ADVERTISEMENT

വളരെ വളരെ വർഷങ്ങൾക്കു മുൻപ് പ്രശസ്ത ചലച്ചിത്ര നിരൂപകൻ സിനിക്ക് എഴുതിയ ഒരു വാചകമുണ്ട്. ‘മലയാള സിനിമയിൽ ആദ്യമായി വശ്യസൗന്ദര്യമുള്ള ഒരു നായികാ സ്വരൂപമുണ്ടായിരിക്കുന്നു’. ഏതോ ഒരു ചിത്രത്തിന്റെ നിരൂപണത്തിലാണ് സിനിക്ക് ഇങ്ങനെ ഒരു അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. ഞാൻ വേഗം മുകൾവരിയിലേക്ക് ഒന്നുകൂടി കണ്ണോടിച്ചു നോക്കി. പി. ഭാസ്കരൻ മാഷിന്റെ ‘ഭാഗ്യജാതക’ത്തിലൂടെ മലയാള സിനിമയുടെ ഭാഗ്യതാരമായി മാറിയ ഷീലയെക്കുറിച്ചാണ് സിനിക്കിന്റെ ഈ പ്രശംസാമൊഴി.

മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ ‘ബാലനി’ൽ നായികയായി വന്ന എം.െക.കമലം മുതൽ 1962 ൽ ഷീലയുടെ രംഗപ്രവേശം വരെ ഇത്രയ്ക്ക് വശ്യമായ സൗന്ദര്യവും ആകാരവുമുള്ള മറ്റൊരു നായികാ വസന്തത്തെയും കാണാൻ നമുക്ക് കഴിഞ്ഞിട്ടില്ല എന്നാണ് സിനിക്ക് പറഞ്ഞ വാക്കുകളുടെ ധ്വനിയെന്ന് എനിക്ക് തോന്നി. അന്നേ വരെയുണ്ടായിരുന്ന നായികാ സൗന്ദര്യ സങ്കൽപങ്ങളെല്ലാം തിരുത്തിക്കുറിച്ചുകൊണ്ടാണ് ഷീലയുടെ കടന്നു വരവ്.

ഷീലയുടെ വരവോടെയാണ് മികച്ച സാഹിത്യ സൃഷ്ടികളിലെ ശക്തരായ സ്ത്രീകഥാപാത്രങ്ങൾക്ക് ജീവൻ പകരാൻ കഴിവുള്ള നായികമാരുടെ അഭാവം ഒരുപരിധിവരെ പരിഹരിക്കാൻ കഴിഞ്ഞതെന്നു കൂടി കൂട്ടിച്ചേർക്കുന്നതു നന്നായിരിക്കും. ചെമ്മീനിലെ കറുത്തമ്മ, കളളിച്ചെല്ലമ്മയിലെ ചെല്ലമ്മ, അഗ്നിപുത്രിയിലെ സിന്ധു, ഒരു പെണ്ണിന്റെ കഥയിലെ ഗായത്രിദേവി, ഉമ്മാച്ചുവിലെ ഉമ്മാച്ചു, അനുഭവങ്ങൾ പാളിച്ചകളിലെ ഭവാനി, അടിമകളിലെ മഹേശ്വരിയമ്മ, ശരപഞ്ജരത്തിലെ സൗദാമിനി എന്നീ കഥാപാത്രങ്ങൾ ഷീലയ്ക്കു മാത്രം ഭദ്രമായി കൈകാര്യം ചെയ്യാൻ പറ്റുന്ന വേഷങ്ങളാണെന്ന് എനിക്കു പലവട്ടം തോന്നിയിട്ടുണ്ട്. അതിനോടൊപ്പം, പ്രേംനസീർ എന്ന നായകനോടൊപ്പം നൂറിലധികം സിനിമകളിൽ അഭിനയിച്ച്, ഗിന്നസ് ബുക്കിൽ കയറിയ ഒരേയൊരു നായികയും ഷീലയാകാനാണ് സാധ്യത.

sheela-main

വെറും പതിനേഴ് വയസ്സുള്ളപ്പോഴാണ് സത്യന്റെ നായികയായി, ഒരു കുഞ്ഞിന്റെ അമ്മയായി സാരിയും ബ്ലൗസുമണിഞ്ഞ് ഷീല ഭാഗ്യജാതകത്തിൽ അഭിനയിക്കുന്നത്. ആദ്യ ചിത്രത്തിലെ വേഷം തന്നെ ജനമനസ്സുകൾ ഏറ്റുവാങ്ങിയപ്പോൾ ഒട്ടും മടിക്കാതെ കരുത്തുറ്റ കഥാപാത്രങ്ങൾ ഷീലയെ ഏൽപിക്കാമെന്നുള്ള വിശ്വാസവും പല സംവിധായകർക്കുമുണ്ടായി.

ഞങ്ങളുടെ ചിത്രപൗർണമി കൂട്ടായ്മയിലുള്ള കിത്തോ, ജോൺ പോൾ, സെബാസ്റ്റ്യൻ പോൾ, ആന്റണി ചടയംമുറി, ആന്റണി ഈസ്റ്റ്മാൻ തുടങ്ങിയവരൊക്കെ ഷീലയുടെ അഭിനയത്തിൽ അൽപം അസ്വാഭാവികതയുടെ നിറക്കൂട്ടുകൾ കൂടുതലുണ്ടെന്നുള്ള പക്ഷത്തായിരുന്നു. എനിക്കും അങ്ങനെ തോന്നിയിട്ടുണ്ടെങ്കിലും നമ്മൾ അതെല്ലാം മറന്ന് ആ വശ്യമായ സൗന്ദര്യത്തിൽ അങ്ങനെ നോക്കിയിരുന്നു പോകും.

1973 ൽ പി.എൻ. മേനോൻ സംവിധാനം ചെയ്ത ‘ചായ’ ത്തിന്റെ ലൊക്കേഷന്‍ കവർ ചെയ്യാൻ ഞാനും ജോൺ പോളും സെബാസ്റ്റ്യൻ പോളും കൂടി കൊല്ലത്തു പോയപ്പോഴാണ് ഷീലയെ ആദ്യമായി കാണുന്നത്. കൊല്ലത്തെ പ്രമുഖ വ്യവസായിയും മലയാള നാട് വാരികയുടെ മാനേജിങ് എഡിറ്ററുമായ എസ്.കെ. നായർ നിർമിക്കുന്ന ചിത്രമാണ് ‘ചായം’. സുധീറും ഷീലയുമാണ് പ്രധാന വേഷങ്ങളിൽ വരുന്നത്. എസ്.െക. നായരുടെ ഒരു അകന്ന ബന്ധുവും കഥാകാരനുമായ വി.എസ്. നായരാണ് ഞങ്ങളെ ലൊക്കേഷനിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

ഞങ്ങൾ സന്ധ്യ മയങ്ങുന്ന നേരത്താണ് കൊല്ലത്ത് എത്തുന്നത്. വി.എസ്. റെയിൽവേ സ്റ്റേഷനിലേക്ക് ഞങ്ങൾക്ക് കാറയച്ചിരുന്നു. എസ്.െക. നായരുടെ സ്റ്റാർ ഹോട്ടലായ നീലായിലാണ് ഞങ്ങൾക്ക് താമസം ഒരുക്കിയിരിക്കുന്നത്. അന്ന് രാത്രി ഞങ്ങൾ മുറിയിലിരുന്നു വി.എസ്. നായരോട് ‘ചായ’ ത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ചോദിച്ചു മനസ്സിലാക്കിയിരുന്നു.

പിറ്റേന്നു രാവിലെ ഒമ്പതുമണി കഴിഞ്ഞപ്പോൾ ഞങ്ങൾ ലൊക്കേഷനിലെത്തി. അപ്പോൾ ഷീലയും പി.കെ. അബ്രഹാമും തമ്മിലുള്ള ഒരു സീൻ എടുത്തുകൊണ്ടിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കായപ്പോഴാണ് ഷീല പുറത്തേക്കു വന്നത്. വി.എസ്. നായർ ഞങ്ങളെ പരിചയെപ്പെടുത്തുകയും വിശദമായ ഒരു ഇന്റർവ്യൂ തരപ്പെടുത്തി തരുകയും ചെയ്തു.

ചിത്രപൗർണമി എ.എൻ. രാമചന്ദ്രൻ നടത്തുന്ന കാലം മുതൽ തനിക്ക് അറിയാമെന്നു പറഞ്ഞുകൊണ്ടാണ് ഷീല ഞങ്ങളുടെ അടുത്തേക്ക് വന്നത്. ‘‘എന്നാൽ സമയം കളയണ്ട. എന്താണ് നിങ്ങൾക്കു ചോദിക്കാനുള്ളത്?’’ ഷീല ചിരിച്ചുകൊണ്ട് ചോദിച്ചു.

ഒരു വലിയ നടിയാണെന്നുള്ളതിന്റെ ഗരിമയൊന്നും കാണിക്കാതെ വളരെ സൗഹൃദപരമായി അവർ ഞങ്ങളോട് സംസാരിച്ചു തുടങ്ങി. വളരെ വിശദമായ ഒരു ഇന്റർവ്യൂ ആണ് ഞങ്ങൾ ഉദ്ദേശിച്ചതെങ്കിലും അതിനുള്ള സമയം കിട്ടിയില്ല. ജോൺപോളാണ് ചോദ്യകർത്താവ്. ഞാനും സെബാസ്റ്റ്യനും കേൾവിക്കാരായിരുന്നു. ഇന്റർവ്യൂ കഴിഞ്ഞപ്പോൾ ഞങ്ങൾ ഒരു സജഷൻ പറഞ്ഞു. ‘‘ഞങ്ങൾ ചിത്രപൗർണമിയിൽ പുതിയൊരു പംക്തി തുടങ്ങുന്നുണ്ട്. എന്റെ സംവിധായകന്മാർ എന്നാണ് പംക്തിക്ക് പേരിട്ടിരിക്കുന്നത്. ഷീലാമ്മയിൽനിന്ന് തുടങ്ങണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.’’

sheela

സെബാസ്റ്റ്യൻ പോളാണ് അവതാരകനായത്. ‘‘അതെയോ, എന്നെ വച്ചോ? എനിക്ക് അങ്ങനെയൊന്നു പറയാനറിയില്ല.’’

അവർ ആദ്യം പറഞ്ഞൊഴിയാൻ നോക്കിയെങ്കിലും ഞങ്ങൾ വിടാൻ ഭാവമില്ലായിരുന്നു. പിന്നെ വി.എസ്. നായർ കൂടി വന്ന് നിർബന്ധിച്ചപ്പോഴാണ് അവർ സമ്മതം മൂളിയത്. ‌‌‘‘അടുത്ത മാസം ഞാൻ എറണാകുളത്തു വരുന്നുണ്ട്. അപ്പോൾ നമുക്ക് കാണാം’’ എന്നു പറഞ്ഞ് അവർ ഞങ്ങളുടെ ഓഫിസിലെ നമ്പർ വാങ്ങി വച്ചു. വൈകുന്നേരത്തോടെയാണ് ഞങ്ങൾ ലൊക്കേഷനിൽനിന്നു പോന്നത്. ‘ചെമ്പരത്തി’യുടെ ലൊക്കേഷനിൽ വച്ച് പി.എൻ. മേനോന്റെ നല്ലൊരു ഇന്റർവ്യൂ എടുത്തിരുന്നതു കൊണ്ട് അദ്ദേഹവുമായി നല്ലൊരു സൗഹൃദം ഉണ്ടാക്കാനും എനിക്ക് കഴിഞ്ഞിരുന്നു.

ഷീല വാക്ക് പാലിച്ചു. എറണാകുളത്ത് വരുന്നതിന്റെ തലേന്നു തന്നെ ‍ഞങ്ങളെ വിളിച്ച് അറിയിച്ചിരുന്നു. അവർ എറണാകുളത്ത് ദ്വാരക ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഞാനും ജോൺ പോളും കൂടിയാണ് അവരെ കാണാൻ പോയത്. അന്ന് കൈക്കുഞ്ഞായിരുന്ന മകൻ വിഷ്ണുവിനെയും മടിയിൽ വച്ചുകൊണ്ടാണ് അവർ സംവിധായകരെക്കുറിച്ചു സംസാരിക്കാൻ തുടങ്ങിയത്. സംവിധായകരായ പി. ഭാസ്കരൻ മാഷ്, സേതുമാധവൻ, വിൻസന്റ് മാഷ് തുടങ്ങിയവരുമായുള്ള അനുഭവങ്ങളാണ് ആദ്യം എടുത്തത്. അതിനിടയിൽ മകന്റെ കുസൃതികളും കരച്ചിലും ഒക്കെ കൂടിയായപ്പോൾ അടുത്ത ഭാഗങ്ങൾ മദ്രാസിൽ വച്ചെടുക്കാമെന്ന് അവർ പറഞ്ഞു.

‘എന്റെ സംവിധായകരെ’ക്കുറിച്ചുള്ള പംക്തിയുടെ തു‍ടക്കം പി. ഭാസ്കരനിൽ നിന്നായിരുന്നു. തുടർഭാഗങ്ങളിലാണ് സേതുമാധവനും വിൻസന്റ് മാസ്റ്ററുമൊക്കെ വരുന്നത്. അതോടെ ചിത്രപൗർണമിയുമായുള്ള ഷീലയുടെ സൗഹൃദം വളർന്നു. ഞാൻ മദ്രാസിൽ പോകുമ്പോൾ ഇടയ്ക്ക് ഷീലയുടെ വീട്ടിൽ പോകുമായിരുന്നു.

1979 ൽ സിനിമാ കഥാകാരനായപ്പോൾ ഞാൻ എഴുതിയ ‘അകലങ്ങളിൽ അഭയ’ത്തിൽ മധുസാറിന്റെ ഭാര്യയുടെ വേഷം ചെയ്തതു ഷീലയായിരുന്നു. ശാരദ, സോമൻ, സുകുമാരൻ, അംബിക തുടങ്ങിയവരും അതിൽ അഭിനയിച്ചിരുന്നു. എന്റെ ഒരു തിരക്കഥയിൽ ഷീലയെ അഭിനയിപ്പിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനുള്ള അവസരം അന്നെനിക്ക് വന്നുചേർന്നില്ല.

ഈ സമയത്താണ് സംവിധായകൻ ഭരതനുമായി ഒരു സിനിമ ചെയ്യാനുള്ള ആലോചനയുണ്ടാകുന്നത്. ഞാനും ഭരതനും തമ്മിൽ സിനിമയൊന്നും ചെയ്തിട്ടില്ലെങ്കിലും മദ്രാസ് വുഡ്‌ലാൻഡ്സ് ഹോട്ടലിൽ വച്ച് ഭരതനും ജോൺ പോളും കൂടിയുള്ള ഡിസ്കഷന്റെ ഇടവേളകളിൽ ഞാനും അവരോടൊപ്പം കൂടാറുണ്ട്. അവിടെ വച്ചു കണ്ടപ്പോൾ ഭരതൻ പറഞ്ഞു.

‘‘നീ ഇങ്ങനെ കച്ചവട സിനിമയെടുത്തു നടന്നോടാ.. ഇടയ്ക്ക് നല്ല നിലവാരമുള്ള സിനിമയും ചെയ്യണം. നീ ചെയ്ത കുടുംബസമേതം, പൈതൃകം പോലുള്ള സിനിമകൾ മറന്നുകൊണ്ടല്ല പറയുന്നത്. അവിടെവച്ച് ഞാൻ ഭരതനോട് എന്റെ ഒരാഗ്രഹം കൂടി അറിയിച്ചു. – ഞാൻ എഴുതുന്ന തിരക്കഥയിൽ ഷീലയ്ക്ക് ഒരു പ്രധാന വേഷം കൊടുക്കണം. അതുകേട്ട് ഭരതൻ ചിരിച്ചുകൊണ്ട് പറഞ്ഞു– ‘‘നിന്റെ ആഗ്രഹമല്ലേ നോക്കാം.’’

ഞാൻ പിന്നെയും കച്ചവട സിനിമയുടെ കൂടെത്തന്നെ നടന്നു. പിന്നീട് രണ്ടു വർഷം കഴിഞ്ഞ് ഒരു ദിവസം മദ്രാസിൽ വച്ചു കണ്ടപ്പോൾ ഭരതൻ ചോദിച്ചു. ‘‘എന്താടാ വല്ല കഥയും കിട്ടിയോ?’’
‘‘ഷീലയ്ക്ക് പറ്റിയ കഥയൊന്നും കിട്ടിയിട്ടില്ല.’’
‘‘എന്നാൽ നീയിനി കഥ നോക്കണ്ട. എസ്.കെ. പൊറ്റെക്കാടിന്റെ 'ഒട്ടകം' എന്നൊരു നോവൽ ഉണ്ട്. നമുക്ക് അതു ചെയ്യാം. അതിൽ ഷീലയ്ക്കു പറ്റിയ നല്ലൊരു കഥാപാത്രവുമുണ്ട്.’’
അതു കേട്ടപ്പോൾ എനിക്കു വലിയ സന്തോഷമായി. അതിന്റെ നിർമാതാവിനെയും ഭരതൻ തന്നെയാണ് കണ്ടുപിടിച്ചത്. തിരുവല്ല ബാബുവായിരുന്നു കക്ഷി.

വടക്കാഞ്ചേരിയിലെ ഭരതന്റെ വീട്ടിൽ വച്ച് രണ്ടു ദിവസം ഡിസ്കഷനും നടന്നതാണ്. എന്നാൽ എന്റെ മോഹം പൂവണിഞ്ഞില്ല. അതിനു മുൻപേ എന്റെ പ്രിയ സുഹൃത്ത് കഥാവശേഷനായി. ഭരതന്‍ ഷീലയോടും ഈ പ്രോജക്റ്റിനെക്കുറിച്ചു പറഞ്ഞിട്ടുണ്ടായിരുന്നെന്ന് പിന്നീട് ഒരിക്കൽ ബാബു തിരുവല്ലയും എന്നോടു പറഞ്ഞു. പിന്നീട് ഒമ്പതു വർഷം കഴിഞ്ഞു ഷീലയുടെ മകൻ വിഷ്ണുവിന്റെ വിവാഹ ദിവസമാണ് ഞാൻ ;ഷീലയെ കാണുന്നത്. ഞാനും വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ പോയിരുന്നു. ‌

sheela-son-wedding
ഷീലയുടെ മകന്റെ വിവാഹറിസപ്‌ഷനില്‍ കലൂർ ഡെന്നിസും മമ്മൂട്ടിയും

മകൻ ജനിച്ചതിനുശേഷം ഇരുപതുവർഷം കഴിഞ്ഞാണ് ഷീല വീണ്ടും സിനിമയിൽ അഭിനയിക്കാനായി വരുന്നത്. സത്യൻ അന്തിക്കാടിന്റെ ‘മനസ്സിനക്കരെ’യിലൂടെയാണ് അവർ വീണ്ടും വെള്ളിത്തിരയിലെ നിറസാന്നിധ്യമായി മാറിയത്. അന്നേ വരെ ഷീല ചെയ്യാത്ത ഒരു വേഷമായിരുന്നു അതിലെ കൊച്ചുത്രേസ്യ എന്ന അമ്മച്ചി വേഷം. അത് കണ്ടപ്പോൾ ശരിക്കും ഞാന്‍ അദ്ഭുതപ്പെട്ടുപോയി. ഷീലയിൽനിന്ന് ഇങ്ങനെ ഒരു വേഷം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല. ‘മനസ്സിനക്കരെ’ വന്നപ്പോഴാണ് വീണ്ടും ഷീലയെ അഭിനയിപ്പിക്കണമെന്ന മോഹം എന്നിൽ കടന്നു വരാൻ തുടങ്ങിയത്. നല്ലൊരു കഥാപാത്രം എന്റെ മനസ്സിൽ പാകപ്പെടുത്തി വയ്ക്കുകയും ചെയ്തു. അതിനു പറ്റിയ ഒരു പ്രോജക്റ്റ് എല്ലാം ശരിയായി വന്നതുമാണ്. ഷീലയോട് ഇതിനെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നില്ല. എല്ലാം റെഡിയാകുമ്പോൾ വിളിച്ചു പറയാമല്ലോ എന്നു കരുതിയിരുന്നതാണ്. ആ പ്രോജക്റ്റും ഭാരതനെപ്പോലെ അകാലത്തിൽ അസ്തമിക്കുകയായിരുന്നു. ഷീല മനസ്സിനക്കരയ്ക്കു ശേഷം വീണ്ടും അഭിനയ ധാരയിൽ സജീവമാകാൻ തുടങ്ങുകയും ചെയ്തു.

ഇതിനിടയിലാണ് എനിക്ക് ഒരു അത്യാഹിതം വന്നു ഭവിച്ചത്. നമ്മൾ അറിയാതെ കടന്നു വരുന്ന സൗഭാഗ്യങ്ങളേക്കാൾ എത്രയോ വേഗത്തിലാണ് ഓരോ ദുരന്തങ്ങൾ കടന്നു വന്ന് നമ്മുടെ ജീവിതത്തിൽ നാശം വിതച്ചു പോകുന്നത്. 2006ൽ എനിക്ക് പെട്ടെന്ന് ബ്ലഡ് ഷുഗർ കൂടി എന്റെ വലതു കാൽ മുട്ടിനു താഴെ വച്ച് മുറിച്ചു നീക്കേണ്ടി വന്നു. കാലം എന്റെ ജീവിതത്തിന്റെ ഗതിവിഗതികളെ കറുത്ത മഷി കൊണ്ട് തലങ്ങും വിലങ്ങും കോറി ഇടുകയായിരുന്നു.

എന്റെ ഈ അവസ്ഥയൊന്നും ഷീല അറിഞ്ഞു കാണുമെന്നു തോന്നുന്നില്ല. ഞാനൊട്ട് അറിയിക്കാനും പോയില്ല. ആരും ഇതൊന്നും അറിയാതിരിക്കുന്നതാണ് നല്ലതെന്നാണ് എനിക്ക് തോന്നിയത്. എനിക്ക് ഇനിയും ഒരു അങ്കത്തിനുകൂടി ബാല്യമുണ്ടെന്ന് പലരും പറയുന്നതു കേൾക്കുമ്പോൾ എന്റെ മോഹങ്ങൾക്ക് വീണ്ടും ചിറക് മുളയ്ക്കാൻ തുടങ്ങി. മോഹങ്ങളല്ലേ, മോഹങ്ങൾക്ക് ആരുടെയും അനുവാദമില്ലാതെ എവിടെയും കടന്നു ചെല്ലാം. എന്തും പറയാം, എന്തും ചോദിക്കാം. അതിനുള്ള എല്ലാ അവസരങ്ങളും ഒരുക്കുന്നത് കാലവും പ്രപഞ്ചവുമാണല്ലോ!

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com