ആ യൂണിവേഴ്സ് ലഹരിക്കെതിരെയുള്ള പോരാട്ടമാണ്: ലോകേഷ് കനകരാജ് പറയുന്നു
Mail This Article
വിജയ് ആരാധകര്‍ ‘ലിയോ’ ആവേശത്തോടെ കാത്തിരിക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്, സംവിധായകനായ ലോകേഷ് കനകരാജ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് ലോകേഷ് എത്തുന്ന അഭിമുഖങ്ങൾക്കെല്ലാം വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത്തരത്തില്‍ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ‘‘പഞ്ച് ഡയലോഗുകള്‍ പറയുന്ന നായകനല്ല ഇതില്‍ വിജയ് എന്നും, ഇന്‍ട്രോ ഗാനമോ ഇന്‍ട്രോ ഫൈറ്റോ ലിയോയിൽ ഇല്ലെന്നും സംവിധായകന്‍ പറയുന്നു. തന്റെ സിനിമ സങ്കല്‍പ്പങ്ങള്‍, ഭാവി സിനിമകള്‍, പത്ത് സിനിമകള്‍ക്ക് ശേഷം സിനിമ സംവിധാനം നിര്‍ത്തുമോ എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നേ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയുന്നുണ്ട് ലോകേഷ് കനകരാജ്.
സിനിമയാണ് എന്റെ വഴി
എനിക്ക് എന്താവണം എന്ന കാര്യത്തില്‍ അങ്ങനെ ലക്ഷ്യമൊന്നുമുണ്ടായിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഒരു മത്സരത്തിനു വേണ്ടി കൗതുകത്തിന് ഷോര്‍ട്ട് ഫിലിം ചെയ്തത്. അതിനു കിട്ടിയ സ്വീകാര്യത കണ്ടപ്പോള്‍ ഇതായിരിക്കണം എന്റെ വഴി എന്നൊരു ചിന്ത വന്നു. ആ തിരിച്ചറിവ് വന്നത് 26-27 വയസ്സുള്ളപ്പോഴാണ്. പിന്നെ പണ്ടുമുതലേ ഒന്‍പതു മുതല്‍ അഞ്ചുവരെ ചെയ്യുന്ന ജോലികളില്‍ താൽപര്യമുണ്ടായിരുന്നില്ല. ആസ്വദിച്ച് ചെയ്യാന്‍ പറ്റുന്നതും നല്ല കാശ് സമ്പാദിക്കാന്‍ പറ്റുന്നതുമായ ഒരു ജോലി വേണം എന്ന് എല്ലാരേയും പോലെ ആഗ്രഹിച്ചിട്ടുണ്ട്. ചെന്നൈയില്‍ എത്തിയ ശേഷമാണ് സിനിമയുടെ സാധ്യതകളെക്കുറിച്ച് കൂടുതല്‍ മനസ്സിലായത്. കൃത്യമായ ഇടത്താണ് എത്തിയതെന്ന് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ തോന്നുന്നുണ്ട്.
എക്‌സൈറ്റ്‌മെന്റ് സമ്മാനിക്കുന്ന സിനിമകള്‍
ആദ്യത്തെ ചിത്രം മാനഗരം ആയിരുന്നു. എടുത്ത ചിത്രങ്ങളില്‍ വ്യത്യസ്തമായി നില്‍ക്കുന്നതും അതാണ്. പിന്നീട് വന്ന ചിത്രങ്ങളൊക്കെ കരിയറിനെ മറ്റു വഴികളിലേക്ക് തിരിച്ചുവിട്ടു. ഒരു പോയിന്റ് കഴിഞ്ഞാല്‍ എല്ലാവര്‍ക്കും എല്ലാം മടുക്കും. ഇപ്പോള്‍ ഞാന്‍ ചെയ്യുന്ന ചിത്രങ്ങള്‍ എനിക്ക് വളരെയധികം എക്‌സൈറ്റ്‌മെന്റ് സമ്മാനിക്കുന്നുണ്ട്. അതിന്റെ ഓരോ പോയിന്റിലും എനിക്ക് ആവേശമാണ്. പ്രൊഡ്യുസറോടും താരങ്ങളോടും കഥ പറയുമ്പോള്‍ തുടങ്ങുന്ന ആ ആവേശം പ്രേക്ഷകരിലെത്തുമ്പോള്‍ അവര്‍ക്കും എനിക്കും അത് വലിയ സന്തോഷമാണ് നല്‍കുന്നത്. എന്നെങ്കിലും ഒരു കാലത്ത് ഇത്തരം ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്നില്ല എങ്കില്‍ അന്ന് ഞാന്‍ ഈ ശൈലി മാറ്റി മറ്റൊന്നിലേക്ക് കടക്കും.
ലോകേഷ് കനകരാജ് എന്ന ബ്രാന്‍ഡ്
മാനഗരത്തിനു ശേഷം വന്നതൊക്കെ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളാണ്. കമല്‍ സര്‍, വിജയ് അണ്ണന്‍, കാര്‍ത്തി സര്‍ എന്നിങ്ങനെ എല്ലാത്തിലും വലിയ താരങ്ങളാണ് ഉള്ളത്. ചെറിയ താരങ്ങളെ വച്ച് സിനിമ ചെയ്യുന്നതും വലിയ സന്തോഷമാണ്. പക്ഷെ ഞാന്‍ പോലും പ്ലാന്‍ ചെയ്യാതെ ഇപ്പോള്‍ ഒരു യുണിവേഴ്‌സിന്റെ ഭാഗമായിരിക്കുകയാണ്. ഇങ്ങനെ ക്രോസ്സ് ഓവര്‍ വച്ച് കഥകള്‍ ചെയ്യേണ്ടിവരും എന്നതൊന്നും അറിഞ്ഞുകൊണ്ട് ചെയ്തതല്ല, സംഭവിച്ചു പോയതാണ്.
മൂന്നാമത്തെ ചിത്രമായി കൈതി 2 ചെയ്യാം എന്നായിരുന്നു പ്ലാന്‍. കാര്‍ത്തി സര്‍ അന്ന് മുതല്‍ അതിനായി കാത്തിരിക്കുകയുമാണ്. പക്ഷേ അത് നടന്നില്ല. രജനി സാറിനൊപ്പം ചെയ്യുന്ന ചിത്രം തീര്‍ത്തിട്ട് ഏഴാമത്തെ പടമായി കൈതി 2 ചെയ്യണം എന്നാണ് കരുതുന്നത്. ഒപ്പം വിക്രം ടു ചെയ്യണം. കമല്‍ സറും അതിനെപ്പറ്റി ചോദിക്കുന്നുണ്ട്. റോളക്സിനെ പ്രധാന കഥാപാത്രമാക്കി മറ്റൊരു ചിത്രവും വരാനുണ്ട്. അങ്ങനെ വലിയ താരങ്ങളുമായി കമ്മിറ്റ് ചെയ്ത പ്രോജക്ടുകള്‍ ഓരോന്നായി തീര്‍ത്തു വരുന്നതേയുള്ളു. അവര്‍ നമുക്കായി കാത്തിരിക്കുമ്പോള്‍ നമ്മള്‍ വേറെ വഴി പോകുന്നത് ശരിയല്ലല്ലോ. അതുകൊണ്ട് ഒരു ചെറിയ പടം എടുക്കാനുള്ള സ്വാതന്ത്ര്യം നിലവില്‍ എനിക്കില്ല എന്ന് പറയുന്നതാണ് സത്യം.
മഫ്തി എന്നൊരു കഥ എഴുതിയിരുന്നു മുന്‍പ്. ഫഹദ് സാറിന് വേണ്ടിയെഴുതിയ കഥയാണ്. ഒരു പോലീസ് ഓഫീസര്‍ തന്റെ യൂണിഫോമിന്റെ അളവ് ശരിയാക്കാന്‍ തയ്യല്‍ കടയില്‍ കൊടുത്തിട്ട് വെയിറ്റ് ചെയ്യുന്ന രണ്ട് മണിക്കൂറില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ആ കഥ. അത് ഒരു 35 ദിവസം കൊണ്ട് ഷൂട്ട് തീര്‍ക്കാന്‍ പറ്റുന്ന പടമാണ്. പക്ഷെ നിലവിലെ എന്റെ സാഹചര്യം അതിന് അനുവദിക്കുന്നില്ല. മാര്‍ക്കറ്റില്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്ന ചിത്രം അത്തരത്തിലേതല്ല.
ഞാനിപ്പോള്‍ എന്റെ കഥകളൊക്കെ മറ്റുള്ളവര്‍ക്ക് സംവിധാനം ചെയ്യാന്‍ കൊടുക്കുകയാണ്. ഒരു ഹൊറര്‍ ചിത്രം എഴുതി. അതെടുക്കാന്‍ എനിക്ക് ധൈര്യമില്ല. അതിലെ ഭയം കൃത്യമായി പ്രേക്ഷകരില്‍ എത്തിക്കാന്‍ സാധിക്കുന്ന ഒരാള്‍ വേണം അത് സംവിധാനം ചെയ്യാന്‍. എനിക്കത് പറ്റുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് ആ പടം ഇപ്പോള്‍ രത്നകുമാര്‍ ആണ് ചെയ്യുന്നത്. എന്റെ അസോഷ്യേറ്റ് ആയിരുന്ന സത്യ സംവിധായകനായി അവന്റെ ആദ്യത്തെ പടം ചെയ്യുന്നത് എന്റെ കഥയിലാണ്.
നിര്‍മാതാക്കളും പ്രേക്ഷകരും
ഒരു പടം എത്രമാത്രം ലാഭം നേടുന്നു എന്നതില്‍ ഞാന്‍ ആവേശം കൊള്ളാറില്ല. എന്നെ സംബന്ധിച്ചിടത്തോളം പ്രൊഡ്യൂസര്‍ മുടക്കിയ പണമാണ് പ്രധാനം. അവര്‍ നിരാശരാകാന്‍ പാടില്ല. പണം മുടക്കി ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകരും നിരാശരാവരുത്. ഈ രണ്ട് വിഭാഗങ്ങളുടെ പണത്തിനാണ് ഞാന്‍ വില കല്‍പ്പിക്കുന്നത്. കോടികള്‍ ലാഭം കൊയ്യുന്നതൊക്കെ പ്രൊഡ്യൂസറുടെ കാര്യമാണ്, അതില്‍ എനിക്കെന്തിനാണ് ആവേശം! എനിക്ക് ശമ്പളമില്ല, പടത്തിന്റെ ലാഭത്തിന്റെ ഷെയറാണ് ഉള്ളത് എന്ന് പറഞ്ഞാല്‍ മാത്രമേ ഞാന്‍ ലാഭക്കണക്കുകള്‍ നോക്കാറുള്ളു. അല്ലെങ്കില്‍ പടത്തിന്റെ റേറ്റിങ്, പ്രേക്ഷകരുടെ എക്‌സൈറ്റ്‌മെന്റ്‌റ്, വിമര്‍ശക പ്രശംസ പോലെയുള്ളതൊക്കെയെ ഞാന്‍ കണക്കാക്കാറുള്ളു. അതുകൊണ്ട് ബിഗ്ബജറ്റ് ചിത്രങ്ങള്‍ മാത്രം എടുക്കുന്ന സംവിധായകന്‍ എന്ന നിലയില്‍ കലയുടെ വിശുദ്ധി എന്നില്‍ ഇപ്പോഴും ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.
സംഗീതവും അനിരുദ്ധും
സിനിമകളില്‍ നിന്ന് പാട്ടുകള്‍ പൂര്‍ണമായി ഇല്ലാതാവുന്ന കാലം വരുമോ എന്നറിയില്ല. എന്നാലും പടത്തിന്റെ റീച്ചിന് ഏറ്റവും അധികം സഹായിക്കുന്ന ഘടകങ്ങളില്‍ പ്രധാനം അതിലെ പാട്ടുകളാണ്. ഒരു പാട്ടുകൊണ്ട് ആര്‍ആര്‍ആര്‍ എവിടെ വരെ എത്തി എന്ന് നമ്മള്‍ കണ്ടതാണല്ലോ. മറ്റു ഭാഷകളിലെ പ്രേക്ഷകരിലേക്കും സമൂഹമാധ്യമങ്ങളിലേക്കും ഒക്കെ ചിത്രത്തിന്റെ റിലീസിനു മുന്‍പ് എത്തിക്കാന്‍ പറ്റുന്നത് പാട്ടുകളാണ്. ചിത്രത്തിന്റെ പ്രമോഷനും മാര്‍ക്കറ്റ് കൂട്ടാനും ഒക്കെ നിലവിലെ സാഹചര്യത്തില്‍ പാട്ടുകള്‍ ഇല്ലാതെ പറ്റില്ല. പക്ഷെ വെറുതെ ഒരു പാട്ട് ചേര്‍ത്തുവെച്ചാല്‍ ശരിയാവില്ലല്ലോ. ഒരു സിറ്റുവേഷനില്‍ ഒരു പാട്ടു വന്നാല്‍ അത് നല്‍കുന്ന എഫക്ട് എന്താവും എന്ന് ചിന്തിച്ചാണ് പാട്ടുകള്‍ ചെയ്യുന്നത്.
അനിരുദ്ധുമായി ചേര്‍ന്ന് പാട്ടുകള്‍ ചിട്ടപ്പെടുത്തുമ്പോള്‍ ചില റെഫറന്‍സുകളൊക്കെ നല്‍കാറുണ്ട്. പശ്ചാത്തലസംഗീതം ഒരുക്കാന്‍ കഥ വിശദമായി പറഞ്ഞ് ഓരോ സീനിന്റെയും മൂഡ് വ്യക്തമാക്കി കൊടുക്കാറുണ്ട്. അങ്ങനെ ചെയ്യുമ്പോള്‍ നമ്മള്‍ ചിന്തിക്കുന്നതിനും അപ്പുറം മൂഡ് സെറ്റ് ചെയ്യാന്‍ അവര്‍ക്ക് സാധിക്കും. അനിരുദ്ധ് അതൊക്കെ കൃത്യമായി എക്‌സിക്യൂട്ട് ചെയ്യും. എനിക്കെന്താണ് വേണ്ടത് എന്ന് അനിരുദ്ധിന് കൃത്യമായി അറിയാം.
വിമര്‍ശനങ്ങള്‍
വിമര്‍ശനങ്ങളെ അതിന്റേതായ രീതിയില്‍ എടുക്കാറുണ്ട്. ആവശ്യമുള്ളവ ഉള്‍ക്കൊണ്ടും അല്ലാത്തവ കാര്യമാക്കാതെയും പോകും. കുറ്റം മാത്രം കണ്ടുപിടിച്ച് പറയുന്നവര്‍ക്ക് വില കൊടുക്കാറില്ല. എന്റെ വര്‍ക്കില്‍ എനിക്ക് ആത്മവിശ്വാസം ഉണ്ട്. ലോകേഷിന്റെ ചിത്രങ്ങളില്‍ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്നൊക്കെ പറയുന്നതിനോട് യോജിക്കുന്നില്ല. ഞാന്‍ ഒരിക്കലും ലഹരി നല്ലതാണ് എന്ന് പറഞ്ഞിട്ടില്ല. എന്റെ നായകന്മാരൊക്കെ ലഹരിവിമുക്ത നാടിനു വേണ്ടി പരിശ്രമിക്കുന്നവരാണ്. ആ യൂണിവേഴ്സ് അങ്ങനെയാണ്. ലഹരിയുടെ ദൂഷ്യവശങ്ങള്‍ കാണിക്കാതെ എങ്ങനെ അത് വേണ്ട എന്ന് ആളുകളിലേക്ക് എത്തിക്കാന്‍ സാധിക്കും?
എന്റെ ചിത്രങ്ങള്‍ വയലന്റ് ചിത്രങ്ങളല്ല, ആക്‌ഷന്‍ പടങ്ങളാണ്. നമ്മളില്‍ അധികം പേരും എന്നും ഓര്‍ത്തിരിക്കുന്നത് ആക്‌ഷന്‍ ഹീറോകളെ ആണല്ലോ. ജീവിതത്തില്‍ വയലന്‍സ് കണ്ടാല്‍ നമ്മളാരും ആസ്വദിക്കാറില്ല. പക്ഷെ സിനിമയില്‍ അതിനു പശ്ചാത്തലസംഗീതമൊക്കെ ചേര്‍ത്ത് അല്പം അതിശയോക്തി കലര്‍ത്തി അവതരിപ്പിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും. കാരണം, അത് സിനിമയാണെന്നും വിനോദത്തിനാണെന്നുമുള്ള ബോധം അവര്‍ക്കുണ്ട്. എന്റെ ചിത്രത്തില്‍ ആക്‌ഷനാണ് പ്രാധാന്യം എന്നറിഞ്ഞു വരുന്ന പ്രേക്ഷകരാണ് ഏറെയും. അപ്പോള്‍ അവര്‍ പ്രതീക്ഷിക്കുന്നതും ഇതൊക്കെത്തന്നെയാണ്. ട്രെയിലറിലും അത് വളരെ വ്യക്തമാണ്. അത് ആസ്വദിക്കാന്‍ കഴിയാത്തവര്‍ പടം കാണാതിരിക്കുക എന്ന് മാത്രമേ പറയാന്‍ പറ്റൂ.
റെക്കോര്‍ഡ് തകര്‍ക്കണം എന്ന ഉദ്ദേശമില്ല
ഏതെങ്കിലും ഒരു ചിത്രം ബോക്സ് ഓഫിസ് റെക്കോര്‍ഡുകള്‍ തകര്‍ത്താല്‍ അടുത്ത വരുന്ന ബിഗ് ബജറ്റ് ചിത്രം അതിലും മേലെ പോകണം എന്നൊരു നിര്‍ബന്ധം ഇപ്പോഴത്തെ ട്രെന്‍ഡായി കാണുന്നുണ്ട്. പക്ഷെ എനിക്ക് ഒരിക്കലും മറ്റൊരു ചിത്രവുമായി മത്സരിച്ച് ബോക്സ് ഓഫിസ് കീഴടക്കണം എന്ന് തോന്നിയിട്ടില്ല. ഒരു പടത്തിന് കരാര്‍ വയ്ക്കുമ്പോള്‍ അതൊന്നും ചേര്‍ത്തല്ല ഒപ്പിടുന്നത്. ലിയോ ജയിലറുടെ കലക്‌ഷന്‍ റെക്കോര്‍ഡ് തകര്‍ക്കും എന്ന തരത്തിലുള്ള ട്രോളുകളൊക്കെ കണ്ട് പ്രൊഡ്യൂസര്‍ ലളിത് കുമാര്‍ സാര്‍ തമാശയായി പറഞ്ഞു, ‘‘ലോകേഷ്, ട്രോളിലൊക്കെ കണ്ടില്ലേ, ഇനിയിപ്പോ റെക്കോര്‍ഡ് തകര്‍ത്ത പറ്റു' എന്ന്. ‘‘ശരിയാണ് സര്‍, മറ്റൊരു ട്രോള്‍ കണ്ടില്ലേ, എനിക്ക് താങ്കള്‍ ഹെലികോപ്റ്റര്‍ വാങ്ങി തന്നു എന്നൊക്കെ?’’ എന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. അത് കേട്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു. അങ്ങനെ തമാശയായിട്ടല്ലാതെ കലക്‌ഷന്‍ റെക്കോര്‍ഡ് തകര്‍ക്കണം എന്ന ഉദ്ദേശത്തില്‍ സിനിമയെടുക്കാറില്ല.
ആക്‌ഷൻ സീക്വന്‍സ്
ഇംഗ്ലിഷ് ചിത്രങ്ങളിലും മറ്റും കാണുന്ന ആക്‌ഷൻ സീക്വന്‍സുകള്‍ക്ക് തുല്യമായ സീക്വന്‍സുകള്‍ എടുക്കണമെങ്കില്‍ നമ്മുടെ മേഖലയില്‍ സുരക്ഷാക്രമീകരണങ്ങളും മറ്റും കുറച്ചുകൂടി ശക്തമാവേണ്ടതുണ്ട് എന്ന് തോന്നിയിട്ടുണ്ട്. പക്ഷേ അവിടെ അവര്‍ എങ്ങനെയാണ് അതൊക്കെ മാനേജ് ചെയ്യുന്നത് എന്ന് കൃത്യമായി പറയാന്‍ എനിക്കറിയില്ല, അതൊക്കെ അവിടെ പോയി കണ്ടു പഠിക്കണം എന്നുണ്ട്. തന്നെയുമല്ല, അവിടെയുള്ള നടന്‍മാര്‍ കൃത്യമായ ട്രെയിനിങ് ലഭിച്ചിട്ടുള്ളവരാണ്. പിന്നെ നമ്മള്‍ എടുക്കുന്ന ചിത്രത്തിന്റെ സബ്ജക്റ്റ് അനുസരിച്ച് വ്യത്യാസം വന്നേക്കാം. ഞാന്‍ ചെയ്യുന്ന ചിത്രങ്ങളില്‍ ഏറെയും ആക്‌ഷനുകള്‍ കഥയോട് ചേര്‍ന്നു വരുന്നു എന്നല്ലാതെ ഒരു മാര്‍ഷ്യല്‍ ആര്‍ട്സിനെപ്പറ്റിയുള്ള ചിത്രങ്ങളല്ലല്ലോ. അത്തരത്തില്‍ ഒരു ചിത്രം ചെയ്യേണ്ടി വന്നാല്‍ ഉറപ്പായും നായകന്‍ അതിനു വേണ്ടി സമയമെടുത്ത് പരിശീലനം നടത്തേണ്ടി വരും. സാധാരണ ഫൈറ്റുകള്‍ തന്നെയാണ് എന്റെ ചിത്രങ്ങളിലും വരാറുള്ളത്. അതിനു എല്ലാ നായകന്മാരും ഏറെക്കുറെ പരിശീലനം നേടിയിട്ടുള്ളവരായിരിക്കും. കാരണം അവര്‍ എത്രയോ വര്‍ഷങ്ങളായി ഇതൊക്കെ ചെയ്യുന്നതാണ്. അങ്ങനെ പരിചയം ഇല്ലാത്ത താരങ്ങള്‍ക്ക് ഷൂട്ട് തുടങ്ങുന്നതിനു മുന്‍പ് തന്നെ പരിശീലനത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാറുണ്ട്.
ചില സീക്വന്‍സുകളില്‍ നായകനടന്മാരുടെ സുരക്ഷയോര്‍ത്ത് നമ്മള്‍ പിന്നോട്ട് മാറിയാലും അവര്‍ സമ്മതിക്കില്ല. കമല്‍ സാറും വിജയ് അണ്ണനുമൊക്കെ അങ്ങനെയാണ്. അവര്‍ക്ക് ധൈര്യം കാണും. എന്നാലും നമുക്ക് ടെന്‍ഷനാണ്. അത് ചെയ്യുമ്പോള്‍ ഇവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാലോ എന്നൊക്കെ ഭയം തോന്നും. എന്ത് ചെയ്യും മുന്‍പും അതിലെ റിസ്‌ക്ക് ഫാക്റ്റര്‍ ആണല്ലോ നമ്മള്‍ നോക്കുക.
ലിയോയില്‍ വിജയ്‌യുടെ മാനറിസങ്ങളില്ല
മാസ്റ്ററില്‍ വിജയ് അണ്ണന്റെ കഥാപാത്രം മറ്റു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ലിയോയിലും അങ്ങനെ തന്നെയാണ്. പഞ്ച് ഡയലോഗുകള്‍ പറയുന്ന നായകനല്ല ഇതില്‍. ഇന്‍ട്രോ ഗാനമോ ഇന്‍ട്രോ ഫൈറ്റോ ഇല്ല. നാല്പതുകളില്‍ ഉള്ള ഒരു സാധാരണക്കാരന്‍ എങ്ങനെ നടന്നുവരുമോ, അങ്ങനെയാണ് അദ്ദേഹം പ്രേക്ഷകരിലേക്ക് എത്തുന്നത്. സാധാരണയായി അദ്ദേഹം സംസാരിക്കുന്ന സ്റ്റൈലിലുള്ള സംസാരമോ അദ്ദേഹത്തിന്റെ മാനറിസമോ പോലുമില്ല. കൃത്യമായ ഹോംവര്‍ക്ക് ചെയ്തിട്ടാണ് അദ്ദേഹം ഷൂട്ടിന് എത്തിയത്. ആദ്യ ദിവസം ഏറ്റവും പ്രധാനപ്പെട്ട ഒരു സീന്‍ എടുക്കുമ്പോള്‍ തന്നെ എനിക്കത് മനസ്സിലായി. ഞാനെന്താണോ അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിച്ചത്, അത് ആദ്യ ടേക്കില്‍ തന്നെ കിട്ടി.
കശ്മീര്‍
കശ്മീരില്‍ ഷൂട്ട് ചെയ്തത് ക്രൂവിലുള്ള എല്ലാവര്‍ക്കും പുതിയ അനുഭവമായിരുന്നു. നടി-നടന്മാരൊക്കെ മുന്‍പ് പോയിട്ടുണ്ടെങ്കിലും മൂന്നോ നാലോ ദിവസത്തേക്ക് ഗാനരംഗവും മറ്റും ഷൂട്ട് ചെയ്യാനാണ് പോയിട്ടുള്ളത്. ഇത്രയും കാലം അവിടെ നിന്നത് എല്ലാവര്‍ക്കും വലിയ അനുഭവമായി മാറി. ഞാന്‍ ആദ്യമായാണ് ചെന്നൈ വിട്ട് ഒരു ചിത്രം ഷൂട്ട് ചെയ്യുന്നത്. ഇതിനു വേണ്ടി രണ്ടുമാസം അവിടെ പോയി നിന്നത് എന്നെ സംബംന്ധിച്ച് വലിയൊരു മാറ്റമായിരുന്നു. ക്രൂവും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും എല്ലാം ചേര്‍ത്ത് ഓരോ ദിവസവും ഷൂട്ടിന് 1000 പേരെങ്കിലുമുണ്ടാവും. എങ്ങനെയെങ്കിലും 53 ദിവസംകൊണ്ട് ഷൂട്ട് തീര്‍ത്ത് പോകാനിരിക്കുകയാണ് എല്ലാവരും. ഒരു ദിവസം എന്തെങ്കിലും കാരണം കൊണ്ട് ഷൂട്ട് നടക്കാതെ വന്നാല്‍ സെറ്റില്‍ അതുവരെ ഉണ്ടായിരുന്ന ഡിസിപ്ലിന് കോട്ടം തട്ടും. അങ്ങനെയവരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കാശ്മീരില്‍ ചെന്നാല്‍ അവസാന ദിവസം വരെ ഷൂട്ട് കൃത്യമായി പോകണം എന്ന് നിര്‍ദ്ദേശം നല്കിയിട്ടാണ് ഇവിടെ നിന്ന് പോയത്. ഫ്ലൈറ്റ് ഇറങ്ങി പിറ്റേദിവസം മുതല്‍ ഷൂട്ട് തുടങ്ങി, പാക്ക്അപ്പിന്റെ അന്ന് വൈകിട്ട് തിരിച്ച് കേറണം എന്ന പ്ലാനോടെയാണ് പോയത്. അതുകൊണ്ട് ഓരോ ദിവസവും എന്തെങ്കിലും സീന്‍ എടുക്കുന്നതില്‍ തടസ്സം വന്നാല്‍ പ്ലാന്‍ ബി ആയി മറ്റൊരു സീന്‍ ചെയ്യാന്‍ എല്ലാം തയാറാക്കി വയ്ക്കും.
സാധാരണ ഇത്രയും പൈസ മുടക്കി എടുക്കുന്ന ചിത്രങ്ങളുടെ വര്‍ക്ക് തീരാന്‍ രണ്ടു മൂന്നു വര്‍ഷമെടുക്കും. എന്നാല്‍ ലിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തന്നെ ഒക്ടോബര്‍ 19ന് റിലീസ് എന്നു പറഞ്ഞാണ് വന്നത്. ആ ദിവസം തന്നെ റിലീസ് ചെയ്യുക എന്നത് ഒരു ചാലഞ്ചായി ഞാനും ഏറ്റെടുത്തു. ഷൂട്ട് എത്രയും പെട്ടെന്ന് തീര്‍ത്താല്‍ പോസ്റ്റ് പ്രൊഡക്‌ഷന്‍ ജോലികള്‍ക്ക് അത്രയും സമയം കൂടുതല്‍ കിട്ടുമല്ലോ.
ഇനി അങ്ങനെ പറയില്ല
പത്ത് പടങ്ങള്‍ ചെയ്തിട്ട് റിട്ടയര്‍ ചെയ്യണം എന്നാണ് ആഗ്രഹം. ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനം എടുക്കുമ്പോള്‍ അത് അഭിമാനത്തോടെ ആവണം. 42-43 വയസ്സാവുമ്പോഴേക്ക് പുതിയ ആളുകള്‍ക്ക് വഴി മാറി കൊടുക്കണം. എന്നിട്ട് വേറെ ഏതെങ്കിലും മേഖലയിലേക്ക് ശ്രദ്ധ തിരിക്കണം. യാത്രകള്‍ ചെയ്യണം. ഇത് പലയിടത്തും പറഞ്ഞിട്ടുണ്ട്. പക്ഷേ ഈയിടെ ഒരു പരിപാടിയില്‍ പങ്കെടുക്കേ ഞാന്‍ ഏറെയിഷ്ടപ്പെടുന്ന കുറച്ച് സംവിധായകര്‍ ഇനി അങ്ങനെ പറയരുത് എന്ന് എന്നോട് പറഞ്ഞു. അവരോടുള്ള ബഹുമാനം കൊണ്ട് ഇനി അത് പറയില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്. പക്ഷെ അതാണ് എന്റെ ആഗ്രഹം.
ആദ്യം മൂന്നാര്‍
ലിയോയുടെ പ്രധാനപ്പെട്ട ലൊക്കേഷനായി ആദ്യം മനസ്സിലുണ്ടായിരുന്നത് മൂന്നാറായിരുന്നു. കേരളത്തിലെ മറ്റ് ചില സ്ഥലങ്ങളും നോക്കിയിരുന്നു. ഇവിടെയുള്ള റോഡുകളാണ് പ്രധാന ലൊക്കേഷന്‍. സൗത്ത് ഇന്ത്യയില്‍ എവിടേയും വിജയ് അണ്ണനെപോലൊരു താരത്തെ ഉപയോഗിച്ച് റോഡില്‍ ചിത്രീകരിക്കുക നടക്കുന്ന കാര്യമല്ല. അതുകൊണ്ടാണ് കശ്മീരിലേക്ക് മാറ്റിയത്. അവിടെയുള്ള ചെറിയൊരു ഗ്രാമത്തിലായിരുന്നു ചിത്രീകരണം.