ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പ്രശാന്ത് നീൽ സംവിധാനം ചെയ്ത സലാറിലെ വരദരാജ മാന്നാർ എന്ന കഥാപാത്രം തിരഞ്ഞെടുക്കാനുണ്ടായ കാരണം പറഞ്ഞ് നടൻ പൃഥ്വിരാജ് സുകുമാരൻ.  സലാറിൽ ഒരു കഥാപാത്രം ചെയ്യണം എന്നാവശ്യപ്പെട്ട് പ്രശാന്ത് നീൽ സമീപിച്ചപ്പോൾ ആദ്യം നോ ആണ് പറഞ്ഞതെന്ന് പൃഥ്വിരാജ് പറയുന്നു. മലയാളം ഇൻഡസ്ട്രിയിൽ നിന്നൊരു താരത്തെ എസ്.എസ്. രാജമൗലിയോ പ്രശാന്ത് നീലോ ഒരു സിനിമയിൽ പ്രധാന കഥാപത്രമായി ക്ഷണിക്കുമെന്ന് സ്വപ്നം പോലും കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ചെറിയ കഥാപാത്രം ചെയ്യാനാണ് ക്ഷണിക്കുന്നതെന്നാണ് കരുതിയത്. തിരക്കഥ വായിച്ചു കഴിഞ്ഞപ്പോൾ പത്തുസെക്കൻഡിനുള്ളിൽ 'യെസ്' പറഞ്ഞു എന്നാണു പൃഥ്വിരാജ് പറയുന്നത്. ‌ഭാഗ്യം തനിക്ക് തുണയായി നിന്നതു കാരണമാണ് സലാർ ചെയ്യാൻ കഴിഞ്ഞതെന്നും പ്രശാന്ത് നീലിന്റെ സിനിമയിൽ ഒരു പ്രധാന കഥാപാത്രം ചെയ്തതിനാൽ മലയാള സിനിമാമേഖലയിലെ പല താരങ്ങളും ഇപ്പോൾ വലിയ സ്വപ്‌നങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ടാകുമെന്നും പൃഥ്വിരാജ് പറയുന്നു. സംവിധായകന്‍ രാജമൗലി അവതാരകനായ അഭിമുഖത്തിൽ സംവിധായകന്‍ പ്രശാന്ത് നീലിനും നടൻ പ്രഭാസിമുമൊപ്പം സംസാരിക്കുകയായിരുന്നു പൃഥ്വിരാജ് .    

‘‘ഹോംബാലെ ഫിലിംസിന് വേണ്ടി ഞാൻ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ചർച്ചകൾക്കിടയിലാണ് വിജയ് സർ ആദ്യമായി പ്രശാന്ത് നീലിന്റെ സലാറിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ എന്നെ കാസ്റ്റ് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞത്.  സത്യസന്ധമായി പറഞ്ഞാൽ "നോ" എന്ന് പറയാൻ ഞാൻ തയാറെടുക്കുകയായിരുന്നു, കാരണം ഇന്ത്യയിലെ ഏതൊരു താരത്തെ വേണമെങ്കിലും തന്റെ സിനിമയിൽ കാസ്റ്റ് ചെയ്യാൻ കഴിവുള്ള പ്രശാന്ത് നീലിനെ പോലെ ഒരു സംവിധായകൻ മലയാളം ഇൻഡസ്‌ട്രിയിൽ നിന്ന് ഒരു നടനെ തന്റെ സിനിമയിലേക്ക് വിളിക്കുമ്പോൾ അത് ഒരു ചെറിയ കഥാപാത്രമായിരിക്കും എന്ന തരത്തിൽ ചിന്തിക്കാനാണ്  നിർഭാഗ്യവശാൽ ഞങ്ങളുടെ തലച്ചോർ പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്നത്. പ്രഭാസ് നായകനാകുന്ന പ്രശാന്ത് നീൽ സിനിമയിൽ ഞാൻ എന്തുചെയ്യാനാണെന്ന് ചിന്തിച്ചു. ഉറപ്പായും അതൊരു ചെറിയ കഥാപാത്രമായിരിക്കണം എന്നാണ് ഞാൻ കരുതിയത്. സലാറിന് പത്ത് വർഷങ്ങൾക്ക് മുൻപ് ഞാൻ അന്യഭാഷാ സിനിമകൾ ചെയ്യുന്നത് നിർത്തിയിരുന്നു.  അവസാനമായി 2014 ൽ കാവ്യതലൈവൻ എന്ന തമിഴ് ചിത്രത്തിലാണ് അഭിനയിച്ചത്.  ആ ചിത്രത്തിന് എനിക്ക് തമിഴ്നാട് സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. ഇതാണ് അന്യഭാഷാ ചിത്രങ്ങൾ ചെയ്യുന്നത് നിർത്താനുള്ള ഏറ്റവും നല്ല സമയം എന്ന് അന്നെനിക്ക് തോന്നി.  അതിനു ശേഷം ഞാൻ 'നാം ഷബാന' എന്ന സിനിമയിൽ എന്റെ സുഹൃത്തായ നീരജ് പാണ്ഡെയ്ക്കു വേണ്ടി ഞാൻ ഒരു ചെറിയ അതിഥി വേഷം ചെയ്തു. അല്ലാതെ മറ്റ് അന്യഭാഷാ സിനിമകളൊന്നും ഞാൻ ചെയ്തിട്ടില്ല. അതുകൊണ്ട് പ്രശാന്ത് സർ ചോദിക്കുമ്പോൾ ഞാനില്ല എന്ന് പറയാൻ തന്നെ തയാറായിക്കഴിഞ്ഞിരുന്നു.  

പക്ഷേ തിരക്കഥ കേട്ടപ്പോൾ ഞാൻ പ്രശാന്ത് സാറിനോട് ചോദിച്ചത് ഞാൻ അഭിനയിക്കുന്നത് പ്രഭാസ് സാറിന്  ഓക്കേ ആണോ എന്നാണ്.  അപ്പോൾ പ്രശാന്ത് സാർ പറഞ്ഞു, ‘പ്രഭാസ് ആണ് പൃഥ്വിയെ വിളിക്കാൻ എന്നോട് പറഞ്ഞത്’.  ഈ രണ്ട് കഥാപാത്രങ്ങളെക്കുറിച്ചാണ് സലാർ പറയുന്നത്. നിർഭാഗ്യവശാൽ ഒരു എസ്.എസ്. രാജമൗലി സിനിമയിലോ പ്രശാന്ത് നീൽ സിനിമയിലോ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയുമെന്ന് മലയാളം ഇൻഡസ്ട്രിയിലെ ആർക്കും സ്വപ്നം കാണാൻ പോലും കഴിയില്ല എന്ന് തോന്നുന്നു. വളരെ ചെറിയ ഒരു ഇൻഡസ്ട്രി ആണ് ഞങ്ങളുടേത് അതിനാൽ തന്നെ ഞങ്ങളുടെ സ്വപ്നവും വളരെ ചെറുതാണ്. പ്രശാന്ത് നീൽ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമാകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. മലയാളത്തിൽ നിന്നുള്ള ഈ വ്യക്തിക്ക് വരദരാജ മന്നാർ ആകാൻ കഴിയുമെന്ന് പ്രശാന്ത് സാറിനെക്കൊണ്ട് തോന്നിപ്പിച്ചത് എന്തായാലും അതിനു നന്ദി. തിരക്കഥ വായിച്ചു കഴിഞ്ഞപ്പോൾ ഓക്കേ പറയാൻ എനിക്ക് പത്ത് സെക്കൻഡ് പോലും വേണ്ടിവന്നില്ല.  

പക്ഷേ പിന്നെയാണ് ദൗർഭാഗ്യകരമായ ചില സംഭവങ്ങൾ അരങ്ങേറിയത്.  മറ്റൊരു സിനിമയുടെ ചിത്രീകരണത്തിനായി ജോർദാനിൽ പോയ ഞങ്ങൾ അവിടെ കുടുങ്ങിപ്പോകുന്നു. ലോകം മുഴുവൻ ലോക്ഡൗണിലും.  പ്രശാന്ത് സാറിനെ വീണ്ടും കണ്ടുമുട്ടിയപ്പോൾ എനിക്ക് ശരിക്കും വിഷമം വന്നത് ഞാൻ ഇന്നും ഓർക്കുന്നു.  ഈ സിനിമ എനിക്ക് ചെയ്യാൻ കഴിയുമോ എന്ന സംശയത്തിൽ പ്രശാന്ത് സാറിനോട് അന്ന് യാത്രപറയുമ്പോൾ രണ്ടു പ്രണയികൾ തമ്മിൽ വേർപിരിയുന്നപോലത്തെ സങ്കടമായിരുന്നു.  ഞാൻ പ്രശാന്തിനോട് പറഞ്ഞു, ‘എനിക്ക് സലാർ ചെയ്യാൻ കഴിയുമോ എന്ന് എനിക്കറിയില്ല കാരണം ചെയ്തുകൊണ്ടിരിക്കുന്ന സിനിമ പൂർത്തിയാക്കാൻ എനിക്ക് ജോർദാനിലേക്ക് തിരികെ പോകണം’. ആ ചിത്രത്തിന് വേണ്ടി ഞാൻ വലിയ ശാരീരിക പരിവർത്തനത്തിലൂടെ കടന്നുപോയിരുന്നു, 31 കിലോ ശരീരഭാരം കുറച്ചിരുന്നു. 

മരുഭൂമിയിൽ കുടുങ്ങിപ്പോയ ഒരാളുടെ കഥയാണത്, വരുന്ന ഏപ്രിലിൽ സിനിമ റിലീസ് ചെയ്യും.  ആ സിനിമയ്ക്ക് വേണ്ടി ഏറെ നീളമുള്ള താടിവളർത്തി ശരീരം വളരെ ശോഷിപ്പിച്ചിരുന്നു. ആ സിനിമ പൂർത്തിയാക്കണം എന്നുള്ളതുകൊണ്ട് ലുക്ക് മാറ്റാൻ പറ്റില്ല. ആ ലുക്കിൽ മറ്റൊരു സിനിമ ചെയ്യാനും കഴിയില്ല.  ഈ മഹത്തായ അവസരം നഷ്ടമാകുമെന്ന് തന്നെ കരുതി ഞങ്ങൾ പിരിഞ്ഞു. പക്ഷേ ഭാഗ്യം എന്റെ ഭാഗത്തായിരുന്നു. എന്തൊക്കെയോ അപ്രതീക്ഷിത സംഭവങ്ങൾ നടന്നു, പ്രശാന്ത് സാറിന്റെയും എന്റെയും ഡേറ്റുകൾ മാറിവന്നു. ഒടുവിൽ എനിക്ക് ഈ സിനിമ ചെയ്യാൻ കഴിഞ്ഞു. സലാർ എന്ന സിനിമയുടെ നിർമാണപ്രക്രിയയിലൂടെ കടന്നുപോകാൻ കഴിഞ്ഞതിനാൽ ഒരു നടൻ എന്ന നിലയിലും ചലച്ചിത്ര നിർമാതാവ് എന്ന നിലയിലും ചലച്ചിത്ര പ്രേമി എന്ന നിലയിലും ഞാനിപ്പോൾ സമ്പന്നനാണ്. മലയാളത്തിലെ ഒട്ടുമിക്ക അഭിനേതാക്കളും ഇപ്പോൾ വലിയ സ്വപ്‌നങ്ങൾ കാണാൻ തുടങ്ങിയിട്ടുണ്ടാകും. പൃഥ്വിരാജിന് ഇത് ചെയ്യാൻ കഴിയുമെങ്കിൽ ഒരു ദിവസം പ്രശാന്ത് നീലോ രാജമൗലിയോ മലയാളത്തിൽ നിന്ന് ആരെയെങ്കിലും അവരുടെ സിനിമയിൽ ഒരു പ്രധാന വേഷത്തിനായി തിരഞ്ഞെടുത്തേക്കാം എന്ന് പലരും ചിന്തിച്ചു തുടങ്ങും. സലാർ ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്.’’–പൃഥ്വിരാജ് പറയുന്നു.

English Summary:

Prithviraj Sukumaran about Salaar movie

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com