗത്തിൽ പുറത്തിറങ്ങിയിട്ടുള്ളതെന്നും ഈ വിഭാഗത്തിൽ കുട്ടികളുടെ ആദ്യത്തെ ചിത്രമാണു സമസ്യഃ എന്നും നിർമാതാവ് പ്രവീഷ് കുമാർ മൊറയൂർ, രചയിതാവും സംവിധായകനുമായ ഷിബു കുമാരനല്ലൂർ എന്നിവർ പറഞ്ഞു.
കോഴിക്കോട് നാരായണൻ നായർ, പ്രസാദ് മുഹമ്മ, വിനോദ് കോവൂർ, ജസില പർവീൺ തുടങ്ങിയവർക്കൊപ്പം 47 വിദ്യാർഥികൾ സിനിമയിൽ അഭിനയിക്കുന്നുണ്ട്. വിദ്യാർഥികളായ വയനാട് കല്ലോടി സെന്റ് ജോസഫ്സ് യുപി സ്കൂളിലെ ആൻ മരിയ ദേവസ്യ, രാമനാട്ടുകര ഭവൻസിലെ തീർഥ പ്രമോദ്, കണ്ണൂർ പെരലശ്ശേരി ഇന്ദിരാഗാന്ധി പബ്ലിക് സ്കൂളിലെ അവന്ദിക വേണുഗോപാൽ, പയ്യന്നൂർ കോളജിലെ കെ.എസ്.സ്വർണ എന്നിവർ പ്രധാന വേഷങ്ങളിലുണ്ട്.
സിനിമയുടെ അഭിനയത്തിലും അണിയറയിലും ഒട്ടേറെ മലപ്പുറം സ്വദേശികളുമുണ്ട്. മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി അക്ഷയ, മഞ്ചേരി എച്ച്എംഎച്ച്എസ്എസിലെ റുക്ത നസ, അത്താണിക്കൽ എംഐസിയിലെ ഷാഹിദ് അഫ്രീദി, മലപ്പുറം സെന്റ് ജമ്മാസ് എച്ച്എസ്എസിലെ നിവേദ്യ ഉണ്ണിക്കൃഷ്ണൻ, അൽഫാറൂക്ക് വിദ്യാർഥി കാരാട് സ്വദേശി അതിദി അജോഷ്, മഞ്ചേരി ജിബിഎച്ച്എസ്എസിലെ അഭിനവ് പ്രവീഷ് തുടങ്ങിയ കുട്ടിത്താരങ്ങൾ സിനിമയിലുണ്ട്. താനൂർ ദേവധാർ ഹൈസ്കൂളിലെ സംസ്കൃതം അധ്യാപകനായ ഐക്കരപ്പടി സ്വദേശി രമേശ് നമ്പീശൻ ആണു സംഭാഷണങ്ങൾ സംസ്കൃതത്തിലേക്കു വിവർത്തനം നിർവഹിച്ചതും ഒരു പാട്ടിനുള്ള വരികളെഴുതിയതും. മൊറയൂർ ഹൈസ്കൂളിലെ ഗായത്രി (ഡബ്ബിങ്), മലപ്പുറം മുണ്ടുപറമ്പിലെ കൃഷ്ണപിള്ള (പ്രൊഡക്‌ഷൻ കൺട്രോളർ) തുടങ്ങി വിവിധ അണിയറ പ്രവർത്തകരും മലപ്പുറംകാരാണ്. ജില്ലയിലെ തേഞ്ഞിപ്പലം ഒലിപ്രം കടവ്, കാരാട്, കക്കോവ്, പുതുക്കോട് പാറമ്മൽ തുടങ്ങിയ സ്ഥലങ്ങളിലും ചിത്രീകരണം നടന്നു.